പത്താംതരം കഴിഞ്ഞ് കോതമംഗലം എം.എ. കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നകാലം. ചെറുപ്പം മുതലുള്ള കളിക്കൂട്ടുകാരുമൊത്ത് വീടിനടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍തന്നെയായിരുന്നു അതുവരെയുള്ള പഠനം. നാട്ടുമ്പുറത്തെ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ നിന്നും പതിനഞ്ചുവയസ്സു തികയുന്നതിന് മുമ്പ് കോളേജിലേക്ക് പറിച്ചുനടപ്പെട്ട എനിക്ക് നഗരവും കോളേജുമെല്ലാം കൗതുകം നിറഞ്ഞ പുതിയ അനുഭവങ്ങളായിരുന്നു.
അതിവിശാലമായ കുന്നിന്മുകളില് തലയുയര്ത്തിനില്ക്കുന്ന കോളേജ്. അവിടെ പഠിക്കാന്‍ അഡ്മിഷന് കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷവും അതിലേറെ അമ്പരപ്പും. കോളേജ് ജീവിതം എനിക്ക് ഇന്നത്തെ ക്യാമ്പസ് സിനിമകളിലെപ്പോലെ അത്ര അടിപൊളിയൊന്നുമായിരുന്നില്ല. ഇല്ലായ്മകളുടെ നടുവില്നിന്നുമെത്തി പുതിയലോകം കണ്ട് പകച്ചുനില്ക്കുമ്പോള് എന്തോന്ന് അടിപൊളി? അന്ന് എന്റെ നാട്ടില്‍നിന്നും ഏതാനും മുതിര്‍ന്ന ഡിഗ്രി പഠിക്കുന്നവരൊഴികെ മറ്റാരുമുണ്ടായിരുന്നില്ല. സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ സഹപാഠികളെല്ലാം കൂട്ടുകാരായിരുന്നെങ്കില്. കോളേജിലെത്തിയ ആദ്യദിനങ്ങളില്‍ ശരിക്കും ഒറ്റപ്പെട്ടുപോയ അവസ്ഥയിലായിരുന്നു.
ആദ്യത്തെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അല്‍പ്പം പരിചയങ്ങളൊക്കെ ആയിത്തുടങ്ങി. ജോയിയുമായാണ് ആദ്യം ചങ്ങാത്തത്തിലായത്. ഇന്റര്‍വ്യൂവിന് വന്നദിവസം ദിവസം തന്നെ പരിചയപ്പെട്ടതാണവനെ. ഇരുനിറമെങ്കിലും തിളങ്ങുന്ന കണ്ണുകളും സദാ പുഞ്ചിരിക്കുന്ന മുഖവും വശ്യമായ സംസാരവും ആദ്യംതന്നെ ശ്രദ്ധിച്ചിരുന്നു. ക്ലാസ്സ് ഡിവിഷന് തിരിച്ചപ്പോള്‍ അവന് എന്റൊപ്പമായി. ആ പരിചയം ഒരിക്കലും മറക്കാനാവാത്ത സൗഹൃദത്തിലേക്ക് വഴിതുറക്കുകയായിരുന്നു.
എന്റെ നാട്ടില്‍നിന്നും ആകെ രണ്ട് ബസ്സാണ് അന്ന് നേരിട്ട് കോതമംഗലത്തേക്കുള്ളത്. അതില്‍ ഞങ്ങള്‍ക്ക് പോകാനുള്ള സമയത്തോടുന്ന തുരുമ്പ് ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും മുടങ്ങും. ഒരുമണിക്കൂര്‍ നേരത്തെ കഷ്ടപ്പെട്ട യാത്രക്കൊടുവില്‍ കോളേജിലെത്തുമ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ സമരം. കുന്നുകയറിത്തുടങ്ങുമ്പൊഴെ ചെവിയോര്‍ക്കുന്നത് മുദ്രാവാക്യം വിളി കേള്‍ക്കുന്നുണ്ടൊ എന്നാണ്. സമരമായാല്‍ പെരുത്ത് സന്തോഷം. വന്ന ബസ്സ് തിരിച്ചുപോകുമ്പോള്‍ അതില്‍ ഞാനുമുണ്ടാവും.
ജോയിയായിരുന്നു ആകെയുള്ള കൂട്ട്. പിന്നെ അവനൊപ്പം വരുന്ന രാജനും. ടൗണില്‍ എന്നെക്കാള്‍ പരിചയമുള്ളത് അവനായിരുന്നു. കറിയില്ലാതെ പൊതിച്ചോറുമായി വരുന്ന ദിവസങ്ങളില്‍ ക്യാന്റീനില്‍ നിന്നും കറിവാങ്ങി പങ്കുവെക്കാനും സമരമുള്ള ദിവസം നോക്കി മാറ്റിനിക്കുപോവാനും അവനുണ്ടായിരുന്നു കൂടെ. ജോയിയുമായുള്ള സൗഹൃദം വല്ലാത്തൊരാത്മബന്ധമായി വളരുകയായിരുന്നു.
നേര്യമംഗലത്ത് പെരിയാറിന്റെ തീരത്താണവന്റെ വീട്. കൂലിപ്പണിക്കാരായ അപ്പച്ചനും അമ്മച്ചിയും രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനിയത്തികുട്ടിയുമടങ്ങുന്ന കൊച്ചുകുടുംബം. വീട്ടിലെ എല്ലാ വിശേഷങ്ങളും അവന് പറഞ്ഞറിഞ്ഞു. ഞങ്ങള്‍ പരസ്പരം കൈമാറാത്ത വിശേഷങ്ങളൊന്നുമില്ലായിരുന്നു.
കുന്നിന്മുകളിലെ ചാപ്പലിനു ചുറ്റുമായി ചതുരാകൃതിയിലാണ് കോളേജ് കെട്ടിടം. എല്ലാദിവസവും ഉച്ചക്ക് ജോയിയോടൊപ്പം പള്ളിയില്‍ പോക്ക് പതിവാക്കി. കുര്‍ബ്ബാന കൈക്കൊള്ളാനല്ല, വരാന്തയിലിരുന്നു പൊതിച്ചോറ് ശാപ്പിടാന്‍. ഊണും കഴിഞ്ഞ് കുന്നിഞ്ചെരുവിലെ ആഞ്ഞിലിമരങ്ങള്‍ക്ക് ചുറ്റിക്കളിക്കുന്ന ഡിഗ്രിചേട്ടന്മാരെയും ചേച്ചിമാരേയും കടന്നുള്ള പതിവ് കറക്കം ഉച്ചക്ക് ശേഷം ക്ലാസ് തുടങ്ങുന്ന സമയംവരെ നീളും.
അക്കാലത്താണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ആന കോതമംഗലത്ത് വരുന്നത്. ആനയെ കാണാന്‍ പോകാന്‍ എല്ലാവരും തയ്യാറായി. ഉച്ചവരെ ക്ലാസ്സുള്ള ദിവസം നോക്കി കൂട്ടുകാരൊത്ത് കാണാന്‍ പോയി. വല്യ ആനക്കഥയൊന്നുമില്ലാതിരുന്നിട്ടും കോതമംഗലത്തും പരിസരത്തും ഷൂട്ട് ചെയ്ത പടമായതുകൊണ്ട് ജവഹര്‍ തിയേറ്ററില്‍ ഹൗസ്ഫുള് ആയിരുന്നു. അതാണെന്റെ ആദ്യ കാമ്പസ് സിനിമ.
അതിനു ശേഷം ഉച്ചകഴിഞ്ഞ് ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ കാണാത്ത സിനിമകളുള്ള തിയേറ്റര്‍ അന്വേഷിക്കാന്‍ തുടങ്ങിയത് പഠനത്തിനൊരു വഴിത്തിരിവായി. അപരിചിതത്വം മാറി സൗഹൃദങ്ങളേറിയതോടെ ജീവിതം കൂടുതല്‍ രസകരമായി. സമരവും പഠനവും സിനിമയുമൊക്കെയായി രണ്ടുവര്‍ഷം കടന്നുപോയതറിഞ്ഞില്ല.
പരീക്ഷക്ക് മലയാള സിനിമയില്‍ നിന്നും കാര്യമായ ചോദ്യങ്ങളൊന്നും വരാത്തതുകൊണ്ടും ആംഗലേയം ഇഷ്ടവിഷയമായതുകൊണ്ടും റിസല്‍റ്റ് അനുകൂലമായിരുന്നു. ഇംഗ്ലീഷിന് ഭംഗിയായി തോറ്റു. അന്നും ജോയി കൂട്ടിനുണ്ടായിരുന്നു. പിന്നെ സെപ്തംബറില്‍ പരീക്ഷയെഴുതാന്‍ പോയപ്പോള്‍ പണ്ട് മാറ്റിനിക്ക് കൂടെയുണ്ടായിരുന്ന എല്ലാവരുമുണ്ടായിരുന്നു എന്നതാശ്വാസമായി.
ഒറ്റവിഷയം മാത്രം പഠിക്കാന്‍ മൂന്ന് മാസം കിട്ടിയതുകൊണ്ടും കയ്യീന്ന് കാശുമുടക്കി ട്യൂഷനെടുത്തതുകൊണ്ടും ഇംഗ്ലീഷെന്ന കീറാമുട്ടി ഞങ്ങള്‍ ഒരുവിധം കീറിയെടുത്തു.
കോളേജ് കാലം കഴിഞ്ഞു പിരിഞ്ഞതിനുശേഷം ഒന്നുരണ്ടുതവണകൂടി ജോയിയെ കണ്ടു. ഒരിക്കല്‍ ടൗണിലെ ബസ്റ്റാന്റില്‍ വെച്ചുകണ്ടപ്പോള്‍ പ്രീഡിഗ്രി ജയിച്ചു, ഏതായാലും ഈവര്‍ഷം പോയി അടുത്തവര്‍ഷം ഡിഗ്രിക്ക് ചേരണം എന്നവന് പറഞ്ഞു. തല്ക്കാലം എന്തെങ്കിലും ജോലി കണ്ടുപിടിക്കണം. ഭാവിയെക്കുറിച്ചുപറയുമ്പോള് വല്ലത്തൊരു പ്രതീക്ഷയിലായിരുന്നു അവന്റെ കണ്ണുകള്‍.
"നീ പഠനം ഉപേക്ഷിക്കരുത്. ഇനിയും ഡിഗ്രിക്ക് ചേര്‍ന്ന് പഠിക്കണം. പഠിച്ച് വലിയ ആളാകണം". ഞാനന്ന് കേള്ക്കനിഷ്ടപ്പെടാത്തത് അവനെ ഉപദേശിച്ചു. അവനു കൊടുക്കാന്‍ എന്റെ ഓട്ടക്കീശയില്‍ അതേയുണ്ടായിരുന്നുള്ളൂ.
സെപ്റ്റംബറിലെ പരീക്ഷക്കു ശേഷം വീട്ടില്‍ വെറുതെയിരിക്കുന്ന സമയത്ത് എഴുതിത്തീര്‍ന്ന ബുക്കുകളുടെ പുറംചട്ടയില്‍ കുത്തിവരച്ചുകൊണ്ടിരുന്നപ്പോള് എനിക്കൊരതിമോഹം തോന്നി. ചിത്രരചന പഠിക്കണമെന്ന്. മൈക്കലാഞ്ചലോയോ ഡാവിഞ്ചിയൊ അതുമല്ലെങ്കില്‍ കേവലം ഒരു രവിവര്മ്മയെങ്കിലുമാകണമെന്ന മോഹത്താല്‍ ഞാന്‍ ചിത്രകല പഠിക്കാനായി ചേര്‍ന്നു. ഫീസ് കണ്ടെത്താനായി ഒരു സുഹൃത്തിന്റെ സ്ഥാപനത്തില്‍ പാര്‍ട്ടൈം ജോലിയും. ടൗണിലെ എന്റെ പുതിയ അഡ്രസ്സ് വെച്ച് ജോയിക്ക് കത്തയച്ചു. ഒരുപാട് കാത്തിരുന്നെങ്കിലും അവന് എന്റടുത്ത് വന്നില്ല.
പിന്നെ നേരില്‍ കണ്ടില്ലെങ്കിലും സ്നേഹം പൂക്കുന്ന കത്തുകളിലൂടെ ഊഷ്മളമായ ആ ബന്ധം തുടര്‍ന്നു പോന്നു. മാസത്തിലൊരു കത്തെങ്കിലും അയക്കാതിരുന്നിട്ടില്ല. അവനയക്കുന്ന കത്തുകളിലൂടെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടിരുന്നു. ലോവര്‍പെരിയാര്‍ ഡാം പണിയുന്ന സൈറ്റില്‍ ചെറിയൊരു ജോലി തരപ്പെട്ടുവെന്നും ഈവര്‍ഷം തല്ക്കാലം പഠിക്കാന്‍ പോകുന്നില്ലെന്നും ഒരിക്കല്‍ പറഞ്ഞു. "പഠിക്കാനുള്ള ചെലവ് സ്വയം കണ്ടെത്തണം. ഇനിയും അപ്പച്ചനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല". ജോയി ഒരിക്കലെഴുതി.
മാസത്തിലൊരിക്കലെങ്കിലും ഞങ്ങള്‍ പരസ്പരം കത്തയക്കാതിരുന്നിട്ടില്ല.അവസാനം അയച്ച കത്തിനു മറുപടി കുറെ കാത്തിട്ടും വരാതിരുന്നപ്പോള്‍ കിട്ടിക്കാണില്ലെന്നുകരുതി ഒന്നുകൂടി എഴുതി. പിന്നെയും മറുപടിക്കായുള്ള കാത്തിരിപ്പ്... രണ്ടു കത്ത് വരാനുള്ള സമയം കഴിഞ്ഞു. ഇല്ല, അവനെന്നെ മറന്നു ... എനിക്ക് ദേഷ്യത്തേക്കളേറെ സങ്കടമായിരുന്നു. കാത്തിരിപ്പ് ദിവസങ്ങളും മാസങ്ങളുമായി...
പിന്നെയെഴുതി. പതിവുപോലെ ഇന്‍ലന്റ് നിറക്കാതെ.
"ജോയീ... ഞാന്‍ അയച്ച രണ്ടുകത്തും കിട്ടിക്കാണുമെന്നെനിക്കറിയാം. എന്തേ മറുപടി അയക്കാഞ്ഞത്. സമയമില്ലേ.. അതൊ പുതിയ ജോലിയും കൂട്ടുകാരൊക്കെയുമായപ്പോള്‍ എന്നെ മറന്നോ? ഇനി ഞാന്‍ ഏഴുതേണ്ടെങ്കില്‍ ഒരുവാക്കുപറഞ്ഞാല്‍ മതി ഇനിയൊരിക്കലും ശല്യമാവില്ല. ഇപ്പോള്‍ ടൗണില്‍ ഞാനുണ്ട്. പറ്റുമെങ്കില്‍ എന്റടുത്ത് വരണം. എന്നെ ബന്ധപ്പെടാനുള്ള രണ്ടുമൂന്ന് അഡ്രസ്സ് നിനക്കു തന്നു. ഇതിലേതെങ്കിലും ഒന്നറിയിക്കണം. അല്ലെങ്കില്‍ നിന്നെ കാണാന്‍ സൗകര്യമുള്ള സ്ഥലം പറ... എവിടെയാണെങ്കിലും ഞാന്‍ വരാം."
എന്റെ ക്ഷോഭവും സങ്കടവും ഏതാനും വരികളിലൊതുക്കി പോസ്റ്റ് ചെയ്തു.
ദിവസങ്ങള്‍ക്കുശേഷം ഒരിക്കല്‍ രാത്രി ജോലികഴിഞ്ഞെത്തി ഊണ് കഴിക്കാനിരുന്നപ്പോഴാണ് എനിക്കുള്ളൊരു കത്ത് സഹോദരി കൊണ്ടുവന്നു തന്നത്. ഇന്‍ലന്റില്‍ എഴുതിയ കത്തിന്റെ അയച്ച മേല്‍വിലാസം കണ്ടൊന്നമ്പരന്നു. ഒറ്റനോട്ടത്തില്‍തന്നെ ജോയിയുടെ പെങ്ങളുടെ പേരാണെന്നറിഞ്ഞെങ്കിലും എന്തുകൊണ്ടാണ് അവളെനിക്ക് കത്തെഴുതിയതെന്ന് ആലോചിച്ച് ലെറ്റര്‍ തുറന്നപ്പോള്‍ ഒരു തുണ്ട് കടലാസ് താഴെവീണു.
ദിനപത്രത്തില്‍ നിന്നും മുറിച്ചെടുത്ത ആ കടലാസ്കഷണം കണ്ടെനിക്ക് കണ്ണില്‍ ഇരുട്ടുകയറുന്നതുപോലെ തോന്നി.പേവിഷബാധയേറ്റ യുവാവ് മരിച്ചു. താഴെയൊരു ഫോട്ടോയും. എനിക്കുചുറ്റും ഭൂമി കീഴ്മേല്‍ മറിയുന്നു. ഇത് അവനാകല്ലേയെന്ന പ്രാര്‍ത്ഥനയോടെ വീണ്ടും വീണ്ടും ആ ഫോട്ടോയില്‍ നോക്കി. അതെ ഇതെന്റെ പ്രിയപ്പെട്ട ജോയിയാണ്. എനിക്കാ വാര്‍ത്ത വായിച്ച് പൂര്‍ത്തിയാക്കാനായില്ല. മനസ്സ് മരവിച്ച അവസ്ഥയിലായിരുന്നു ഞാന്‍.
അവന്റെ കുഞ്ഞനുജത്തി എഴുതിയ വരികളിലെ അക്ഷരങ്ങളെന്നെ ഒരുപാട് കരയിച്ചു.
"പ്രിയപ്പെട്ട ഇക്കാ. നേരില്‍ കണ്ടിട്ടില്ലെങ്കിലും കുഞ്ഞാഞ്ഞ പറഞ്ഞ് നന്നായി അറിയാം, നിങ്ങള്‍ തമ്മിലുള്ള അടുപ്പവും. അയച്ചകത്തുകള്‍ മൂന്നെണ്ണവും കിട്ടിയിരുന്നു. മറുപടി കാണാതാവുമ്പോള്‍ എഴുത്ത് നിറുത്തുമെന്ന് കരുതി ഇതുവരെ മനഃപൂര്‍വ്വം മറുപടി അയക്കാതിരുന്നതാണ്. ഇതിനും മറുപടി അയച്ചില്ലെങ്കില്‍ ഇനിയും നിങ്ങള്‍ ചേട്ടനു കത്തയച്ചെങ്കിലോ എന്നു ഭയപ്പെടുന്നതുകൊണ്ട് എഴുതുകയാണ്.
ഇക്കായുടെ പ്രിയപ്പെട്ട കൂട്ടുകാരന് കത്തയച്ചാല്‍ ഒരിക്കലും കിട്ടാത്ത നാട്ടിലേക്ക് പോയി. വന്ന കത്തുകളെല്ലാം അപ്പച്ചനും ഞാനും മാത്രമെ കണ്ടുള്ളു. അമ്മച്ചിയെ കാണിച്ചിട്ടില്ല, അവര്‍ക്കിതൊരിക്കലും താങ്ങാനാവില്ല. ഒരുമാസം മുമ്പ് ചേട്ടന് ഒത്തിരി ഇഷ്ടമുണ്ടായിരുന്ന നായക്കുട്ടി ഒന്നു ചെറുതായി കടിച്ചിരുന്നു. അന്നതത്ര കാര്യമാക്കിയിരുന്നില്ല. മുറിവിനു മാത്രമേ ചികില്സിച്ചിരുന്നുള്ളു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അത് അസുഖം പിടിച്ച് ചത്തു. അതിനുശേഷമാണ് ചേട്ടന് സുഖമില്ലാതാകുന്നത്. അത് കണ്ടപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഞങ്ങള്‍.... ഏറെ വൈകിപ്പോയിരുന്നു.
ഡോക്ടര്‍മാര്‍ ഇനിയൊന്നും ചെയ്യാനില്ല കൊണ്ടുപൊയ്ക്കൊള്ളാന് പറഞ്ഞതുകൊണ്ട് വീട്ടിലേക്ക് കൊണ്ടുപോന്നു. വീട്ടില്‍ വെച്ച് ഞങ്ങളുടെ കണ്മുന്നില് വെച്ചാണ് ചേട്ടനു പേയിളകി... ഞങ്ങള്‍ക്ക് കണ്ടുനില്ക്കാനേ കഴിഞ്ഞുള്ളു. ഞങ്ങളെ തീരാദുഃഖത്തിലാഴ്ത്തി വേദനകളില്ലാത്ത ലോകത്തിലേക്ക്.... ചേട്ടന് പോയി. ഒപ്പം ഞങ്ങളുടെ എല്ലാപ്രതീക്ഷകളും. മാനസികമായി തകര്‍ന്നുപോയ അമ്മച്ചി ഇതുവരെ ചേട്ടന്റെ വേര്‍പാട് തകര്‍ത്ത മാനസികാവസ്ഥയില്‍നിന്നും കരകയറിയിട്ടില്ല. അവരറിയാതെയാണീ കത്തെഴുതുന്നതും. ഇനി കത്തയക്കില്ലെന്നു കരുതട്ടെ.
എന്ന് സ്വന്തം അനിയത്തി..."
എന്റെ കയ്യിലിരുന്ന ആ കത്ത് കനലായി എരിയുന്നതറിഞ്ഞു. എനിക്ക് ദുഃഖം അടക്കാന്‍ കഴിഞ്ഞില്ല. പൊട്ടിക്കരഞ്ഞുപോയി. അവന്റെ വേര്‍പാട് മാസങ്ങള്‍ക്കുശേഷമാണ് ഞാനറിയുന്നത്. അവന്റെ മരണത്തിനു ശേഷമാണല്ലോ ഞാനവന് കത്തെഴുതിക്കൊണ്ടിരുന്നത് എന്നോര്‍ത്തപ്പോള്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ല. എന്റെ കത്തുവായിച്ചപ്പോള്‍ അവരുടെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും?.
ആ കത്തുകളിലെ വരികളിന്നും എന്റെ മിഴികളെ ഈറനണിയിക്കുന്നു.
ഒരുപാടുതവണ അവന്റെ വീടുവരെ പോകണമെന്നു കരുതിയെങ്കിലും അവന്റെ അപ്പച്ചന്റെയും അമ്മച്ചിയെയുടെയും അനിയത്തിയുടെയും സങ്കടം കാണാനുള്ള വിഷമംകൊണ്ട് മാറ്റി വെക്കുകയായിരുന്നു. പിന്നീട് ജന്മനാടുപേക്ഷിക്കേണ്ടിവന്ന ഗള്‍ഫ് ജീവിതം. ഓരോ അവധിക്കാലത്തും അവിടം വരെ പോകണമെന്നു മനസ്സിലുറപ്പിക്കും. പക്ഷെ, എണ്ണിചുട്ടപ്പം പോലെ കിട്ടുന്ന ദിവസങ്ങളിലൊന്നും ഒരിക്കല്‍പോലും പോകാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞതവണ അവധിക്കായി നാട്ടിലെത്തിയപ്പോള്‍ എനിക്കു പുതിയൊരയല്ക്കാരനെക്കിട്ടി. മുമ്പ് ജോയിയുടെ അയല്‍ക്കാരനായിരുന്ന കുഞ്ഞിക്ക. അവന്റെ ദാരുണമായ മരണം നേരില്‍കണ്ട് ഇപ്പൊഴും ആ ദുരന്തം നെഞ്ചില്‍ ഒരു നെരിപ്പോടായി കൊണ്ടുനടക്കുന്ന അനേകം ദൃക്സാക്ഷികളിലൊരാള്‍.
കുഞ്ഞിക്കായുടെ വാക്കുകളില്‍നിന്നാണ് കൂടുതലറിയുന്നത്. നാടിനും വീടിനും പ്രിയപ്പെട്ടവനായിരുന്നു ജോയി. നാട്ടിലെന്തുകാര്യമുണ്ടെങ്കിലും മുന്നിലുണ്ടാവും. യാതൊരുവിധത്തിലുള്ള ദുഃശ്ശീലങ്ങളും തൊടാത്ത ചെറുപ്പക്കാരന്. ആര്‍ക്കും മാതൃകയായി ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നതവനെയാണ്. എന്തുജോലിയും ചെയ്ത് അദ്ധ്വാനിച്ചു കിട്ടുന്ന പണം കൊണ്ട് കുടുംബം പൊന്നുപോലെ നോക്കിയ അവനെ നാട്ടിലെല്ലാം വലിയ മതിപ്പായിരുന്നു. സ്നേഹം കൊണ്ട് സ്വര്‍ഗ്ഗതുല്യമായിരുന്നു ആ കുടുംബം. അതുകൊണ്ടുതന്നെ ആ കുടുംബത്തിനു നേരിട്ട ദുരന്തം നാടിനു തീരാനൊമ്പരവുമായി.
അസാധാരണമായ രോഗലക്ഷണങ്ങള്‍ കണ്ടാണ് ജോയിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ആക്രമണോല്സുകത കാണിച്ചുതുടങ്ങിയിരുന്നു. ചികില്‍സിച്ചാല്‍ ഭേദമാകുന്ന അവസ്ഥ കഴിഞ്ഞതിനാല്‍ മയങ്ങാനുള്ള മരുന്നും കൊടുത്തു വീട്ടിലേക്ക് തിരിച്ചയക്കുകയല്ലാതെ ഡോക്ടര്‍മാര്‍ക്ക് മറ്റുവഴികളില്ലയിരുന്നു.
വീട്ടിലെത്തിച്ചപ്പോഴേക്കും ആശുപത്രിയില്‍ വെച്ചുകൊടുത്ത മയങ്ങാന്‍ കുത്തിവെച്ച മരുന്നിന്റെ വീര്യം കുറഞ്ഞുതുടങ്ങിയിരുന്നു. വീട്ടിലെത്തി മുറിയിലിട്ടുപൂട്ടി. വെളിച്ചത്തെ ഭയന്ന് ഇരുളിന്റെ കോണിലൊളിച്ചു. പിന്നെ വളരെ ഭീകരമായ വിധം പേയിളകി. കണ്ടുനില്ക്കാന് കഴിയാത്ത വിധം വായില്‍ നിന്നും നുരയും പതയുമൊഴുകി. ഭീകരമായ ചേഷ്ടകളും. ഇടക്ക് ശാന്തമാവും. സുബോധത്തോടെ സംസാരിക്കും. കേട്ടറിഞ്ഞെത്തിയ നാട്ടുകാരുടെ മുമ്പില്‍ വെച്ച് വീണ്ടും മൂര്‍ച്ഛിക്കും. ഇടക്കു ശാന്തമാകുമ്പോള്‍ പറയും "അപ്പച്ചാ... എനിക്കിനി അധികനേരമില്ല.. ആരും എന്റടുത്തേക്ക് വരരുത്. ഞാനെത്ര വിളിച്ചാലും. എന്നെ തൊടരുത്... അബദ്ധത്തിലെങ്കിലും എന്റെ നഖം കൊണ്ടാലോ, എന്റെ ഉമിനീര് പറ്റിയാലോ നിങ്ങള്‍ക്കും പകരും. എന്നെ രക്ഷിക്കാന്‍ ശ്രമിച്ച് നിങ്ങളാരും ജീവിതം കളയരുത്. ഞാന്‍ ആവശ്യപ്പെട്ടാലും വെള്ളം പോലും തരേണ്ട".
വീണ്ടും പേയിളകും. ഇടക്ക് അല്‍പ്പം നോര്മ്മലാകുമ്പോള് ആളെ തിരിച്ചറിയും സംസാരിക്കാന്‍ ശ്രമിക്കും... യാത്ര പറയും. പിന്നെ അതിഭയങ്കരമായ വിധം ഇളകി. ഭയാനകമായി അലര്‍ച്ചയും...കരച്ചിലും. ശ്വാസമടക്കിനിന്ന നാട്ടുകാരുടെയും കുടുംബക്കാരുടെയും മുമ്പില്‍ ബോധമറ്റുവീണു. ആ മയക്കത്തില്‍ നിന്നും ഉണര്‍ന്നില്ല.ഒന്നരദിവസം നാടിന്റെയും വീടിന്റെയും നെഞ്ചുതകര്‍ന്ന പ്രാര്‍ത്ഥനകള്‍ക്കും വിരാമമിട്ട് വേദനകളില്ലാത്ത ലോകത്തേക്കവന് യാത്രയായി.
മരണം ആര്‍ക്കും ഏതുവിധവും വരാം. എങ്കിലും ഇത്രയേറെ ദാരുണമായ മരണം ആര്‍ക്കും വരുത്താതിരിക്കട്ടെ. കുഞ്ഞിക്ക ഗദ്ഗദത്തോടെ പറഞ്ഞുനിര്‍ത്തി.
കുഞ്ഞിക്ക പറഞ്ഞറിഞ്ഞ പിന്നീട് നടന്ന സംഭവങ്ങള്‍ വേദനാജനകാമായിരുന്നു. അവന്റെ മരണത്തോടെ ആ കുടുംബം തകരുകയായിരുന്നു.ഏകമകന്റെ വേര്‍പാട് താങ്ങാനായി മദ്യപിച്ചുതുടങ്ങിയ പിതാവ് മുഴുക്കുടിയനായി. മാനസികമായി തകര്‍ന്ന മാതാപിതാക്കള്‍ തമ്മില്‍ സ്വരച്ചേര്ച്ചയില്ലതായി. കുടുംബത്തില്‍ കലഹം നിത്യ സംഭവമായി. പിന്നീടവര്‍ രണ്ടുപേരും വഴിപിരിഞ്ഞു. പുതിയ കൂട്ടുകാരെ കണ്ടെത്തുകയുംചെയ്തു. ഇതിനിടയിലെപ്പോഴോ അനിയത്തികുട്ടിയുടെ വിവാഹം കഴിഞ്ഞു. ഇപ്പോള്‍ ദൂരെയെവിടെയോയാണ് താമസം.
ജോലിയൊക്കെ സ്ഥിരമായതിനു ശേഷം ഒരൊഴിവു ദിവസം നീ വരണം, എന്റെ വീടും നാടുമൊക്കെ കാണുകയും പരിചയപ്പെടുകയും ചെയ്യണമെന്നൊക്കെ അവന് ക്ഷണിച്ചിരുന്നതാണ്. ഒരിക്കല്‍ പോകണമെന്നും ഞാനും തീര്‍ച്ചപ്പെടുത്തിയിരുന്നു.
"എന്റെ പ്രിയസ്നേഹിതാ... നിന്റെ വേര്‍പാടിനുശേഷം പോലും എനിക്കു നിന്റെ നാടും വീടും കാണാന്‍ വരാന്‍ കഴിഞ്ഞില്ല. നീ പോയതിനുശേഷം എത്രയോ തവണ നിന്റെ വീട്ടിലേക്ക് വരാനിറങ്ങി. കഴിയുന്നില്ലെനിക്ക്... നിങ്ങളെ ഇനിയൊരിക്കലും ഒരുമിച്ചുകാണാനും കഴിയില്ലല്ലോ. പക്ഷെ എന്നെങ്കിലും ഞാന്‍ എന്റെ പഴയ ചങ്ങാതിയുടെ വേരുകള്‍ അന്വേഷിച്ചു വന്നേക്കാം. എനിക്കുമറക്കാനാവില്ലല്ലോ.." .