Friday, December 31, 2010

ഒരു ഇല കൂടി കൊഴിയുന്നു...!       ഇന്ന് 2010 വിടപറയുകയാണ്... ആയുസ്സിന്‍റെ വൃക്ഷത്തിലെ ഒരില കൂടി കൊഴിഞ്ഞുവീഴുന്നു. ജന്മദിനങ്ങളും വാർഷികങ്ങളും ആഘോഷിക്കുന്ന പതിവില്ലാത്തതിനാല്‍ എന്നത്തേയും പോലെ ഇന്നും ഒരു സാധാരണ ദിവസം മാത്രം. ബ്ലോഗ് പൊടിപിടിച്ചുകിടക്കുന്നത് കണ്ട് അന്വേഷിക്കുന്നവരോട് ഈ ഡിസംബറില്‍ തന്നെ പോസ്റ്റുമെന്ന് വീമ്പുപറഞ്ഞിരുന്നു. പറയുന്നതെല്ലാം നടപ്പിലാവില്ലെന്ന് ഓര്‍മ്മിപ്പിക്കാനായി ഒരു കുഞ്ഞുപോസ്റ്റ്.  എഴുതിയതൊന്നും പൂര്‍ത്തിയാക്കാനായില്ല. പൂര്‍ത്തിയാക്കാന്‍ പറ്റുന്നതൊന്നും എഴുതിതുടങ്ങിയുമില്ല.

       നാട്ടില്‍ തേരാ പ്യാരാ നടന്ന എന്നെ കാശുമുടക്കി വീണ്ടും കൊണ്ടുവന്ന കമ്പനിയോടുള്ള പ്രതികാരമായി ബ്ലോഗാൻ തുടങ്ങി. ഓഫീസ് ടൈമിലിരുന്ന് ബ്ലോഗ് പോസ്റ്റുകള്‍ പടച്ചുവിട്ടതിന്‌ കമ്പനി വക സമ്മാനം കിട്ടി. പുതിയ ബ്രാഞ്ചിലേക്ക് (പണിഷ്മെന്‍റ്) ട്രാന്‍സ്ഫര്‍! ഇറാഖ് അതിര്‍ത്തിയില്‍ അറാര്‍ എന്ന സ്ഥലത്ത് ബ്രാഞ്ച് തുറക്കുന്നു. അവിടേക്കുള്ള ലിസ്റ്റില്‍ ഞാനുമുണ്ട്. വർഷങ്ങളോളം ജോലി ചെയ്ത ബുറൈദയെ വിട്ട് തണുപ്പുകാലത്ത് മഞ്ഞുപെയ്യുന്ന മരുഭൂമിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രവാസത്തിൽ നിന്നും മറ്റൊരു പ്രവാസത്തിലേക്കുള്ള യാത്ര. ഇനി അവിടെ ഓഫീസിലിരുന്ന് ബ്ലോഗാം. അപരിചിതമായ പുതിയ ഇടത്തിലേക്ക് യാത്രയാവാനുള്ള തയ്യാറെടുപ്പുകള്‍. പോകാനായി ഭാണ്ഡം മുറുക്കിയപ്പോഴേയ്ക്കും കമ്പനി തീരുമാനം മാറ്റി. എനിക്കു പകരം മറ്റൊരാളെ വിടുന്നു. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത നിരവധി കൌതുകവ്സ്തുക്കൾക്കിടയിൽ ഈ പുലി കൂടി ഇരിക്കട്ടെ. പിന്നെ മെയിന്‍ ഓഫീസിലെ അടിപൊളി സീറ്റിലിരിക്കാനുള്ള ക്ഷണവും. ഇതാണ് പണിഷ്മെന്‍റിനേക്കാള്‍ വലിയ പണിയായത്.

       പുതിയ ഇരിപ്പിടം ബഹുരസമാണ്‌. ഹാളിലുള്ള മുഴുവന്‍ പേര്‍ക്കും കാണുന്ന വിധമാണ്‌ മോണിട്ടര്‍. ബോസിന് എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണാം. മാനേജര്‍ക്ക് ചില്ലുകൂട്ടിലിരുന്ന് ഏതു പോസ്റ്റിനാണ് കമന്‍റെഴുതുന്നതെന്ന് വായിക്കാം.  റോഡിലൂടെ പോകുന്നവര്‍ക്ക് കണ്ണാടിയിലൂടെ ഏതു ബ്ലോഗാണ് നോക്കുന്നതെന്ന് കാണാം. ഇരിപ്പുവശം ഗംഭീരമായതോടെ ബ്ലോഗ് കറക്കം കുറച്ചു. ഓഫീസ് ആവശ്യത്തിനുള്ള മെയിലുകള്‍ മാത്രം നോക്കിയിരിപ്പായി.

       ഫോട്ടോഷോപ്പിന്‍റെ ലെയറുകള്‍ക്കിടയിൽ നിന്നും വല്ലപ്പോഴും പുറത്തുകടന്നു ജിമെയിൽ തുറക്കുമ്പോൾ ഈ പോസ്റ്റുകൂടി വായിക്കണേ എന്ന അഭ്യര്‍ത്ഥനയുമായി മെയിലുകള്‍.  "ഇനി മേലാല്‍ കവിത എഴുതില്ല ഈ കവിത (ഈ കവിതയോടെ രംഗം വിട്ടോളാം) കൂടിവായിക്കണം പച്ചവെളിച്ചം കണ്ടു സലാം പറയുന്ന ചങ്ങാതിമാര്‍ക്ക് സലാം മടക്കാൻ കഴിയുന്നില്ല. കണ്ണൂരാന്‍റെ പോസ്റ്റ് കണ്ട് ചിരിക്കുമ്പോള്‍ പിന്നില്‍ "ആരെടാ ഈ കല്ലിവല്ലി.." എന്ന മട്ടില്‍ ബോസിന്‍റെ താടിതടവിക്കൊണ്ടുള്ള പാൽ‍പുഞ്ചിരി. ഹംസക്കായുടെ പോസ്റ്റ്‌ വായിച്ചു കണ്ണ് നിറയുമ്പോള്‍ ആശ്വസിപ്പിക്കുന്ന സ്നേഹിതര്‍. തണലിന്‍റെ യോഗ പ്രാക്ടീസ് ചിത്രം കണ്ട് കണ്ണുതള്ളിയ സൌദികള്‍. ഫോട്ടോക്ലബ്ബില്‍ നിന്നും നല്ലൊരു ചിത്രം ക്ലിക്കി തുറക്കുമ്പോഴേയ്ക്കും പിന്നില്‍ നിന്നും മാനേജരായ അബു തുര്‍ക്കിയെന്ന യുവതുർക്കിയുടെ ഇതാണല്ലെ ജോലി തീരാത്തത് എന്ന നോട്ടം. പിച്ചക്കാരന്‍റെ പടമുള്ള ഫോട്ടോ ബ്ലോഗ് തുറക്കുമ്പോള്‍ ഇവന്‍റെ കുടുംബക്കാരനായിരിക്കും എന്ന് അടക്കം പറയുന്ന മസ്‍രികള്‍. ബ്ലോഗ് വായിക്കാതെ, വായിച്ച പോസ്റ്റുകള്‍ക്ക് കമന്‍റിടാതെ ഞാന്‍ എരിപിരികൊള്ളുകയാണ്.

       പക്ഷെ അടുത്ത കസേരകളിയിൽ ബ്ലോഗാൻ പറ്റിയ ഒരു സീറ്റ് തരപ്പെടുത്താം. ഈ തിരക്കിനിടയിലും എഴുതിവെച്ചൊരു പോസ്റ്റുണ്ട്. അത് പുതുവത്സര പോസ്റ്റുകളുടെ മലവെള്ളപ്പാച്ചിലിനു ശേഷം പോസ്റ്റാം.

       പ്രിയ ബൂലോക സ്നേഹിതരെ... പഴയതുപോലെ ബൂലോകത്ത് സജീവമാകാൻ കഴിയാത്തതിലും നിങ്ങളുടെ എല്ലാ പോസ്റ്റുകൾക്കും അഭിപ്രായമറിയിക്കാൻ കഴിയാത്തതിലും ഖേദമുണ്ട്. നിങ്ങൾ തന്ന സ്നേഹത്തിനും സഹകരണത്തിനും വിമർശനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ആയിരം ആയിരം നന്ദി. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു. നിങ്ങൾക്കും കുടുബത്തിനും ഐശ്വര്യ പൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു.

ബൂലോകത്തേയും ഭൂലോകത്തെയും എല്ലാ ജീവജാലങ്ങൾക്കും നന്മകൾ നിറഞ്ഞ പുതുവത്സരാശംസകൾ.

Friday, October 1, 2010

“ഒരു എടങ്ങേര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്...”

       വിമാന യാത്രകൾ പ്രവാസജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. യാത്ര എയറിന്ത്യയിലാണെങ്കിൽ അതൊരു ബ്ലോഗ് പോസ്റ്റാക്കാനോ മെഗാസീരിയലാക്കാനോ പറ്റും വിധം സംഭവബഹുലമായിരിക്കും. ഓർമ്മയുടെ ചെപ്പിൽ എന്നും ചുരുട്ടിവെയ്ക്കാവുന്ന അത്തരമൊരു അനുഭവം കിട്ടിയത് രണ്ടര കൊല്ലം മുമ്പ് അനുജന്റെ കല്യാണത്തിന് നാട്ടിൽ പോയപ്പോഴാണ്‌. സമയമാകുന്നതിനു മുമ്പ്  ലീവ് ചോദിച്ച് ബോസിന്‍റെ പുഞ്ചിരി മായ്ക്കണ്ടല്ലോയെന്ന് കരുതി കല്യാണത്തിനു വരില്ലെന്ന് പറഞ്ഞാണവനെ അയച്ചത്. പക്ഷെ വീട്ടുകാര്‍ക്ക് ഞാന്‍ എത്തണം എന്ന് ഒരേ നിർബന്ധം! "നിങ്ങളില്ലാതെ എനിക്കെന്താഘോഷം" എന്ന്  ശ്രീമതി പരിഭവിച്ചപ്പോള്‍  നാട്ടിൽ പോകണമെന്നും വിവാഹത്തില്‍ പങ്കെടുക്കണമെന്നുമുള്ള ചിന്ത മുളച്ചുപൊന്തി പടർന്നു പന്തലിച്ചു..

       എയർ ഇന്ത്യ വൈകുന്ന വാർത്തകളും കയ്യേറ്റം, കുത്തിയിരുപ്പ് സമരം, ബഹിഷ്കരണം തുടങ്ങിയ തുടര്‍ ചലനങ്ങളും പത്രത്തില്‍ സ്ഥിരമായി വായിക്കുന്നുണ്ടെങ്കിലും  കയറിയപ്പോഴൊന്നും ദുരനുഭവങ്ങളുണ്ടായിരുന്നില്ല. എയറിന്ത്യയുടെ ജിദ്ദ - കരിപ്പുർ റൂട്ടിൽ പന്ത്രണ്ടും മുപ്പത്താറുമൊക്കെ മണിക്കൂർ വൈകൽ ശീലമാക്കിയിട്ടും എന്റെ വീട്ടുപടിക്കലൂടെ പോകുന്ന റിയാദ് കൊച്ചി സർവ്വീസ് ചീത്തപ്പേര് കേള്‍പ്പിച്ചിട്ടില്ല. ടിക്കറ്റ് അന്വേഷിച്ച് ചെന്നപ്പോൾ ട്രാവൽ‌സിലെ സുഹൃത്തും അതുതന്നെ പറഞ്ഞു. നേരത്തെ ബുക്ക് ചെയ്യാത്തതുകൊണ്ട് സൌദി എയര്‍ലൈന്‍സ്‌  പിണക്കത്തിലാണ്. ദുബായ്ക്കാരെ പണ്ടേ ഇഷ്ടമില്ലാത്തതിനാൽ ദുബായ് വഴിപോകുന്ന ഗൾഫ് എയറും വേണ്ട. നേരെ കൊച്ചിക്ക് എയറിന്ത്യയുള്ളപ്പോൾ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയിരുന്ന് സമയം കളയണോ? കൂടുതൽ ആലോചിക്കാതെ ഇരുകയ്യും നീട്ടി വാങ്ങി, ഒരു ഒന്നൊന്നര ടിക്കെറ്റ്.

       ദമാമിലുള്ള ഭാര്യാസഹോദരൻ ഒരത്യാവശ്യത്തിന് കുടുംബത്തെ കൂടാതെ നാട്ടിൽ പോയ സമയം. അവന്റെ ഭാര്യ ജോലിക്കുപോകുമ്പോൾ അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമകൾ “ഡാഡിമമ്മി വീട്ടിലില്ലാ.. നോക്കാനും യാരും ഇല്ലാ...” എന്ന് ഒറ്റയ്ക്ക് പാട്ടും പാടിയിരിക്കേണ്ട അവസ്ഥ. ഞാൻ പോകുന്ന വിവരമറിഞ്ഞപ്പോൾ അവളെ നാട്ടിലെത്തിക്കാനുള്ള ഓഫർ കിട്ടി. എന്തിനാ വെറുതെ റിസ്കെടുക്കുന്നെ എന്ന് പലരും ചോദിച്ചെങ്കിലും നാലോ അഞ്ചോ മണിക്കൂര്‍ മതിയല്ലോയെന്ന ചിന്തയും വളരെ യൂസര്‍ ഫ്രണ്ട്ലിയായ ആ കുഞ്ഞിനെ നന്നായറിയുന്നതും ഒരു ധൈര്യം തന്നു.

       പിന്നെ എല്ലാം പെട്ടെന്നായിരുന്നു. രണ്ടുമൂന്നുമാസം ബൂലോകം ദരിദ്രമാകാതിരിക്കാനായി ചെറുപ്പത്തില്‍ വിമാനം കൂടാതെ പറന്ന കഥയെഴുതി പോസ്റ്റ് ചെയ്തു. നാട്ടുനടപ്പനുസരിച്ച് രണ്ട് ദിവസം മുമ്പേ ജോലിയിൽ നിന്നിറങ്ങി. സ്ഥാവര ജംഗമ വസ്തുക്കള്‍ കാർഗോയും ലഗേജും ആക്കി.

       കൊടും തണുപ്പിൽ വിറങ്ങലിച്ചുനില്‍ക്കുന്ന റിയാദ് എയർ പോർട്ടിൽ ഞങ്ങളെത്തിയപ്പോൾ എന്‍റെ സഹയാത്രിക ഹിബ ഫാത്തിമ രണ്ട് നിര കട്ടി ഉടുപ്പുമിട്ട് സുന്ദരിക്കുട്ടിയായി കാത്തുനില്‍ക്കുന്നു. കൂടെ അവളുടെ ഉമ്മയും അളിയന്‍ രണ്ടാമനും കുടുംബവും അമ്മാവനും അടങ്ങിയ ഒരു വൻ യാത്രയയപ്പു സംഘവും. പാലും ഉടുപ്പുകളും മറ്റു അത്യാവശ്യ സാമഗ്രികളും നിറച്ച ഒരു പതുപതുത്ത ബാഗും കിട്ടി. ദേശാടനത്തിനു മുന്നോടിയായി ഞങ്ങള്‍ ചങ്ങാത്തം കൂടി. കരഞ്ഞാൽ ചെയ്യേണ്ട ഒറ്റമൂലി പ്രയോഗത്തെകുറിച്ചും കുട്ടിയെ ഉറക്കുന്ന വിധവും പാലുകൊടുക്കുന്നതും ഒക്കെയായി ഒരു പഠനക്ലാസ്സ്. പഠിച്ചത് മറക്കാതിരിക്കാന്‍ ചെറിയൊരു റിഹേഴ്സല്‍. മാനത്തുകൂടെയാ പോകണതെങ്കിലും വിമാനത്തിൽ വെച്ച് അമ്പിളിമാമനെ കാണിച്ചുകൊടുക്കാന്‍ പറ്റിയില്ലെങ്കിലോ?

       പാസ്സ്പോർട്ടും വാങ്ങി ക്യൂവിൽ നിന്ന് കുറച്ചുകഴിഞ്ഞപ്പോഴേക്കും കോട്ടും സ്യൂട്ടുമിട്ട് നിന്ന മാന്യന്മാര്‍ രൂപാന്തരം വന്ന് മാവേലിസ്റ്റോറിലും ബെവറേജസ് ക്യൂവിലും നുഴഞ്ഞു കയറുന്ന തനി നാടന്‍ മലയാളിയായി. വരിയില്‍ നിന്നവർ പുറത്തും അല്ലാത്തവർ അകത്തുമായി മാറുന്നു. ട്രോളികൾ കോർത്തുവലിക്കുന്നു. ഹിന്ദികളും അവരുടെ ഫ്ലൈറ്റും... ഉന്തും തള്ളും  അവരുടെ ആഭ്യന്തര പ്രശ്നം. പോലീസുകാർക്കും സെക്യൂരിറ്റി ജീവനക്കാർക്കും കണ്ടാനന്ദിക്കാന്‍ പറ്റിയ തനി കേരളീയ കലാരൂപങ്ങൾ!

       പ്രൈവറ്റ് ബസ്സിലും തിയേറ്ററിലെ ക്യൂവിലും ഇടിച്ചുകയറി നേടിയ വിദഗ്ദ പരിശീലനം കൌണ്ടറിലെത്തിച്ചു. രണ്ട് ബോർഡിംഗ് പാസും വാങ്ങി തിരിഞ്ഞപ്പോഴേക്കും കൌണ്ടറിൽ ക്ലോസ്ഡ് എന്ന ബോർഡ് തെളിഞ്ഞു. ടിക്കറ്റുമായി പിന്നാലെ വന്ന അറുപതോളം പേർക്ക് ബോർഡിംഗ് പാസില്ല! കേരളത്തിലേക്കല്ലേ... ബസ്സിലും ജീപ്പിലുമൊക്കെ സീറ്റില്ലാതെ തൂങ്ങിയാത്ര ചെയ്ത് ശീലിച്ച മലയാളികൾ വിമാനത്തിലും എവിടെയെങ്കിലും തൂങ്ങി നിന്നോളുമെന്ന് കരുതിയാവും അധികൃതര്‍ ടിക്കറ്റ് വിറ്റത്!

       രംഗം പെട്ടെന്ന് മാറി. പ്രതികരണം ബഹളവും കരച്ചിലുമൊക്കെയായി പുറത്തുവരുന്നു. മരിച്ച പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാൻ പോകുന്നവർ, ചികിത്സയ്ക്കായി പോകുന്ന രോഗികള്‍, കൈക്കുഞ്ഞുങ്ങളുമായി എത്തിയ കുടുംബങ്ങള്‍. എവിടെയും പ്രതിഷേധവും നിരാശയും സങ്കടവും കരിപുരട്ടിയ മുഖങ്ങൾ. വാപ്പാന്റെ മയ്യത്ത് കാണാൻ  കഴിഞ്ഞില്ലെങ്കിൽ താനും ഇവിടെ മരിക്കുമെന്ന് പറഞ്ഞ് ഒരാൾ പെട്ടിയുടെ കയറഴിച്ചെടുത്ത് നിന്ന് കരയുന്നു. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാണെന്നു പറഞ്ഞിട്ടെന്താ കാര്യം. ഒരു കയർ കൊളുത്താന്‍ പോലും സൌകര്യമില്ല! പക്ഷെ അയാളുടെ അവസ്ഥ കണ്ട് ശരിക്കും കണ്ണു നിറഞ്ഞുപോയി. ഭക്ഷണം കഴിക്കാന്‍ പോലും നിൽക്കാതെ ജോലി സ്ഥലത്തുനിന്നും നേരെ  എയര്‍പോര്‍ട്ടില്‍ എത്തിയ ചങ്ങാതിയായ  ഉസ്മാനെയും കണ്ടു. കളരിക്ക് പുറത്തായ  യാത്രക്കാരെയെല്ലാം താമസിയാതെ ഹോട്ടലിലേക്ക് മാറ്റി.

       റിയാലിറ്റി ഷോയില്‍ ഫ്ലാറ്റ് കിട്ടിയവന്റെ സന്തോഷം, ടാക്സ് അടയ്ക്കാന്‍ പറയുമ്പോള്‍ തീരുന്നതുപോലെ ബോർഡിംഗ് പാസ് ബംബറടിച്ച  ഞങ്ങളുടെ സന്തോഷവും അധികം നീണ്ടുനിന്നില്ല. മൂന്നു മണിക്ക് പുറപ്പെടേണ്ട വിമാനം അഞ്ചരയ്ക്ക് പുറപ്പെടുകയുള്ളു എന്ന് മോണിട്ടറിൽ തെളിഞ്ഞു. ചെക്ക് ഇൻ സമയമായപ്പോൾ വീണ്ടും അത് മാറി!... ആറുമുപ്പത്... പത്തുമുപ്പത്... സമയം മാറ്റൽ മെഗാസീരിയൽ പോലെ നീളുമ്പോൾ ഉറക്കമിളച്ചു കാത്തിരുന്ന യാത്രയയപ്പു സംഘം മുറിയെടുത്ത് തങ്ങിയിട്ട് സമയമാകുമ്പോൾ മോളെ എത്തിക്കാമെന്ന് പറഞ്ഞ് പോയി. ആശങ്കയോടെ മണിക്കൂറുകൾ എണ്ണുമ്പോഴും ഗ്രാന്‍ഡ് ഫൈനല്‍ സമയം മാത്രം അറിയില്ല.

       രണ്ടും മൂന്നും പേർ വീതം മുടങ്ങാതെ എയറിന്ത്യ ഓഫീസിൽ പോയി വിവരങ്ങൾ തിരക്കുന്നുമുണ്ട്. എല്ലാവരും പോകുന്നത് കണ്ട് അവിടെ ബിരിയാണി കിട്ടുമോന്നറിയാൻ ഞാനും പോയി നോക്കി. ഫോറിൻ എയർലൈൻസ് ഓഫീസസ് എന്നെഴുതിയ വഴിയിലൂടെ  ചെന്നപ്പോൾ ഒരിടത്ത് എയറിന്ത്യ എന്ന ബോർഡ് കണ്ടു ഞെട്ടി. അതിൽ  യാത്രക്കാരന്റെ നെഞ്ചിനു നേരെ ഉന്നം പിടിച്ച് നിൽക്കുന്ന ലോഗോ എനിക്ക് വളരെ ഇഷ്ടമായി!

       “സാറേ.. സാറേ... സാർ...”

       നീട്ടിവിളിച്ചിട്ടും പുറം തിരിഞ്ഞു നിൽക്കുന്ന മലയാളി വൈറ്റ്കോളർ സാറന്മാർക്ക് തിരിഞ്ഞുനോക്കാനൊരു വിഷമം. പിന്നെ വിളിയുടെ ടോൺ മാറ്റി നോക്കി. മറ്റു ചിലർ ‘സ’ മാറ്റി മറ്റു അക്ഷരങ്ങൾ പരീക്ഷിച്ചപ്പോൾ ഒരാളുടെ മുഖം ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായി.

        “സാർ... ഈ എഴുതിക്കാണിക്കുന്ന സമയത്തെങ്കിലും പുറപ്പെടുമെന്ന് ഉറപ്പുണ്ടോ?”

       “അതൊന്നും പറയാനാവില്ല” മറുപടി.

       “പിന്നെന്തിനാ ഇങ്ങിനെ സമയം മാറ്റി കളിക്കുന്നെ?”

        “................” ഉത്തരം മാഫി!

       അവർക്കായ് ഭരണിപ്പാട്ടിലെ കുറെ വരികൾ സമര്‍പ്പിച്ചു തിരിച്ചുനടന്നു. സിൽ‌സില ആൽബം എടുത്തവൻ പോലും ഇവരേക്കാൾ എത്രയോ ഭാഗ്യവാൻ!

       അന്ന് ടിക്കറ്റെടുക്കാനായി ട്രാവൽ‌സിലിരിക്കുമ്പോൾ എയർ ഇന്ത്യ ഒഴികെയുള്ള ഏതെങ്കിലും ടിക്കറ്റ് ആവശ്യപ്പെട്ട മലയാളി, എയർ ഇന്ത്യയുടെ പോരിശ പറഞ്ഞ് ടിക്കറ്റ് വിൽക്കാൻ ശ്രമിക്കുന്ന ഈജിപ്ഷ്യനോട് “എന്റെ പൊന്നുസാറേ നിങ്ങൾ ടിക്കറ്റ് ഫ്രീയായിട്ട് തന്നാലും ഞാനാ ഫ്ലൈറ്റിനു പോകില്ല” എന്ന് തീര്‍ത്ത് പറഞ്ഞതിന്‍റെ അര്‍ത്ഥം ഇപ്പഴാണറിയുന്നത്!

       ബംഗ്ലാദേശിന്‍റെ പഴഞ്ചൻ ബിമാനങ്ങൾക്ക്പോലും ഇത്ര ‘സാങ്കേതിക തകരാറില്ല’, കേരളത്തിലേക്ക് പറക്കുമ്പോൾ മാത്രം പൈലറ്റുമാർക്ക് ക്ഷീണം കൂടും. ബഹിഷ്കരണമെന്നത് പൂച്ചയ്ക്ക് മണികെട്ടുന്നതു പോലെയായി. ഒരുദിവസം മുമ്പേ നാട്ടിലെത്താനായി കൊച്ചിക്ക് ടിക്കറ്റെടുത്ത കരിപ്പൂര്‍ സ്വദേശിയായ ഉബൈദിന്റെ ദേഷ്യവും സങ്കടവും തീരുന്നില്ല.

       മോളെ യാത്രയയക്കാൻ വന്നവർ ഹോട്ടലില്‍ നിന്നും വിളിക്കുന്നു. നാട്ടീന്ന് മിസ്കോള്‍ പെരുമഴ. വാപ്പിച്ചിയെ കൂട്ടാൻ  മക്കൾ സ്കൂളിൽ പോകാതെ കാത്തിരിക്കുന്നു. “എന്തായി?” എല്ലാവർക്കും ഒരേ ചോദ്യം തന്നെ. ഒന്നുമായില്ല... ഭൂട്ടാൻ ലോട്ടറിയെടുത്തവൻ കൈരളി ടിവി കണ്ട മാതിരി മോണിട്ടറിൽ കണ്ണും നട്ടിരിപ്പാണ് യാത്രക്കാര്‍...!

       ഒരു മണിയായപ്പോഴേക്കും യാത്രക്കാർ തയ്യാറാവാത്തതുകൊണ്ടാണ് ഇതുവരെ പുറപ്പെടാത്തതെന്ന മട്ടിൽ റെഡിയാവാ‍ൻ അനൌൺസ് വന്നു. കൂടുതല്‍ യാത്ര ചോദിക്കാതെ വിതുമ്പി നിന്ന ആ ഉമ്മയുടെ മുഖത്തേക്ക് നോക്കാതെ മോളെയും വാങ്ങി വേഗം തിരിഞ്ഞുനടന്നു.

       ചെക്ക് ഇൻ കഴിഞ്ഞപ്പോൾ വീണ്ടും കിട്ടി ഒരു മണിക്കൂറിന്റെ ബോണസ്! റിയാദ് എയര്‍പോര്‍ട്ടിലെ തറയിലും സീലിംഗിലുമുള്ള ത്രികോണങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ കുറച്ചുകൂടി ബാക്കിയുള്ളപ്പോള്‍ വൈകിട്ട് മൂന്നരയോടെ എല്ലാവരെയും ആട്ടിത്തെളിച്ച് വിമാനത്തിനകത്താക്കി.

       കുഞ്ഞ് എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്നായിരുന്നു ആകെ ടെന്‍ഷന്‍. ടേക്ക് ഓഫ് ഒന്നു പേടിപ്പിച്ചു. പിന്നെ അടുത്തിരുന്ന യാത്രക്കാരൊക്കെ അവളുടെ പഴയ പരിചയക്കാരാണെന്ന് തോന്നി. സീറ്റില്ലാത്ത പാസഞ്ചര്‍ ആയതുകൊണ്ട്  അടുത്ത സീറ്റുകളിലൂടെ പര്യടനം കഴിഞ്ഞു തിരിച്ചെത്തി. ഉറക്കാനുള്ള പതിനെട്ടാമത്തെ അടവും പരാജയപ്പെട്ടപ്പോൾ സംശയത്തോടെ പുറം ഉടുപ്പു മാറ്റി നോക്കി. അതിവർഷം കാരണം തടയണ തകർന്നിരിക്കുന്നു എന്ന നഗ്നസത്യം കണ്ട് ഞെട്ടി. സിലബസിലില്ലാത്ത വിഷയമാണിത്. ഫ്ലൈറ്റിലെ വിശാലമായ ടോയ്‌ലറ്റിൽ കൊണ്ടുപോയി ഔട്ടർ ലെയർ അഴിച്ചുമാറ്റി. ഇന്നർ ലെയർ മുഴുവൻ വേസ്റ്റ് ബക്കറ്റിലേക്ക്. പിന്നാലെ വരുന്നവര്‍ക്ക് ഒരു തരി പോലും ബാക്കിവെയ്ക്കാതെ ടിഷ്യു തീര്‍ത്തു. ടിവിയിൽ പമ്പേഴ്സിന്റെ പരസ്യം കണ്ട പരിചയത്തിൽ പുത്തൻ തടയണ ഒട്ടിച്ചുപിടിപ്പിച്ചു. ഇതൊക്കെ എന്നാ പഠിക്കുന്നെ എന്നമട്ടിൽ അവളെന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. പിന്നീട് എല്ലാവര്‍ക്കുമൊപ്പം ഉറങ്ങുമ്പോഴും ഒരു ദിവസത്തെ ഉറക്കച്ചടവോടെ ഞാന്‍ മാത്രം ഉണര്‍ന്നിരുന്നു.

       കേരളത്തിന്റെ കാറ്റേറ്റതോടെ എല്ലാവരും ഉണര്‍ന്നു, ഒപ്പം സമരവീര്യവും. പതിമൂന്നുമണിക്കൂറോളം ക്ഷമ പരീക്ഷിച്ചതല്ലേ... ലാന്‍റിംഗിനു ശേഷം ഇത്തിരിനേരം പുറത്തിറങ്ങാതെയിരുന്ന് പ്രതിഷേധിക്കണമെന്ന് തീരുമാനിച്ചു. നേതാവാകാൻ കൊതിപൂണ്ട ചില ചെറുപ്പക്കാർ സ്വയം നേതൃത്വം ഏറ്റെടുത്തു. ആരും എഴുന്നേൽക്കരുത്, വിമാ‍നക്കമ്പനിയുടെ വേണ്ടപ്പെട്ടവരാരെങ്കിലും വന്നിട്ടേ ഇറങ്ങാവൂ എന്ന ഇടയലേഖനം വായിച്ചു. കുഞ്ഞാടുകളെല്ലാം പൂര്‍ണ്ണസമ്മതത്തോടെ തലയാട്ടിയെങ്കിലും അതൊക്കെ വിമാനം റൺ‌വേയിൽ മുത്തം കൊടുക്കുന്ന നിമിഷം വരെയെ നില നിന്നുള്ളു. വിമാനം നിലത്തിറങ്ങുന്നതിനുമുമ്പേ ചിലരുടെ ചന്തികൾ സീറ്റിൽ നിന്നും പൊങ്ങിത്തുടങ്ങി. എഴുന്നേൽക്കാൻ ശ്രമിച്ച കരിങ്കാലികളെ പിടിച്ചിരുത്തി. മറ്റുചിലർ ഭരണിപ്പാട്ടിന്റെ നാദവിസ്മയം കേട്ട് താനെ ഇരുന്നു. ഇത്രനേരം കഷ്ടപ്പെടുത്തിയതിനെതിരെ പ്രതിഷേധം വേണം. സൌദിയിൽ വെച്ചു നടക്കാത്ത സമരം നാട്ടിലെത്തിയാല്‍ സീറ്റ് ബെൽട്ടഴിച്ചു വിടാം.. സമരങ്ങളുടെ സ്വന്തം നാട്ടില്‍ വിമാനത്തിലിരുന്നും സമരം!

       എന്തായാലും നാട്ടിലെത്തിയെന്ന സമാധാനത്തിലിരിക്കുമ്പോള്‍ വിമാനത്തിലെ എസിയും കുറെ ലൈറ്റുകളും ഓഫായി! കറന്‍റ് കട്ടാണെന്ന് സമാധാനിച്ചു. പിന്നെയാണറിഞ്ഞത്...വിമാനത്തിലെ ഡ്രൈവറും കിളികളും എലികളെ പുകച്ച് പുറത്തുചാടിക്കുന്ന സൂത്രം പ്രയോഗിക്കുകയാണെന്ന്! നിമിഷങ്ങൾക്കകം കൊടും ചൂടും സഹിക്കാനാവാത്ത അസ്വസ്ഥതകളും. ശ്വാസം മുട്ടുന്നതുപോലെ. എന്‍റെ കുഞ്ഞുപാസഞ്ചര്‍ ഉടനെ കരച്ചിലിന്‍റെ സ്റ്റാര്‍ട്ട് ബട്ടൺ ക്ലിക്ക് ചെയ്യും. സമരസമിതി സഖാക്കളേ ക്ഷമിക്കൂ.. ഞാനിതാ കാലുമാറുന്നു. അപ്പോഴേക്കും എയർപോർട്ട് മാനേജരും എയറിന്ത്യയുടെ ഉദ്യോഗസ്ഥരുമൊക്കെ വന്നു ചർച്ചയും ഒത്തുതീർപ്പുമൊക്കെ കഴിഞ്ഞു. മുമ്പേ പാചകം ചെയ്തു കൊണ്ടുവന്ന ‘സോറി’യും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടതു ചെയ്യാമെന്ന ‘ഉറപ്പും’ വിളമ്പിയതോടെ സമരത്തിനു വിരാമം. എങ്കിലും മുദ്രാവാക്യം വിളിച്ച് ജാഥയായി എമിഗ്രേഷൻ കൌണ്ടർ വരെ. വർഷങ്ങളോളം മുദ്രാവാക്യം വിളിക്കാൻ മുട്ടി നിന്നവരൊക്കെ ആ വിഷമം കൈചുരുട്ടി ആകാശത്തേക്ക് ശക്തമായി ഇടിച്ച് തീർത്തു!

       ലഗേജ് എടുക്കുന്നതിനും മുമ്പേ കാത്തുനിന്നു മടുത്ത അളിയന്റെ കയ്യില്‍ മോളെ ഏല്പിച്ചപ്പോള്‍ അതുവരെ പിടിച്ചുനിറുത്തിയ ഒരു ദീര്‍ഘനിശ്വാസം വിമാനത്തിന്‍റെ ഇരമ്പലോടെ പറന്ന് പോയി. വിളിച്ചുവരുത്തിയ മാധ്യമപ്രവർത്തകരെയും കണ്ടിട്ടേ പോകാവൂ എന്ന തീരുമാനത്തിലാണ് എല്ലാവരും പുറത്തിറങ്ങിയതെങ്കിലും സ്വന്തം മാധ്യമത്തെ കണ്ടതോടെ ഞാനാ തീരുമാനം പാസ്സ്പോര്‍ട്ടിനും ടിക്കറ്റിനുമൊപ്പം മടക്കി ബാഗില്‍ വെച്ചു.

       ഇനിയെന്‍റെ ക്ഷമ പരീക്ഷിക്കാൻ എയറിന്ത്യക്ക് അവസരം കൊടുക്കില്ലെന്ന പ്രതിജ്ഞയോടെ പുറത്തേക്ക് നടക്കുമ്പോള്‍, മുദ്രാവാക്യങ്ങൾക്കിടെ ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു:

       "ആനയും ആനപ്പിണ്ടവും തമ്മിലുള്ള വ്യത്യാസമാണ് ഇന്ത്യയും എയര്‍ ഇന്ത്യയും തമ്മില്‍!   ഇന്ത്യയെ സ്നേഹിക്കണം... എയറിന്ത്യയെ സ്നേഹിക്കരുത്.."

      എത്ര അന്വര്‍ത്ഥം! എത്ര  മനോഹരമായ പദാവലി...!

Friday, August 13, 2010

ഇടവേളയ്ക്കു ശേഷം തുടരും!


      പുണ്യമാസമായ റമദാനിന്റെ ആദ്യദിനങ്ങൾ പിന്നിടുന്നു. ആയിരം മാസങ്ങളേക്കാൾ പുണ്യം വിതയ്ക്കുന്ന ഈ മാസം ലോക മുസ്‌ലിംകൾക്ക് അനുഗ്രഹങ്ങൾ കൊണ്ട് ധന്യമായ കാലം... വ്രതാനുഷ്ടാനത്തിലൂടെ ആത്മ സംസ്കരണം നേടുന്ന റമദാൻ പുണ്യങ്ങളുടെ പൂക്കാലമായാണ് മുസ്‌ലിംകൾ കാണുന്നത്. ഭക്ഷണം ഉപേക്ഷിക്കുന്ന പകലുകൾക്കൊപ്പം മനസ്സു ശുദ്ധമാക്കാനുള്ള ശ്രമങ്ങൾക്കുമിടമുണ്ടാവണം. അതിനു കഴിയാത്തവൻ നഷ്ടപ്പെടുത്തുന്നത് തിരിച്ചുവരാത്തൊരു സുവർണ്ണാവസരമാണ്.

        ദേഹേച്ഛകൾക്ക് വ്യക്തമായ നിയന്ത്രണം കൊടുക്കുന്ന റമദാനിൽ ബ്ലോഗിംഗിനും കുറച്ചുദിവസത്തെ വിശ്രമം കൊടുക്കാനാണ് എന്റെ തീരുമാനം. പുണ്യമാസമായ റമദാനിന്റെ വിശുദ്ധിയെ കാത്തു സൂക്ഷിക്കുന്നതിനായി എല്ലാ നോമ്പുകാലത്തും ചെയ്യാറുള്ള പ്രിയങ്ങളെ മാറ്റിവെയ്ക്കുന്ന പതിവ് രീതി തന്നെ. ചിലയിടത്ത് എന്റെ സാന്നിദ്ധ്യം അത്യാവശ്യമാണെന്ന് തോന്നിയതിനാൽ അതിനായി ഇത്തവണ അല്പം വൈകിയെന്ന് മാത്രം. പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ മറ്റൊ ആയ പരാമർശങ്ങളിൽ നിന്നും മാറി നിൽക്കാനും വേണ്ടി മാത്രം അല്പം ഇടപെടലുകൾ കുറയ്ക്കുകയാണ്. ഒരുപാടറിവുകളും സൌഹൃദങ്ങളും തന്ന ഈ മാധ്യമത്തിൽ തിന്മ കൂടുതലായിട്ടാണെന്നോ ഒരു മാസത്തിനുശേഷം നിങ്ങളെ വിഷമിപ്പിക്കാ‍ൻ ഇറങ്ങിത്തിരിക്കും എന്നോ അതിനർത്ഥമില്ല. വ്രതാനുഷ്ടാനത്തിലൂടെയും പ്രാർത്ഥനകളിലൂടെയും മനസ്സിനെ സ്ഫുടം ചെയ്ത് കൂടുതൽ പക്വമായും വിവേകത്തോടെയും ജീവിതത്തെ സമീപിക്കാൻ  ഈ അവസരം ഉതകുമെന്ന് കരുതുന്നു. ഞാൻ എന്റേതായ രീതിയിൽ അതിനായി ശ്രമിക്കുന്നു.

     എന്റെ സ്നേഹിതരുടെ നല്ല പോസ്റ്റുകൾ കാണാനും എന്തെങ്കിലും കുറിക്കാനും വൈകിയാലും ഞാനുണ്ടാവും. എങ്കിലും സ്വന്തമായ കുറച്ച് സമയം നീക്കി വെയ്ക്കുന്നതിനായി ബൂലോകത്തെ കറക്കം ലേശം കുറയ്ക്കുന്നു എന്നു മാത്രം.

      ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ബൂലോകത്ത് നടക്കാനിറങ്ങിയിട്ട് നാലുമാസമായതേയുള്ളു. ഇതിനകം നിങ്ങളിൽ ഒരാളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒപ്പം ചിലരെയെങ്കിലും വേദനിപ്പിക്കേണ്ടിവന്നതിൽ സങ്കടവുമുണ്ട്. ഏതുവിഷയങ്ങളിലും പെട്ടെന്ന് പ്രതികരിക്കുക എന്നത് എന്റെ നല്ലതോ ചീത്തയോ എന്നു വേർതിരിക്കാനാവാത്ത സ്വഭാവത്തിന്റെ ഭാഗം തന്നെ. ചെറുപ്പം മുതലേ വാക്കുകളും ചിത്രങ്ങളും കാർട്ടൂണുകളുമായി തുടർന്ന ആ സ്വഭാവം ഇപ്പോൾ ബ്ലോഗ് എന്ന മാധ്യമത്തിലൂടെയും തുടരുന്നു. ശരികളേക്കാ‍ൾ കൂടുതൽ തെറ്റുകളാണ് എന്നിൽ നിന്നും വരുന്നതെങ്കിലും തെറ്റാണെന്ന് തിരിച്ചറിഞ്ഞാ‍ൽ പിടിവാശികളില്ലാതെ തിരുത്താനുള്ള സന്നദ്ധത എന്നും കൂടെ നിറുത്താൻ ശ്രമിച്ചിട്ടുണ്ട്. ഒപ്പം ശരിയെന്ന് പൂർണ്ണ ബോധ്യമുള്ളതിനൊപ്പം ഉറച്ചു നിൽക്കാനും.

  അറിഞ്ഞോ അറിയാതെയോ നിങ്ങളെ ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കണമെന്നും ഇനിയും സൌഹാർദ്ദത്തോടെ തുടരാൻ നിങ്ങളുടെ എല്ലാവിധ സഹകരണവും ഉണ്ടാകണമെന്നും ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു.

ബൂലോകത്തിലെ എല്ലാ സഹോദരങ്ങൾക്കും റമദാൻ ആശംസകൾ!
എല്ലാവർക്കും നന്മകൾ നേരുന്നു.

Wednesday, July 21, 2010

AKCPBA ബ്ലോഗ് മീറ്റ് !

      “പുതിയ ബ്ലോഗേഴ്സ് സംഘടന... പുതിയ ലോഗോ... പുതിയ ബ്ലോഗ് മീറ്റ് !”

      തൊടുപുഴയിൽ ഈ വരുന്ന ആഗസ്റ്റ് എട്ടിന് നടക്കുന്ന ബ്ലോഗ് മീറ്റിൽ AKCPBA പങ്കെടുക്കില്ല! ആൾ കേരള കോപ്പി പേസ്റ്റ് ബ്ലോഗേഴ്സ് അസോസിയേഷൻ (AKCPBA) എന്നപേരിൽ ബ്ലോഗർ കൂട്ടായ്മ പ്രവർത്തിച്ചു വരുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ? അഥവാ ഇനിയും അറിയാത്ത ശുംഭന്മാരെ വിവരമറിയിക്കും! കോപ്പി പേസ്റ്റ് ബ്ലോഗിംഗിന്റെ അനന്ത സാധ്യതകൾ ബൂലോകത്തിനു പരിചയപ്പെടുത്തിയ ഞങ്ങളും  സ്വന്തമായി ബ്ലോഗ് മീറ്റ് നടത്തുന്നവിവരം കോപ്പിയെടുത്ത് ഇവിടെ പേസ്റ്റ് ചെയ്യുന്നു. “കോപ്പുക... പേസ്റ്റുക... പോസ്റ്റുക” എന്നതാണ് AKCPBA മീറ്റിന്റെ മുദ്രാവാക്യം! ദിവസേന നാലും അഞ്ചും പോസ്റ്റുകൾ കൊണ്ട് ജാലകം കീഴടക്കിയിട്ടും അർഹമായ പരിഗണന കിട്ടാതെ ബൂലോകത്ത് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ശക്തി പ്രകടനമായിരിക്കും ഈ മീറ്റ്.

      തൊടുപുഴ ബ്ലോഗ് മീറ്റിൽ AKCPBA യിലെ പോസ്റ്റുകൾ കൊണ്ട് സമ്പന്നരായ ആരും പേരു നൽകിയിട്ടില്ല. ദിവസേന നിരവധി പോസ്റ്റുകൾ നാട്ടുന്ന സംഘടനയിലെ മെംബർമാർ മാസങ്ങൾ കൂടുമ്പോൾ പോസ്റ്റിടുന്ന ബൂർഷ്വകളുടെ മുമ്പിൽ മുട്ടുമടക്കി സ്വത്വം അടിയറവെക്കാത്തവരാണ്. ഞങ്ങളുടെ പോസ്റ്റുകൾക്ക് ആരും കമന്റുന്നില്ലെന്ന പരിഹാസത്തിലും കഴമ്പില്ല. കാമ്പുള്ള പോസ്റ്റുകളിടുന്നവർക്ക് ഒരുദിവസം കിട്ടുന്ന കമന്റിനേക്കാളധികം പിതൃത്വം അറിയാത്ത പോസ്റ്റുകളെ പെറ്റുകൂട്ടുന്ന ഞങ്ങൾക്കെന്തിന് നിസ്സാരമായ കമന്റ്? ctrl+A, ctrl+C, ctrl+V, എന്നീ കീബോർഡ് ഷോർട്ട്കട്ട് കൊണ്ട് മാത്രം ബ്ലോഗുന്ന ഞങ്ങളെ പുലികളായി ഇനിയും അംഗീകരിക്കാത്ത ബൂർഷ്വകൾ ഞങ്ങളിലെ സത്വത്തെ തിരിച്ചറിഞ്ഞ് പുലിയൊഴികെയുള്ള മറ്റേതെങ്കിലും മൃഗത്തിന്റെ പേരെങ്കിലും വിളിച്ച് ചരിത്രപരമായ മണ്ടത്തരം തിരുത്തണം.

      താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ മദപ്പാടുള്ള ഗജവീരന്മാരെ അണിനിരത്തി നാഷണൽ ഹൈവേ തടഞ്ഞ് പ്രകടനവും മഹാകവികളെ ഉൾപ്പെടുത്തി കവിയരങ്ങുകളുമൊക്കെയായി  ഉത്സവമാക്കാനായിരുന്നു ആദ്യ തീരുമാനം. പക്ഷെ വഴിയരികിലെ പൊതുയോഗങ്ങളും സമ്മേളനങ്ങളും പാടില്ലെന്ന ഉത്തരവ് ഞങ്ങൾക്ക് ctrl കീയില്ലാത്ത കീബോ‍ർഡ് കിട്ടിയതിനു് തുല്യമായി. പക്ഷെ വിവര സാങ്കേതികവിദ്യ കുതിച്ചുചാടുമ്പോൾ ഞങ്ങൾ അതിനുമേലെ ചാടും. വഴിയരികിലെ സമ്മേളന നിരോധന ഉത്തരവ് മാനിച്ച് ഓൺലൈനിൽ AKCPBA മീറ്റ് നടത്തി മറ്റുള്ളവർക്ക് മാതൃകയാവും. ചിക്കൻ ബിരിയാണി, ചക്കപ്പുഴുക്ക്, മറ്റു ഇൻഡ്യൻ ചൈനീസ് ആഫ്രിക്കൻ കോഴിക്കോടൻ വിഭവങ്ങളും ഓൺലൈൻ വഴിയാവും വിതരണം ചെയ്യുക. രുചികരമായ വിഭവങ്ങളുടെ പടം കിട്ടുന്നവർ കിട്ടാത്തവർക്ക് ഫോർവേഡ് ചെയ്യുക.

      സംഘടനയുടെ വിപുലീകരണത്തിന്റെ ഭാഗമായി ലിങ്ക് ബ്ലോഗേഴ്സിനെയും മെയിൽ ഫോർവേഡ് ബ്ലോഗേഴ്സിനെയും ഉൾപ്പെടുത്താനും ഉദ്ദേശിക്കുന്നു. യൂട്യൂബ് ലിങ്ക് കൊടുക്കുന്നവരെ പോഷക സംഘടനയാക്കും. പുലിമടകളിൽ കുടുങ്ങിയ കൂടുതൽ ബ്ലോഗേഴ്സിനെ രക്ഷപെടുത്തി ഈ എളുപ്പവഴിയിലേക്ക് കൊണ്ടുവരാനും ശ്രമിക്കും. പുട്ടുകുറ്റി പോലെയുള്ള ക്യാമറകളും തൂക്കി നടന്ന് പൂച്ചയുടെയും ഈച്ചയുടെയും ഉറുമ്പിന്റെയും പടമെടുത്ത് പോസ്റ്റുന്ന ഫോട്ടോഗ്രാഫർ പുലികളെ പിടിക്കാനുള്ള പുലിക്കെണിയും തയ്യാറായി വരുന്നു. അവർക്കായി ഫോർവേഡ് മെയിലായി കിട്ടുന്ന ചിത്രങ്ങൾ പോസ്റ്റാനുള്ള കുറുക്കു വഴി പഠിപ്പിക്കുന്ന വർക്ക് ഷോപ്പും സർവീസ് സെന്ററും തുടങ്ങും.

      ഈ മേഖലയിലേക്ക് ബ്ലോഗിണികളുടെ വരവ് കുറവായതിൽ ഞങ്ങൾ കടുത്ത നിരാശയിലാണ്. സ്ത്രീകൾക്കായി ഇപ്പോഴുള്ള 33 ശതമാനം സംവരണം  50 ശതമാനം ആക്കാൻ തീരുമാനമായിട്ടുണ്ട്. ഈ വർഷത്തെ മികച്ച കോപ്പിയടിക്കാരനുള്ള കോപ്പൻസ് പുരസ്കാരം കോപ്പൻ ഹേഗനിൽ വെച്ച് സമ്മാനിക്കും.

      ഞങ്ങൾ വല്ലപ്പോഴും സ്വന്തമായി എഴുതിയുണ്ടാക്കുന്ന തലക്കെട്ടുകളിൽ അക്ഷരത്തെറ്റു വരുന്നത് മന:പൂർവ്വമേയല്ല. കീബോർഡിൽ സ്ഥിരമായി ഉപയോഗിക്കുന്ന ctrl, A, C, V എന്നീ കീകളൊഴികെ വിരൽ സ്പർശമില്ലാതിരുന്ന് ഉപയോഗ ശൂന്യമായത് കൊണ്ട് മാത്രമാണ്. ആരെങ്കിലും അബദ്ധത്തിൽ വായിക്കാനെത്തിയാൽ അതു മനസ്സിലാക്കി സഹകരിക്കണം. ദിനപത്രങ്ങളിൽ നിന്നും പരമാവധി കോപ്പിയെടുത്ത് പേസ്റ്റ് ചെയ്യണം. ബ്ലോഗേഴ്സിനെപോലെ പത്രങ്ങൾ കമന്റുകളുമായി പിന്നാലെ വരാൻ മിനക്കെടാറില്ലെന്ന സൌകര്യം പ്രയോജനപ്പെടുത്തണമെന്നും അണികളെ ഓർമ്മപ്പെടുത്തുന്നു. സംഘടനയുടെ മെമ്പർമാരെല്ലാം ലിങ്ക് നൽകുകയും പരസ്പരം കമന്റടിക്കുകയും ചെയ്യുക. നമ്മുടെ ബ്ലോഗുകളിൽ  ഈ പോസ്റ്റ് മറ്റെവിടെയെങ്കിലും വായിച്ചതാണെന്ന് കമന്റിയാലുടനെ മറുപടിക്കു നിൽക്കാതെ ഡിലിറ്റ് ചെയ്യുക. പത്രക്കുറിപ്പ് പേസ്റ്റ് ചെയ്തത് തുടരുന്നു...

      ആരെന്തു പറഞ്ഞാലും പിന്നോട്ടില്ല... സഖാക്കളുടെ കണ്ടൽ കൃഷി പോലെ നമുക്കും ഈ കോപ്പി ബ്ലോഗിംഗ് കൃഷി രീതി പരിപോഷിപ്പിക്കാം. നമ്മുടെ പോസ്റ്റുകൾ ആഫ്രിക്കൻ ഒച്ചുകൾ പോലെ ബൂലോകം മുഴുവൻ ഇഴയട്ടെ. നമ്മളെഴുതുന്ന തലക്കെട്ടുകൾ കണ്ട് ജാലകത്തിലൂടെ നുഴഞ്ഞുകയറി വായിക്കുന്നവന്റെ ഇഞ്ചി തിന്നപോലെയുള്ള മുഖം! അത് മാ‍ത്രമാണ് ത്യാഗങ്ങൾ സഹിച്ച് നമുക്ക് ഈ മഹാ പ്രസ്ഥാനം തുടർന്നു കൊണ്ടുപോകാനുള്ള പ്രചോദനം. വായിക്കാൻ ആളില്ലേലും അഗ്രിഗേറ്ററുകളിൽ എപ്പോഴും നമ്മുടെ പേര് കാണുമെന്നുള്ള പ്രയോജനം! നമ്മൾ വിളമ്പുന്ന കണ്ടും കേട്ടും മടുത്ത കഥകളും വാർത്തകളും ചിത്രങ്ങളും കണ്ട് ഇളിഭ്യരായി കമന്റടിക്കാതെ വന്നതിന്റെ ഇരട്ടി വേഗത്തിൽ തിരിഞ്ഞോടുന്ന കാഴ്ച എത്ര ആനന്ദകരമാണ്. അതുകാണുമ്പോൾ ലക്ഷ്യം നിറവേറ്റിയ ചാരിതാർത്ഥ്യം ctrl+c എടുത്ത് സംഘടനയുടെ അണിയറ പ്രവർത്തകർ  നിങ്ങൾക്കു മുമ്പിൽ ctrl+v ചെയ്യുന്നു.

പേസ്റ്റ് പോസ്റ്റുകൾ കീ ജയ്......! AKCPBA കീ ജയ്......!

Thursday, July 15, 2010

“ലിത്ത് ഫിലിം”

     പ്രിന്റിംഗ് ആവശ്യത്തിന് ലിത്ത് ഫിലിം വാങ്ങാനായി ആശാൻ ആദ്യമായി അബ്ദുവിനെ അയക്കുമ്പോൾ മറക്കാതെ കറുത്ത പോളിത്തീൻ കവർ കൊടുത്തുവിട്ടിരുന്നു. വെളിച്ചം തട്ടി എക്സ്പോസ് ആകാതെ ശ്രദ്ധിക്കണമെന്നും ഡാർക്ക് റൂമിലെത്താതെ തുറക്കരുതെന്നും ഫിലിം ഭദ്രമായി പൊതിഞ്ഞു നൽകുമ്പോൾ കടക്കാരനും ഓർമ്മിപ്പിച്ചു. പിന്നീടത് ഒരു സ്ഥിരം ജോലിയായപ്പോൾ ഫിലിം വാങ്ങാൻ പോകുമ്പോൾ അവൻ മറക്കാതെ കറുത്ത കവർ കരുതുമായിരുന്നു.

     പിന്നീട് സൌദിയിലെത്തിയ അബ്ദു അത്തറുകടയിലെ ജോലിക്കാരനായതോടെ ലിത്ത് ഫിലിമും കറുത്ത പേപ്പറും ഡാർക് റൂമും എല്ലാം മറന്നു. വർഷങ്ങൾക്കു ശേഷം ഇന്നലെ ഒരിക്കൽ കൂടി പഴയ ജോലിയുടെ തനിയാവർത്തനമുണ്ടായി. പക്ഷെ കറുത്ത പോളിത്തീൻ പേപ്പറിനു പകരം  ഇന്നലെ അവന്റെ കൈവശമുണ്ടായിരുന്നത് ഒരു പർദ്ദയായിരുന്നു. അതിൽ പൊതിഞ്ഞു കൊണ്ടുവന്നത് ഫിലിമിനു പകരം റിയാദ് എയർപോർട്ടിൽ വന്നിറങ്ങിയ അവന്റെ ഭാര്യയെ ആയിരുന്നു!


(ഒരു വിശദീകരണം എന്റെ കമന്റായി ചേർത്തിട്ടുണ്ട്)

Sunday, July 4, 2010

ഇനിയില്ല... ആ തണൽ!

    ഇതൊരു ഓർമ്മക്കുറിപ്പാണ്. വായിക്കുന്നവർക്ക് എത്ര ഇഷ്ടമാവുമെന്നറിയില്ല. പക്ഷെ എഴുതാൻ എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം ചുരുങ്ങിയ വരികളിലൊതുക്കാം. വിട്ടുപിരിഞ്ഞിട്ടും ഓർമ്മകളിൽ എന്നും മായാത്ത തെളിമയോടെ നിൽക്കുന്ന എന്റെ പ്രിയപ്പെട്ട ബാപ്പയെക്കുറിച്ച്... പലവട്ടം ശ്രമിച്ചിട്ടും പൂർത്തിയാക്കാനാവാത്ത വരികൾ. വിങ്ങുന്ന നെഞ്ചകത്തോടെ എഴുതാനിരിക്കുമ്പോൾ നിറയുന്ന കണ്ണുകൾ മോണിട്ടറിലെ അക്ഷരങ്ങളെ മറയ്ക്കും. അങ്ങിനെ എത്രയോ തവണ പൂർത്തിയാക്കാനാവാതെ പിൻ‌വാങ്ങിയിരിക്കുന്നു.

    എന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ മാ‍ത്രം കണ്ടിരുന്ന വെറുക്കുന്നവരെ പോലും സ്നേഹിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട ബാപ്പ. ഒന്നുമില്ലായ്മയിൽ നിന്നും ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പടവെട്ടി മക്കൾ ഓരോരുത്തർക്കും ജീവിക്കാനുള്ള ഓരോ വഴികാണിച്ചുതന്നു. മണ്ണിനെയും മനുഷ്യനേയും ഒരുപോലെ സ്നേഹിച്ചു. നാട്ടിലൊരാൾ പോലും മോശമായി പറയാത്ത വ്യക്തിത്വമായിരുന്നു ബാപ്പയുടെ ഏറ്റവും വലിയ സമ്പാദ്യം. ഒപ്പം ബാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെയും.   ഞങ്ങളെ ഉപദേശിച്ചും ശിക്ഷിച്ചും മാത്രം നേരെയാക്കാതെ അത് സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തികമാക്കി പഠിപ്പിച്ചു. അർഹിക്കുന്നതിലേറെ സഹായങ്ങൾ വാങ്ങിയ ഏതാനും ചിലർ മാത്രം ശത്രുവിനോടെന്നപോലെ പെരുമാറുമ്പോഴും അതെന്നെ പറയുന്നതല്ലെ... പറയട്ടെ. നിങ്ങളൊരിക്കലും അത് കേൾക്കാനും മറുപടി പറയാനും നിൽക്കണ്ട. എന്ന് മക്കളായ ഞങ്ങളെ ഉപദേശിക്കും. എനിക്കിപ്പോഴും വഴങ്ങാത്ത സഹിഷ്ണുതയുടെ പാഠങ്ങൾ.

    ഓർമ്മയിലെന്നും ആ പുഞ്ചിരിക്കുന്ന മുഖം തെളിയുമ്പോൾ കാണുന്നവർക്ക് കൌതുകമായിരുന്ന ബാപ്പയുടെ ഇരട്ടവിരലുകളെയും ഓർക്കും. പേര് ഓർമ്മിക്കാത്തവർക്ക് പോലും ആ അടയാളം അറിയാം. ബാപ്പയുടെ ഇരുകൈകളിലെയും തള്ളവിരൽ ഇരട്ടയായിരുന്നു. ആദ്യമായി കാണുന്നവർക്ക് കൌതുകമുള്ള കാഴ്ച. ആകെ പന്ത്രണ്ട് വിരലുകൾ! ഓത്തുപള്ളിയിലെ പഠനം പൂർത്തിയാക്കിയിട്ടും ഈ വിരലുകൾ കൊണ്ട് പേന പിടിക്കാനാവില്ലെന്നത് കാരണമാക്കി സ്കൂൾ വിദ്യാഭ്യാ‍സമുണ്ടായില്ല. പക്ഷെ അനുഭവങ്ങളുടെ പരുക്കൻ മുഖങ്ങളിൽ നിന്നും ജീവിതം നന്നായി പഠിച്ചു. ഒപ്പം മക്കളെ നല്ലരീതിയിൽ പഠിപ്പിക്കണമെന്ന നിർബന്ധവും. മലയാളം അക്ഷരങ്ങൾ വായിക്കാൻ പഠിച്ചെങ്കിലും വിരലുകളുടെ പ്രത്യേകത കൊണ്ടാവും എഴുത്ത് വഴങ്ങിയില്ല. ഞങ്ങൾ അക്ഷരം പഠിക്കുന്നതിനൊപ്പം ഞങ്ങളും കല്ലുപെൻസിൽ ആ വിരലുകളിൽ പിടിപ്പിച്ച് സ്ലേറ്റിൽ എഴുത്ത് പഠിപ്പിക്കാൻ ശ്രമിച്ചു. എനിക്കൊത്തിരി ഇഷ്ടമായിരുന്നു അസാധാരണമായ ആ വിരലുകൾ. ചെറുപ്പം തൊട്ടേ എന്നും കാണുന്നതുകൊണ്ട് അതിൽ ഒരു പുതുമ തോന്നിയിട്ടുമില്ല. ഭക്ഷണം കഴിച്ചുതീരുമ്പോൾ അവസാന വറ്റുകൾ പെറുക്കിയെടുക്കുന്നത് കാണാൻ കൌതുകമായിരുന്നു. എന്നാൽ ചെറിയ സാധനങ്ങൾ  എടുക്കാൻ പോലും അതൊരു ബുദ്ധിമുട്ടായിരുന്നില്ല. എന്റെ മകൾ കുഞ്ഞായിരുന്നപ്പോൾ എപ്പോഴും ആ മടങ്ങിയിരിക്കുന്ന വിരലുകൾ നിവർത്തി അൽഭുതത്തോടെ നോക്കും.

    പനിപിടിച്ച് ആ തോളിൽ ചുരുണ്ടുകൂടിയിരുന്ന് പാടവരമ്പിലൂടെ വർക്കി സാറിന്റെ ഹോമിയോ ആശുപത്രിയിലേക്ക് മരുന്നിനായി പോകുന്നതും സ്കൂളിൽ പോയി വരുന്നവഴിക്ക്  ചായക്കടയിലെ നാക്കു പൊള്ളുന്ന പാലുംവെള്ളവും പലഹാരവും വാങ്ങിത്തരുന്നതും ഇന്നലെയെന്നവണ്ണം നനവാർന്ന ഓർമ്മകൾ..  എന്റെ വികൃതികൾ കൊണ്ട് സഹികെടുമ്പോൾ വല്ലപ്പോഴും ആ മൂന്നു വിരലുകൾ ചേർത്ത് പിടിച്ച് തുടയിൽ നുള്ളിയിടത്ത് ഇന്ന് സുഖമുള്ള ഒരു വേദന. എത്ര വഴക്കുപറഞ്ഞാലും ശിക്ഷിച്ചാലും അത്താഴത്തിന് എനിക്കായി മാറ്റിവെയ്ക്കുന്ന ഉരുള കഴിക്കുമ്പോഴുള്ള തലോടലിൽ കൊഴിഞ്ഞുവീഴുന്ന പിണക്കങ്ങൾ.

    കുഞ്ഞുന്നാൾ മുതൽ ചുമലിലേറ്റിയ പ്രാരാബ്ധങ്ങൾ എല്ലാം ഇറക്കി സ്വസ്ഥമായി വിശ്രമിക്കേണ്ട സമയമായപ്പോഴേയ്ക്കും. ശാരീരികമായ അസ്വസ്ഥതകൾ ഓരോന്നായി പിന്നാലെ കൂടി.   

   വീട്ടുമുറ്റത്തെ ഒരുവീഴ്ചയിൽ കാലിനുണ്ടായ വിഷമം മാറി ഊന്നുവടിയിൽ നിന്നും സ്വതന്ത്രമായൊന്നു നടന്നു തുടങ്ങിയപ്പോൾ വയറിനുള്ളിലെ അസ്വസ്ഥതയോടെയിരുന്നു തുടക്കം. ആശുപത്രികളും ഡോക്ടർമാരും മാറിയെങ്കിലും ആരും പറഞ്ഞില്ല എന്താണു രോഗമെന്ന്. പല ഡോക്ടർമാരോടും നേരിട്ട് ചോദിച്ചിട്ട് പോലും! ഓപ്പറേഷൻ വേണ്ടിവരുമെന്ന് പറഞ്ഞപ്പോൾ എന്റെ അഭിപ്രായമറിയാൻ ബാപ്പ കേൾക്കാതെ ജേഷ്ടൻ എന്നെ വിളിക്കുമ്പോൾ മുതൽ പന്തിയില്ലായ്മ അലട്ടിയിരുന്നെങ്കിലും സുഖമാവുമെന്ന പ്രതീക്ഷ തന്നെയായിരുന്നു. നാട്ടിലെത്തി കാണാൻ കൊതിച്ചിരുന്നെങ്കിലും ലീവ് കഴിഞ്ഞ് തിരിച്ചെത്തിയിട്ട് അധികമാകാത്തതും നാട്ടിലെ ചികിത്സാചെലവും ഒക്കെ എന്നെ പിടിച്ചുനിറുത്തുകയായിരുന്നു. ഒടുവിൽ നാട്ടിൽ പോകാനുറച്ചപ്പോഴേക്കും ഒത്തിരി വൈകി. ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് വിളിക്കുമ്പോഴും പതിവുപോലെ ചിരിച്ച് കൊണ്ട് സംസാരിച്ചു. സാരമില്ല... പെട്ടെന്ന് സുഖമായി തിരിച്ചെത്തുമെന്ന വാക്കുകൾ. പക്ഷെ... പടച്ചവന്റെ തീരുമാനം മറ്റൊന്നായിരുന്നു. തുടർച്ചയായ രണ്ട് കീറിമുറിക്കലുകൾക്ക് ശേഷം ഐ സി യു വിൽ വേദനതിന്നു തീർക്കുമ്പോൾ കടലിനിക്കരെ കണ്ണീരോടെ പ്രാർത്ഥനയോടെ കാത്തിരുന്നു. അവസാനം പ്രതീക്ഷിച്ചെങ്കിലും കേൾക്കാനിഷ്ടപ്പെടാത്ത വേദനിപ്പിക്കുന്ന ആ വാർത്തയെത്തി. എന്റെ ലോകത്തെ ഏറ്റവും വലിയ തണൽ നഷ്ടപ്പെട്ടു എന്ന തിരിച്ചറിഞ്ഞപ്പോഴുള്ള നൊമ്പരം ഇന്നും കൂടെയുണ്ട്.

    ഈ മരുഭൂവിലെ പ്രവാസത്തിന്റെ ഇടവേളകളിൽ നാടിന്റെ തണുത്ത നിശ്വാസമേറ്റു നടക്കുമ്പോൾ കിട്ടുന്ന സ്നേഹാ‍ന്വേഷണങ്ങൾ ഇരട്ടിയാവുന്നത് എന്തുകൊണ്ടാണെന്ന് അഭിമാനത്തോടെ തിരിച്ചറിയുന്നു. ജീവിച്ചുകാണിച്ചുതന്ന ആ മാതൃകയുടെ ഒരംശം പോലും പിന്തുടരാനാവുമോ എന്ന് സംശയമെങ്കിലും ആ കാൽ‌പാടുകളിലൂടെ നടക്കാനാണെനിക്കിഷ്ടം.

    സ്നേഹനിധിയായ എന്റെ പ്രിയപ്പെട്ട ബാപ്പയുടെ വേർപാടിനു ഇന്ന് അഞ്ചുവർഷം തികയുന്നു.
ഓർമ്മകളിലെന്നും ആ പന്ത്രണ്ടു വിരലുകൾ വാത്സല്യത്തോടെ തലോടുന്നത് ഞാനറിയുന്നു. ആ പരലോക വിജയത്തിനായി പ്രാർത്ഥിക്കുന്നതിനോടൊപ്പം എന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും തേടുന്നു.

Monday, June 28, 2010

ഞങ്ങൾ വാഴും ബൂലോകം!

      കണ്ണുകളിൽ ട്രാഫിക് സിഗ്നലിന്റെ ചുവപ്പ്...
      വേഗങ്ങളെ വലിച്ചെറിയുന്ന എന്റെ യാത്രകൾ...
      തേയുന്ന ചെരുപ്പുകളിൽ താളം പിടിക്കുന്ന കാൽ‌പാദങ്ങൾ...
      എന്റെ പേനത്തുമ്പിനെ തിന്നുതീർക്കുന്ന കടലാസുകൾ.

    അക്ഷരപ്പിശകുകളും വ്യാകരണത്തെറ്റുകളും പറഞ്ഞുതന്ന മലയാളം അദ്ധ്യാപികയെ ആക്ഷേപിച്ചപ്പോൾ പള്ളിക്കൂടത്തിൽ നിന്നും പുറത്താക്കി. പെറ്റതള്ളയെ ചീത്തവിളി പതിവാക്കിയപ്പോൾ വീട്ടിൽ നിന്നും ആട്ടിയിറക്കി. സ്വന്തം പേരെഴുതുമ്പോൾ പോലും ഒഴിഞ്ഞുമാറുന്ന അക്ഷരങ്ങളെ ശപിച്ചു ഞാൻ നാടുവിട്ടു. മറ്റുള്ളവർക്ക് മനസ്സിലാകുന്ന ഒരു വരിയെങ്കിലും എഴുതണമെന്ന ആശ നശിച്ചപ്പോൾ അർത്ഥമറിയാത്ത വാക്കുകളും ചേരാത്ത പദങ്ങളും ഞാൻ ചേർത്തുവെച്ചു. അതിനു മേലെ മലയാള കവിതയെന്ന ലേബൽ ഒട്ടിച്ചു.

    വിമർശനവും ഉപദേശവുമായി വന്നവരെ ആട്ടിയോടിച്ചു. വാക്കുകൾക്കുമേലെ അടയിരിക്കാൻ ഞാൻ പിടക്കോഴിയല്ല. അവയ്ക്ക് മൂർച്ചകൂട്ടാൻ കൊല്ലന്റെ പണിയുമറിയില്ല. ആഴത്തിലുള്ള വിഷയങ്ങൾ തേടണമെന്നു പറഞ്ഞവരെ പഴി പറഞ്ഞു. പ്രമേയങ്ങൾക്ക് പരിചരണം പോരെന്ന് പറയുന്നവരുടെ കരണം പുകച്ചു. എന്തും വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യത്തെ ആവിഷ്കാര സ്വാതന്ത്ര്യമെന്നു പറഞ്ഞ് പരിഷ്കാരിയായി. അവാർഡിൽ ചതിയെന്നലറി പ്രതിഷേധിച്ചു. അവസാനം വാർഡിൽ ശല്യമായപ്പോൾ സെല്ലിലടച്ചു.

    അഴിയറുത്ത് മതിൽ ചാടിയ എനിക്ക് മുന്നിൽ ഭൂമി മലയാളത്തോളം വിശാലമായ തെരുവ്. തിരിച്ചറിയാതിരിക്കാൻ മുഖം മറച്ച് ഞാൻ അലഞ്ഞുനടക്കുന്നു. ഈ തെരുവിൽ കവിതയെഴുതി ജീവിക്കുന്നു!

Saturday, June 19, 2010

നക്ഷത്രമെണ്ണാനുള്ള വഴികൾ!

     കോളിംഗ് ബെല്ലിന്റെ ചിന്നംവിളി കേട്ടാണ് ഉച്ചയുറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. പാതിമുറിഞ്ഞുപോയ ഉറക്കത്തിന്റെ ആലസ്യം മുറിഞ്ഞുവീണ പല്ലിയുടെ വാലെന്നവണ്ണം  കണ്ണുകളിൽ പിടച്ചു. ഉറക്കം കളഞ്ഞതിന്റെ പിരാക്ക് മുഴുവൻ സ്വീകരിക്കാനെത്തിയ ആ മഹാഭാഗ്യവാൻ ആരാകുമെന്ന ആകാംക്ഷയോടെ കതക് തുറന്നു. പത്തുപതിനെട്ട് പ്രായം വരുന്ന കാണാൻ തരക്കേടില്ലാത്ത ഒരു പെൺകുട്ടി ചാനലിൽ പാട്ടു ഡെഡിക്കേറ്റു ചെയ്യുന്ന പെമ്പിള്ളാരെ മാതിരി ചിരിച്ചു നിൽക്കുന്നു.

“സാർ...” 

     മനുഷ്യനെ ഉറക്കത്തിൽനിന്നും വിളിച്ചെഴുന്നേൽ‌പ്പിച്ചത് സാറാക്കാനാണോ? സാറെന്നു വിളിക്കാനുള്ളൊരു ലുക്കില്ലാഞ്ഞിട്ടും എന്നെ വിളിക്കുന്ന ഈ കുട്ടിയേതാ? ഇനി ആളു മാറിയതാണോ? പണ്ടു സ്കൂൾ അവധിക്കാലത്ത് കുഞ്ഞുപിള്ളാർക്ക് ഡ്രോയിംഗ് ക്ലാസെടുത്തിരുന്നപ്പോൾ അവർ മാഷെന്നാണ് വിളിച്ചിരുന്നത്. അവരെയൊക്കെ ഇപ്പൊ കെട്ടിച്ച് കുട്ടികളും ആയിട്ടുണ്ടാവും. “സാർ...” കിട്ടിയ ഗ്യാപ്പിന് ഭൂതകാലത്തിലേക്കു ഊളിയിടാൻ ശ്രമിച്ച എന്നെ പിന്നേയും വലിച്ചു പുറത്തിട്ടു. സാ‍ർ ഞാനൊരു പുതിയ പ്രൊഡക്റ്റ് ഇൻ‌ട്രൊഡ്യൂസ് ചെയ്യാൻ വന്നതാണ്.  തടിയൻ ബാഗെടുത്തു സിറ്റൌട്ടിൽ വെച്ചുകൊണ്ടവൾ മൊഴിഞ്ഞു. അതിന്റെ സിബ്ബ് വലിച്ചുകീറി എന്റെ അമ്പരപ്പിനുമേലെ എന്തൊക്കെയോ വാരിവലിച്ച് നിരത്തിയിട്ടു.

   “ഞങ്ങളുടെ കമ്പനിയുടെ ഒരു പ്രൊഡക്ട് പരിചയപ്പെടുത്താനായിറങ്ങിയതാണ്. മാഡം എവിടെ സർ..?”

   “ഇവിടെ മാടമൊന്നുമില്ല, ദാ കൊറച്ചപ്പുറത്ത് ഒരു മഠമുണ്ട്. കൊച്ച് അങ്ങോട്ടു പോകാൻ വന്നതാ..?”

   “അതല്ല സർ. മാഡം അതായത് ചേച്ചി”

      ങാ അതുപറ മ്യാഡം. ആ വിളിയെനിക്കിഷ്ടപ്പെട്ടു. എന്നെ സാറേന്നു വിളിച്ച സ്ഥിതിക്ക് എന്റെ കെട്യോളെ മ്യാഡമെന്നുതന്നെ വിളിക്കണം അല്ലെങ്കിൽ ഞാൻ സമ്മതിക്കൂല. അഥവാ ഞാൻ സമ്മതിച്ചാലും അവളു തീരെ സമ്മതിക്കൂല!

      ഞങ്ങളുടെ പുതിയൊരു പ്രോഡക്ടാണിത്. ചിരട്ടപ്പുട്ടുപാത്രം. വെറുതെ പുട്ടുപൊടിയുമിട്ട് കുക്കറിനുമേലെ വെച്ചാൽ മതി. ഇതിൽ തേങ്ങയിട്ടില്ലേലും സാരമില്ല. പണ്ട് ചിരട്ടപ്പുട്ട് തിന്നുന്ന ടേസ്റ്റ് പഴമക്കാരോട് ചോദിച്ചുനോക്കു സർ. എത്ര രുചികരമായിരുന്നു. ചിരട്ടപ്പുട്ടിനെക്കുറിച്ച് കാണാതെ പഠിച്ച മഹത്വം വർണ്ണിക്കാൻ തുടങ്ങി. ചിരട്ടപ്പുട്ടിന്റെ മദ്‌ഹ് പാട്ട് തീർന്നപ്പോഴൊരു സംശയം. 

   “സ്റ്റീലുകൊണ്ടുണ്ടാക്കിയാൽ ചിരട്ടയാവുമോ മോളെ. അതിലുണ്ടാക്കിയാൽ ഒറിജിനൽ ചിരട്ടപ്പുട്ടിനുണ്ടാവുന്ന രുചികിട്ടുമോ...?”

     അപ്പോൾ ഡെഡിക്കേഷൻ ചിരിയുടെ മോഡ് മാറ്റിക്കൊണ്ട് വേറൊരു സാധനം ബാഗിൽ നിന്നും വലിച്ചെടുത്തു. മഴക്കാലത്തെ ജലദോഷം, പനി ഉത്സവമെത്തുമ്പോൾ ഉപയോഗിക്കാനുള്ള മൂക്ക് ഓപ്പണിംഗ് മെഷീൻ...! വെറും നൂറ്റമ്പതു രൂപയ്ക്ക് അൺലിമിറ്റഡ് ശ്വാസം ബ്രൌസിംഗ്. ജലദോഷം വരുമ്പഴല്ലേ... അതിനിപ്പഴേ തയ്യാറെടുപ്പുകൾ വേണോ. അഥവാ വാങ്ങിയാലും... പുട്ടുകുടത്തിൽ വിക്സിട്ട് തിളപ്പിച്ച് തലമൂടിയ പുതപ്പിന്റെ കൂടാരത്തിലിരുന്ന് ആവികൊള്ളണ സുഖം ഈ മെഷീൻ തരുമോ?

     ഭാഗ്യത്തിന് ഉച്ചയൂണു കഴിഞ്ഞ് മ്യാഡം അലക്ക് കുളി കലാ പരിപാടിക്കായി ഇറങ്ങുമ്പോഴാണു ഈ സഞ്ചിമൃഗമിറങ്ങിയത്. അവളെങ്ങാനും കണ്ടുപോയാൽ  ആ ബാഗിലുള്ള ഐറ്റംസ് ഓരോന്നെങ്കിലും വാങ്ങാമെന്ന ചെറിയൊരാഗ്രഹം പറയും. എനിക്കാണെങ്കിൽ ഗൾഫീന്ന് കൊണ്ടുവന്ന ഉച്ചയുറക്കം കളയാനും വയ്യ. മ്യാഡം വരുന്നതുവരെ വെയ്റ്റുചെയ്യാമെന്നു പറഞ്ഞ് ഉപ്പുപെട്ടിക്ക് ചുറ്റിയ ആ കുഞ്ഞാടിനെ ഒരുവിധം പറഞ്ഞയച്ചു.

      കണ്ടാൽ കൊതിപ്പിക്കുന്ന ഗ്ലാമർ പാത്രങ്ങളുമായൊരു ചേച്ചി വരുന്നു. കമ്പനീടെ പരസ്യത്തിനായി മൂന്നിലൊന്നു വില മാത്രം!      അയൽ‌പക്കത്തെല്ലാവരും വാങ്ങിയ സാക്ഷ്യപത്രവും കൊണ്ടാണ് വരവ്. കടയിലൊന്നും വാങ്ങാൻ കിട്ടാത്ത ലിമിറ്റഡ് എഡിഷൻ!  ഇതു വാങ്ങിയില്ലേൽ ഈ മോഡൽ പാത്രമില്ലാത്ത ഈ പഞ്ചായത്തിലെ ഏക വീട് ഞങ്ങളുടേതാവും.. ഉൽഘാടനം തന്നെ ബഹുകേമം... കൈപ്പിടി കയ്യിലും പാത്രം സ്റ്റൌവിലും. ..ഫെയർ ആന്റ് ലവ്‌ലി പൂശിയ ഗ്ലാമർ തീയിൽ ഉരുകുന്നു. രണ്ടാഴ്ചക്കുള്ളിൽ അഞ്ചിൽ മൂന്നുപേർ വികലാംഗരായി. ലൈഫ് ടൈം വാറന്റിയുള്ളതല്ലേ. ബില്ലിലെ നമ്പർ എടുത്തുവിളിച്ചു. ഫോണെടുത്ത വല്യമ്മ ഇവിടാർക്കും പാത്രക്കച്ചവടമില്ലേന്നും പറച്ചിലും ഫോൺ കട്ട്! ആക്ഷൻ: മൊബൈൽ നമ്പറിലേക്ക്... വിളിച്ചപ്പോൾ തന്നെ മറുപടി കിട്ടി. നിങ്ങൾ വിളിക്കുന്ന നമ്പർ പരിധിക്ക് പുറത്താണ്. പരിധിവിട്ട നമ്പറുകൾ കേട്ടു സാധനം വാങ്ങിയാലിങ്ങനിരിക്കും!

     ബെഡ്ഡുവിൽക്കാൻ വരുന്ന ചേട്ടൻ മുറ്റത്തുനിന്നും അലറിവിളിക്കുന്നു. പഴയതിനു പകരം പുത്തൻ കൊടുക്കുന്ന മൊബൈൽ എക്സ്ചേഞ്ച് മേള. പഴകിപ്പതിഞ്ഞ ബെഡു മാറ്റാൻ കുറെ നാളായി ആലോചിക്കുമ്പോൾ ദൈവദൂതനായി വന്ന ചേട്ടൻ. അകത്തുകയറി ബെഡ്ഡ് കണ്ട ചേട്ടൻ അഞ്ഞൂറ് രൂപ വിലയിട്ടു. ഇതൊഴിവാക്കുന്നതിന് എത്ര ചോദിക്കുമെന്ന് കരുതിയിട്ട് അഞ്ഞൂറ് രൂപയോ! മക്കളുടെ മൂത്രം കുടിച്ചുവീർത്ത കിടക്കയിൽ രക്തദാഹികളായ മൂട്ടകളുടെ താവളം. കണ്ടൽ കാടുകളെ വെല്ലുന്ന ജൈവവൈവിധ്യം. അഞ്ഞൂറ് രൂപ കിട്ടിയാൽ പോര! ഗൾഫീന്നു പഠിച്ച വിലപേശൽ തന്ത്രം ഞാനും പയറ്റി, ആയിരം! അവസാനം പറഞ്ഞ് എണ്ണൂറ്റമ്പതിലുറപ്പിച്ചു. ബാർട്ടർ സിസ്റ്റം പ്രകാരം തരുന്ന പുതിയതിന് വില 2500 പഴയത് കഴിച്ച് 1650. മൂട്ടകളുടെ ആവാസവ്യവസ്ഥക്ക് എന്തൊരു വില! പുത്തൻ ബെഡ്ഡിനു പകരം  മൂട്ടകൾ വണ്ടിയിലേറി പോയി. പിന്നൊരിക്കൽ അതേ അളവ് കമ്പനി ബെഡ് കടയിൽ നിന്നും വാങ്ങി വീട്ടിലെത്തിച്ചപ്പോൾ ആയത് രൂപ 1400 മാത്രം.  മൂട്ടയെ ചുമന്ന ദൈവ്ദൂത് ചേട്ടൻ രൂപ ഇരുന്നൂറ്റമ്പത് അധികം ചുമന്നു. ഒരുമാസം കൊണ്ട് ബെഡ് ചപ്പാത്തി പോലായതു വേറെ കഥ. പിന്നൊരു ഓണക്കാലത്ത് ടിവിക്കടയുടെ മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ ടിവി, ഫ്രിഡ്ജ്, മിക്സി കൂമ്പാരം കണ്ടപ്പോൾ എക്സ്ചേഞ്ച് മേളയിൽ പങ്കെടുത്ത എന്റെ പഴയ ഇക്കൊ ഫ്രണ്ട്ലി ബെഡ്ഡിന്റെ അവസ്ഥയും ഓർത്തുപോയി.

     കറിപൌഡർ ഇൻ‌ട്രൊഡ്യൂസ് വന്ന എസ് ഷേപ്പ് ചെക്കനെക്കണ്ടപ്പോൾ സഹതാപം തോന്നി. സ്വതവെ ആടിക്കളിക്കുന്ന അവൻ വലിയ ബാഗ് തോളിലേറ്റുമ്പോൾ ഒന്നുകൂടി ഒടിഞ്ഞുമടങ്ങുന്നു. ബോഡിഷേപ്പുമായി മാച്ചാകാത്ത വേഷവും കഴുത്തിൽ നിന്നും രക്ഷപെടാൻ വെമ്പുന്ന  ടൈയും!  സാമ്പാർ പൊടിയുടെ വർണ്ണനകൾ! സാമ്പാറു കാണുമ്പോൾ അരവട്ട് മുഴുവട്ടാകുന്ന ഈ സാറിനെക്കൊണ്ട് തന്നെ വാങ്ങിപ്പിക്കണമെന്ന വാശി. ബിസിനസ് മാനേജ്മെന്റ് പഠിക്കുന്ന അവനു ഈ ഒരു പായ്ക്കറ്റ് വിറ്റാൽ ഒരുപോയിന്റ് കൂടുമത്രേ. അവനൊരു പോയിന്റ് കൊടുത്താൽ സ്റ്റോറിലിരിക്കുന്ന സാമ്പാർ പൊടിയിൽ രണ്ടു പോയിന്റ്  പൂപ്പൽ കയറുമെന്ന് ഭാര്യ. എങ്കിൽ സാറിനു പറ്റിയ മറ്റൊരു പ്രോഡക്ട് ഉണ്ട്. നക്ഷത്രമെണ്ണൽ സ്റ്റിക്കർ! ഈ കാണുന്ന സ്റ്റിക്കർ മേലെ വാർക്കത്തട്ടിൽ ഒട്ടിച്ചുവെച്ചാൽ രാത്രി നല്ല രസമായിരിക്കും. രാത്രി ആകാശത്തിലെ നക്ഷത്രങ്ങൾ കണ്ട് മലർന്നുകിടക്കാം. കമിഴ്ന്നു കിടപ്പ് ശീലമാക്കിയവനെങ്ങിനെ നക്ഷത്രം കാണും? പ്ലീസ്... സാർ എങ്ങിനെയെങ്കിലും വാങ്ങ്. ഞങ്ങൾക്കൊരു പോയിന്റിനു വേണ്ടിയെങ്കിലും... ബിസിനസ് മാനേജ്മെന്റ് പഠിക്കുന്നവർക്ക് ഈ പോയിന്റ് തെണ്ടലും പഠിക്കണോ?

    റോഡരുകിലെ ചാഞ്ഞ മരമായതുകൊണ്ട് വീട്ടിലേക്ക് പാഞ്ഞുകയറുന്ന, ഏഷ്യാനെറ്റിലെ മുൻഷിസ്റ്റൈലിൽ എല്ലാരേം സാറെന്നു വിളിക്കുന്ന സഞ്ചിമൃഗങ്ങളുടെ എണ്ണവും കൂടുന്നു.  നക്ഷത്രം അവശ്യ വസ്തുക്കളുടെ ലിസ്റ്റിൽ സർക്കാർ പെടുത്തിയിരിക്കുന്നതുകൊണ്ട് കയ്യിലുണ്ടാവും. നാലുകിലോ അരിയുടെ വിലമാത്രം! പിന്നെ പറഞ്ഞു സുഖിപ്പിച്ച് നമ്മളെ ഹൈഡ്രജൻ ബലൂൺ കണക്കെ ആകാശത്തേക്ക് പറത്തിവിടും. അല്ലെങ്കിൽ ഡിസ്കൌണ്ടെന്ന ചക്കരമുട്ടായി കാണിച്ച് കൊതിപ്പിക്കും.

     ഡിക്ഷ്ണറി കം ഗ്രാമർ ബുക്ക് വിൽക്കാനായി വന്നയാൾ  ഭാര്യയോട് ജനറൽ നോളജിൽ നിന്നും പത്തു ചോദ്യം ചോദിച്ചു. ചന്ദ്രന്റെ മേൽ ആദ്യം കാലുകുത്തിയത് ചന്ദ്രന്റെ പെണ്ണുമ്പിള്ള ഇന്ദിരയെന്നും ഉഗാണ്ടയുടെ തലസ്ഥാനം കൊടമുണ്ടയെന്നുമൊക്കെ ഉത്തരം പറഞ്ഞിട്ടും എല്ലാം കറക്റ്റ് ആൻസർ!  ശരിയുത്തരം പറഞ്ഞതിന്റെ ഡിസ്കൌണ്ട്  ആയിരം രുപ! ജനറൽ നോളജിന്റെ പുസ്തകത്തിന് ബാക്കി അഞ്ഞൂറു മാത്രം! അഞ്ചു ചോദ്യം കൂടി ചോദിച്ചാൽ ഫ്രീയായി  ബുക്ക് കിട്ടിയേനെ? അല്ലെങ്കിലും ജനറൽ നോളജിൽ പത്തിൽ പത്തും മാർക്ക് വാങ്ങുന്ന  ഉമ്മച്ചിയുള്ളപ്പോൾ പിന്നെ മക്കളെ പഠിപ്പിക്കാൻ വേറെ പുസ്തകമെന്തിന്?

     ഉറുമ്പിനെ ഓടിക്കാൻ വാങ്ങി അലമാരയിൽ വെച്ചിരുന്ന ലക്ഷ്മണരേഖയിൽ ഉറുമ്പിൻ കൂട്ടം പാർട്ടികോൺഗ്രസ് നടത്തുന്നു, പാത്രം തേക്കാനുള്ള കമ്പിച്ചുരുൾ വെച്ച സിങ്കിലെ തുരുമ്പുകറ കഴുകാൻ വേണ്ടി  കടയിൽനിന്ന് വേറെ രണ്ടെണ്ണം വാങ്ങേണ്ടിവന്നു എന്നൊക്കെ അവൾ പറയും. എന്നാലും മാന്ത്രികപ്പെട്ടി ചുമന്നു വരുന്നവരുടെ മുമ്പിൽ അതെല്ലാം മറക്കും.

     അനുഭവങ്ങളുടെ കുപ്പായമിട്ട ഗുരുനാഥൻ തല്ലിപ്പഠിപ്പിച്ചിട്ടും പഠിക്കാത്ത ഞാൻ. കച്ചവടക്കാരന്റെ വാചകക്കസർത്തിൽ കമിഴ്ന്നടിച്ച് വീഴും. ആവശ്യമുള്ള സാധനങ്ങൾ കടയിൽ നിന്നും വാങ്ങിയാൽ മതിയെന്നും ഇനിയൊരിക്കലും ചുമട്ടുകാർ വീട്ടിൽ കൊണ്ടുവരുന്ന സാധനങ്ങൾ വാങ്ങില്ലെന്നും പ്രതിജ്ഞയെടുക്കും. ദൃഢമായും മൃദുവായുമൊക്കെ പ്രതിജ്ഞചൊല്ലി മുന്നോട്ട് നീട്ടിയ കൈ താഴ്ത്തിയിടുമ്പോഴേക്കും അതു തകർക്കാനായി ഓരോരുത്തർ വരും. സോപ്പ് ചീപ്പ് കണ്ണാടിയുമായി വരുന്ന പഴയ പെട്ടിക്കാരന്റെ പുതിയ ഡിജിറ്റൽ പതിപ്പുകൾ! അബദ്ധങ്ങളിലേക്കുള്ള വീഴ്ചകളിൽനിന്നും ഉരുണ്ടുപിടഞ്ഞെഴുന്നേറ്റ് വീണ്ടും പ്രതിജ്ഞ പുതുക്കും. മന്ത്രിമാരുടെ സത്യപ്രതിജ്ഞപോലെ, വെറുതെ!

     ഞാൻ പഴയതുപോലെ ചിരിക്കുന്നില്ലെന്ന് പരാതിയാണെല്ലാർക്കും. ഉള്ളുതുറന്നു ചിരിക്കാനൊരു കാരണം കിട്ടുന്നില്ലെന്ന പരാതിയെനിക്കും. ചാനലുകളിലെ കോമഡികളും റിയാലിറ്റിഷോയിലെ എലുമിനേഷനും കണ്ടിട്ടും ചിരിക്കാൻ പറ്റുന്നില്ല.  പത്രസമ്മേളനത്തിൽ മുഖ്യമന്ത്രീടെ ചുണ്ടിന്റെ കേരളയാത്ര കണ്ടിട്ടുപോലും! ചിരിപരിഹാരത്തിനുള്ള മാന്ത്രിക ഏലസ്സു തേടി നടക്കുമ്പോഴാണീ സാധനം  കാലിൽ ചുറ്റിയത്! ചിരിമസാജർ. തല മസാജ് ചെയ്താൽ ഇക്കിളിയെടുത്ത് ചിരിപ്പിക്കുന്ന സർവ്വരോഗസംഹാരി. സാമ്പിൾ സൌജന്യമെന്നാണല്ലോ ആപ്തവാക്യം. പരീക്ഷിച്ചുനോക്കി. ഉഗ്രൻ! ഈ മസ്സാജർ തലയിലൂടെ ഓടിച്ചാൽ സകല പിരാന്തും മാറുമത്രേ. എന്തായാലും നല്ല രസമുള്ള ഇക്കിളി, ഷക്കീലാന്റീം രേഷ്മക്കൊച്ചും തോറ്റുപോവും!  അഞ്ചാറു കൊടക്കമ്പി കൂട്ടിപ്പിരിച്ച് അറ്റത്ത് മുത്ത് പിടിപ്പിച്ച സാധനത്തിന്റെ വില കേട്ടപ്പോൾ റിസേർവിലിരുന്ന ചിരികൂടി മാഞ്ഞു! പിന്നീടത് പകുതി വിലയ്ക്ക് കടയിൽനിന്നും കിട്ടി. വളരെ സന്തോഷായി!  ക്യാമറ മൊബൈൽ കയ്യിലുള്ളവൻ നടുറോഡിൽ ആക്സിഡന്റ് കണ്ടപോലെ!

     ഒരുദിവസം മോളെ സ്കൂളിലാക്കിയിട്ട് തിരിച്ചെത്തിയപ്പോൾ ഭാര്യ സന്തോഷത്തിൽ മതിമറന്നിരിക്കുന്നു. ടാറ്റാ കമ്പനീന്നു വിളിച്ചു നമുക്കെന്തോ പ്രൈസ് അടിച്ചൂന്ന് പറഞ്ഞതാണു കാരണം. പേരും അഡ്രസുമൊക്കെ വാങ്ങിയിട്ട് ഹസ്ബന്റ് വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞ് ഫോൺ വെച്ചു! എന്തു പ്രൈസ് ആണെന്നറിയാതെ ഞാനും അന്തം വിട്ടു. വിഴുങ്ങാനുള്ള കുന്തം കുടത്തിൽ തപ്പിയിട്ടുപോലും കിട്ടാത്തതുകൊണ്ട് അടുത്ത വിളിയും കാത്തിരുന്നു. കണ്ണിലെണ്ണയൊഴിക്കുന്നതിനു മുമ്പേ വിളി വന്നു. കോൾ എടുത്തപ്പോൾ കിട്ടിയ കൺഗ്രാറ്റ്സ്.... കേട്ട് കോൾ മയിർ കൊണ്ടു. ടാറ്റായുടെ ഇൻഷുറൻസ് കമ്പനീന്നാണ് വിളിക്കുന്നത്. നിങ്ങളുടെ പേര് നറുക്കെടുത്തുവെന്നും സമ്മാനമായി ഒരു ഫ്രീ പോളിസി തരുന്നുണ്ടെന്നും തിരിച്ചറിയൽ കാർഡുമായി വന്ന് ഡോക്യുമെന്റ്സ് കളക്ട് ചെയ്യണമെന്നും... തിങ്കളാ‍ഴ്ച നിങ്ങൾക്കുവേണ്ടി ഒരു ഫംഗ്ഷൻ അറേഞ്ച് ചെയ്തിട്ടുണ്ട്. വരുമോ ഇല്ലയോ എന്ന് ഉറപ്പാക്കാൻ വേണ്ടി അടുത്ത വിളി. സീറ്റ് ഉറപ്പിക്കാൻ നാലക്ക കോഡ് നമ്പർ... ഒന്നുകൂടി കൺഫോം ചെയ്യാൻ വീണ്ടും കോൾ. കോളടിച്ചു..

     തിങ്കളാ‍ഴ്ചക്കിനി രണ്ടു ദിവസം മാത്രം. പോകണോ...വേണ്ടയോ. ചെല്ലാമെന്ന് ഉറപ്പ് കൊടുത്തില്ലേ. എന്തായിരിക്കും പ്രൈസ്...? എങ്ങിനെയാവും ഫംഗ്ഷൻ? മന്ത്രി...ജില്ലാ കളക്ടർ... പൊലിസ് സൂപ്രണ്ട്... ആരായിരിക്കും പ്രൈസ് തരിക..?  കിടന്നിട്ടുറക്കം വരുന്നില്ല. ടാറ്റായുടെ കയ്യേറ്റം ഞങ്ങളുടെ സ്വപ്നങ്ങളിലേക്കും.

     പത്തുപന്ത്രണ്ട് ജോഡി ദമ്പതികൾ വന്നിട്ടുണ്ട്. എന്റെ മുഖത്തെ ഭാവം തന്നെ കോപ്പിയെടുത്ത് എല്ലാവരുടെയും മുഖത്ത് പേസ്റ്റ് ചെയ്തിരിക്കുന്നു. എല്ലാർക്കും ലോട്ടറിയടിച്ച കാശ് വാങ്ങാൻ വന്നവരുടെ ഗമ! ഞങ്ങളുടെ കോഡ് നമ്പർ കൊടുത്തപ്പോൾ റിസപ്ഷനിലെ കിളി തന്ന ഫോറത്തിൽ അക്ഷരത്തെറ്റിലെങ്ങാനും സമ്മാനം മിസ്സായെങ്കിലോ എന്നു കരുതി ശ്രദ്ധയോടെ വിവരങ്ങളെഴുതി നൽകി. ഇനി അകത്തേക്ക്... പരീക്ഷാഹാളിലെ പോലെ ഇട്ടിരിക്കുന്ന മേശകൾ. അപ്പുറത്തൊന്നും ഇപ്പുറത്ത് രണ്ടും എന്ന കണക്കിനു കസേര. ഭാഗ്യദമ്പതികളെ ആനയിച്ചിരുത്തി, അപ്പുറത്തിരുന്ന പെൺകുട്ടി ഞങ്ങളുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടിരുന്ന കിളിമൊഴിയാണെന്ന് സ്വയം പരിചയപ്പെടുത്തി. ടാറ്റയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഞങ്ങളുടെ ഉല്പന്നങ്ങളേതൊക്കെയെന്നറിയാമോ? പഠിപ്പിക്കാത്ത പാഠത്തിൽ നിന്നും പരീക്ഷയ്ക്ക്  ചോദ്യംകിട്ടിയ വിദ്യാർത്ഥിയുടെ മട്ടിൽ ഞങ്ങൾ മുഖാമുഖം നടത്തുമ്പോൾ മോൻ റ്റാറ്റായെന്ന്  കൈവീശിക്കാണിച്ച് ഫുൾ മാർക്ക് വാങ്ങി. മാർക്ക് കുറയാതിരിക്കാൻ അറിയാവുന്ന അഞ്ചാറു സാധനങ്ങളുടെ പേരു ഓർത്തെടുത്ത് പറഞ്ഞു. ഇത്രയൊന്നുമല്ല. ടാറ്റായുടെ അമ്പതിലേറെ ഉല്പന്നങ്ങളുടെ പേർ ഒറ്റ ശ്വാസത്തിലവർ പറഞ്ഞു. സമ്മതിക്കണം... കേട്ടിരുന്ന ഞങ്ങളെ!

     പിന്നെയൊരു വെള്ള പേപ്പറെടുത്തു നീളത്തിലൊരുവരവരച്ചു. താഴെ പൂജ്യം മുകളിൽ 100 പിന്നെ വയസ്സ് മാർക്ക് ചെയ്ത് പിന്നെ അഞ്ചുവർഷം കഴിഞ്ഞ് ഒന്ന്, പത്തുവർഷം കഴിഞ്ഞ് മറ്റൊന്ന്... ടിവി ആന്റിനപോലെ! എല്ലാം സാധാ‍രണ വീട്ടിൽ വരാറുള്ള ഇൻഷുറൻസ് ഏജന്റുമാർ പറയുന്ന കണക്കുകൾ തന്നെ. ഞങ്ങൾക്ക് തരാനുള്ളതിന്റെ കാര്യം പറയുന്നുമില്ല. ഡീറ്റെയിൽ‌സ് എക്സ്പ്ലെയ്ൻ ചെയ്യാനായി സാറിനെ വിളിക്കാം. സാറെന്നാൽ ഒരു കൊച്ചുപയ്യൻ. പണ്ട് സാമ്പാർപൊടിയുമായി വന്നവന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി! സാറിന്റെ വക മറ്റൊരു ആന്റിനയും തന്നുപോയി. കണക്കുകൾ ആർക്കു വേണം.

     മോന്റെ കുസൃതികൾ കാരണം ഭാര്യ ക്ലാസ്സിൽ തീരെ ശ്രദ്ധിക്കുന്നില്ല. എട്ടുമാസം പ്രായമുള്ള അവനാണെങ്കിൽ എവിടെയും പിടിച്ചുകയറാൻ നോക്കുന്ന സമയം! മത്സരിക്കാൻ മുന്നണികിട്ടാത്ത ചെറുപാർട്ടികളെപ്പോലെ.  ഇതിനിടെ ചേച്ചീടെ പേന പിടിച്ചുവാങ്ങി അവന്റെ വക കുറെ ടാർജറ്റ് കൂടെ വരച്ചുചേർക്കുന്നുണ്ട്. ചൂണ്ടയിൽ കൊളുത്തിയ ലക്ഷങ്ങൾ വിലയുള്ള മീൻ കൊച്ചുകുഞ്ഞിന്റെ പിടിവാശി കൊണ്ട് പിടിവിട്ടുപോകുമോ. അകത്തെ ക്യാബിനിലെ ഒരു പെൺകുട്ടിയെ വിളിച്ചു മോനെ അൽ‌പ്പനേരം നോക്കാൻ ഏൽ‌പ്പിച്ചു. നിമിഷങ്ങൾ കൊണ്ടവൻ അവളെക്കൊണ്ട് മലയാളത്തിലെ ‘ക്ഷ’യൊഴികെയുള്ള കൂട്ടക്ഷരങ്ങളെല്ലാം വരപ്പിച്ചു. ‘ക്ഷ’ അവൻ ഉമ്മച്ചിക്കായി നേരത്തെ ഫേവറിറ്റിൽ ആഡ് ചെയ്തിരുന്നു. പത്തുമിനിട്ടിനകം അവൻ തിരിച്ച് മേശപ്പുറത്ത് എമർജൻസി ലാൻഡിംഗ് നടത്തി. ഓഫീസിൽ വരുന്ന കസ്റ്റമേഴ്സിന്റെ കുട്ടികൾ എന്തു പ്രശ്നമുണ്ടാക്കിയാലും ഇനിയൊരിക്കലും തൊടരുതെന്ന പാഠം പഠിപ്പിച്ചുകൊണ്ട്.

     ജീവൻ മേരി, ജീവൻ മാത്യു, മണിഫ്രണ്ട്, മണി ബാക്ക്, ഡബിൾ കവറേജ്, ആക്സിഡന്റ്, ക്ലെയിം, ഷെയർ മാർക്കറ്റ്, റിക്കവറി, ഗ്രോത്ത്, പ്രോഫിറ്റ്, ഇന്ററസ്റ്റ്....! തീരെ ഇന്ററസ്റ്റില്ലാത്ത വിഷയങ്ങളുടെ ഘോഷയാത്ര. കൈ നനയാതെയും വെള്ളം കാണാതെയും മീൻ പിടിക്കാനുള്ള ഒത്തിരി പാക്കേജുകൾ. ഇതെല്ലാം ഞങ്ങളെപ്പോലെ ഇന്നു ക്ഷണിച്ചുവരുത്തിയ മഹാഭാഗ്യവാന്മാർക്കുമാത്രം കിട്ടുന്ന അപൂർവ്വ സമ്മാനങ്ങൾ. നമ്മൾ ചെയ്യേണ്ടത് വെരി സിമ്പിൾ. ഒന്നുരണ്ടിടത്ത് ഒപ്പിട്ട് കൊടുക്കുക. ഇപ്പോൾ വെറും ഇരുപത്തയ്യായിരം രൂപമാത്രം അടക്കുക. ഇപ്പോൾ കയ്യിൽ റെഡി കാശില്ലേൽ അതിനും ഇളവുണ്ട്,   പിറ്റേന്നടച്ചാൽ മതി. സാമ്പാർകാരൻ പയ്യൻ കരഞ്ഞുകാലുപിടിച്ചിട്ട് പതിനഞ്ചുറുപ്പിക കൊടുത്ത് ഒരു പായ്ക്കറ്റ് വാങ്ങാത്തവനാ മുമ്പിലിരിക്കുന്നതെന്ന് അറിയാതെ വെറുതെ എനർജി വേസ്റ്റാക്കുന്ന പാവം! ഈ സുവിശേഷം കേൾക്കാനിവിടെവരെ ഇത്ര കഷ്ടപ്പെട്ട് വരേണ്ടിയിരുന്നില്ല. ഏതെങ്കിലും എല്ലൈസി ഏജന്റ് ചിരിക്കുമ്പോൾ ചുമ്മാതൊന്നു തിരിച്ചു ചിരിച്ചാൽ മതിയായിരുന്നു.

     നെടുകെ വരയിട്ട് കുറുകെ വരകൾ വരച്ച് ലക്ഷങ്ങളും കോടികളുമെഴുതിയ ഏഫോർ പേപ്പറുകൾ മേശക്കു താഴെയുള്ള ചവറ്റുകൊട്ടയിലേക്ക് ഒഴുകുമ്പോഴും ഡബിളല്ല ത്രിബിൾ കവറേജ് തന്നാലും ഇനിയൊരു പോളിസി വേണ്ടെന്ന പോളിസിയിലുറച്ചുനിന്നു. എല്ലൈസിയുടെ നാലെഞ്ചെണ്ണം ട്രാക്കിൽ വലിഞ്ഞും മുടന്തിയും നടക്കുന്നുണ്ട്.  അവരാദ്യം ഫിനിഷിംഗ് പോയന്റിലെത്തട്ടെ.  ഇത്തവണ ഞങ്ങൾ കെട്ടിയ പ്രതിജ്ഞയുടെ ശക്തമായ ബാരിക്കേഡിളക്കാൻ കഴിഞ്ഞില്ല. അപ്പുറത്തെ മേശകളിലെ ഭാഗ്യവാന്മാർ സുവർണ്ണാവസരത്തിൽ ഒപ്പിട്ടുകൊടുക്കുന്നു. ഞങ്ങൾക്കടിച്ച ലോട്ടറി പോളിസിയുടെ ഡീറ്റയിൽ‌സ് അറിയണമെന്നും അതിന്റെ പേപ്പർ തന്നാൽ മതിയെന്നും പറഞ്ഞപ്പോൾ അവരുടെ മുഖത്ത് മോഹൻലാലിനെക്കണ്ട അഴീക്കോടിന്റെ ഭാവം!

     ഞങ്ങൾക്കടിച്ച മഹാഭാഗ്യത്തിന്റെ ഡീറ്റയിൽ‌സ് കേട്ടു ഞെട്ടി. റിക്ടർ സ്കെയിലിൽ 8.31 രേഖപ്പെടുത്തിയ ആ ഞെട്ടലിന്റെ തുടർ ചലനങ്ങൾ ഞങ്ങൾ രണ്ടുപേരുടെയും മുഖത്തും. ഒരുകൊല്ലത്തിനിടയിൽ അപകടത്തിൽ മരിച്ചാൽ മാത്രം ഒരുലക്ഷം രൂപ കിട്ടും. പരിക്ക് പറ്റിയാലോ കയ്യും കാലുമൊടിഞ്ഞാലോ ഒന്നും പ്രതീക്ഷിക്കേണ്ട. അസുഖം വന്ന് ആശുപത്രിയിലായാലൊ സ്വാഭാവിക മരണത്തിനോ നയാപൈസ കിട്ടില്ല. അപകടത്തിൽ മരിക്കുക തന്നെ വേണം. ഈ പോളിസിയും വാങ്ങിവെച്ചിട്ട് അന്നുമുതൽ ഒരുവർഷത്തിനുള്ളിൽ വണ്ടിയിടിച്ച് തട്ടിപ്പോണേയെന്ന് പ്രാർത്ഥിച്ചോളണം.  പ്രാർത്ഥന ഫലിച്ചാൽ നമ്മുടെ പതിനാറടിയന്തിരത്തിന്റെ ചെലവു കമ്പനി വഹിക്കും!

“അടുത്താഴ്ച വന്നു ഡോക്യുമെന്റ്സ് കളക്റ്റ് ചെയ്തോ...”

    ഒരു ലെറ്റർ പാഡിൽ പേരെഴുതിത്തന്നുകൊണ്ട് കഷായം കുടിച്ച മുഖത്തോടെ ഞങ്ങടെ ക്ലാസ്ടീച്ചർ പറഞ്ഞു.

     ഇത്ര നാളും സഞ്ചിയുമായി വീട്ടിൽ വന്ന്  പണി തന്നിരുന്നവരുടെ ഹൈടെക്ക് രൂപങ്ങൾ ഇപ്പോൾ വിളിച്ചു വരുത്തിയും പണി കൊടുത്തു തുടങ്ങിയിരിക്കുന്നു. പുറത്ത് വേറെ കമ്പനികൾ വെറും നൂറു രൂപയ്ക്കും ചിലർ ഫ്രീയായും കൊടുക്കുന്ന സാധനത്തിനായി ഭയങ്കര സംഭവമാക്കി വിളിച്ചു വരുത്തിയതിന്റെ അരിശവും ഫംഗ്ഷനെന്നു കേട്ട്  ശരിക്ക് ഊണുപോലും കഴിക്കാതെ വന്നതിന്റെ ക്ഷീണവും ഹോട്ടലിൽ കയറി മസാലദോശയോടു തീർത്ത് വീട്ടിലേക്ക് തിരിച്ചു. ഹൈക്കമാന്റിനെ കാണാൻ ഡെൽഹിക്കുപോയ മുരളിയെപ്പോലെ!

     ഡോക്യുമെന്റ്സ് അവിടെത്തന്നെ കിടക്കട്ടെ...അതിന്റെ കളക്ടർ ജോലിയും വേണ്ട. ജീവിക്കാൻ തുടങ്ങിയിട്ടേയുള്ളു. ആശകളും സ്വപ്നങ്ങളും ഇനിയുമെത്രയോ ബാക്കി... എല്ലാവിധ അപകടങ്ങളിൽ നിന്നും രക്ഷയ്ക്കായ് ദൈവത്തോടെന്നും പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു.

“ദേ വാപ്പിച്ചീ... ഒരു ചേച്ചി വരണു...”

    വലിയ ബാഗും തൂക്കി കഷ്ടപ്പെട്ട് ഗേറ്റ് തുറക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയെക്കണ്ട് ഈർച്ചക്കാരന്റെ മരത്തിനിടയിൽ വാൽ കുടുങ്ങിയ കുരങ്ങന്റെ പാഠം വായിച്ചുകൊണ്ടിരിക്കേ മോളു വിളിച്ചുപറഞ്ഞു.

    ശരിയാണല്ലോ... പിന്നേം വന്നല്ലോ വനമാല!  “വാർക്കത്തട്ടിൽ ഒട്ടിക്കുന്ന നക്ഷത്രമുണ്ടോ മോളെ കയ്യിൽ?”
     ഗേറ്റ് കടക്കുന്നതിനുമുമ്പേ ഞാൻ വിളിച്ച് ചോദിച്ചു.
     
“ഉണ്ടല്ലോ സർ”.
     
“എങ്കിൽ പൊന്നുമോളിങ്ങോട്ട് കയറണ്ട... ഇപ്പോൾ അതില്ലാതെ തന്നെ ഞങ്ങൾ നക്ഷത്രമെണ്ണിക്കൊണ്ടിരിക്കുകയാ...!”

     സഞ്ചിയും തൂക്കിവരുന്ന കച്ചവടക്കാരുടെ മോഹന വാഗ്ദാനങ്ങളിൽ വീണ് അബദ്ധങ്ങൾ പറ്റാനായി ഇനിയും ജീവിതം ബാക്കി.

Monday, May 31, 2010

കൊട്ടേഷൻ

   നാൽ‌പ്പതു വാട്ട് ബൾബിന്റെ മങ്ങിയവെളിച്ചത്തിൽ പലകയടിച്ച വാതിലിൽ ചാരിയിരിക്കുകയാണ് വേണു. മേശപ്പുറത്തിരിക്കുന്ന ചോരക്കറപുരണ്ട കത്തിയുടെ വായ്ത്തലയുടെ തിളക്കം അവന്റെ കണ്ണുകളിൽ തറച്ചു. അത് ഹൃദയത്തിലാഴ്ന്നിറങ്ങി ഒരായിരം മുറിവുകളാകുന്നതവനറിഞ്ഞു. തന്റെ കത്തിമുനയാൽ ജീവൻ പൊലിഞ്ഞ നിരപരാധികളുടെ പിടച്ചിലിനപ്പുറമാണ് തന്റെ ഹൃദയമിപ്പോൾ പിടയ്ക്കുന്നത്. ഒരുറുമ്പിനെപ്പോലും നോവിക്കാത്ത  പഴയ വേണു ഇന്നെത്ര മാറിയിരിക്കുന്നു. ആലോചിച്ചപ്പോൾ അവനു വല്ലാതെ കുറ്റബോധം തോന്നി. ഇതുകൊണ്ടെന്തു നേടി? തന്റെ തൊഴിലില്ലായ്മ പരിഹരിക്കാനെന്നപേരിൽ ഉറ്റ ചങ്ങാ‍തിയൊരുക്കിയ കുരുക്ക്.
 
     അടുത്ത സുഹൃത്തായ വിനോദ് ദുബായിൽനിന്നെത്തിയപ്പോൾ കാണാൻ പോയതാണ് തുടക്കം. അവിടെവെച്ചാണ് വിനോദിന്റെ സുഹൃത്തും ബന്ധുവുമായിരുന്ന ഭദ്രനെ പരിചയപ്പെട്ടതും. നഗരത്തിൽ നല്ല ബിസിനസ്സും രാഷ്ട്രീയമായി പിടിപാടുകളുമൊക്കെയുള്ളയാളെന്നാണ് വിനോദ് പരിചയപ്പെടുത്തിയത്. അവരുടെ നിർബന്ധത്തിനു വഴങ്ങി അല്പം മദ്യം കഴിച്ചു. പതിവില്ലാത്തതിനാലാവും പെട്ടെന്ന് ഫിറ്റായി. അപ്പോഴവർ തനിക്കറിയാത്ത പുതിയൊരു തൊഴിൽ പരിചയപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നിട്ടും ഒഴിവുകഴിവുകളെത്ര പറഞ്ഞുനോക്കി. സമൂഹത്തിലെ പലരും പണമുണ്ടാക്കാൻ ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്ന് പറഞ്ഞത്  വിനോദാണ്. ലക്ഷം വീട്ടിൽ താമസിച്ചുകൊണ്ടിരുന്ന ഭദ്രന് ഇപ്പൊൾ ടൌണിൽ വലിയവീടും കാറുമൊക്കെയുണ്ടായത് ഇങ്ങിനെയത്രെ!
 
   ഗൾഫിൽ പോകുന്നതിനുമുമ്പ് വിനോദും ഭദ്രന്റെ സഹായിയായിരുന്നു. ചോരകണ്ട് ശീലിച്ചുകഴിഞ്ഞാൽ പിന്നെ കൈവിറക്കില്ലെന്നും ഇതൊന്നും ആരുമറിയാൻപോകില്ലെന്നും പറഞ്ഞ് വിനോദ് കൂടി നിർബന്ധിച്ചപ്പോൾ സമ്മതിച്ചുപോയി. അച്ഛന്റെ ചികിത്സക്കായി വാങ്ങിയ കടം പെരുകിക്കൊണ്ടിരുന്നു.  ബ്ലേഡുകാരെ നേരിടാൻ തനിക്കും ഒരു സഹായം ആ‍വശ്യമായിരുന്നു. ആ നശിച്ചനേരം ഭദ്രേട്ടന് വാക്കുകൊടുത്തു, കൂടെ നിൽക്കാമെന്ന്. ഇവിടെയെത്തിയപ്പോഴാണറിയുന്നത്  ഇത് മറ്റൊരു ലോകമാണെന്ന്.

      അകാല വൈധവ്യം തളർത്തിയ അമ്മ, വിവാഹപ്രായമെത്തിയ പെങ്ങൾ... എല്ലാവരുടെയും പ്രതീക്ഷയായിരുന്നു താൻ. ഉള്ളതെല്ലാം വിറ്റു തന്നെ പഠിപ്പിക്കുമ്പോൾ ഒരു ലക്ഷ്യമുണ്ടായിരുന്നു ഒരു കരയിലെത്തുമെന്ന്. അന്തസ്സുള്ളൊരു ജോലി കിട്ടുമെന്നും. എന്നിട്ട് എത്തിപ്പെട്ടതോ..? തന്റെ അനു ഇതറിഞ്ഞാൽ അന്തസ്സൊക്കെ അതോടെ തീരും!  ആരെ കൊന്നിട്ടാണെങ്കിലും കുറേ കാശുണ്ടാക്കണമെന്നു ഒരിക്കലവളോട് വീമ്പു പറഞ്ഞിട്ടുണ്ട്. പണ്ട് തന്റെ സൈക്കിളിൽനിന്നും വീണ് അവളുടെ കൈമുട്ടിൽ ചോരപൊടിഞ്ഞപ്പോൾ കണ്ട് തലചുറ്റിയതു തനിക്കാണെന്നു പറഞ്ഞ് ഇപ്പോഴും കളിയാക്കുന്നവൾ. അനുവിനെക്കുറിച്ചോർത്തപ്പോൾ ഓർമ്മകളിൽ പാദസരങ്ങളുടെ കിലുക്കം.

      പുറത്തെ ഒച്ചപ്പാടു കേട്ടാണ് ചിന്തയിൽനിന്നും ഞെട്ടിയുണർന്നത്. മുമ്പുകണ്ട ആ വയസ്സിത്തള്ള ഒരു ഓട്ടൊ ഡ്രൈവറുമായി തർക്കത്തിലാണ്. ചരക്കെത്തിച്ചുകൊടുക്കുന്നതിന്റെ കമ്മീഷൻ കുറഞ്ഞുപോയിക്കാണും! ഈ തള്ളയ്ക്കീ വയസ്സുകാലത്ത്...!

      അഴുക്കുചാലിനു മേലെ പലകയടിച്ച പഴയ ലൈൻ കെട്ടിടം. ഇവിടെ കാറ്റിനുപോലും മനം‌മടുപ്പിക്കുന്ന ഗന്ധം. ഈ ദുർഗന്ധക്കൂട്ടിലും ബിസിനസ് തകൃതി! അടുത്ത മുറിയിലും സമാനമായ ബിസിനസ്. മാന്യനായ ഭദ്രൻ കാശുണ്ടാക്കുന്ന വഴികൾ! നഗരത്തിന്റെ പിന്നാമ്പുറങ്ങളിൽ കൊഴുക്കുന്ന മാംസക്കച്ചവടം!  രാവേറെയാ‍യിട്ടും  ആരൊക്കെയൊ വരികയും പോവുകയും ചെയ്യുന്നുണ്ട്. ഓട്ടോക്കാർ, ചന്തയിലെ ചുമട്ടുതൊഴിലാളികൾ ടാക്സി ഡ്രൈവർമാർ എന്നിവരൊക്കെയാണ് പറ്റുപടിക്കാർ. പോലീസുകാരും രാഷ്ട്രീയക്കാരും ചിലപ്പോൾ നഗരത്തിലെ ചില്ലുകൊട്ടാരങ്ങളിലെ സമ്പന്നർ പോലും നേരിട്ട് വരാറുണ്ട്.  ജാതിമത വർണ്ണവ്യത്യാസമില്ലാത്തത് ഇവിടെയൊക്കെ മാത്രം!

     തൊട്ടടുത്ത മുറിയിൽ... അരണ്ടവെളിച്ചത്തിൽ കാണാമവരെ. നറുക്കുവീണവർ എത്തേണ്ടിടത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ഏതാനും പേരെ ബാക്കിയുള്ളൂ. ചിലർ നിർവ്വികാരരായി ചടഞ്ഞിരിക്കുന്നു. മറ്റൊരുത്തി  ക്ഷീണിച്ചുറങ്ങുന്നു.  രണ്ടുപേർ തമ്മിലെന്തോ രഹസ്യം പങ്കുവെക്കുന്നു. അടുത്ത ഊഴം ആരുടേതെന്നാവും! ഏതുനിമിഷവും അപരിചിതരുടെയൊപ്പം യാത്രയാകണം. മനസ്സെന്ന കുപ്പായം എന്നേ അഴിച്ചെറിഞ്ഞ വെറും ഇരകൾ...  നല്ല കൊഴുത്ത ശരീരമുള്ളവർക്കാണ് ഡിമാന്റ്.  ആർക്കൊക്കെയൊ വിരുന്നൊരുക്കാനായി സ്വന്തം ശരീരം കാത്തുവെക്കുന്നവർ. നാളെ അവരെ കടിച്ചുകീറാൻ ആർത്തിമൂത്ത് ചാടിവീഴുന്ന മാന്യന്മാരെ മനസ്സിൽ കണ്ടു നോക്കി. അവരുടെ ശരീരം പിച്ചിച്ചീന്തും. മജ്ജയും മാംസവും നക്കിത്തുടക്കും. താനുമതിനു കൂട്ടുനിൽക്കുന്നു. ചിന്തകൾ കെട്ടുപിണഞ്ഞപ്പോൾ കണ്ണുകൾ ഇറുകെയടച്ചിരുന്നു. ഈ കുരുക്കിൽനിന്നും രക്ഷപെടുന്ന ചിന്ത മാത്രമാണ് മനസ്സിൽ. ഇന്നത്തോടെ താൻ വാങ്ങിയ പണത്തിനുള്ള കൊട്ടേഷൻ അവസാനിക്കുന്നു. പക്ഷെ ഭദ്രൻ വരാതെ പോകാനാവില്ല, അയാൾ സമ്മതിക്കില്ലെന്നുറപ്പാണെങ്കിലും. എന്തും നേരിടാൻ തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു. കൊലക്കത്തിയുടെ മൂർച്ചവരുത്തിയ വായ്ത്തലയുടെ തിളക്കം അവന്റെ കണ്ണുകളിൽ മിന്നി.

        പ്രതീക്ഷിച്ചതിനുമപ്പുറത്തായിരുന്നു ഭദ്രന്റെ പ്രതികരണം. അത്യാവശ്യം വരുമ്പോൾ ഇനിയും വിളിക്കുമെന്നു പറഞ്ഞപ്പോൾ വേണ്ടെന്ന് തീർത്തു പറഞ്ഞു. വരുംവരായ്കകൾ നേരിട്ടുകൊള്ളണമെന്ന ഭീഷണി വകവെച്ചില്ല. രൌദ്രഭാവം കത്തിനിന്ന ഭദ്രന്റെ കണ്ണുകളിലേക്ക് നോക്കാതെ തിരിഞ്ഞുനടന്നു. നാട്ടിലേക്കുള്ള അവസാനത്തെ ബസ്സിൽ തണുത്ത കാറ്റേറ്റിരിക്കുമ്പോൾ ചോരപുരണ്ട ആ ഇരുണ്ട അദ്ധ്യായം കഴിഞ്ഞതായി വേണുവിനു തോന്നി.  മനസ്സിനു വളരെ ഭാരം കുറഞ്ഞിരിക്കുന്നു. ബസ്സിറങ്ങി  ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ അവൻ ഒരുറച്ച തിരുമാനത്തിലെത്തിയിരുന്നു.
        
       എത്ര കഷ്ടപ്പെട്ടാലും ഇനിയൊരിക്കലും കോഴിക്കടയിലെ ജോലിക്ക് പോകില്ലെന്ന്!

Monday, May 10, 2010

പോസ്റ്റില്ലായ്മ!

എവിടെപ്പോയി? ഇവിടെങ്ങുമില്ലേ? കണ്ടിട്ടൊത്തിരിയായല്ലോ എന്തെങ്കിലും എഴുതിഷ്ടാ... മെയിലായും കമന്റായും ഇതുപോലുള്ള ചോദ്യമൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കുറെയായി.

എന്തെ,താങ്കളുടെ ഉറവ വറ്റിയോ? അതോ അലസതയില്‍ മുങ്ങിപ്പോയോ? അവിടെയും ഇവിടെയും കമന്റി കളിക്കാതെ എന്തെങ്കിലും എഴുതൂ സഹോദരാ...

‘ഉറവവറ്റിയോ’ പോലുള്ള ചങ്കിൽ കൊള്ളണ ചോദ്യം പാടൊണ്ടോ. എല്ലാരും കൂടി എന്നെക്കൊണ്ട് എന്തെങ്കിലും കടുംകൈ ചെയ്യിക്കും! നനഞ്ഞിറങ്ങി, ഭാഗ്യമുണ്ടെങ്കിൽ കുളിച്ചുകേറാം... അല്ലെങ്കിൽ മുങ്ങിച്ചാകട്ടെ!

ബ്ലോഗിലെ പോസ്റ്റില്ലായ്മയാണല്ലോ കവർസ്റ്റോറി....

അടുത്തുള്ളവരെയൊക്ക അത്യാവശ്യം ജാഡ കാണിച്ചു വെറുപ്പിച്ചുകഴിഞ്ഞപ്പോൾ ഇനിയൊരു ഓൺലൈൻ അഹങ്കാരമാകാമെന്നു കരുതി. ബ്ലോഗ്  തുടങ്ങിക്കഴിഞ്ഞിട്ടാണ് ഇതിനകത്തു എന്തുവാരിനിറയ്ക്കുമെന്ന് കാടും മലയും കയറി ചിന്തിച്ചത്! ഇപ്പോഴും അതിനുത്തരം കിട്ടിയിട്ടില്ല. ദിവസവും പത്രവാർത്തകൾ കോപ്പി പേസ്റ്റ് ചെയ്യാം! അതിനു ഇങ്ങനെയൊരു സാധനത്തിന്റെ കാര്യമുണ്ടോ, പത്രം വായിച്ചാൽ പോരെ? പിന്നെയോ....?

രണ്ടക്ഷരം പഠിച്ചായിരുന്നെങ്കിൽ നാലക്ഷരം എഴുതാമായിരുന്നെന്നു തോന്നിത്തുടങ്ങിയത് മുടിയിഴകൾ കറുപ്പുതാൻ എനക്കുപുടിച്ച കളറ് എന്ന പാട്ടു നിറുത്തിയപ്പോഴാണ്. ക്ലാസ്മുറിയിലെ അക്ഷരങ്ങളേക്കാൾ വില പള്ളിക്കൂടം പറമ്പിലെ കശുമാവിൽനിന്നെറിഞ്ഞു വീഴ്ത്തുന്ന കശുവണ്ടിക്കു കിട്ടുമായിരുന്നതും കോളേജിലെ ബോറൻ ക്ലാസുകളേക്കാൾ രസകരമാണ് തിയേറ്ററിന്റെ ഇടനാഴികളിൽ തിക്കിത്തിരക്കി ശ്വാസം മുട്ടി ടിക്കറ്റെടുത്ത് മാറ്റിനി കാണുന്നതെന്ന് കണ്ടുപിടിച്ചതും അക്ഷരങ്ങളുമായുള്ള ബന്ധം എന്നേ ഊട്ടി(കൊടൈക്കനാൽ) ഉറപ്പിച്ചിരുന്നു.

എങ്കിലും അബദ്ധങ്ങൾക്കു മീതെ മണ്ടത്തരങ്ങൾ വിളമ്പി വിവരമില്ലായ്മയുടെ മേമ്പൊടി ചേർത്ത് പത്തുപതിനഞ്ചു പോസ്റ്റാക്കി. നാട്ടിൽ പോകുന്നതിനുമുമ്പൊരു പടബ്ലോഗിനും തറക്കല്ലിട്ടു. എഴുതുന്നതിനേക്കാൾ സമയം ലാഭിക്കാമെന്ന ഗുട്ടൻസ് മുന്നിൽകണ്ട്. അതും ദാണ്ടെ കെടക്കണു.. ഒന്നുകിൽ അന്തോം കുന്തോം ഇല്ലാതെ മെയിൽ ഫോർവേഡ് വരുന്ന പടങ്ങൾ പോസ്റ്റണം, അല്ലെങ്കിൽ സ്വന്തമായി എടുത്ത പടം വേണം! കൈവിറക്കാതെ ക്യാമറ പിടിക്കാൻ അറിയാമായിരുന്നെങ്കിൽ ഫോട്ടോ ബ്ലോഗ് ഉഷാറാക്കാമായിരുന്നു. പണ്ട് ഓട്ടോഫോക്കസ് ഫിലിം ക്യാമറയിൽ ലെൻസ് ക്യാപ്പ് ഊരാതെ ഒരുറോൾ പടമെടുത്ത ക്രെഡിറ്റും എസ്സെല്ലാർ ക്യാമറയാണെങ്കിൽ ക്യാപ്പ് പ്രശ്നമില്ലെന്നുകേട്ട് അതും വാങ്ങി പടമെടുത്തപ്പോൾ സൂര്യോദയത്തിന്റെ ഫോട്ടൊ കണ്ട പിള്ളേരു ഓം‌ലെറ്റാണെന്നു കരുതി വെള്ളമിറക്കിയതും സേപിയ ടോണിൽ കാണിക്കാൻ പറ്റിയ ഒന്നാന്തരം ഫ്ലാഷ്ബാക്ക്!

രണ്ടരകൊല്ലം മുമ്പ് നൂറു ദിവസത്തെ ലീവിനു ദാ വരണൂന്നും പറഞ്ഞ് പോയ പോക്കാണ്. സുഖയാത്ര എയറിന്ത്യയിലായിരുന്നതിനാൽ വെറും പതിമൂന്നു മണിക്കൂർ മാത്രമേ എയർപോർട്ടിലെ കാഴ്ചകൾ കണ്ടാസ്വദിക്കാൻ സമ്മതിച്ചുള്ളു.

പിറ്റേദിവസംതന്നെ ലീവ് കഴിഞ്ഞെത്തുന്ന പ്രവാസി അനുഷ്ടിക്കേണ്ട പരമ്പരാഗത ആചാരമായ കവലയിലിറങ്ങി നാട്ടുകാരെയും ചങ്ങാതിമാരെയും കണ്ട് സാന്നിദ്ധ്യമറിയിക്കുന്ന ചടങ്ങു നടന്നു. എന്നാ വന്നത്? എപ്പൊഴാ പോണെ? എന്നൊക്കെ കേൾക്കുമ്പോൾ കോപം വരുന്ന ബൂർഷ്വാ മൂരാച്ചി ഗൾഫുകാരനാവാതെ നാട്ടിലെ എല്ലാ അഭ്യുദയകാംക്ഷികൾക്കും, ലീവ്, തിരിച്ചുപോകുന്ന തിയതി, സമയം, ഫ്ലൈറ്റ് നമ്പർ, ബോർഡിംഗ് ടൈം എല്ലാമടങ്ങിയ സത്യവാങ്മൂലം സമർപ്പിച്ചു. കാക്കയുടെ വിശപ്പുമാറിയില്ലേലും പോത്തിന്റെ കടിമാറട്ടെ!

ബാലൻ‌മാഷ് കരണ്ടുതിന്നാത്ത സമയം നോക്കി കമ്പ്യൂട്ടറിന്റെ മുമ്പിലിരിക്കുമ്പോൾ ബീയെസ്സെന്നെല്ലുകാരു തരുന്ന ഡയലപ്പിന്റെ സ്പീഡ് കണ്ടു ചിരിച്ചു ചിരിച്ചു ചാകും! ഇടക്കിടെ നിറുത്തിയും വലിഞ്ഞും... നമ്മൾ നെല്ലിപ്പലകയും കണ്ട് കാത്തിരിക്കണം... മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ വാക്കുകൾ പെറുക്കിയെടുക്കാനിരിക്കുന്ന പത്രലേഖകരെപ്പോലെ ! ആദ്യമൊക്കെ നാൽപ്പത്തിയെട്ട്, മുപ്പത്താറ്, ഇരുപത്തിനാല്, പതിനാറ്, എട്ട്, നാല്, നാല് എം ബിയല്ല കേബി! കേബി പെർ സെക്കന്റ്! ഹായ്..സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ...

ഇവിടെ അറബീടെ കാശുകൊണ്ട് ഹൈസ്പീഡ് ഇന്റെർനെറ്റിന്മേൽ അർമ്മാദിച്ചിട്ട് നാട്ടിൽ കിട്ടിയ തുടക്കം അവർണ്ണനീയം! വേണേൽ റബ്ബർബാൻഡ് പോലത്തെ ബ്രോഡ്ബാൻഡ് നാട്ടിലും കിട്ടും!

ബില്ലുവന്നപ്പോൾ കണ്ണിനുമുമ്പിൽ ആയിരം ഫ്ലാഷ് അനിമേഷൻ എഫക്റ്റുകൾ ! ബ്ലോങ്ങാനിരുന്നവന്റെ തലയിൽ അനോണി കമന്റ് വീണപോലെ!

നാട്ടിലേക്കായി മാറ്റിവെച്ചിരുന്ന പെരുന്നാളാഘോഷങ്ങളെല്ലാം ഒരുവിധം തീർന്നപ്പോൾ ഒരിക്കൽ ഞാൻ നടത്തിക്കൊണ്ടിരിക്കുന്ന ഭയങ്കര സംഭവമായ ബ്ലോഗും ഇനി നാട്ടിൽ വെച്ചു തുടർന്നു നടത്താനുദ്ദേശിക്കുന്ന ഫോട്ടോബ്ലോഗും എല്ലാം ഭാര്യയെ കാണിച്ചു. അവൾക്കു നന്നേ ബോധിച്ചു സർട്ടിഫിക്കറ്റും തന്നു: സംഗതിയൊക്കെ നല്ല രസോണ്ട്... കൊള്ളാം...

“അതേയ്, ഇതെന്താ ഇങ്ങനെത്തെ പേരുകള്...” പക്ഷെ ബ്ലോഗർമാരുടെ പേരുകൾ പുള്ളിക്കാരത്തിക്കത്ര പിടിച്ചില്ല.

ഈനാംപേച്ചി, മരപ്പട്ടി, കുട്ടിച്ചാത്തൻ, മരമാക്രി, ആദിവാസി, പ്രയാസി, ബൃത്തികെട്ടോൻ, കൂതറ, വഷളൻ, ചക്കക്കുരു, മാങ്ങാത്തൊലി...

ബ്ലോഗുണ്ടാക്കുമ്പോൾ ഇങ്ങനത്തെ പേരുകൾക്കാടീ ഡിമാന്റ്! എത്ര രസകരമായ പേരുകൾ!

“എന്നാ നിങ്ങൾക്കും ഇട്ടൂടായിരുന്നോ...”

“മരപ്പട്ടീന്ന് ഇടായിരുന്നു. നിന്റെ കൂട്ടായതോണ്ട് നല്ല ചേർച്ചയുമുണ്ടായേനെ!. പക്ഷെ തറ പേരുകളിൽ ഇനി ഒരെണ്ണം പോലും ബാക്കിയില്ല. എല്ലാം മലയാളം ബ്ലോഗേഴ്സ് കയ്യേറി വേലികെട്ടി രവീന്ദ്രൻ പട്ടയവുമെടുത്തു.”

ബ്ലോഗിങ്ങിനെക്കുറിച്ചുള്ള പഠനക്ലാസിനിടയിൽ സിലബസിലില്ലാത്ത വിഷയത്തിൽനിന്നൊരു ചോദ്യം...

“ഇതീന്നു എന്തു കിട്ടും?”

“പത്തുമുപ്പതു കമന്റുകിട്ടും...”

“കമന്റടീടെ കാര്യല്ല ചോദിച്ചത്...”

“പിന്നെ?”

“മാസം എന്തു വരുമാനം കിട്ടും?”

“വരുമാനമൊന്നുമില്ല, പിന്നെ ഒരു രസം, കുറെ ചങ്ങാതിമാരെ കിട്ടും അവരുടെ മുമ്പിൽ വല്യ ആളാകാം. പിന്നെ ഫോൺ ബില്ല് ഇത്തിരി കൂടും, ഇത്തിരി മാത്രം”

“ബ്ലോങ്ങണതൊന്നും കുഴപ്പമില്ല, ഫോൺ ബില്ല് ഇപ്പൊളഴത്തേതിനേക്കാൾ കൂടാതെ നോക്കിക്കോ. ഇപ്പോഴത്തെ മിനിമം ബില്ലുകെട്ടാൻ തന്നെ പാടുപെടുമ്പോഴാ ഇന്റെർനെറ്റ് ബില്ലുകൂടെ. കുറെക്കാലം കൂടി വന്നതല്ലെ, തൽക്കാലം കൂട്ടുകൂടാൻ ഞാനിവിടെയുണ്ട്. രസമൊക്കെ ഞാൻ ആവശ്യത്തിനുണ്ടാക്കിത്തരാം. കാണാത്ത അറിയാത്ത കുറെയാൾക്കാരുമായി കൂട്ടുകൂടീട്ടെന്തിനാ... കീബോർഡുമ്മേൽ കുത്തിക്കുത്തി വിരലിന്റെ അറ്റം തേഞ്ഞുതീരുന്നതിനുമുമ്പ് എന്തേലും ജോലിക്ക് ശ്രമിക്ക്...”

പിൻബുദ്ധി പ്രായോഗികതയുടെ പിന്നാലെ പായുമ്പോൾ ഞാൻ ജന്മവാസനകളായ കുഴിമടിയും അലസതയും ഗൾഫീന്നു ബോണസായികിട്ടിയ ഉറക്കത്തോടുള്ള ആർത്തിയുമൊക്കെ കൂട്ടി എനിക്കും ബ്ലോഗിങ്ങിനുമിടയിൽ ഫയർവാൾ കെട്ടി !  പിന്നെ അതങ്ങു  വളർന്നു ഗ്രേറ്റ്വാൾ പോലെ...

നാട്ടിൽ എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും ബ്ലോഗ് പോസ്റ്റിനുള്ള വകുപ്പുകൾ മാത്രം. കുറച്ചൊക്കെ എഴുതിത്തുടങ്ങുകയും ചെയ്തു. പോസ്റ്റേൽ പിടിപ്പിക്കുന്ന പോസ്റ്റ്. പണ്ടു സന്ധ്യക്കുശേഷം മാത്രം ഇറങ്ങുമായിരുന്ന പാമ്പുകൾ പുതിയ ബെവറേജസ് ഔട്ട്‌ലെറ്റുകൾ കാരണം ഇരുപത്തിനാലുമണിക്കൂറും ഇഴയുന്നു. ഇഴയാൻ ആവതില്ലാത്തവർ കയ്യാലയിലെ പുല്ലുപറിക്കുന്നു. അതെഴുതി പകുതിയാകുമ്പോഴേക്കും അതിലും രസകരമായ വേറൊരു കൂട്ടർ! വയറുനിറച്ച് ഹാൻസും പാൻപരാഗും തിന്ന് ചൈനാമൊബൈലിൽ ഉച്ചത്തിൽ പാട്ടും കേട്ട്, വീട്ടിൽ റേഷൻ വാ‍ങ്ങാൻ വെച്ച കാശ് അടിച്ചുമാറ്റി മമ്മൂട്ടിക്കും മോഹൻലാലിനും ഫ്ലെക്സ്ബോർഡും വെച്ച് ആനന്ദം ആനന്ദം ആനന്ദമേ പാടുന്നു. എഴുതിയെഴുതി എഴുത്തച്ഛനാകാറായിട്ടും ഇതൊന്നും ബ്ലോഗിലെത്തിയില്ല. നാട്ടിലെത്തിയാൽ എന്തിനാ ബ്ലോഗ്? ദിവസവും നൂറുകണക്കിനു ലൈവ് എന്റെർടൈൻ‌മെന്റുകൾ! ആസ്വദിക്കാനുള്ള മനസ്സുമാത്രമുണ്ടാക്കിയെടുത്താൽ മതി.

അവസാനം മൊബൈലിലൊക്കെ നെറ്റ് കിട്ടിത്തുടങ്ങിയപ്പോഴേക്കും ‘ബ്ല’ തന്നെ മറന്നു!

ആഗോളമാന്ദ്യം പണ്ടേ വന്നു പോയ പ്രവാസിയുടെ നാട്ടുവാസം രണ്ടുവർഷം കഴിഞ്ഞു. ഗൾഫീന്നു കിട്ടിയ ഗ്ലാമറും തടിയും പോയി.  പ്രവാസികളുടെ ലാൻഡ്മാർക്കായ കുടവയറും അപ്രത്യക്ഷമായി. വെയിലേറ്റാൽ മായാത്ത പഴയ ഗ്യാരണ്ടി കളർ തിരിച്ചുവന്നു. കയ്യിലെ പണം മാത്രം തീർന്നില്ല. ഇല്ലാത്തതു തീരില്ലെന്ന തിയറി പഠിച്ചുകൊണ്ടിരിക്കുന്നു!

എന്തിനേറെപ്പറയുന്നു. അവസാനം എല്ലാ ഗൾഫുകാരെയും പോലെ ഞാനും തിരിച്ചുവന്നു.

വന്നപാടെ പഴയ സൈക്കിളുമെടുത്ത് ബൂലോകത്തുകൂടിയൊന്നു കറങ്ങി. കഴിവുള്ള ഒരുപാടുപേർ പുതുതായെത്തിയിരിക്കുന്നു. പ്രവാസികൾക്ക് ഇത്ര സംവരണം കൊടുക്കുന്ന വേറെ പൊതുമേഖലാസ്ഥാപനമുണ്ടോന്നറിയില്ല. ബൂലോകത്തൊരു പുതുമുഖമായെത്തിയപ്പോൾ ഒരുപാട് നിർദ്ദേശങ്ങളും സഹായങ്ങളും തന്ന പഴയ ചങ്ങാതിമാരുടെ ബ്ലോഗിലൊക്കെ പോയി നോക്കി. കുറെപ്പേരൊക്കെയുണ്ട്. മറ്റു ചിലർ ബ്ലോഗും പൂട്ടി സ്ഥലം വിട്ടിരിക്കുന്നു. നാലു ബ്ലോഗും അതുനിറയെ പോസ്റ്റും പിന്നെ ബൂലോകത്തെ പോസ്റ്റുകൾക്കെല്ലാം പോസ്റ്റിനെക്കാൾ വലിയ കമന്റുമായി നടന്ന് നന്മകൾ നേർന്നിരുന്ന മൻസൂർ നിലമ്പൂർ സൗദിയിൽ നിന്നും മുങ്ങി അബുദാബിയിൽ കുടയും പിടിച്ചു നടക്കുന്നു. ചക്രവും ചവച്ച് ബൂലോക പടമെടുപ്പുകാരനായി നടന്ന കുഞ്ഞുമൽസ്യം പ്രയാസി ഒരുവർഷം മുമ്പ് പൾസർ സ്റ്റാൻഡിൽ വെച്ച് പോയതാണ്. പൾസർ ഉപേക്ഷിച്ച പ്രയാസിയെ പുതിയ വണ്ടിയുമായി മഴത്തുള്ളിക്കിലുക്കത്തിൽ കണ്ടു, ശ്രീ പോസ്റ്റ് ചെയ്ത വിവാഹ ഫോട്ടോയിൽ. ഒരുകാലത്ത് എല്ലാവരും മീതേക്കു മീതെ ദിവസവും പോസ്റ്റുകളിട്ടു തിരക്കുകൂട്ടി, ആഴ്ചയിൽ ഒരു പോസ്റ്റേ ഇടാവു എന്നു കർശനനിർദ്ദേശം വെച്ച കിലുക്കം നഷ്ടപ്പെട്ട മഴത്തുള്ളിയെ ഇന്നു ആർക്കും വേണ്ട! ദാ ഇപ്പൊ അതിന്റെ പേരും ഹെഡറും വരെ ആരോ അടിച്ചുമാറ്റിയിരിക്കുന്നു!

എഴുത്തു നിറുത്തി ഓടിനടന്നു കമന്റുന്ന പുതിയ ഒരടവുനയം പയറ്റിയാലോ എന്നും നോക്കി! കമന്റിന്റെ പിന്നാലെ വന്നവർ ചിലരൊക്കെ അവസാന പോസ്റ്റിലെ തീയതികണ്ട് വണ്ടി തിരിച്ചുവിട്ടു.

ബൂലോകത്തെ തീപാറുന്ന ചർച്ചകളിൽ നിന്നും ഓടിമാറി ആർക്കെങ്കിലും ഒരു കുഞ്ഞു കമന്റുമെഴുതി ഇഷ്ടമുള്ള പടം കണ്ടാൽ സ്മൈലിയിടാനറിയാത്തതിനാൽ കൊള്ളാമെന്നും പറഞ്ഞ് തടിയെടുക്കുക. അടി-ഇടി തർക്ക സംവാദ ബ്ലോഗുകളിലേക്കെത്തിനോട്ടം മാത്രം! അങ്ങാടിയിൽ അടിനടക്കുമ്പോൾ ഓടി കയ്യാലപ്പുറത്ത് കയറിനിന്ന് കളികാണുന്ന ധൈര്യം! അതാണിപ്പോഴത്തെ പോളിസി. റ്റേക്കീറ്റീസിപോളിസി!

ജോലിത്തിരക്കുകൾക്കിടയിൽ നിന്നുപോലും അനവധി പുത്തനറിവുകൾ ലളിതമായി മലയാളത്തിലേക്ക് പകർന്നു തരുന്ന നിരവധി ബ്ലോഗർമാർ. മലയാളകഥയുടെയും കവിതയുടെയും കൈവഴികളിലൂടെ ഹൃദയത്തിൽ പുതുവസന്തം വിരിയിക്കുന്നവർ... കാണാത്ത കാഴ്ചകളും വിവരണങ്ങളുമായി യാത്രയിൽ ഒപ്പം കൂട്ടുന്നവർ. സൌഹൃദത്തിന്റെ നറു നിലാവുമായി സ്നേഹം വിതറുന്ന കാണാത്ത സഹോദരങ്ങൾ... ഒറ്റപ്പെടലിന്റെ ഏകാന്തതയിൽ സാന്ത്വനമാകുന്നവർ.. നർമ്മം വിതറി വിരസതയകറ്റുന്നവർ... വീൽചെയറിലിരുന്നും ശരീരമൊന്നനക്കാൻ പോലുമാവാതെ കിടന്നുകൊണ്ടും ബ്ലോഗെഴുതുകയും വായിക്കുകയും കമന്റുകയും ചെയ്യുന്നവർ... ഇവരൊക്കെയാണീ മാധ്യമത്തിന്റെ ശക്തിയും ഐശ്വര്യവും. എല്ല്ലാവരെയും സ്നേഹിച്ച് നിങ്ങളിലൊരാളായി ഈ ബൂലോഗ മലയാളത്തിന്റെ കോണിൽ ഞാനും!

നൂറു ദിവസത്തെ ലീവ് അടിച്ചുപരത്തി വലിച്ചുനീട്ടി രണ്ടേകാലരക്കാൽ കൊല്ലമാക്കി ഞാൻ തിരിച്ചെത്തി, പ്രവാസത്തിലേക്കും ഒപ്പം ബൂലോകത്തേക്കും.

ഒരു രഹസ്യം: ആരോടും പറയണ്ട! നാട്ടിൽ ഒരുമാതിരെ സെറ്റപ്പൊക്കെ ആയതാ... ഗൾഫിലേക്കു തിരിച്ചുപോരേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല, പിന്നെ കെട്ട്യോളേം മൂന്നു കുട്ട്യോളേം പട്ടിണിക്കിടണ്ടാന്നു കരുതി മാത്രം...