Wednesday, July 21, 2010

AKCPBA ബ്ലോഗ് മീറ്റ് !

      “പുതിയ ബ്ലോഗേഴ്സ് സംഘടന... പുതിയ ലോഗോ... പുതിയ ബ്ലോഗ് മീറ്റ് !”

      തൊടുപുഴയിൽ ഈ വരുന്ന ആഗസ്റ്റ് എട്ടിന് നടക്കുന്ന ബ്ലോഗ് മീറ്റിൽ AKCPBA പങ്കെടുക്കില്ല! ആൾ കേരള കോപ്പി പേസ്റ്റ് ബ്ലോഗേഴ്സ് അസോസിയേഷൻ (AKCPBA) എന്നപേരിൽ ബ്ലോഗർ കൂട്ടായ്മ പ്രവർത്തിച്ചു വരുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ? അഥവാ ഇനിയും അറിയാത്ത ശുംഭന്മാരെ വിവരമറിയിക്കും! കോപ്പി പേസ്റ്റ് ബ്ലോഗിംഗിന്റെ അനന്ത സാധ്യതകൾ ബൂലോകത്തിനു പരിചയപ്പെടുത്തിയ ഞങ്ങളും  സ്വന്തമായി ബ്ലോഗ് മീറ്റ് നടത്തുന്നവിവരം കോപ്പിയെടുത്ത് ഇവിടെ പേസ്റ്റ് ചെയ്യുന്നു. “കോപ്പുക... പേസ്റ്റുക... പോസ്റ്റുക” എന്നതാണ് AKCPBA മീറ്റിന്റെ മുദ്രാവാക്യം! ദിവസേന നാലും അഞ്ചും പോസ്റ്റുകൾ കൊണ്ട് ജാലകം കീഴടക്കിയിട്ടും അർഹമായ പരിഗണന കിട്ടാതെ ബൂലോകത്ത് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ശക്തി പ്രകടനമായിരിക്കും ഈ മീറ്റ്.

      തൊടുപുഴ ബ്ലോഗ് മീറ്റിൽ AKCPBA യിലെ പോസ്റ്റുകൾ കൊണ്ട് സമ്പന്നരായ ആരും പേരു നൽകിയിട്ടില്ല. ദിവസേന നിരവധി പോസ്റ്റുകൾ നാട്ടുന്ന സംഘടനയിലെ മെംബർമാർ മാസങ്ങൾ കൂടുമ്പോൾ പോസ്റ്റിടുന്ന ബൂർഷ്വകളുടെ മുമ്പിൽ മുട്ടുമടക്കി സ്വത്വം അടിയറവെക്കാത്തവരാണ്. ഞങ്ങളുടെ പോസ്റ്റുകൾക്ക് ആരും കമന്റുന്നില്ലെന്ന പരിഹാസത്തിലും കഴമ്പില്ല. കാമ്പുള്ള പോസ്റ്റുകളിടുന്നവർക്ക് ഒരുദിവസം കിട്ടുന്ന കമന്റിനേക്കാളധികം പിതൃത്വം അറിയാത്ത പോസ്റ്റുകളെ പെറ്റുകൂട്ടുന്ന ഞങ്ങൾക്കെന്തിന് നിസ്സാരമായ കമന്റ്? ctrl+A, ctrl+C, ctrl+V, എന്നീ കീബോർഡ് ഷോർട്ട്കട്ട് കൊണ്ട് മാത്രം ബ്ലോഗുന്ന ഞങ്ങളെ പുലികളായി ഇനിയും അംഗീകരിക്കാത്ത ബൂർഷ്വകൾ ഞങ്ങളിലെ സത്വത്തെ തിരിച്ചറിഞ്ഞ് പുലിയൊഴികെയുള്ള മറ്റേതെങ്കിലും മൃഗത്തിന്റെ പേരെങ്കിലും വിളിച്ച് ചരിത്രപരമായ മണ്ടത്തരം തിരുത്തണം.

      താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ മദപ്പാടുള്ള ഗജവീരന്മാരെ അണിനിരത്തി നാഷണൽ ഹൈവേ തടഞ്ഞ് പ്രകടനവും മഹാകവികളെ ഉൾപ്പെടുത്തി കവിയരങ്ങുകളുമൊക്കെയായി  ഉത്സവമാക്കാനായിരുന്നു ആദ്യ തീരുമാനം. പക്ഷെ വഴിയരികിലെ പൊതുയോഗങ്ങളും സമ്മേളനങ്ങളും പാടില്ലെന്ന ഉത്തരവ് ഞങ്ങൾക്ക് ctrl കീയില്ലാത്ത കീബോ‍ർഡ് കിട്ടിയതിനു് തുല്യമായി. പക്ഷെ വിവര സാങ്കേതികവിദ്യ കുതിച്ചുചാടുമ്പോൾ ഞങ്ങൾ അതിനുമേലെ ചാടും. വഴിയരികിലെ സമ്മേളന നിരോധന ഉത്തരവ് മാനിച്ച് ഓൺലൈനിൽ AKCPBA മീറ്റ് നടത്തി മറ്റുള്ളവർക്ക് മാതൃകയാവും. ചിക്കൻ ബിരിയാണി, ചക്കപ്പുഴുക്ക്, മറ്റു ഇൻഡ്യൻ ചൈനീസ് ആഫ്രിക്കൻ കോഴിക്കോടൻ വിഭവങ്ങളും ഓൺലൈൻ വഴിയാവും വിതരണം ചെയ്യുക. രുചികരമായ വിഭവങ്ങളുടെ പടം കിട്ടുന്നവർ കിട്ടാത്തവർക്ക് ഫോർവേഡ് ചെയ്യുക.

      സംഘടനയുടെ വിപുലീകരണത്തിന്റെ ഭാഗമായി ലിങ്ക് ബ്ലോഗേഴ്സിനെയും മെയിൽ ഫോർവേഡ് ബ്ലോഗേഴ്സിനെയും ഉൾപ്പെടുത്താനും ഉദ്ദേശിക്കുന്നു. യൂട്യൂബ് ലിങ്ക് കൊടുക്കുന്നവരെ പോഷക സംഘടനയാക്കും. പുലിമടകളിൽ കുടുങ്ങിയ കൂടുതൽ ബ്ലോഗേഴ്സിനെ രക്ഷപെടുത്തി ഈ എളുപ്പവഴിയിലേക്ക് കൊണ്ടുവരാനും ശ്രമിക്കും. പുട്ടുകുറ്റി പോലെയുള്ള ക്യാമറകളും തൂക്കി നടന്ന് പൂച്ചയുടെയും ഈച്ചയുടെയും ഉറുമ്പിന്റെയും പടമെടുത്ത് പോസ്റ്റുന്ന ഫോട്ടോഗ്രാഫർ പുലികളെ പിടിക്കാനുള്ള പുലിക്കെണിയും തയ്യാറായി വരുന്നു. അവർക്കായി ഫോർവേഡ് മെയിലായി കിട്ടുന്ന ചിത്രങ്ങൾ പോസ്റ്റാനുള്ള കുറുക്കു വഴി പഠിപ്പിക്കുന്ന വർക്ക് ഷോപ്പും സർവീസ് സെന്ററും തുടങ്ങും.

      ഈ മേഖലയിലേക്ക് ബ്ലോഗിണികളുടെ വരവ് കുറവായതിൽ ഞങ്ങൾ കടുത്ത നിരാശയിലാണ്. സ്ത്രീകൾക്കായി ഇപ്പോഴുള്ള 33 ശതമാനം സംവരണം  50 ശതമാനം ആക്കാൻ തീരുമാനമായിട്ടുണ്ട്. ഈ വർഷത്തെ മികച്ച കോപ്പിയടിക്കാരനുള്ള കോപ്പൻസ് പുരസ്കാരം കോപ്പൻ ഹേഗനിൽ വെച്ച് സമ്മാനിക്കും.

      ഞങ്ങൾ വല്ലപ്പോഴും സ്വന്തമായി എഴുതിയുണ്ടാക്കുന്ന തലക്കെട്ടുകളിൽ അക്ഷരത്തെറ്റു വരുന്നത് മന:പൂർവ്വമേയല്ല. കീബോർഡിൽ സ്ഥിരമായി ഉപയോഗിക്കുന്ന ctrl, A, C, V എന്നീ കീകളൊഴികെ വിരൽ സ്പർശമില്ലാതിരുന്ന് ഉപയോഗ ശൂന്യമായത് കൊണ്ട് മാത്രമാണ്. ആരെങ്കിലും അബദ്ധത്തിൽ വായിക്കാനെത്തിയാൽ അതു മനസ്സിലാക്കി സഹകരിക്കണം. ദിനപത്രങ്ങളിൽ നിന്നും പരമാവധി കോപ്പിയെടുത്ത് പേസ്റ്റ് ചെയ്യണം. ബ്ലോഗേഴ്സിനെപോലെ പത്രങ്ങൾ കമന്റുകളുമായി പിന്നാലെ വരാൻ മിനക്കെടാറില്ലെന്ന സൌകര്യം പ്രയോജനപ്പെടുത്തണമെന്നും അണികളെ ഓർമ്മപ്പെടുത്തുന്നു. സംഘടനയുടെ മെമ്പർമാരെല്ലാം ലിങ്ക് നൽകുകയും പരസ്പരം കമന്റടിക്കുകയും ചെയ്യുക. നമ്മുടെ ബ്ലോഗുകളിൽ  ഈ പോസ്റ്റ് മറ്റെവിടെയെങ്കിലും വായിച്ചതാണെന്ന് കമന്റിയാലുടനെ മറുപടിക്കു നിൽക്കാതെ ഡിലിറ്റ് ചെയ്യുക. പത്രക്കുറിപ്പ് പേസ്റ്റ് ചെയ്തത് തുടരുന്നു...

      ആരെന്തു പറഞ്ഞാലും പിന്നോട്ടില്ല... സഖാക്കളുടെ കണ്ടൽ കൃഷി പോലെ നമുക്കും ഈ കോപ്പി ബ്ലോഗിംഗ് കൃഷി രീതി പരിപോഷിപ്പിക്കാം. നമ്മുടെ പോസ്റ്റുകൾ ആഫ്രിക്കൻ ഒച്ചുകൾ പോലെ ബൂലോകം മുഴുവൻ ഇഴയട്ടെ. നമ്മളെഴുതുന്ന തലക്കെട്ടുകൾ കണ്ട് ജാലകത്തിലൂടെ നുഴഞ്ഞുകയറി വായിക്കുന്നവന്റെ ഇഞ്ചി തിന്നപോലെയുള്ള മുഖം! അത് മാ‍ത്രമാണ് ത്യാഗങ്ങൾ സഹിച്ച് നമുക്ക് ഈ മഹാ പ്രസ്ഥാനം തുടർന്നു കൊണ്ടുപോകാനുള്ള പ്രചോദനം. വായിക്കാൻ ആളില്ലേലും അഗ്രിഗേറ്ററുകളിൽ എപ്പോഴും നമ്മുടെ പേര് കാണുമെന്നുള്ള പ്രയോജനം! നമ്മൾ വിളമ്പുന്ന കണ്ടും കേട്ടും മടുത്ത കഥകളും വാർത്തകളും ചിത്രങ്ങളും കണ്ട് ഇളിഭ്യരായി കമന്റടിക്കാതെ വന്നതിന്റെ ഇരട്ടി വേഗത്തിൽ തിരിഞ്ഞോടുന്ന കാഴ്ച എത്ര ആനന്ദകരമാണ്. അതുകാണുമ്പോൾ ലക്ഷ്യം നിറവേറ്റിയ ചാരിതാർത്ഥ്യം ctrl+c എടുത്ത് സംഘടനയുടെ അണിയറ പ്രവർത്തകർ  നിങ്ങൾക്കു മുമ്പിൽ ctrl+v ചെയ്യുന്നു.

പേസ്റ്റ് പോസ്റ്റുകൾ കീ ജയ്......! AKCPBA കീ ജയ്......!

Thursday, July 15, 2010

“ലിത്ത് ഫിലിം”

     പ്രിന്റിംഗ് ആവശ്യത്തിന് ലിത്ത് ഫിലിം വാങ്ങാനായി ആശാൻ ആദ്യമായി അബ്ദുവിനെ അയക്കുമ്പോൾ മറക്കാതെ കറുത്ത പോളിത്തീൻ കവർ കൊടുത്തുവിട്ടിരുന്നു. വെളിച്ചം തട്ടി എക്സ്പോസ് ആകാതെ ശ്രദ്ധിക്കണമെന്നും ഡാർക്ക് റൂമിലെത്താതെ തുറക്കരുതെന്നും ഫിലിം ഭദ്രമായി പൊതിഞ്ഞു നൽകുമ്പോൾ കടക്കാരനും ഓർമ്മിപ്പിച്ചു. പിന്നീടത് ഒരു സ്ഥിരം ജോലിയായപ്പോൾ ഫിലിം വാങ്ങാൻ പോകുമ്പോൾ അവൻ മറക്കാതെ കറുത്ത കവർ കരുതുമായിരുന്നു.

     പിന്നീട് സൌദിയിലെത്തിയ അബ്ദു അത്തറുകടയിലെ ജോലിക്കാരനായതോടെ ലിത്ത് ഫിലിമും കറുത്ത പേപ്പറും ഡാർക് റൂമും എല്ലാം മറന്നു. വർഷങ്ങൾക്കു ശേഷം ഇന്നലെ ഒരിക്കൽ കൂടി പഴയ ജോലിയുടെ തനിയാവർത്തനമുണ്ടായി. പക്ഷെ കറുത്ത പോളിത്തീൻ പേപ്പറിനു പകരം  ഇന്നലെ അവന്റെ കൈവശമുണ്ടായിരുന്നത് ഒരു പർദ്ദയായിരുന്നു. അതിൽ പൊതിഞ്ഞു കൊണ്ടുവന്നത് ഫിലിമിനു പകരം റിയാദ് എയർപോർട്ടിൽ വന്നിറങ്ങിയ അവന്റെ ഭാര്യയെ ആയിരുന്നു!


(ഒരു വിശദീകരണം എന്റെ കമന്റായി ചേർത്തിട്ടുണ്ട്)

Sunday, July 4, 2010

ഇനിയില്ല... ആ തണൽ!

    ഇതൊരു ഓർമ്മക്കുറിപ്പാണ്. വായിക്കുന്നവർക്ക് എത്ര ഇഷ്ടമാവുമെന്നറിയില്ല. പക്ഷെ എഴുതാൻ എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം ചുരുങ്ങിയ വരികളിലൊതുക്കാം. വിട്ടുപിരിഞ്ഞിട്ടും ഓർമ്മകളിൽ എന്നും മായാത്ത തെളിമയോടെ നിൽക്കുന്ന എന്റെ പ്രിയപ്പെട്ട ബാപ്പയെക്കുറിച്ച്... പലവട്ടം ശ്രമിച്ചിട്ടും പൂർത്തിയാക്കാനാവാത്ത വരികൾ. വിങ്ങുന്ന നെഞ്ചകത്തോടെ എഴുതാനിരിക്കുമ്പോൾ നിറയുന്ന കണ്ണുകൾ മോണിട്ടറിലെ അക്ഷരങ്ങളെ മറയ്ക്കും. അങ്ങിനെ എത്രയോ തവണ പൂർത്തിയാക്കാനാവാതെ പിൻ‌വാങ്ങിയിരിക്കുന്നു.

    എന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ മാ‍ത്രം കണ്ടിരുന്ന വെറുക്കുന്നവരെ പോലും സ്നേഹിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട ബാപ്പ. ഒന്നുമില്ലായ്മയിൽ നിന്നും ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പടവെട്ടി മക്കൾ ഓരോരുത്തർക്കും ജീവിക്കാനുള്ള ഓരോ വഴികാണിച്ചുതന്നു. മണ്ണിനെയും മനുഷ്യനേയും ഒരുപോലെ സ്നേഹിച്ചു. നാട്ടിലൊരാൾ പോലും മോശമായി പറയാത്ത വ്യക്തിത്വമായിരുന്നു ബാപ്പയുടെ ഏറ്റവും വലിയ സമ്പാദ്യം. ഒപ്പം ബാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെയും.   ഞങ്ങളെ ഉപദേശിച്ചും ശിക്ഷിച്ചും മാത്രം നേരെയാക്കാതെ അത് സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തികമാക്കി പഠിപ്പിച്ചു. അർഹിക്കുന്നതിലേറെ സഹായങ്ങൾ വാങ്ങിയ ഏതാനും ചിലർ മാത്രം ശത്രുവിനോടെന്നപോലെ പെരുമാറുമ്പോഴും അതെന്നെ പറയുന്നതല്ലെ... പറയട്ടെ. നിങ്ങളൊരിക്കലും അത് കേൾക്കാനും മറുപടി പറയാനും നിൽക്കണ്ട. എന്ന് മക്കളായ ഞങ്ങളെ ഉപദേശിക്കും. എനിക്കിപ്പോഴും വഴങ്ങാത്ത സഹിഷ്ണുതയുടെ പാഠങ്ങൾ.

    ഓർമ്മയിലെന്നും ആ പുഞ്ചിരിക്കുന്ന മുഖം തെളിയുമ്പോൾ കാണുന്നവർക്ക് കൌതുകമായിരുന്ന ബാപ്പയുടെ ഇരട്ടവിരലുകളെയും ഓർക്കും. പേര് ഓർമ്മിക്കാത്തവർക്ക് പോലും ആ അടയാളം അറിയാം. ബാപ്പയുടെ ഇരുകൈകളിലെയും തള്ളവിരൽ ഇരട്ടയായിരുന്നു. ആദ്യമായി കാണുന്നവർക്ക് കൌതുകമുള്ള കാഴ്ച. ആകെ പന്ത്രണ്ട് വിരലുകൾ! ഓത്തുപള്ളിയിലെ പഠനം പൂർത്തിയാക്കിയിട്ടും ഈ വിരലുകൾ കൊണ്ട് പേന പിടിക്കാനാവില്ലെന്നത് കാരണമാക്കി സ്കൂൾ വിദ്യാഭ്യാ‍സമുണ്ടായില്ല. പക്ഷെ അനുഭവങ്ങളുടെ പരുക്കൻ മുഖങ്ങളിൽ നിന്നും ജീവിതം നന്നായി പഠിച്ചു. ഒപ്പം മക്കളെ നല്ലരീതിയിൽ പഠിപ്പിക്കണമെന്ന നിർബന്ധവും. മലയാളം അക്ഷരങ്ങൾ വായിക്കാൻ പഠിച്ചെങ്കിലും വിരലുകളുടെ പ്രത്യേകത കൊണ്ടാവും എഴുത്ത് വഴങ്ങിയില്ല. ഞങ്ങൾ അക്ഷരം പഠിക്കുന്നതിനൊപ്പം ഞങ്ങളും കല്ലുപെൻസിൽ ആ വിരലുകളിൽ പിടിപ്പിച്ച് സ്ലേറ്റിൽ എഴുത്ത് പഠിപ്പിക്കാൻ ശ്രമിച്ചു. എനിക്കൊത്തിരി ഇഷ്ടമായിരുന്നു അസാധാരണമായ ആ വിരലുകൾ. ചെറുപ്പം തൊട്ടേ എന്നും കാണുന്നതുകൊണ്ട് അതിൽ ഒരു പുതുമ തോന്നിയിട്ടുമില്ല. ഭക്ഷണം കഴിച്ചുതീരുമ്പോൾ അവസാന വറ്റുകൾ പെറുക്കിയെടുക്കുന്നത് കാണാൻ കൌതുകമായിരുന്നു. എന്നാൽ ചെറിയ സാധനങ്ങൾ  എടുക്കാൻ പോലും അതൊരു ബുദ്ധിമുട്ടായിരുന്നില്ല. എന്റെ മകൾ കുഞ്ഞായിരുന്നപ്പോൾ എപ്പോഴും ആ മടങ്ങിയിരിക്കുന്ന വിരലുകൾ നിവർത്തി അൽഭുതത്തോടെ നോക്കും.

    പനിപിടിച്ച് ആ തോളിൽ ചുരുണ്ടുകൂടിയിരുന്ന് പാടവരമ്പിലൂടെ വർക്കി സാറിന്റെ ഹോമിയോ ആശുപത്രിയിലേക്ക് മരുന്നിനായി പോകുന്നതും സ്കൂളിൽ പോയി വരുന്നവഴിക്ക്  ചായക്കടയിലെ നാക്കു പൊള്ളുന്ന പാലുംവെള്ളവും പലഹാരവും വാങ്ങിത്തരുന്നതും ഇന്നലെയെന്നവണ്ണം നനവാർന്ന ഓർമ്മകൾ..  എന്റെ വികൃതികൾ കൊണ്ട് സഹികെടുമ്പോൾ വല്ലപ്പോഴും ആ മൂന്നു വിരലുകൾ ചേർത്ത് പിടിച്ച് തുടയിൽ നുള്ളിയിടത്ത് ഇന്ന് സുഖമുള്ള ഒരു വേദന. എത്ര വഴക്കുപറഞ്ഞാലും ശിക്ഷിച്ചാലും അത്താഴത്തിന് എനിക്കായി മാറ്റിവെയ്ക്കുന്ന ഉരുള കഴിക്കുമ്പോഴുള്ള തലോടലിൽ കൊഴിഞ്ഞുവീഴുന്ന പിണക്കങ്ങൾ.

    കുഞ്ഞുന്നാൾ മുതൽ ചുമലിലേറ്റിയ പ്രാരാബ്ധങ്ങൾ എല്ലാം ഇറക്കി സ്വസ്ഥമായി വിശ്രമിക്കേണ്ട സമയമായപ്പോഴേയ്ക്കും. ശാരീരികമായ അസ്വസ്ഥതകൾ ഓരോന്നായി പിന്നാലെ കൂടി.   

   വീട്ടുമുറ്റത്തെ ഒരുവീഴ്ചയിൽ കാലിനുണ്ടായ വിഷമം മാറി ഊന്നുവടിയിൽ നിന്നും സ്വതന്ത്രമായൊന്നു നടന്നു തുടങ്ങിയപ്പോൾ വയറിനുള്ളിലെ അസ്വസ്ഥതയോടെയിരുന്നു തുടക്കം. ആശുപത്രികളും ഡോക്ടർമാരും മാറിയെങ്കിലും ആരും പറഞ്ഞില്ല എന്താണു രോഗമെന്ന്. പല ഡോക്ടർമാരോടും നേരിട്ട് ചോദിച്ചിട്ട് പോലും! ഓപ്പറേഷൻ വേണ്ടിവരുമെന്ന് പറഞ്ഞപ്പോൾ എന്റെ അഭിപ്രായമറിയാൻ ബാപ്പ കേൾക്കാതെ ജേഷ്ടൻ എന്നെ വിളിക്കുമ്പോൾ മുതൽ പന്തിയില്ലായ്മ അലട്ടിയിരുന്നെങ്കിലും സുഖമാവുമെന്ന പ്രതീക്ഷ തന്നെയായിരുന്നു. നാട്ടിലെത്തി കാണാൻ കൊതിച്ചിരുന്നെങ്കിലും ലീവ് കഴിഞ്ഞ് തിരിച്ചെത്തിയിട്ട് അധികമാകാത്തതും നാട്ടിലെ ചികിത്സാചെലവും ഒക്കെ എന്നെ പിടിച്ചുനിറുത്തുകയായിരുന്നു. ഒടുവിൽ നാട്ടിൽ പോകാനുറച്ചപ്പോഴേക്കും ഒത്തിരി വൈകി. ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് വിളിക്കുമ്പോഴും പതിവുപോലെ ചിരിച്ച് കൊണ്ട് സംസാരിച്ചു. സാരമില്ല... പെട്ടെന്ന് സുഖമായി തിരിച്ചെത്തുമെന്ന വാക്കുകൾ. പക്ഷെ... പടച്ചവന്റെ തീരുമാനം മറ്റൊന്നായിരുന്നു. തുടർച്ചയായ രണ്ട് കീറിമുറിക്കലുകൾക്ക് ശേഷം ഐ സി യു വിൽ വേദനതിന്നു തീർക്കുമ്പോൾ കടലിനിക്കരെ കണ്ണീരോടെ പ്രാർത്ഥനയോടെ കാത്തിരുന്നു. അവസാനം പ്രതീക്ഷിച്ചെങ്കിലും കേൾക്കാനിഷ്ടപ്പെടാത്ത വേദനിപ്പിക്കുന്ന ആ വാർത്തയെത്തി. എന്റെ ലോകത്തെ ഏറ്റവും വലിയ തണൽ നഷ്ടപ്പെട്ടു എന്ന തിരിച്ചറിഞ്ഞപ്പോഴുള്ള നൊമ്പരം ഇന്നും കൂടെയുണ്ട്.

    ഈ മരുഭൂവിലെ പ്രവാസത്തിന്റെ ഇടവേളകളിൽ നാടിന്റെ തണുത്ത നിശ്വാസമേറ്റു നടക്കുമ്പോൾ കിട്ടുന്ന സ്നേഹാ‍ന്വേഷണങ്ങൾ ഇരട്ടിയാവുന്നത് എന്തുകൊണ്ടാണെന്ന് അഭിമാനത്തോടെ തിരിച്ചറിയുന്നു. ജീവിച്ചുകാണിച്ചുതന്ന ആ മാതൃകയുടെ ഒരംശം പോലും പിന്തുടരാനാവുമോ എന്ന് സംശയമെങ്കിലും ആ കാൽ‌പാടുകളിലൂടെ നടക്കാനാണെനിക്കിഷ്ടം.

    സ്നേഹനിധിയായ എന്റെ പ്രിയപ്പെട്ട ബാപ്പയുടെ വേർപാടിനു ഇന്ന് അഞ്ചുവർഷം തികയുന്നു.
ഓർമ്മകളിലെന്നും ആ പന്ത്രണ്ടു വിരലുകൾ വാത്സല്യത്തോടെ തലോടുന്നത് ഞാനറിയുന്നു. ആ പരലോക വിജയത്തിനായി പ്രാർത്ഥിക്കുന്നതിനോടൊപ്പം എന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും തേടുന്നു.