Monday, May 31, 2010

കൊട്ടേഷൻ

   നാൽ‌പ്പതു വാട്ട് ബൾബിന്റെ മങ്ങിയവെളിച്ചത്തിൽ പലകയടിച്ച വാതിലിൽ ചാരിയിരിക്കുകയാണ് വേണു. മേശപ്പുറത്തിരിക്കുന്ന ചോരക്കറപുരണ്ട കത്തിയുടെ വായ്ത്തലയുടെ തിളക്കം അവന്റെ കണ്ണുകളിൽ തറച്ചു. അത് ഹൃദയത്തിലാഴ്ന്നിറങ്ങി ഒരായിരം മുറിവുകളാകുന്നതവനറിഞ്ഞു. തന്റെ കത്തിമുനയാൽ ജീവൻ പൊലിഞ്ഞ നിരപരാധികളുടെ പിടച്ചിലിനപ്പുറമാണ് തന്റെ ഹൃദയമിപ്പോൾ പിടയ്ക്കുന്നത്. ഒരുറുമ്പിനെപ്പോലും നോവിക്കാത്ത  പഴയ വേണു ഇന്നെത്ര മാറിയിരിക്കുന്നു. ആലോചിച്ചപ്പോൾ അവനു വല്ലാതെ കുറ്റബോധം തോന്നി. ഇതുകൊണ്ടെന്തു നേടി? തന്റെ തൊഴിലില്ലായ്മ പരിഹരിക്കാനെന്നപേരിൽ ഉറ്റ ചങ്ങാ‍തിയൊരുക്കിയ കുരുക്ക്.
 
     അടുത്ത സുഹൃത്തായ വിനോദ് ദുബായിൽനിന്നെത്തിയപ്പോൾ കാണാൻ പോയതാണ് തുടക്കം. അവിടെവെച്ചാണ് വിനോദിന്റെ സുഹൃത്തും ബന്ധുവുമായിരുന്ന ഭദ്രനെ പരിചയപ്പെട്ടതും. നഗരത്തിൽ നല്ല ബിസിനസ്സും രാഷ്ട്രീയമായി പിടിപാടുകളുമൊക്കെയുള്ളയാളെന്നാണ് വിനോദ് പരിചയപ്പെടുത്തിയത്. അവരുടെ നിർബന്ധത്തിനു വഴങ്ങി അല്പം മദ്യം കഴിച്ചു. പതിവില്ലാത്തതിനാലാവും പെട്ടെന്ന് ഫിറ്റായി. അപ്പോഴവർ തനിക്കറിയാത്ത പുതിയൊരു തൊഴിൽ പരിചയപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നിട്ടും ഒഴിവുകഴിവുകളെത്ര പറഞ്ഞുനോക്കി. സമൂഹത്തിലെ പലരും പണമുണ്ടാക്കാൻ ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്ന് പറഞ്ഞത്  വിനോദാണ്. ലക്ഷം വീട്ടിൽ താമസിച്ചുകൊണ്ടിരുന്ന ഭദ്രന് ഇപ്പൊൾ ടൌണിൽ വലിയവീടും കാറുമൊക്കെയുണ്ടായത് ഇങ്ങിനെയത്രെ!
 
   ഗൾഫിൽ പോകുന്നതിനുമുമ്പ് വിനോദും ഭദ്രന്റെ സഹായിയായിരുന്നു. ചോരകണ്ട് ശീലിച്ചുകഴിഞ്ഞാൽ പിന്നെ കൈവിറക്കില്ലെന്നും ഇതൊന്നും ആരുമറിയാൻപോകില്ലെന്നും പറഞ്ഞ് വിനോദ് കൂടി നിർബന്ധിച്ചപ്പോൾ സമ്മതിച്ചുപോയി. അച്ഛന്റെ ചികിത്സക്കായി വാങ്ങിയ കടം പെരുകിക്കൊണ്ടിരുന്നു.  ബ്ലേഡുകാരെ നേരിടാൻ തനിക്കും ഒരു സഹായം ആ‍വശ്യമായിരുന്നു. ആ നശിച്ചനേരം ഭദ്രേട്ടന് വാക്കുകൊടുത്തു, കൂടെ നിൽക്കാമെന്ന്. ഇവിടെയെത്തിയപ്പോഴാണറിയുന്നത്  ഇത് മറ്റൊരു ലോകമാണെന്ന്.

      അകാല വൈധവ്യം തളർത്തിയ അമ്മ, വിവാഹപ്രായമെത്തിയ പെങ്ങൾ... എല്ലാവരുടെയും പ്രതീക്ഷയായിരുന്നു താൻ. ഉള്ളതെല്ലാം വിറ്റു തന്നെ പഠിപ്പിക്കുമ്പോൾ ഒരു ലക്ഷ്യമുണ്ടായിരുന്നു ഒരു കരയിലെത്തുമെന്ന്. അന്തസ്സുള്ളൊരു ജോലി കിട്ടുമെന്നും. എന്നിട്ട് എത്തിപ്പെട്ടതോ..? തന്റെ അനു ഇതറിഞ്ഞാൽ അന്തസ്സൊക്കെ അതോടെ തീരും!  ആരെ കൊന്നിട്ടാണെങ്കിലും കുറേ കാശുണ്ടാക്കണമെന്നു ഒരിക്കലവളോട് വീമ്പു പറഞ്ഞിട്ടുണ്ട്. പണ്ട് തന്റെ സൈക്കിളിൽനിന്നും വീണ് അവളുടെ കൈമുട്ടിൽ ചോരപൊടിഞ്ഞപ്പോൾ കണ്ട് തലചുറ്റിയതു തനിക്കാണെന്നു പറഞ്ഞ് ഇപ്പോഴും കളിയാക്കുന്നവൾ. അനുവിനെക്കുറിച്ചോർത്തപ്പോൾ ഓർമ്മകളിൽ പാദസരങ്ങളുടെ കിലുക്കം.

      പുറത്തെ ഒച്ചപ്പാടു കേട്ടാണ് ചിന്തയിൽനിന്നും ഞെട്ടിയുണർന്നത്. മുമ്പുകണ്ട ആ വയസ്സിത്തള്ള ഒരു ഓട്ടൊ ഡ്രൈവറുമായി തർക്കത്തിലാണ്. ചരക്കെത്തിച്ചുകൊടുക്കുന്നതിന്റെ കമ്മീഷൻ കുറഞ്ഞുപോയിക്കാണും! ഈ തള്ളയ്ക്കീ വയസ്സുകാലത്ത്...!

      അഴുക്കുചാലിനു മേലെ പലകയടിച്ച പഴയ ലൈൻ കെട്ടിടം. ഇവിടെ കാറ്റിനുപോലും മനം‌മടുപ്പിക്കുന്ന ഗന്ധം. ഈ ദുർഗന്ധക്കൂട്ടിലും ബിസിനസ് തകൃതി! അടുത്ത മുറിയിലും സമാനമായ ബിസിനസ്. മാന്യനായ ഭദ്രൻ കാശുണ്ടാക്കുന്ന വഴികൾ! നഗരത്തിന്റെ പിന്നാമ്പുറങ്ങളിൽ കൊഴുക്കുന്ന മാംസക്കച്ചവടം!  രാവേറെയാ‍യിട്ടും  ആരൊക്കെയൊ വരികയും പോവുകയും ചെയ്യുന്നുണ്ട്. ഓട്ടോക്കാർ, ചന്തയിലെ ചുമട്ടുതൊഴിലാളികൾ ടാക്സി ഡ്രൈവർമാർ എന്നിവരൊക്കെയാണ് പറ്റുപടിക്കാർ. പോലീസുകാരും രാഷ്ട്രീയക്കാരും ചിലപ്പോൾ നഗരത്തിലെ ചില്ലുകൊട്ടാരങ്ങളിലെ സമ്പന്നർ പോലും നേരിട്ട് വരാറുണ്ട്.  ജാതിമത വർണ്ണവ്യത്യാസമില്ലാത്തത് ഇവിടെയൊക്കെ മാത്രം!

     തൊട്ടടുത്ത മുറിയിൽ... അരണ്ടവെളിച്ചത്തിൽ കാണാമവരെ. നറുക്കുവീണവർ എത്തേണ്ടിടത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ഏതാനും പേരെ ബാക്കിയുള്ളൂ. ചിലർ നിർവ്വികാരരായി ചടഞ്ഞിരിക്കുന്നു. മറ്റൊരുത്തി  ക്ഷീണിച്ചുറങ്ങുന്നു.  രണ്ടുപേർ തമ്മിലെന്തോ രഹസ്യം പങ്കുവെക്കുന്നു. അടുത്ത ഊഴം ആരുടേതെന്നാവും! ഏതുനിമിഷവും അപരിചിതരുടെയൊപ്പം യാത്രയാകണം. മനസ്സെന്ന കുപ്പായം എന്നേ അഴിച്ചെറിഞ്ഞ വെറും ഇരകൾ...  നല്ല കൊഴുത്ത ശരീരമുള്ളവർക്കാണ് ഡിമാന്റ്.  ആർക്കൊക്കെയൊ വിരുന്നൊരുക്കാനായി സ്വന്തം ശരീരം കാത്തുവെക്കുന്നവർ. നാളെ അവരെ കടിച്ചുകീറാൻ ആർത്തിമൂത്ത് ചാടിവീഴുന്ന മാന്യന്മാരെ മനസ്സിൽ കണ്ടു നോക്കി. അവരുടെ ശരീരം പിച്ചിച്ചീന്തും. മജ്ജയും മാംസവും നക്കിത്തുടക്കും. താനുമതിനു കൂട്ടുനിൽക്കുന്നു. ചിന്തകൾ കെട്ടുപിണഞ്ഞപ്പോൾ കണ്ണുകൾ ഇറുകെയടച്ചിരുന്നു. ഈ കുരുക്കിൽനിന്നും രക്ഷപെടുന്ന ചിന്ത മാത്രമാണ് മനസ്സിൽ. ഇന്നത്തോടെ താൻ വാങ്ങിയ പണത്തിനുള്ള കൊട്ടേഷൻ അവസാനിക്കുന്നു. പക്ഷെ ഭദ്രൻ വരാതെ പോകാനാവില്ല, അയാൾ സമ്മതിക്കില്ലെന്നുറപ്പാണെങ്കിലും. എന്തും നേരിടാൻ തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു. കൊലക്കത്തിയുടെ മൂർച്ചവരുത്തിയ വായ്ത്തലയുടെ തിളക്കം അവന്റെ കണ്ണുകളിൽ മിന്നി.

        പ്രതീക്ഷിച്ചതിനുമപ്പുറത്തായിരുന്നു ഭദ്രന്റെ പ്രതികരണം. അത്യാവശ്യം വരുമ്പോൾ ഇനിയും വിളിക്കുമെന്നു പറഞ്ഞപ്പോൾ വേണ്ടെന്ന് തീർത്തു പറഞ്ഞു. വരുംവരായ്കകൾ നേരിട്ടുകൊള്ളണമെന്ന ഭീഷണി വകവെച്ചില്ല. രൌദ്രഭാവം കത്തിനിന്ന ഭദ്രന്റെ കണ്ണുകളിലേക്ക് നോക്കാതെ തിരിഞ്ഞുനടന്നു. നാട്ടിലേക്കുള്ള അവസാനത്തെ ബസ്സിൽ തണുത്ത കാറ്റേറ്റിരിക്കുമ്പോൾ ചോരപുരണ്ട ആ ഇരുണ്ട അദ്ധ്യായം കഴിഞ്ഞതായി വേണുവിനു തോന്നി.  മനസ്സിനു വളരെ ഭാരം കുറഞ്ഞിരിക്കുന്നു. ബസ്സിറങ്ങി  ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ അവൻ ഒരുറച്ച തിരുമാനത്തിലെത്തിയിരുന്നു.
        
       എത്ര കഷ്ടപ്പെട്ടാലും ഇനിയൊരിക്കലും കോഴിക്കടയിലെ ജോലിക്ക് പോകില്ലെന്ന്!

Monday, May 10, 2010

പോസ്റ്റില്ലായ്മ!

എവിടെപ്പോയി? ഇവിടെങ്ങുമില്ലേ? കണ്ടിട്ടൊത്തിരിയായല്ലോ എന്തെങ്കിലും എഴുതിഷ്ടാ... മെയിലായും കമന്റായും ഇതുപോലുള്ള ചോദ്യമൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കുറെയായി.

എന്തെ,താങ്കളുടെ ഉറവ വറ്റിയോ? അതോ അലസതയില്‍ മുങ്ങിപ്പോയോ? അവിടെയും ഇവിടെയും കമന്റി കളിക്കാതെ എന്തെങ്കിലും എഴുതൂ സഹോദരാ...

‘ഉറവവറ്റിയോ’ പോലുള്ള ചങ്കിൽ കൊള്ളണ ചോദ്യം പാടൊണ്ടോ. എല്ലാരും കൂടി എന്നെക്കൊണ്ട് എന്തെങ്കിലും കടുംകൈ ചെയ്യിക്കും! നനഞ്ഞിറങ്ങി, ഭാഗ്യമുണ്ടെങ്കിൽ കുളിച്ചുകേറാം... അല്ലെങ്കിൽ മുങ്ങിച്ചാകട്ടെ!

ബ്ലോഗിലെ പോസ്റ്റില്ലായ്മയാണല്ലോ കവർസ്റ്റോറി....

അടുത്തുള്ളവരെയൊക്ക അത്യാവശ്യം ജാഡ കാണിച്ചു വെറുപ്പിച്ചുകഴിഞ്ഞപ്പോൾ ഇനിയൊരു ഓൺലൈൻ അഹങ്കാരമാകാമെന്നു കരുതി. ബ്ലോഗ്  തുടങ്ങിക്കഴിഞ്ഞിട്ടാണ് ഇതിനകത്തു എന്തുവാരിനിറയ്ക്കുമെന്ന് കാടും മലയും കയറി ചിന്തിച്ചത്! ഇപ്പോഴും അതിനുത്തരം കിട്ടിയിട്ടില്ല. ദിവസവും പത്രവാർത്തകൾ കോപ്പി പേസ്റ്റ് ചെയ്യാം! അതിനു ഇങ്ങനെയൊരു സാധനത്തിന്റെ കാര്യമുണ്ടോ, പത്രം വായിച്ചാൽ പോരെ? പിന്നെയോ....?

രണ്ടക്ഷരം പഠിച്ചായിരുന്നെങ്കിൽ നാലക്ഷരം എഴുതാമായിരുന്നെന്നു തോന്നിത്തുടങ്ങിയത് മുടിയിഴകൾ കറുപ്പുതാൻ എനക്കുപുടിച്ച കളറ് എന്ന പാട്ടു നിറുത്തിയപ്പോഴാണ്. ക്ലാസ്മുറിയിലെ അക്ഷരങ്ങളേക്കാൾ വില പള്ളിക്കൂടം പറമ്പിലെ കശുമാവിൽനിന്നെറിഞ്ഞു വീഴ്ത്തുന്ന കശുവണ്ടിക്കു കിട്ടുമായിരുന്നതും കോളേജിലെ ബോറൻ ക്ലാസുകളേക്കാൾ രസകരമാണ് തിയേറ്ററിന്റെ ഇടനാഴികളിൽ തിക്കിത്തിരക്കി ശ്വാസം മുട്ടി ടിക്കറ്റെടുത്ത് മാറ്റിനി കാണുന്നതെന്ന് കണ്ടുപിടിച്ചതും അക്ഷരങ്ങളുമായുള്ള ബന്ധം എന്നേ ഊട്ടി(കൊടൈക്കനാൽ) ഉറപ്പിച്ചിരുന്നു.

എങ്കിലും അബദ്ധങ്ങൾക്കു മീതെ മണ്ടത്തരങ്ങൾ വിളമ്പി വിവരമില്ലായ്മയുടെ മേമ്പൊടി ചേർത്ത് പത്തുപതിനഞ്ചു പോസ്റ്റാക്കി. നാട്ടിൽ പോകുന്നതിനുമുമ്പൊരു പടബ്ലോഗിനും തറക്കല്ലിട്ടു. എഴുതുന്നതിനേക്കാൾ സമയം ലാഭിക്കാമെന്ന ഗുട്ടൻസ് മുന്നിൽകണ്ട്. അതും ദാണ്ടെ കെടക്കണു.. ഒന്നുകിൽ അന്തോം കുന്തോം ഇല്ലാതെ മെയിൽ ഫോർവേഡ് വരുന്ന പടങ്ങൾ പോസ്റ്റണം, അല്ലെങ്കിൽ സ്വന്തമായി എടുത്ത പടം വേണം! കൈവിറക്കാതെ ക്യാമറ പിടിക്കാൻ അറിയാമായിരുന്നെങ്കിൽ ഫോട്ടോ ബ്ലോഗ് ഉഷാറാക്കാമായിരുന്നു. പണ്ട് ഓട്ടോഫോക്കസ് ഫിലിം ക്യാമറയിൽ ലെൻസ് ക്യാപ്പ് ഊരാതെ ഒരുറോൾ പടമെടുത്ത ക്രെഡിറ്റും എസ്സെല്ലാർ ക്യാമറയാണെങ്കിൽ ക്യാപ്പ് പ്രശ്നമില്ലെന്നുകേട്ട് അതും വാങ്ങി പടമെടുത്തപ്പോൾ സൂര്യോദയത്തിന്റെ ഫോട്ടൊ കണ്ട പിള്ളേരു ഓം‌ലെറ്റാണെന്നു കരുതി വെള്ളമിറക്കിയതും സേപിയ ടോണിൽ കാണിക്കാൻ പറ്റിയ ഒന്നാന്തരം ഫ്ലാഷ്ബാക്ക്!

രണ്ടരകൊല്ലം മുമ്പ് നൂറു ദിവസത്തെ ലീവിനു ദാ വരണൂന്നും പറഞ്ഞ് പോയ പോക്കാണ്. സുഖയാത്ര എയറിന്ത്യയിലായിരുന്നതിനാൽ വെറും പതിമൂന്നു മണിക്കൂർ മാത്രമേ എയർപോർട്ടിലെ കാഴ്ചകൾ കണ്ടാസ്വദിക്കാൻ സമ്മതിച്ചുള്ളു.

പിറ്റേദിവസംതന്നെ ലീവ് കഴിഞ്ഞെത്തുന്ന പ്രവാസി അനുഷ്ടിക്കേണ്ട പരമ്പരാഗത ആചാരമായ കവലയിലിറങ്ങി നാട്ടുകാരെയും ചങ്ങാതിമാരെയും കണ്ട് സാന്നിദ്ധ്യമറിയിക്കുന്ന ചടങ്ങു നടന്നു. എന്നാ വന്നത്? എപ്പൊഴാ പോണെ? എന്നൊക്കെ കേൾക്കുമ്പോൾ കോപം വരുന്ന ബൂർഷ്വാ മൂരാച്ചി ഗൾഫുകാരനാവാതെ നാട്ടിലെ എല്ലാ അഭ്യുദയകാംക്ഷികൾക്കും, ലീവ്, തിരിച്ചുപോകുന്ന തിയതി, സമയം, ഫ്ലൈറ്റ് നമ്പർ, ബോർഡിംഗ് ടൈം എല്ലാമടങ്ങിയ സത്യവാങ്മൂലം സമർപ്പിച്ചു. കാക്കയുടെ വിശപ്പുമാറിയില്ലേലും പോത്തിന്റെ കടിമാറട്ടെ!

ബാലൻ‌മാഷ് കരണ്ടുതിന്നാത്ത സമയം നോക്കി കമ്പ്യൂട്ടറിന്റെ മുമ്പിലിരിക്കുമ്പോൾ ബീയെസ്സെന്നെല്ലുകാരു തരുന്ന ഡയലപ്പിന്റെ സ്പീഡ് കണ്ടു ചിരിച്ചു ചിരിച്ചു ചാകും! ഇടക്കിടെ നിറുത്തിയും വലിഞ്ഞും... നമ്മൾ നെല്ലിപ്പലകയും കണ്ട് കാത്തിരിക്കണം... മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ വാക്കുകൾ പെറുക്കിയെടുക്കാനിരിക്കുന്ന പത്രലേഖകരെപ്പോലെ ! ആദ്യമൊക്കെ നാൽപ്പത്തിയെട്ട്, മുപ്പത്താറ്, ഇരുപത്തിനാല്, പതിനാറ്, എട്ട്, നാല്, നാല് എം ബിയല്ല കേബി! കേബി പെർ സെക്കന്റ്! ഹായ്..സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ...

ഇവിടെ അറബീടെ കാശുകൊണ്ട് ഹൈസ്പീഡ് ഇന്റെർനെറ്റിന്മേൽ അർമ്മാദിച്ചിട്ട് നാട്ടിൽ കിട്ടിയ തുടക്കം അവർണ്ണനീയം! വേണേൽ റബ്ബർബാൻഡ് പോലത്തെ ബ്രോഡ്ബാൻഡ് നാട്ടിലും കിട്ടും!

ബില്ലുവന്നപ്പോൾ കണ്ണിനുമുമ്പിൽ ആയിരം ഫ്ലാഷ് അനിമേഷൻ എഫക്റ്റുകൾ ! ബ്ലോങ്ങാനിരുന്നവന്റെ തലയിൽ അനോണി കമന്റ് വീണപോലെ!

നാട്ടിലേക്കായി മാറ്റിവെച്ചിരുന്ന പെരുന്നാളാഘോഷങ്ങളെല്ലാം ഒരുവിധം തീർന്നപ്പോൾ ഒരിക്കൽ ഞാൻ നടത്തിക്കൊണ്ടിരിക്കുന്ന ഭയങ്കര സംഭവമായ ബ്ലോഗും ഇനി നാട്ടിൽ വെച്ചു തുടർന്നു നടത്താനുദ്ദേശിക്കുന്ന ഫോട്ടോബ്ലോഗും എല്ലാം ഭാര്യയെ കാണിച്ചു. അവൾക്കു നന്നേ ബോധിച്ചു സർട്ടിഫിക്കറ്റും തന്നു: സംഗതിയൊക്കെ നല്ല രസോണ്ട്... കൊള്ളാം...

“അതേയ്, ഇതെന്താ ഇങ്ങനെത്തെ പേരുകള്...” പക്ഷെ ബ്ലോഗർമാരുടെ പേരുകൾ പുള്ളിക്കാരത്തിക്കത്ര പിടിച്ചില്ല.

ഈനാംപേച്ചി, മരപ്പട്ടി, കുട്ടിച്ചാത്തൻ, മരമാക്രി, ആദിവാസി, പ്രയാസി, ബൃത്തികെട്ടോൻ, കൂതറ, വഷളൻ, ചക്കക്കുരു, മാങ്ങാത്തൊലി...

ബ്ലോഗുണ്ടാക്കുമ്പോൾ ഇങ്ങനത്തെ പേരുകൾക്കാടീ ഡിമാന്റ്! എത്ര രസകരമായ പേരുകൾ!

“എന്നാ നിങ്ങൾക്കും ഇട്ടൂടായിരുന്നോ...”

“മരപ്പട്ടീന്ന് ഇടായിരുന്നു. നിന്റെ കൂട്ടായതോണ്ട് നല്ല ചേർച്ചയുമുണ്ടായേനെ!. പക്ഷെ തറ പേരുകളിൽ ഇനി ഒരെണ്ണം പോലും ബാക്കിയില്ല. എല്ലാം മലയാളം ബ്ലോഗേഴ്സ് കയ്യേറി വേലികെട്ടി രവീന്ദ്രൻ പട്ടയവുമെടുത്തു.”

ബ്ലോഗിങ്ങിനെക്കുറിച്ചുള്ള പഠനക്ലാസിനിടയിൽ സിലബസിലില്ലാത്ത വിഷയത്തിൽനിന്നൊരു ചോദ്യം...

“ഇതീന്നു എന്തു കിട്ടും?”

“പത്തുമുപ്പതു കമന്റുകിട്ടും...”

“കമന്റടീടെ കാര്യല്ല ചോദിച്ചത്...”

“പിന്നെ?”

“മാസം എന്തു വരുമാനം കിട്ടും?”

“വരുമാനമൊന്നുമില്ല, പിന്നെ ഒരു രസം, കുറെ ചങ്ങാതിമാരെ കിട്ടും അവരുടെ മുമ്പിൽ വല്യ ആളാകാം. പിന്നെ ഫോൺ ബില്ല് ഇത്തിരി കൂടും, ഇത്തിരി മാത്രം”

“ബ്ലോങ്ങണതൊന്നും കുഴപ്പമില്ല, ഫോൺ ബില്ല് ഇപ്പൊളഴത്തേതിനേക്കാൾ കൂടാതെ നോക്കിക്കോ. ഇപ്പോഴത്തെ മിനിമം ബില്ലുകെട്ടാൻ തന്നെ പാടുപെടുമ്പോഴാ ഇന്റെർനെറ്റ് ബില്ലുകൂടെ. കുറെക്കാലം കൂടി വന്നതല്ലെ, തൽക്കാലം കൂട്ടുകൂടാൻ ഞാനിവിടെയുണ്ട്. രസമൊക്കെ ഞാൻ ആവശ്യത്തിനുണ്ടാക്കിത്തരാം. കാണാത്ത അറിയാത്ത കുറെയാൾക്കാരുമായി കൂട്ടുകൂടീട്ടെന്തിനാ... കീബോർഡുമ്മേൽ കുത്തിക്കുത്തി വിരലിന്റെ അറ്റം തേഞ്ഞുതീരുന്നതിനുമുമ്പ് എന്തേലും ജോലിക്ക് ശ്രമിക്ക്...”

പിൻബുദ്ധി പ്രായോഗികതയുടെ പിന്നാലെ പായുമ്പോൾ ഞാൻ ജന്മവാസനകളായ കുഴിമടിയും അലസതയും ഗൾഫീന്നു ബോണസായികിട്ടിയ ഉറക്കത്തോടുള്ള ആർത്തിയുമൊക്കെ കൂട്ടി എനിക്കും ബ്ലോഗിങ്ങിനുമിടയിൽ ഫയർവാൾ കെട്ടി !  പിന്നെ അതങ്ങു  വളർന്നു ഗ്രേറ്റ്വാൾ പോലെ...

നാട്ടിൽ എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും ബ്ലോഗ് പോസ്റ്റിനുള്ള വകുപ്പുകൾ മാത്രം. കുറച്ചൊക്കെ എഴുതിത്തുടങ്ങുകയും ചെയ്തു. പോസ്റ്റേൽ പിടിപ്പിക്കുന്ന പോസ്റ്റ്. പണ്ടു സന്ധ്യക്കുശേഷം മാത്രം ഇറങ്ങുമായിരുന്ന പാമ്പുകൾ പുതിയ ബെവറേജസ് ഔട്ട്‌ലെറ്റുകൾ കാരണം ഇരുപത്തിനാലുമണിക്കൂറും ഇഴയുന്നു. ഇഴയാൻ ആവതില്ലാത്തവർ കയ്യാലയിലെ പുല്ലുപറിക്കുന്നു. അതെഴുതി പകുതിയാകുമ്പോഴേക്കും അതിലും രസകരമായ വേറൊരു കൂട്ടർ! വയറുനിറച്ച് ഹാൻസും പാൻപരാഗും തിന്ന് ചൈനാമൊബൈലിൽ ഉച്ചത്തിൽ പാട്ടും കേട്ട്, വീട്ടിൽ റേഷൻ വാ‍ങ്ങാൻ വെച്ച കാശ് അടിച്ചുമാറ്റി മമ്മൂട്ടിക്കും മോഹൻലാലിനും ഫ്ലെക്സ്ബോർഡും വെച്ച് ആനന്ദം ആനന്ദം ആനന്ദമേ പാടുന്നു. എഴുതിയെഴുതി എഴുത്തച്ഛനാകാറായിട്ടും ഇതൊന്നും ബ്ലോഗിലെത്തിയില്ല. നാട്ടിലെത്തിയാൽ എന്തിനാ ബ്ലോഗ്? ദിവസവും നൂറുകണക്കിനു ലൈവ് എന്റെർടൈൻ‌മെന്റുകൾ! ആസ്വദിക്കാനുള്ള മനസ്സുമാത്രമുണ്ടാക്കിയെടുത്താൽ മതി.

അവസാനം മൊബൈലിലൊക്കെ നെറ്റ് കിട്ടിത്തുടങ്ങിയപ്പോഴേക്കും ‘ബ്ല’ തന്നെ മറന്നു!

ആഗോളമാന്ദ്യം പണ്ടേ വന്നു പോയ പ്രവാസിയുടെ നാട്ടുവാസം രണ്ടുവർഷം കഴിഞ്ഞു. ഗൾഫീന്നു കിട്ടിയ ഗ്ലാമറും തടിയും പോയി.  പ്രവാസികളുടെ ലാൻഡ്മാർക്കായ കുടവയറും അപ്രത്യക്ഷമായി. വെയിലേറ്റാൽ മായാത്ത പഴയ ഗ്യാരണ്ടി കളർ തിരിച്ചുവന്നു. കയ്യിലെ പണം മാത്രം തീർന്നില്ല. ഇല്ലാത്തതു തീരില്ലെന്ന തിയറി പഠിച്ചുകൊണ്ടിരിക്കുന്നു!

എന്തിനേറെപ്പറയുന്നു. അവസാനം എല്ലാ ഗൾഫുകാരെയും പോലെ ഞാനും തിരിച്ചുവന്നു.

വന്നപാടെ പഴയ സൈക്കിളുമെടുത്ത് ബൂലോകത്തുകൂടിയൊന്നു കറങ്ങി. കഴിവുള്ള ഒരുപാടുപേർ പുതുതായെത്തിയിരിക്കുന്നു. പ്രവാസികൾക്ക് ഇത്ര സംവരണം കൊടുക്കുന്ന വേറെ പൊതുമേഖലാസ്ഥാപനമുണ്ടോന്നറിയില്ല. ബൂലോകത്തൊരു പുതുമുഖമായെത്തിയപ്പോൾ ഒരുപാട് നിർദ്ദേശങ്ങളും സഹായങ്ങളും തന്ന പഴയ ചങ്ങാതിമാരുടെ ബ്ലോഗിലൊക്കെ പോയി നോക്കി. കുറെപ്പേരൊക്കെയുണ്ട്. മറ്റു ചിലർ ബ്ലോഗും പൂട്ടി സ്ഥലം വിട്ടിരിക്കുന്നു. നാലു ബ്ലോഗും അതുനിറയെ പോസ്റ്റും പിന്നെ ബൂലോകത്തെ പോസ്റ്റുകൾക്കെല്ലാം പോസ്റ്റിനെക്കാൾ വലിയ കമന്റുമായി നടന്ന് നന്മകൾ നേർന്നിരുന്ന മൻസൂർ നിലമ്പൂർ സൗദിയിൽ നിന്നും മുങ്ങി അബുദാബിയിൽ കുടയും പിടിച്ചു നടക്കുന്നു. ചക്രവും ചവച്ച് ബൂലോക പടമെടുപ്പുകാരനായി നടന്ന കുഞ്ഞുമൽസ്യം പ്രയാസി ഒരുവർഷം മുമ്പ് പൾസർ സ്റ്റാൻഡിൽ വെച്ച് പോയതാണ്. പൾസർ ഉപേക്ഷിച്ച പ്രയാസിയെ പുതിയ വണ്ടിയുമായി മഴത്തുള്ളിക്കിലുക്കത്തിൽ കണ്ടു, ശ്രീ പോസ്റ്റ് ചെയ്ത വിവാഹ ഫോട്ടോയിൽ. ഒരുകാലത്ത് എല്ലാവരും മീതേക്കു മീതെ ദിവസവും പോസ്റ്റുകളിട്ടു തിരക്കുകൂട്ടി, ആഴ്ചയിൽ ഒരു പോസ്റ്റേ ഇടാവു എന്നു കർശനനിർദ്ദേശം വെച്ച കിലുക്കം നഷ്ടപ്പെട്ട മഴത്തുള്ളിയെ ഇന്നു ആർക്കും വേണ്ട! ദാ ഇപ്പൊ അതിന്റെ പേരും ഹെഡറും വരെ ആരോ അടിച്ചുമാറ്റിയിരിക്കുന്നു!

എഴുത്തു നിറുത്തി ഓടിനടന്നു കമന്റുന്ന പുതിയ ഒരടവുനയം പയറ്റിയാലോ എന്നും നോക്കി! കമന്റിന്റെ പിന്നാലെ വന്നവർ ചിലരൊക്കെ അവസാന പോസ്റ്റിലെ തീയതികണ്ട് വണ്ടി തിരിച്ചുവിട്ടു.

ബൂലോകത്തെ തീപാറുന്ന ചർച്ചകളിൽ നിന്നും ഓടിമാറി ആർക്കെങ്കിലും ഒരു കുഞ്ഞു കമന്റുമെഴുതി ഇഷ്ടമുള്ള പടം കണ്ടാൽ സ്മൈലിയിടാനറിയാത്തതിനാൽ കൊള്ളാമെന്നും പറഞ്ഞ് തടിയെടുക്കുക. അടി-ഇടി തർക്ക സംവാദ ബ്ലോഗുകളിലേക്കെത്തിനോട്ടം മാത്രം! അങ്ങാടിയിൽ അടിനടക്കുമ്പോൾ ഓടി കയ്യാലപ്പുറത്ത് കയറിനിന്ന് കളികാണുന്ന ധൈര്യം! അതാണിപ്പോഴത്തെ പോളിസി. റ്റേക്കീറ്റീസിപോളിസി!

ജോലിത്തിരക്കുകൾക്കിടയിൽ നിന്നുപോലും അനവധി പുത്തനറിവുകൾ ലളിതമായി മലയാളത്തിലേക്ക് പകർന്നു തരുന്ന നിരവധി ബ്ലോഗർമാർ. മലയാളകഥയുടെയും കവിതയുടെയും കൈവഴികളിലൂടെ ഹൃദയത്തിൽ പുതുവസന്തം വിരിയിക്കുന്നവർ... കാണാത്ത കാഴ്ചകളും വിവരണങ്ങളുമായി യാത്രയിൽ ഒപ്പം കൂട്ടുന്നവർ. സൌഹൃദത്തിന്റെ നറു നിലാവുമായി സ്നേഹം വിതറുന്ന കാണാത്ത സഹോദരങ്ങൾ... ഒറ്റപ്പെടലിന്റെ ഏകാന്തതയിൽ സാന്ത്വനമാകുന്നവർ.. നർമ്മം വിതറി വിരസതയകറ്റുന്നവർ... വീൽചെയറിലിരുന്നും ശരീരമൊന്നനക്കാൻ പോലുമാവാതെ കിടന്നുകൊണ്ടും ബ്ലോഗെഴുതുകയും വായിക്കുകയും കമന്റുകയും ചെയ്യുന്നവർ... ഇവരൊക്കെയാണീ മാധ്യമത്തിന്റെ ശക്തിയും ഐശ്വര്യവും. എല്ല്ലാവരെയും സ്നേഹിച്ച് നിങ്ങളിലൊരാളായി ഈ ബൂലോഗ മലയാളത്തിന്റെ കോണിൽ ഞാനും!

നൂറു ദിവസത്തെ ലീവ് അടിച്ചുപരത്തി വലിച്ചുനീട്ടി രണ്ടേകാലരക്കാൽ കൊല്ലമാക്കി ഞാൻ തിരിച്ചെത്തി, പ്രവാസത്തിലേക്കും ഒപ്പം ബൂലോകത്തേക്കും.

ഒരു രഹസ്യം: ആരോടും പറയണ്ട! നാട്ടിൽ ഒരുമാതിരെ സെറ്റപ്പൊക്കെ ആയതാ... ഗൾഫിലേക്കു തിരിച്ചുപോരേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല, പിന്നെ കെട്ട്യോളേം മൂന്നു കുട്ട്യോളേം പട്ടിണിക്കിടണ്ടാന്നു കരുതി മാത്രം...