Showing posts with label ബ്ലോഗ്. Show all posts
Showing posts with label ബ്ലോഗ്. Show all posts

Friday, August 13, 2010

ഇടവേളയ്ക്കു ശേഷം തുടരും!


      പുണ്യമാസമായ റമദാനിന്റെ ആദ്യദിനങ്ങൾ പിന്നിടുന്നു. ആയിരം മാസങ്ങളേക്കാൾ പുണ്യം വിതയ്ക്കുന്ന ഈ മാസം ലോക മുസ്‌ലിംകൾക്ക് അനുഗ്രഹങ്ങൾ കൊണ്ട് ധന്യമായ കാലം... വ്രതാനുഷ്ടാനത്തിലൂടെ ആത്മ സംസ്കരണം നേടുന്ന റമദാൻ പുണ്യങ്ങളുടെ പൂക്കാലമായാണ് മുസ്‌ലിംകൾ കാണുന്നത്. ഭക്ഷണം ഉപേക്ഷിക്കുന്ന പകലുകൾക്കൊപ്പം മനസ്സു ശുദ്ധമാക്കാനുള്ള ശ്രമങ്ങൾക്കുമിടമുണ്ടാവണം. അതിനു കഴിയാത്തവൻ നഷ്ടപ്പെടുത്തുന്നത് തിരിച്ചുവരാത്തൊരു സുവർണ്ണാവസരമാണ്.

        ദേഹേച്ഛകൾക്ക് വ്യക്തമായ നിയന്ത്രണം കൊടുക്കുന്ന റമദാനിൽ ബ്ലോഗിംഗിനും കുറച്ചുദിവസത്തെ വിശ്രമം കൊടുക്കാനാണ് എന്റെ തീരുമാനം. പുണ്യമാസമായ റമദാനിന്റെ വിശുദ്ധിയെ കാത്തു സൂക്ഷിക്കുന്നതിനായി എല്ലാ നോമ്പുകാലത്തും ചെയ്യാറുള്ള പ്രിയങ്ങളെ മാറ്റിവെയ്ക്കുന്ന പതിവ് രീതി തന്നെ. ചിലയിടത്ത് എന്റെ സാന്നിദ്ധ്യം അത്യാവശ്യമാണെന്ന് തോന്നിയതിനാൽ അതിനായി ഇത്തവണ അല്പം വൈകിയെന്ന് മാത്രം. പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ മറ്റൊ ആയ പരാമർശങ്ങളിൽ നിന്നും മാറി നിൽക്കാനും വേണ്ടി മാത്രം അല്പം ഇടപെടലുകൾ കുറയ്ക്കുകയാണ്. ഒരുപാടറിവുകളും സൌഹൃദങ്ങളും തന്ന ഈ മാധ്യമത്തിൽ തിന്മ കൂടുതലായിട്ടാണെന്നോ ഒരു മാസത്തിനുശേഷം നിങ്ങളെ വിഷമിപ്പിക്കാ‍ൻ ഇറങ്ങിത്തിരിക്കും എന്നോ അതിനർത്ഥമില്ല. വ്രതാനുഷ്ടാനത്തിലൂടെയും പ്രാർത്ഥനകളിലൂടെയും മനസ്സിനെ സ്ഫുടം ചെയ്ത് കൂടുതൽ പക്വമായും വിവേകത്തോടെയും ജീവിതത്തെ സമീപിക്കാൻ  ഈ അവസരം ഉതകുമെന്ന് കരുതുന്നു. ഞാൻ എന്റേതായ രീതിയിൽ അതിനായി ശ്രമിക്കുന്നു.

     എന്റെ സ്നേഹിതരുടെ നല്ല പോസ്റ്റുകൾ കാണാനും എന്തെങ്കിലും കുറിക്കാനും വൈകിയാലും ഞാനുണ്ടാവും. എങ്കിലും സ്വന്തമായ കുറച്ച് സമയം നീക്കി വെയ്ക്കുന്നതിനായി ബൂലോകത്തെ കറക്കം ലേശം കുറയ്ക്കുന്നു എന്നു മാത്രം.

      ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ബൂലോകത്ത് നടക്കാനിറങ്ങിയിട്ട് നാലുമാസമായതേയുള്ളു. ഇതിനകം നിങ്ങളിൽ ഒരാളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒപ്പം ചിലരെയെങ്കിലും വേദനിപ്പിക്കേണ്ടിവന്നതിൽ സങ്കടവുമുണ്ട്. ഏതുവിഷയങ്ങളിലും പെട്ടെന്ന് പ്രതികരിക്കുക എന്നത് എന്റെ നല്ലതോ ചീത്തയോ എന്നു വേർതിരിക്കാനാവാത്ത സ്വഭാവത്തിന്റെ ഭാഗം തന്നെ. ചെറുപ്പം മുതലേ വാക്കുകളും ചിത്രങ്ങളും കാർട്ടൂണുകളുമായി തുടർന്ന ആ സ്വഭാവം ഇപ്പോൾ ബ്ലോഗ് എന്ന മാധ്യമത്തിലൂടെയും തുടരുന്നു. ശരികളേക്കാ‍ൾ കൂടുതൽ തെറ്റുകളാണ് എന്നിൽ നിന്നും വരുന്നതെങ്കിലും തെറ്റാണെന്ന് തിരിച്ചറിഞ്ഞാ‍ൽ പിടിവാശികളില്ലാതെ തിരുത്താനുള്ള സന്നദ്ധത എന്നും കൂടെ നിറുത്താൻ ശ്രമിച്ചിട്ടുണ്ട്. ഒപ്പം ശരിയെന്ന് പൂർണ്ണ ബോധ്യമുള്ളതിനൊപ്പം ഉറച്ചു നിൽക്കാനും.

  അറിഞ്ഞോ അറിയാതെയോ നിങ്ങളെ ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കണമെന്നും ഇനിയും സൌഹാർദ്ദത്തോടെ തുടരാൻ നിങ്ങളുടെ എല്ലാവിധ സഹകരണവും ഉണ്ടാകണമെന്നും ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു.

ബൂലോകത്തിലെ എല്ലാ സഹോദരങ്ങൾക്കും റമദാൻ ആശംസകൾ!
എല്ലാവർക്കും നന്മകൾ നേരുന്നു.

Monday, May 10, 2010

പോസ്റ്റില്ലായ്മ!

എവിടെപ്പോയി? ഇവിടെങ്ങുമില്ലേ? കണ്ടിട്ടൊത്തിരിയായല്ലോ എന്തെങ്കിലും എഴുതിഷ്ടാ... മെയിലായും കമന്റായും ഇതുപോലുള്ള ചോദ്യമൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കുറെയായി.

എന്തെ,താങ്കളുടെ ഉറവ വറ്റിയോ? അതോ അലസതയില്‍ മുങ്ങിപ്പോയോ? അവിടെയും ഇവിടെയും കമന്റി കളിക്കാതെ എന്തെങ്കിലും എഴുതൂ സഹോദരാ...

‘ഉറവവറ്റിയോ’ പോലുള്ള ചങ്കിൽ കൊള്ളണ ചോദ്യം പാടൊണ്ടോ. എല്ലാരും കൂടി എന്നെക്കൊണ്ട് എന്തെങ്കിലും കടുംകൈ ചെയ്യിക്കും! നനഞ്ഞിറങ്ങി, ഭാഗ്യമുണ്ടെങ്കിൽ കുളിച്ചുകേറാം... അല്ലെങ്കിൽ മുങ്ങിച്ചാകട്ടെ!

ബ്ലോഗിലെ പോസ്റ്റില്ലായ്മയാണല്ലോ കവർസ്റ്റോറി....

അടുത്തുള്ളവരെയൊക്ക അത്യാവശ്യം ജാഡ കാണിച്ചു വെറുപ്പിച്ചുകഴിഞ്ഞപ്പോൾ ഇനിയൊരു ഓൺലൈൻ അഹങ്കാരമാകാമെന്നു കരുതി. ബ്ലോഗ്  തുടങ്ങിക്കഴിഞ്ഞിട്ടാണ് ഇതിനകത്തു എന്തുവാരിനിറയ്ക്കുമെന്ന് കാടും മലയും കയറി ചിന്തിച്ചത്! ഇപ്പോഴും അതിനുത്തരം കിട്ടിയിട്ടില്ല. ദിവസവും പത്രവാർത്തകൾ കോപ്പി പേസ്റ്റ് ചെയ്യാം! അതിനു ഇങ്ങനെയൊരു സാധനത്തിന്റെ കാര്യമുണ്ടോ, പത്രം വായിച്ചാൽ പോരെ? പിന്നെയോ....?

രണ്ടക്ഷരം പഠിച്ചായിരുന്നെങ്കിൽ നാലക്ഷരം എഴുതാമായിരുന്നെന്നു തോന്നിത്തുടങ്ങിയത് മുടിയിഴകൾ കറുപ്പുതാൻ എനക്കുപുടിച്ച കളറ് എന്ന പാട്ടു നിറുത്തിയപ്പോഴാണ്. ക്ലാസ്മുറിയിലെ അക്ഷരങ്ങളേക്കാൾ വില പള്ളിക്കൂടം പറമ്പിലെ കശുമാവിൽനിന്നെറിഞ്ഞു വീഴ്ത്തുന്ന കശുവണ്ടിക്കു കിട്ടുമായിരുന്നതും കോളേജിലെ ബോറൻ ക്ലാസുകളേക്കാൾ രസകരമാണ് തിയേറ്ററിന്റെ ഇടനാഴികളിൽ തിക്കിത്തിരക്കി ശ്വാസം മുട്ടി ടിക്കറ്റെടുത്ത് മാറ്റിനി കാണുന്നതെന്ന് കണ്ടുപിടിച്ചതും അക്ഷരങ്ങളുമായുള്ള ബന്ധം എന്നേ ഊട്ടി(കൊടൈക്കനാൽ) ഉറപ്പിച്ചിരുന്നു.

എങ്കിലും അബദ്ധങ്ങൾക്കു മീതെ മണ്ടത്തരങ്ങൾ വിളമ്പി വിവരമില്ലായ്മയുടെ മേമ്പൊടി ചേർത്ത് പത്തുപതിനഞ്ചു പോസ്റ്റാക്കി. നാട്ടിൽ പോകുന്നതിനുമുമ്പൊരു പടബ്ലോഗിനും തറക്കല്ലിട്ടു. എഴുതുന്നതിനേക്കാൾ സമയം ലാഭിക്കാമെന്ന ഗുട്ടൻസ് മുന്നിൽകണ്ട്. അതും ദാണ്ടെ കെടക്കണു.. ഒന്നുകിൽ അന്തോം കുന്തോം ഇല്ലാതെ മെയിൽ ഫോർവേഡ് വരുന്ന പടങ്ങൾ പോസ്റ്റണം, അല്ലെങ്കിൽ സ്വന്തമായി എടുത്ത പടം വേണം! കൈവിറക്കാതെ ക്യാമറ പിടിക്കാൻ അറിയാമായിരുന്നെങ്കിൽ ഫോട്ടോ ബ്ലോഗ് ഉഷാറാക്കാമായിരുന്നു. പണ്ട് ഓട്ടോഫോക്കസ് ഫിലിം ക്യാമറയിൽ ലെൻസ് ക്യാപ്പ് ഊരാതെ ഒരുറോൾ പടമെടുത്ത ക്രെഡിറ്റും എസ്സെല്ലാർ ക്യാമറയാണെങ്കിൽ ക്യാപ്പ് പ്രശ്നമില്ലെന്നുകേട്ട് അതും വാങ്ങി പടമെടുത്തപ്പോൾ സൂര്യോദയത്തിന്റെ ഫോട്ടൊ കണ്ട പിള്ളേരു ഓം‌ലെറ്റാണെന്നു കരുതി വെള്ളമിറക്കിയതും സേപിയ ടോണിൽ കാണിക്കാൻ പറ്റിയ ഒന്നാന്തരം ഫ്ലാഷ്ബാക്ക്!

രണ്ടരകൊല്ലം മുമ്പ് നൂറു ദിവസത്തെ ലീവിനു ദാ വരണൂന്നും പറഞ്ഞ് പോയ പോക്കാണ്. സുഖയാത്ര എയറിന്ത്യയിലായിരുന്നതിനാൽ വെറും പതിമൂന്നു മണിക്കൂർ മാത്രമേ എയർപോർട്ടിലെ കാഴ്ചകൾ കണ്ടാസ്വദിക്കാൻ സമ്മതിച്ചുള്ളു.

പിറ്റേദിവസംതന്നെ ലീവ് കഴിഞ്ഞെത്തുന്ന പ്രവാസി അനുഷ്ടിക്കേണ്ട പരമ്പരാഗത ആചാരമായ കവലയിലിറങ്ങി നാട്ടുകാരെയും ചങ്ങാതിമാരെയും കണ്ട് സാന്നിദ്ധ്യമറിയിക്കുന്ന ചടങ്ങു നടന്നു. എന്നാ വന്നത്? എപ്പൊഴാ പോണെ? എന്നൊക്കെ കേൾക്കുമ്പോൾ കോപം വരുന്ന ബൂർഷ്വാ മൂരാച്ചി ഗൾഫുകാരനാവാതെ നാട്ടിലെ എല്ലാ അഭ്യുദയകാംക്ഷികൾക്കും, ലീവ്, തിരിച്ചുപോകുന്ന തിയതി, സമയം, ഫ്ലൈറ്റ് നമ്പർ, ബോർഡിംഗ് ടൈം എല്ലാമടങ്ങിയ സത്യവാങ്മൂലം സമർപ്പിച്ചു. കാക്കയുടെ വിശപ്പുമാറിയില്ലേലും പോത്തിന്റെ കടിമാറട്ടെ!

ബാലൻ‌മാഷ് കരണ്ടുതിന്നാത്ത സമയം നോക്കി കമ്പ്യൂട്ടറിന്റെ മുമ്പിലിരിക്കുമ്പോൾ ബീയെസ്സെന്നെല്ലുകാരു തരുന്ന ഡയലപ്പിന്റെ സ്പീഡ് കണ്ടു ചിരിച്ചു ചിരിച്ചു ചാകും! ഇടക്കിടെ നിറുത്തിയും വലിഞ്ഞും... നമ്മൾ നെല്ലിപ്പലകയും കണ്ട് കാത്തിരിക്കണം... മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ വാക്കുകൾ പെറുക്കിയെടുക്കാനിരിക്കുന്ന പത്രലേഖകരെപ്പോലെ ! ആദ്യമൊക്കെ നാൽപ്പത്തിയെട്ട്, മുപ്പത്താറ്, ഇരുപത്തിനാല്, പതിനാറ്, എട്ട്, നാല്, നാല് എം ബിയല്ല കേബി! കേബി പെർ സെക്കന്റ്! ഹായ്..സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ...

ഇവിടെ അറബീടെ കാശുകൊണ്ട് ഹൈസ്പീഡ് ഇന്റെർനെറ്റിന്മേൽ അർമ്മാദിച്ചിട്ട് നാട്ടിൽ കിട്ടിയ തുടക്കം അവർണ്ണനീയം! വേണേൽ റബ്ബർബാൻഡ് പോലത്തെ ബ്രോഡ്ബാൻഡ് നാട്ടിലും കിട്ടും!

ബില്ലുവന്നപ്പോൾ കണ്ണിനുമുമ്പിൽ ആയിരം ഫ്ലാഷ് അനിമേഷൻ എഫക്റ്റുകൾ ! ബ്ലോങ്ങാനിരുന്നവന്റെ തലയിൽ അനോണി കമന്റ് വീണപോലെ!

നാട്ടിലേക്കായി മാറ്റിവെച്ചിരുന്ന പെരുന്നാളാഘോഷങ്ങളെല്ലാം ഒരുവിധം തീർന്നപ്പോൾ ഒരിക്കൽ ഞാൻ നടത്തിക്കൊണ്ടിരിക്കുന്ന ഭയങ്കര സംഭവമായ ബ്ലോഗും ഇനി നാട്ടിൽ വെച്ചു തുടർന്നു നടത്താനുദ്ദേശിക്കുന്ന ഫോട്ടോബ്ലോഗും എല്ലാം ഭാര്യയെ കാണിച്ചു. അവൾക്കു നന്നേ ബോധിച്ചു സർട്ടിഫിക്കറ്റും തന്നു: സംഗതിയൊക്കെ നല്ല രസോണ്ട്... കൊള്ളാം...

“അതേയ്, ഇതെന്താ ഇങ്ങനെത്തെ പേരുകള്...” പക്ഷെ ബ്ലോഗർമാരുടെ പേരുകൾ പുള്ളിക്കാരത്തിക്കത്ര പിടിച്ചില്ല.

ഈനാംപേച്ചി, മരപ്പട്ടി, കുട്ടിച്ചാത്തൻ, മരമാക്രി, ആദിവാസി, പ്രയാസി, ബൃത്തികെട്ടോൻ, കൂതറ, വഷളൻ, ചക്കക്കുരു, മാങ്ങാത്തൊലി...

ബ്ലോഗുണ്ടാക്കുമ്പോൾ ഇങ്ങനത്തെ പേരുകൾക്കാടീ ഡിമാന്റ്! എത്ര രസകരമായ പേരുകൾ!

“എന്നാ നിങ്ങൾക്കും ഇട്ടൂടായിരുന്നോ...”

“മരപ്പട്ടീന്ന് ഇടായിരുന്നു. നിന്റെ കൂട്ടായതോണ്ട് നല്ല ചേർച്ചയുമുണ്ടായേനെ!. പക്ഷെ തറ പേരുകളിൽ ഇനി ഒരെണ്ണം പോലും ബാക്കിയില്ല. എല്ലാം മലയാളം ബ്ലോഗേഴ്സ് കയ്യേറി വേലികെട്ടി രവീന്ദ്രൻ പട്ടയവുമെടുത്തു.”

ബ്ലോഗിങ്ങിനെക്കുറിച്ചുള്ള പഠനക്ലാസിനിടയിൽ സിലബസിലില്ലാത്ത വിഷയത്തിൽനിന്നൊരു ചോദ്യം...

“ഇതീന്നു എന്തു കിട്ടും?”

“പത്തുമുപ്പതു കമന്റുകിട്ടും...”

“കമന്റടീടെ കാര്യല്ല ചോദിച്ചത്...”

“പിന്നെ?”

“മാസം എന്തു വരുമാനം കിട്ടും?”

“വരുമാനമൊന്നുമില്ല, പിന്നെ ഒരു രസം, കുറെ ചങ്ങാതിമാരെ കിട്ടും അവരുടെ മുമ്പിൽ വല്യ ആളാകാം. പിന്നെ ഫോൺ ബില്ല് ഇത്തിരി കൂടും, ഇത്തിരി മാത്രം”

“ബ്ലോങ്ങണതൊന്നും കുഴപ്പമില്ല, ഫോൺ ബില്ല് ഇപ്പൊളഴത്തേതിനേക്കാൾ കൂടാതെ നോക്കിക്കോ. ഇപ്പോഴത്തെ മിനിമം ബില്ലുകെട്ടാൻ തന്നെ പാടുപെടുമ്പോഴാ ഇന്റെർനെറ്റ് ബില്ലുകൂടെ. കുറെക്കാലം കൂടി വന്നതല്ലെ, തൽക്കാലം കൂട്ടുകൂടാൻ ഞാനിവിടെയുണ്ട്. രസമൊക്കെ ഞാൻ ആവശ്യത്തിനുണ്ടാക്കിത്തരാം. കാണാത്ത അറിയാത്ത കുറെയാൾക്കാരുമായി കൂട്ടുകൂടീട്ടെന്തിനാ... കീബോർഡുമ്മേൽ കുത്തിക്കുത്തി വിരലിന്റെ അറ്റം തേഞ്ഞുതീരുന്നതിനുമുമ്പ് എന്തേലും ജോലിക്ക് ശ്രമിക്ക്...”

പിൻബുദ്ധി പ്രായോഗികതയുടെ പിന്നാലെ പായുമ്പോൾ ഞാൻ ജന്മവാസനകളായ കുഴിമടിയും അലസതയും ഗൾഫീന്നു ബോണസായികിട്ടിയ ഉറക്കത്തോടുള്ള ആർത്തിയുമൊക്കെ കൂട്ടി എനിക്കും ബ്ലോഗിങ്ങിനുമിടയിൽ ഫയർവാൾ കെട്ടി !  പിന്നെ അതങ്ങു  വളർന്നു ഗ്രേറ്റ്വാൾ പോലെ...

നാട്ടിൽ എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും ബ്ലോഗ് പോസ്റ്റിനുള്ള വകുപ്പുകൾ മാത്രം. കുറച്ചൊക്കെ എഴുതിത്തുടങ്ങുകയും ചെയ്തു. പോസ്റ്റേൽ പിടിപ്പിക്കുന്ന പോസ്റ്റ്. പണ്ടു സന്ധ്യക്കുശേഷം മാത്രം ഇറങ്ങുമായിരുന്ന പാമ്പുകൾ പുതിയ ബെവറേജസ് ഔട്ട്‌ലെറ്റുകൾ കാരണം ഇരുപത്തിനാലുമണിക്കൂറും ഇഴയുന്നു. ഇഴയാൻ ആവതില്ലാത്തവർ കയ്യാലയിലെ പുല്ലുപറിക്കുന്നു. അതെഴുതി പകുതിയാകുമ്പോഴേക്കും അതിലും രസകരമായ വേറൊരു കൂട്ടർ! വയറുനിറച്ച് ഹാൻസും പാൻപരാഗും തിന്ന് ചൈനാമൊബൈലിൽ ഉച്ചത്തിൽ പാട്ടും കേട്ട്, വീട്ടിൽ റേഷൻ വാ‍ങ്ങാൻ വെച്ച കാശ് അടിച്ചുമാറ്റി മമ്മൂട്ടിക്കും മോഹൻലാലിനും ഫ്ലെക്സ്ബോർഡും വെച്ച് ആനന്ദം ആനന്ദം ആനന്ദമേ പാടുന്നു. എഴുതിയെഴുതി എഴുത്തച്ഛനാകാറായിട്ടും ഇതൊന്നും ബ്ലോഗിലെത്തിയില്ല. നാട്ടിലെത്തിയാൽ എന്തിനാ ബ്ലോഗ്? ദിവസവും നൂറുകണക്കിനു ലൈവ് എന്റെർടൈൻ‌മെന്റുകൾ! ആസ്വദിക്കാനുള്ള മനസ്സുമാത്രമുണ്ടാക്കിയെടുത്താൽ മതി.

അവസാനം മൊബൈലിലൊക്കെ നെറ്റ് കിട്ടിത്തുടങ്ങിയപ്പോഴേക്കും ‘ബ്ല’ തന്നെ മറന്നു!

ആഗോളമാന്ദ്യം പണ്ടേ വന്നു പോയ പ്രവാസിയുടെ നാട്ടുവാസം രണ്ടുവർഷം കഴിഞ്ഞു. ഗൾഫീന്നു കിട്ടിയ ഗ്ലാമറും തടിയും പോയി.  പ്രവാസികളുടെ ലാൻഡ്മാർക്കായ കുടവയറും അപ്രത്യക്ഷമായി. വെയിലേറ്റാൽ മായാത്ത പഴയ ഗ്യാരണ്ടി കളർ തിരിച്ചുവന്നു. കയ്യിലെ പണം മാത്രം തീർന്നില്ല. ഇല്ലാത്തതു തീരില്ലെന്ന തിയറി പഠിച്ചുകൊണ്ടിരിക്കുന്നു!

എന്തിനേറെപ്പറയുന്നു. അവസാനം എല്ലാ ഗൾഫുകാരെയും പോലെ ഞാനും തിരിച്ചുവന്നു.

വന്നപാടെ പഴയ സൈക്കിളുമെടുത്ത് ബൂലോകത്തുകൂടിയൊന്നു കറങ്ങി. കഴിവുള്ള ഒരുപാടുപേർ പുതുതായെത്തിയിരിക്കുന്നു. പ്രവാസികൾക്ക് ഇത്ര സംവരണം കൊടുക്കുന്ന വേറെ പൊതുമേഖലാസ്ഥാപനമുണ്ടോന്നറിയില്ല. ബൂലോകത്തൊരു പുതുമുഖമായെത്തിയപ്പോൾ ഒരുപാട് നിർദ്ദേശങ്ങളും സഹായങ്ങളും തന്ന പഴയ ചങ്ങാതിമാരുടെ ബ്ലോഗിലൊക്കെ പോയി നോക്കി. കുറെപ്പേരൊക്കെയുണ്ട്. മറ്റു ചിലർ ബ്ലോഗും പൂട്ടി സ്ഥലം വിട്ടിരിക്കുന്നു. നാലു ബ്ലോഗും അതുനിറയെ പോസ്റ്റും പിന്നെ ബൂലോകത്തെ പോസ്റ്റുകൾക്കെല്ലാം പോസ്റ്റിനെക്കാൾ വലിയ കമന്റുമായി നടന്ന് നന്മകൾ നേർന്നിരുന്ന മൻസൂർ നിലമ്പൂർ സൗദിയിൽ നിന്നും മുങ്ങി അബുദാബിയിൽ കുടയും പിടിച്ചു നടക്കുന്നു. ചക്രവും ചവച്ച് ബൂലോക പടമെടുപ്പുകാരനായി നടന്ന കുഞ്ഞുമൽസ്യം പ്രയാസി ഒരുവർഷം മുമ്പ് പൾസർ സ്റ്റാൻഡിൽ വെച്ച് പോയതാണ്. പൾസർ ഉപേക്ഷിച്ച പ്രയാസിയെ പുതിയ വണ്ടിയുമായി മഴത്തുള്ളിക്കിലുക്കത്തിൽ കണ്ടു, ശ്രീ പോസ്റ്റ് ചെയ്ത വിവാഹ ഫോട്ടോയിൽ. ഒരുകാലത്ത് എല്ലാവരും മീതേക്കു മീതെ ദിവസവും പോസ്റ്റുകളിട്ടു തിരക്കുകൂട്ടി, ആഴ്ചയിൽ ഒരു പോസ്റ്റേ ഇടാവു എന്നു കർശനനിർദ്ദേശം വെച്ച കിലുക്കം നഷ്ടപ്പെട്ട മഴത്തുള്ളിയെ ഇന്നു ആർക്കും വേണ്ട! ദാ ഇപ്പൊ അതിന്റെ പേരും ഹെഡറും വരെ ആരോ അടിച്ചുമാറ്റിയിരിക്കുന്നു!

എഴുത്തു നിറുത്തി ഓടിനടന്നു കമന്റുന്ന പുതിയ ഒരടവുനയം പയറ്റിയാലോ എന്നും നോക്കി! കമന്റിന്റെ പിന്നാലെ വന്നവർ ചിലരൊക്കെ അവസാന പോസ്റ്റിലെ തീയതികണ്ട് വണ്ടി തിരിച്ചുവിട്ടു.

ബൂലോകത്തെ തീപാറുന്ന ചർച്ചകളിൽ നിന്നും ഓടിമാറി ആർക്കെങ്കിലും ഒരു കുഞ്ഞു കമന്റുമെഴുതി ഇഷ്ടമുള്ള പടം കണ്ടാൽ സ്മൈലിയിടാനറിയാത്തതിനാൽ കൊള്ളാമെന്നും പറഞ്ഞ് തടിയെടുക്കുക. അടി-ഇടി തർക്ക സംവാദ ബ്ലോഗുകളിലേക്കെത്തിനോട്ടം മാത്രം! അങ്ങാടിയിൽ അടിനടക്കുമ്പോൾ ഓടി കയ്യാലപ്പുറത്ത് കയറിനിന്ന് കളികാണുന്ന ധൈര്യം! അതാണിപ്പോഴത്തെ പോളിസി. റ്റേക്കീറ്റീസിപോളിസി!

ജോലിത്തിരക്കുകൾക്കിടയിൽ നിന്നുപോലും അനവധി പുത്തനറിവുകൾ ലളിതമായി മലയാളത്തിലേക്ക് പകർന്നു തരുന്ന നിരവധി ബ്ലോഗർമാർ. മലയാളകഥയുടെയും കവിതയുടെയും കൈവഴികളിലൂടെ ഹൃദയത്തിൽ പുതുവസന്തം വിരിയിക്കുന്നവർ... കാണാത്ത കാഴ്ചകളും വിവരണങ്ങളുമായി യാത്രയിൽ ഒപ്പം കൂട്ടുന്നവർ. സൌഹൃദത്തിന്റെ നറു നിലാവുമായി സ്നേഹം വിതറുന്ന കാണാത്ത സഹോദരങ്ങൾ... ഒറ്റപ്പെടലിന്റെ ഏകാന്തതയിൽ സാന്ത്വനമാകുന്നവർ.. നർമ്മം വിതറി വിരസതയകറ്റുന്നവർ... വീൽചെയറിലിരുന്നും ശരീരമൊന്നനക്കാൻ പോലുമാവാതെ കിടന്നുകൊണ്ടും ബ്ലോഗെഴുതുകയും വായിക്കുകയും കമന്റുകയും ചെയ്യുന്നവർ... ഇവരൊക്കെയാണീ മാധ്യമത്തിന്റെ ശക്തിയും ഐശ്വര്യവും. എല്ല്ലാവരെയും സ്നേഹിച്ച് നിങ്ങളിലൊരാളായി ഈ ബൂലോഗ മലയാളത്തിന്റെ കോണിൽ ഞാനും!

നൂറു ദിവസത്തെ ലീവ് അടിച്ചുപരത്തി വലിച്ചുനീട്ടി രണ്ടേകാലരക്കാൽ കൊല്ലമാക്കി ഞാൻ തിരിച്ചെത്തി, പ്രവാസത്തിലേക്കും ഒപ്പം ബൂലോകത്തേക്കും.

ഒരു രഹസ്യം: ആരോടും പറയണ്ട! നാട്ടിൽ ഒരുമാതിരെ സെറ്റപ്പൊക്കെ ആയതാ... ഗൾഫിലേക്കു തിരിച്ചുപോരേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല, പിന്നെ കെട്ട്യോളേം മൂന്നു കുട്ട്യോളേം പട്ടിണിക്കിടണ്ടാന്നു കരുതി മാത്രം...