Monday, October 29, 2007

കുട്ടിച്ചാത്തന്‍ മാഹാത്മ്യം!!

   യാതൊരു പ്രത്യേകതകളുമില്ലാതെ ഇരുണ്ടുവെളുത്തു കടന്നുപോയിരുന്ന ഞങ്ങളുടെ ഗ്രാമത്തിലേക്കൊരു ഉത്സവമായാണവന്‍ കടന്നുവന്നത്‌. അഞ്ചെട്ടുവര്‍ഷം മുമ്പുള്ള ഒരവധിക്കാലത്തായിരുന്നു അത്‌. എന്റെ വീടിന്റെ തൊട്ടടുത്തുള്ള അഞ്ചാറേക്കര്‍ വരുന്ന റബ്ബര്‍തോട്ടത്തിന്‌ നടുവിലെ ആ വലിയ വീട്ടിലാണ്‌ അവന്‍ എത്തിയത്‌

   അച്ഛനും മൂന്നാണ്‍മക്കളും അവരുടെ ഭാര്യമാരും മക്കളുമായി താമസിക്കുന്ന ഒരു പഴയമോഡല്‍ വീടായിരുന്നു. അയല്‍പക്കമെങ്കിലും എന്റെ കുഞ്ഞുന്നാളിലെപ്പോഴൊ അവിടെപോയ ഓര്‍മ്മയേ ഉള്ളു. നാട്ടിലെ ഓരോരുത്തരോടും ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ അവര്‍ സ്നേഹം കാണിച്ചിട്ടുണ്ട്‌.  അതിനാൽ ആർക്കും കണ്ടുകൂടാതായ അവരുടെ ഹിറ്റ്‌ലിസ്റ്റില്‍പ്പെട്ട്‌ പോലീസ്‌ സ്റ്റേഷനിലോ കോടതിയിലോ കേറേണ്ടിവരാത്ത നാട്ടുകാര്‍ ചുരുക്കമാണ്‌. കുളത്തില്‍ ചൂണ്ടയിടുക, മാവിന്‍ചുവട്ടില്‍നിന്നും മാങ്ങ പെറുക്കുക പോലുള്ള തീവ്രമായ ക്രിമിനല്‍ കുറ്റങ്ങളിലകപ്പെട്ട ബാല്യങ്ങളും നിരവധി.  അവര്‍ക്ക്‌  മുമ്പിൽ വെറുക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍ നാട്ടുകാരെല്ലാവരും. ആരോ എവിടെയോ വഴിവെട്ടിയതിന്‌ മനസ്സറിയാതെ ഒന്നാം പ്രതിയായിപ്പോയൊരാളുടെ മകനായിരുന്നു ഞാനും.

     കേസുകളുടെ പ്രതാപകാലം അവസാനിച്ചെങ്കിലും നാട്ടിലെല്ലാവരോടും പ്രത്യേകം അകലം സൂക്ഷിച്ചിരുന്നു. നാട്‌ തിരിച്ചും. അതുകൊണ്ടാവാം അവര്‍ക്കുവരുന്ന ചെറിയ വീഴ്ചപോലും നാടിനാഘോഷവുമായി. എന്തൊക്കെയണെങ്കിലും കേട്ടുകേള്‍വിമാത്രമായിരുന്ന അവന്‍ അയല്‍പക്കത്തുതന്നെ വന്നുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍.
കല്ലെറിഞ്ഞ്‌ ജനല്‍ചില്ലുതകര്‍ത്ത്‌ ഉല്‍ഘാടനം നിര്‍വഹിച്ചപ്പോള്‍ തന്നെ ജോലിക്കാര്‍ വഴി പുറംലോകവും അറിഞ്ഞിരുന്നു. നാട്ടിലെത്തിയ പുതിയ അതിഥിയെക്കാണാന്‍ എല്ലാവരും മടിച്ചുനിന്നപ്പോഴാണ്‌ ആ സന്തോഷവാര്‍ത്ത അറിയുന്നത്‌. ഈ അടിയന്തിര സാഹചര്യത്തില്‍ നാട്ടാര്‍ക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നു!.

    പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ കാല്‍നൂറ്റാണ്ടിനുശേഷം ഞാനും ആ മുറ്റത്ത്‌ കാലുകുത്തി. ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ച്‌ ഏറെക്കാലത്തിനുശേഷം വന്നെത്തിയ അതിഥികള്‍ക്ക്‌ മികച്ച സ്വീകരണമായിരുന്നു കിട്ടിയത്‌ അവിടെ ഞങ്ങള്‍ക്കായി നയനമനോഹരമായ കാഴ്ചകളാണവന്‍ ഒരുക്കിവെച്ചിരുന്നത്‌.

   തകര്‍ന്നുകിടക്കുന്ന ജനല്‍ചില്ലുകള്‍ പകുതി കത്തിയ കുട്ടികളുടെ സ്കൂള്‍ യൂണിഫോമുകള്‍, ബള്‍ബുകള്‍, പിഞ്ഞാണങ്ങള്‍, എല്ലാം മുറ്റത്തു കൂട്ടിയിട്ടിരിക്കുന്നു. ചില്ല് അവനൊരു ദൗര്‍ബല്യമായിരുന്നു എന്നെനിക്കു തോന്നി. വരുന്ന എല്ലവരെയും കൊണ്ടുപോയി അവന്റെ ലീലാവിലാസങ്ങള്‍ വര്‍ണ്ണിക്കുന്നതില്‍ വീട്ടുകാര്‍ തെല്ലും പിശുക്കുകാണിച്ചില്ല.

    ബള്‍ബ്‌ പൊട്ടിക്കലായിരുന്നു അവന്റെ പ്രധാന വിനോദം. പുതിയ ബള്‍ബ്‌ വാങ്ങി ഹോള്‍ഡറില്‍ വെച്ച്‌ തിരിയുമ്പോഴെക്കും പൊട്ടിച്ചിട്ടുണ്ടാവും. കുട്ടികള്‍ക്ക്‌ സ്കൂളില്‍ കൊണ്ടുപോകാനായി ഇസ്തിരിട്ട്‌വെച്ച ഉടുപ്പുകള്‍ നോക്കിനില്‍ക്കെ പറന്നുപോയി മുറ്റത്തുവീഴുന്നു. പിന്നാലെ ഓടിച്ചെന്ന് എടുക്കുന്നതിന്‌ മുമ്പേ തീപിടിക്കുന്നു. അടുക്കളയിലെ അലമാരയില്‍ നിന്നും പിഞ്ഞാണങ്ങളെല്ലാം തഴെ തള്ളിയിട്ട്‌ പൊട്ടിക്കുന്നു. അടുപ്പിലിരുന്നു തിളക്കുന്ന കഞ്ഞിയില്‍ മണ്ണുവാരിയിടുന്നു, അങ്ങനെ അവന്‍ കൈവക്കാത്ത മേഖലകളില്ല. ഇങ്ങനെ അവിടത്തെ അന്തേവാസികള്‍ തന്ന കഥകളല്ലാതെ ഒരിക്കലും അവന്റെ ദിവ്യ ദര്‍ശനമോ ലൈവ്‌ പെര്‍ഫോമെന്‍സോ കാണാന്‍ ഞങ്ങള്‍ക്ക്‌ ഭാഗ്യമുണ്ടായില്ല.

   കാതോടുകാതോരം പറഞ്ഞുകേട്ട വാര്‍ത്ത നാടാകെ പരക്കാന്‍ അധികസമയം വേണ്ടിവന്നില്ല. വന്നവര്‍ തന്നെ എല്ലാദിവസവും മുടങ്ങാതെ എത്തുന്നു, അവന്റെ അപ്ഗ്രേഡ്‌ ചെയ്ത വാര്‍ത്തകള്‍ കാണാന്‍. ഒറ്റക്കും തെറ്റക്കും വന്നവര്‍ അള്‍ക്കൂട്ടങ്ങളായി. ആള്‍ക്കൂട്ടങ്ങള്‍ ആരവങ്ങളായി.

   ആര്‌ ചെയ്തു? എന്തിനു ചെയ്തു? 

ആള്‍ക്കൂട്ടത്തിന്റെ പിറുപിറുക്കലിനുമുമ്പില്‍ അവന്റെ പേര്‌ പ്രഖ്യാപിക്കപ്പെട്ടു. ചാത്തന്‍... അതെ അവനല്ലാതെ ആരും ഇപ്പണി ചെയ്യില്ല. ആ പേര്‌ പിന്താങ്ങുന്നവരെക്കൂടാതെ കുട്ടിച്ചാത്തനെന്ന പേരും പറഞ്ഞുകേട്ടു. കുട്ടിച്ചാത്തനാണൊ അതോ പ്രായപൂര്‍ത്തിയായ ചാത്തനാണോയെന്നൊന്നും തിരയാനൊന്നും എനിക്കറിയില്ലായിരുന്നു. എങ്കിലും എറിയാനുള്ള കഴിവ്‌ മുതിര്‍ന്ന ചാത്തനുതന്നെയെന്ന് പ്രായമായവര്‍ വിധിയെഴുതി.

    വരുന്ന ആരെയും ഒഴിവാക്കാതെ വീട്ടുകാരെല്ലാരും എല്ലാം കാണിച്ചുകൊടുത്ത്‌ മ്യൂസിയത്തില്‍ പുരാവസ്തുക്കളെ പരിചയപ്പെടുത്തുന്ന ഗൈഡിനെപ്പോലെ വിവരിച്ചുകൊടുത്തുകൊണ്ടിരുന്നു. സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകുന്നു... ആളുകള്‍ കൂടുന്തോറും നമ്മുടെ കഥാനായകന്‍ കലാപരിപാടി പൂര്‍വ്വാധികം ഭംഗിയായി തുടര്‍ന്നുകൊണ്ടേയിരുന്നു. ഒപ്പം പൂജകള്‍...ഹോമങ്ങള്‍... വഴിപാടുകള്‍...!

    ദൈവങ്ങള്‍ക്കുകൊടുത്ത പരാതിയുടെ ഒരു കോപ്പി പോലീസിലും എത്തി. പോലീസ്‌ വന്നു തെളിവുകള്‍ ശേഖരിക്കുമ്പോള്‍തന്നെ മറുവശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നുവീഴുന്നു. ഒരു വിരലടയാളം പോലും അവശേഷിപ്പിക്കാതെ വളരെ വിദഗ്ദമായാണ്‌ അവന്റെ വേലകള്‍. മിക്കവാറും എല്ലാ പത്രത്തിന്റെയും റിപ്പോര്‍ട്ടര്‍മാര്‍, അന്വേഷണത്തിനായി വരുന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍, സ്കൂളില്‍ നിന്നും കൂട്ടത്തോടെയെത്തുന്ന വിദ്യാര്‍ത്ഥികള്‍, ദൂരദിക്കുകളില്‍ നിന്നുപോലും ഓട്ടോയിലും മറ്റുവാഹനങ്ങളിലുമായി എത്തുന്നവര്‍... ചാത്തന്‍ ഏതുനിമിഷവും പ്രത്യക്ഷപ്പെടുമെന്നുള്ള ഭീതിയും ആകാംക്ഷയും നിറഞ്ഞ കണ്ണുകളുമായി ജനം. എങ്കിലും ആകെ ഒരു ഉത്സവ പ്രതീതി.

    കവലയിലെ ഓട്ടോറിക്ഷക്കാര്‍ക്കും ടാക്സികള്‍ക്കും കൊയ്‌ത്തുകാലം... ചായക്കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം കുത്തനെ കൂടി. അടുത്ത നാട്ടുകാര്‍ക്കൊക്കെ അസൂയ തോന്നിപ്പിക്കുന്ന മുന്നേറ്റമാണ്‌ ചാത്തന്റെ സ്പോണ്‍സര്‍ഷിപ്പില്‍ ഞങ്ങളുടെ കൊച്ചുഗ്രാമം കാഴ്ചവെച്ചത്‌. ജനപ്രവാഹം കൂടിയത്‌ അവന്‌ കൂടുതല്‍ പ്രോല്‍സാഹനമായി. അപ്പോഴും ആവര്‍ത്തനവിരസത ഒഴിവാക്കി കലാപരിപാടികള്‍ വ്യത്യസ്ഥമാക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നിട്ടും നാണം കൊണ്ടോ സഭാകമ്പം കൊണ്ടോ അവന്‍ ജനത്തിനുമുമ്പില്‍ വന്നില്ല. അതിന്റെ ഒരു പരിഭവം നാട്ടുകാര്‍ക്കില്ലാതിരുന്നില്ല.

    ചാത്തന്റെ പേരിലാണെങ്കിലും ഞങ്ങളുടെ ഗ്രാമം ഭൂമിമലയാളമാകെ അറിയപ്പെട്ടുവരുന്നതിന്റെ ഗമയില്‍ നില്‍ക്കുമ്പോഴാണ്‌ കഥയുടെ രസച്ചരട്‌ പൊട്ടിക്കുന്ന വില്ലന്‍ പ്രത്യക്ഷപ്പെട്ടത്‌. കാരണം സാദാ കോണ്‍സ്റ്റബിള്‍മാരുടെ കാവല്‍കൊണ്ട്‌ ഫലമില്ലാത്തതുകൊണ്ട്‌ മേലേതട്ടിലെത്തിയ പരാതി. ഇത്തവണ കേസന്വേഷിക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തന്നെ നേരിട്ടെത്തി. ചാത്തവിക്രിയകളൊക്കെ ചുറ്റിനടന്നുകണ്ടു. പിന്നെ വീട്ടുകാരെ ഓരോരുത്തരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ശേഷം 

    കുടുംബാംഗങ്ങളെയെല്ലാം പുരുഷാരത്തിനുമുമ്പിലേക്കു വിളിച്ചുകൂട്ടി സർക്കിളേമാൻ ഇപ്രകാരം പ്രസ്താവിച്ചു. "ചാത്തനെ പിടികിട്ടി!!" 

   ചാത്തനെക്കണാന്‍ ജനക്കൂട്ടം എത്തിവലിഞ്ഞു നോക്കി, കാണാഞ്ഞ്‌ പരസ്പരം മുഖത്തോടുമുഖവും. "പിന്നെ ഈ വീട്ടില്‍ താമസിക്കുന്ന എല്ലാവരും നാളെ രാവിലെ സ്റ്റേഷനിലേക്കു വരണം, ടൗണില്‍ എനിക്കു പരിചയമുള്ള ഒരു മനോരോഗവിദഗ്ദനുണ്ട്‌. നിങ്ങളെയെല്ലാം അയാളെക്കാണിച്ച്‌ വേണ്ട ചികില്‍സ ചെയ്യാം, അപ്പോ നാളെ രാവിലെ സ്റ്റേഷനില്‍... കേട്ടല്ലൊ എല്ലാരും..."

     ചാത്തനെ അറസ്റ്റ്‌ ചെയ്തു വിലങ്ങണിയിച്ച്‌ കൂമ്പിനു രണ്ടിടിയും കൊടുത്ത് പോലിസ്‌ ജീപ്പിന്റെ പിന്നില്‍ ഇരുത്തികൊണ്ടുപോകുന്നത്‌ കാണാന്‍ കാത്തുനിന്നു നിരാശരായ ഞങ്ങളെയും പിരിച്ചുവിട്ടാണ്‌ ഏമാന്‍ യാത്രയായത്‌. പിറ്റേന്ന് അവിടത്തെ ആരും പോലീസ്‌ സ്റ്റേഷനില്‍ പോയില്ല. അന്നല്ല, പിന്നീടൊരിക്കലും. ഒരുമാസത്തോളം ഞങ്ങളുടെ മിന്നും താരമായിരുന്ന ചാത്തനും ഇതുവരെ വന്നിട്ടില്ല.

    "പ്രിയപ്പെട്ട ചാത്താ... നീ ഞങ്ങളോടു പറയാതെ ഒന്നു മുഖം കാണിക്കുകപോലും ചെയ്യാതെ പോയെങ്കിലും മറ്റെവിടെയെങ്കിലും ഏതെങ്കിലും വീട്ടില്‍ ബള്‍ബുകളും ജനല്‍‍ചില്ലുകളും പൊട്ടിച്ച് കഞ്ഞിയില്‍ മണ്ണും വാരിയിട്ട് സസുഖം കഴിയുന്നുണ്ടെന്നു കരുതട്ടെ! "

Monday, October 22, 2007

മലയാളത്തിന് ഒരു മഹാനടനെ നഷ്ടമാകുമോ?




ഇനി കളിയില്‍ മാത്രം ശ്രദ്ധ: ശ്രീശാന്ത്‌ (ഇതുവരെ എവിടെയായിരുന്നു ശ്രദ്ധ?)
വിമര്‍ശനങ്ങളെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നുവെന്നും ഇനി കളിയില്‍ മാത്രമായിരിക്കും തന്‍റെ ശ്രദ്ധയെന്നും ഇന്ത്യന്‍ പേസ് ബൌളര്‍ ശ്രീശാന്ത്‌. ഓസ്ട്രേലിയക്കെതിരെ നടന്ന ഫ്യൂച്ചര്‍ കപ്പ് ഏകദിന പരമ്പരയില്‍ മൈതാനത്തെ മോശം പെരുമാറ്റം കൊണ്ട് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മോശം പെരുമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീശാന്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന ഇയാന്‍ ചാപ്പല്‍ പറഞ്ഞിരുന്നു. കളിക്കളത്തിലെ മികച്ച ഭാവാഭിനയം കണ്ട് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ ഭരത്‌ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. ഉദയനാണ് താരം എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം നവരസങ്ങള്‍ക്കുപുറമെ താന്‍ തന്നെ കണ്ടുപിടിച്ച ഏതാനും ഭാവങ്ങള്‍ കൂടി കാണിക്കുന്നുണ്ട്. അതിനപ്പുറമുള്ള ഭാവങ്ങള്‍ നമ്മുടെ ഇഷ്ടതാരം കളിക്കളത്തില്‍ കാഴ്ചവെച്ചപ്പോള്‍ ലോകം അതുകണ്ട് ഞെട്ടി. മുമ്പ് ആല്‍‌ബത്തിനു പാട്ടെഴുതിയും അഭിനയിച്ചും കഴിവുതെളിയിച്ച പ്രിയതാരത്തിന്റെ സിനിമ കാത്തിരിക്കുന്ന മലയാളിപ്രേക്ഷകരെ പുതിയ തീരുമാനം നിരാശയിലാക്കുകയില്ലെന്ന് പ്രത്യാശിക്കാം.

Saturday, October 20, 2007

പുതിയ രണ്ട് തമാശകള്‍...(മന്ത്രിമാര്‍ വക)

ഇതൊരു തമാശയായാണെഴുതുന്നത്. നമ്മളെയെല്ലാം വിഡ്ഢികളാക്കുന്ന തമാശ...
അനാവശ്യമെങ്കിലും കേരളത്തെ ഇളക്കിമറിച്ച കൂദാശ വിവാദത്തില്‍ പിണറായി നടത്തിയ നികൃഷ്ട ജീവി പ്രയോഗത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ ഇതുവരെ അങ്ങനെ ഒരു വാര്‍ത്ത കണ്ടിട്ടേയില്ലെന്നഅയിരുന്നു നമ്മുടെ മുഖ്യമന്ത്രിയുടെ മറുപടി..
(എതിര്‍ ചേരിയില്‍‌പെട്ട ആരെങ്കിലുമാണതു പറഞ്ഞെങ്കില്‍ പറയുന്നതിനു മുന്‍പേ കേള്‍ക്കുകയില്ലായിരുന്നോ സഖാവേ...)
അടുത്തത് നമ്മുടെ വാ പോയ കോടാലി, സഹകരണ വകുപ്പു മന്ത്രി വക...
പരിയാരം മെഡിക്കല്‍ കോളേജ്‌ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പിന്തുണക്കുന്ന കക്ഷി വ്യാപകമായ കള്ളവോട്ടും വെട്ടിപ്പും നടത്തിയതായി ഹൈക്കോടതി നിരീക്ഷിച്ച്‌ ശക്തമായി വിമര്‍ശിച്ചപ്പോള്‍ കോടതി വിധി തങ്ങള്‍ക്കനുകൂലമാണെന്നുള്ള പ്രസ്താവനയെ അതെങ്ങനെയെന്ന ആലോചിച്ച്‌ തലപുണ്ണാക്കുന്ന പാവം ജനം...
(ഇരുണ്ട ഹാസ്യം എന്നു പറയുന്നത് ഇതൊക്കെയാവും അല്ലേ?)
നമ്മുടെ നേതാക്കള്‍(?) ..കണ്ണും കാതും ഇറുകിയടക്കും മുമ്പേ.... അന്ധമായ രാഷ്ട്രീയം തലക്കുപിടിക്കാത്തവരെക്കൂടി ഓര്‍ത്തിരുന്നെങ്കില്‍....

Thursday, October 18, 2007

വിവാദങ്ങള്‍

എന്നും എന്തെങ്കിലും വിവാദങ്ങളില്ലെങ്കില്‍ ചാനലുകള്‍ എന്തിനു കൊള്ളാം. ജീവിച്ചിരുന്നവരെക്കുറിച്ച് ആരോപണങ്ങള്‍ ഉണ്ടാക്കിയാല്‍ അടുത്ത ചാനലില്‍ അവര്‍ മറുപടി പറഞ്ഞേക്കാം...
അതുകൊണ്ട് നമുക്ക് മരിച്ചവരെ പിടികൂടാം....

Thursday, October 11, 2007

ഈദ് ആശംസകള്‍

ആയിരം ആയിരം ഈദ് ആശംസകള്‍

Wednesday, October 10, 2007

പ്രവാസികളെ ജാഗ്രതൈ

ഇനിയെന്നും ബിരിയാണി തന്നെ
ബസ്മതി അരി ഒഴികെ മറ്റെല്ലാതരം അരിയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഭക്‌ഷ്യ ദൗര്‍ലഭ്യം മൂലമാണ്‌ തീരുമാനമെന്ന് അറിയുന്നു. ദില്ലിയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ സമിതിയുടെ യോഗമാണ്‌ ഈ പുതിയ തീരുമാനമെടുത്തത്‌. ഇതേറ്റവും ബാധിക്കുക പ്രവാസി ഇന്ത്യ ക്കാരെ, വിശിഷ്യാ മലയാളികളെയാവും. ഇപ്പോള്‍ തന്നെ അരിയുടെ വില താങ്ങാവുന്നതിനുമപ്പുറമായിക്കഴിഞ്ഞു. പ്രവാസികള്‍ക്കുവേണ്ടി ഇളവുനല്‍കുന്ന കാര്യം പരിഗണിക്കുമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ പ്രതീക്ഷയോടെ കാണാം.

ന്റുപ്പാക്കൊരു ഡെഡിക്കേഷന്‍ (നാടകം)

രംഗം ഒന്ന്
( രംഗത്ത്‌ ഒരു ഫോണ്‍ പിന്നെ ചിരിക്കുന്ന ഒരു സുന്ദരിയും. ചിരി കൃത്രിമമല്ല എന്നു വരുത്താന്‍ ശ്രമിക്കുന്നു.)
സുന്ദരി: വെല്‍ക്കം റ്റു സംഗീതസല്ലാപം
(തുടര്‍ന്ന് ബെല്‍ മുഴങ്ങുന്നു. എടുക്കുന്നില്ല ഫോണില്‍ ഞെക്കുന്നപോലെ എന്തോ ചെയ്യുന്നു.)സുന്ദരി: ഹലോ... സംഗീതസല്ലാപം ആരാണ്‌...
ഫോണ്‍ ശബ്ദം: കോയസുന്ദരി: എന്തോന്ന് കോഴിയോഅല്ലാ.. കോയാ..കോയാ.. (ഉച്ചത്തില്‍)സുന്ദരി: എവിടെന്നു വിളിക്കുന്നു.
ഫോണ്‍ ശബ്ദം: ജിദ്ദേന്ന് സഹൂദി അറേബ്യേന്ന്..സുന്ദരി: ആ.. ഒ.ഓ...ശെരി കോയാ ടീവീടെ വോളിയം അല്‍പ്പം കുറച്ചുവെച്ചോളൂ.
ഫോണ്‍ ശബ്ദം: ഈടെ ടിവി ഓഫാണല്ലോ.. സുന്ദരി: ഒകെ.ഒകെ...ശീലിച്ചത്‌ പറഞ്ഞുപോയതാ..(ഇനി നമുക്ക്‌ ഫോണ്‍ ശബ്ദത്തെ കോയ എന്നു തന്നെ പരിചയപ്പെടുത്താം.)
സുന്ദരി: കോയച്ചേട്ടാ..കോയ: ഓ
സുന്ദരി: നാട്ടില്‍ എവിടെയാ?
കോയ: തിരൂര്‍,.. മലപ്പുറം ജില്ലാവീട്ടില്‍ ആരൊക്കെയുണ്ട്‌?
കോയ: വീട്ടിലോ,.. വീട്ടില്‍ ഉപ്പ, ഉമ്മ,ബാര്യ രണ്ട്‌ കുട്ടികള്‍...
സുന്ദരി: എന്താ ഫാര്യേടെ പേര്‌?
കോയ: ഓള്‍ടെ പേര്‌ പാത്തുമ്മ.. അല്ല ഫാത്തിമ...സുന്ദരി: കോയച്ചേട്ടന്‍ പാട്ടുപാടുമോ?,....
കോയ: ഇങ്ങടെ പരിപാടി നന്നാവുന്ന്ണ്ട്‌ട്ടോ ഞങ്ങള്‍ എന്നും കാണാറുണ്ട്‌...സുന്ദരി: കോയച്ചേട്ടാ ഒരു പാട്ടുപാടാമോ?,....എത്രനാളായി ട്രൈ ചെയ്യണൂന്ന് അറിയാമോ ഇന്ന് കിട്ടിയതില്‍ ഒത്തിരി സന്തോഷം...കയിഞ്ഞായ്ച്ച ഇങ്ങള്‌ ഒരു ചൊമന്ന ചുരിദാര്‍ ഇട്ടു വന്നില്ലെ അതു ഒത്തിരി നന്നായിരുന്നൂട്ടോ...
സുന്ദരി: കോയച്ചേട്ടാ ഒരു പാട്ടുപാടാമോ?,....(സുന്ദരി അക്ഷമ കാണിക്കുന്നു)
കോയ: പാടാല്ലോ...നെഞ്ചിനുള്ളില്‍ നീയാണ്‌...കണ്ണിന്‍ മുമ്പില്‍ നീയാണ്‌............................ഫാത്തിമാാാാാാാാ..........ഫാത്തിമാാാാാാാാ..........
സുന്ദരി: (ഇടക്കു കയറി) വളരെ നന്നായിരുന്നു...
കോയ: സ്നേഹിച്ചു സ്നേഹിച്ചു കൊതിതീരും...............................(മനസ്സില്ലാ മനസ്സോടെ കോയ നിറുത്തുന്നു.)
സുന്ദരി: വളരെ നന്നായിട്ടുണ്ടല്ലോ ചേട്ടന്‍ സംഗീതം പഠിച്ചിട്ടുണ്ടോ....കോയ: റൂമില്‌ രണ്ടുമൂന്ന് ചങ്ങായിമാരുണ്ട്‌... അവര്‍ക്കും അന്നോട്‌ സംസാരിക്കണമെന്ന്...സുന്ദരി: സുഹൃത്തുക്കള്‍ടെ പേരു പറഞ്ഞോളു.
കോയ: മൊയ്തീന്‍കുട്ടി, സെയ്തലവി.. ബാപ്പുട്ടി...അന്‍വറ്‌....സുന്ദരി: പാട്ടുപാടുമോ?
(പറഞ്ഞുതീരും മുമ്പ്‌ ഒരുസംഘഗാനം പോലെ എന്തോ ഒന്നു മുഴങ്ങുന്നു.,..സുന്ദരി ചെവിപൊത്തുന്നു.)
കോയ: (കഴുത്തിനു പിടിച്ചിട്ടെന്നപോലെ ശബ്ദം നിലച്ച ശേഷം) എനിക്കൊരു പാട്ടുവെച്ചുതരുമോ?
സുന്ദരി: ഏതു പാട്ടാ വേണ്ടെ?
കോയ: മണീന്റെ പടത്തിലെ മതി. സോനാ സോനാ നീ ഒന്നാം നമ്പര്‍....ഇത്‌ എന്റെ ഉമ്മക്കും ഉപ്പാക്കും വേണ്ടീട്ട്‌ ഇങ്ങള് ഏതാണ്ട്‌ ചെയ്യില്ലെ അതങ്ങു ചെയ്തേരെ...
സുന്ദരി: ഡെഡിക്കേറ്റ്‌ ആണൊ...
കോയ: അത്തന്നെ.(ഫോണ്‍ കട്ടാകുന്നു സുന്ദരി അടുത്ത ആളെ തേടുന്നു)
(രംഗം രണ്ട്‌)
പഴയ ഒരു റൂം, നാലുകട്ടിലുകള്‍ക്കിടയില്‍ തറയില്‍ പേപ്പര്‍ വിരിച്ച്‌ ഭക്ഷണം കഴിക്കുന്ന നാലുപേര്‍...ഇന്ന് അനക്കെന്താ ഇത്ര സന്തോസം ടീവീല്‍ വിളിച്ച്‌ ഓളെ കിട്ടിയേനാ..
കോയ: എത്രനാളായി ഞാന്‍ മെനക്കെടണൂന്ന് അറിയോ
(മൊബെയില്‍ ബെല്ലടിക്കുന്നു, എടുത്ത്‌ നോക്കി കട്ട്‌ ചെയ്യുന്നു, വീണ്ടും അതാവര്‍ത്തിക്കുന്നു.)
അന്‍വര്‍: ആരാ?
കോയ: ഓള്‌ ...ഓള്‍ക്ക്‌ വേറെ പണിയൊന്നൂല്ല..
മൊയ്തീന്‍കുട്ടി: ഇങ്ങോട്ട്‌ വന്ന ഫോണല്ലെ ഇജ്ജെന്തിനാ കട്ട്‌ ചെയ്യുന്നെ?
കോയ: അതാപ്പോ നന്നായെ, എടുത്താല്‍ നൂറുകൂട്ടം ആവശ്യങ്ങളാ.. ഉപ്പാക്ക്‌ മരുന്ന് മേടിക്കണം,കുട്ട്യോള്‍ക്ക്‌ ഉടുപ്പ്‌ വേണം അങ്ങനെ... അതുപോട്ടെ നാളെ പതിനഞ്ചാം തീറ്യതിയാ...ജ്ജൊരു നല്ല നമ്പര്‍ പറഞ്ഞുതാ...
(തുടരും)

Tuesday, October 9, 2007

നമ്മള്‍ എന്നു മനുഷ്യരാകും??

കാട്ടുനീതി ഇപ്പോള്‍ കേരളത്തിലും...ഈ ഏതാനും ആഴ്ചകളായി മാധ്യമങ്ങളില്‍ നിറഞ്ഞ ഒരു പദമാണ്‌ "കാട്ടുനീതി" ബീഹാറില്‍ നിന്നും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ജനങ്ങള്‍ നിയമം കയ്യിലെടുക്കുമ്പോഴും നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ ഇതു നടക്കുമായിരുന്നോ എന്നു പറഞ്ഞ്‌ ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ അഹങ്കരിച്ചിരുന്നു. അവിടത്തെ കാട്ടുനീതിയെക്കുറിച്ച്‌ പറഞ്ഞ്‌ വേവലാതി പൂണ്ടിരുന്നു.കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ബീഹാറില്‍ ജനം തല്ലിക്കൊന്നത്‌ ഇരുപത്തിരണ്ട്‌ മനുഷ്യരെയാണ്‌. അടുത്തദിവസം തന്നെ തമിഴ്‌നാട്ടിലും മോഷ്ടാവെന്നാരോപിച്ച്‌ മര്‍ദ്ദിച്ച്‌ കൊന്നിരുന്നു.
സാമൂഹികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജന്മിമാരുടെ ക്രൂരത അനുഭവിക്കുന്ന പാവങ്ങള്‍ ഏറെയാണ്‌. അവിടം അന്ധവിശ്വാസത്തിന്റെ പേരിലും കുപ്രസിദ്ധമാണ്‌. ദുര്‍മന്ത്രവാദമാരോപിച്ച്‌ ആളുകളെ മര്‍ദ്ദിക്കുന്നതും കൊല്ലുന്നതും അവിടങ്ങളില്‍ വാര്‍ത്തയല്ല. മോഷ്ടാവെന്ന് ആരോപിച്ച്‌ ഒരു യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച്‌ ജീവഛവമാക്കി പോലീസിന്റെ ബൈക്കില്‍ കെട്ടി വലിക്കുന്ന ദൃശ്യം നമ്മള്‍ ചാനലുകളിലൂടെ കണ്ടു, തൊട്ടടുത്ത്‌ ദിവസം തന്നെ പതിനൊന്നു മനുഷ്യരെ തെരുവുനായ്ക്കളെപ്പോലെ തല്ലിക്കൊന്നു കൂട്ടിയിരിക്കുന്ന ചിത്രവും. അവരുടെ മൃതദേഹങ്ങള്‍ക്കുപോലും നീതികിട്ടിയില്ല. ബീഹാറില്‍ മോഷ്ടാവിനെ എന്തുകൊണ്ട്‌ പോലീസില്‍ എല്‍പ്പിക്കുന്നില്ല എന്നു ചോദിക്കേണ്ടിവരുന്നില്ല
എല്ലാ ക്രൂരതയും തെരഞ്ഞെടുപ്പു തട്ടിപ്പുകളും ബീഹാര്‍ മോഡലാക്കിയ നമ്മള്‍, മനുഷ്യത്വവും വികസനവും വിദ്യാഭ്യാസവും രാഷ്ട്രീയ പ്രബുദ്ധതയും മറ്റു നന്മകളെല്ലാം ദൈവത്തിന്റെ നാട്ടുകാര്‍ക്കുള്ളതാണെന്നു നിശ്ചയിച്ചു.ഇപ്പോഴിതാ നമ്മുടെ വീട്ടുമുറ്റത്ത്‌ അതേ കാട്ടുനീതി. മോഷണക്കുറ്റമാരോപിച്ച്‌ ഗര്‍ഭിണിയുള്‍പ്പടെ രണ്ട്‌ സ്‌ത്രീകളെ അവരുടെ കുട്ടികളുടെ മുമ്പില്‍ വെച്ച്‌ അതിക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നു. അതുകണ്ടുനില്‍ക്കുന്ന ബീഹാര്‍ പോലിസിന്റെ പിന്മുറക്കാരനെയും നാം കണ്ടു. അന്നേ ദിവസം തന്നെ കര്‍ണ്ണാടകക്കാരെ കോഴിക്കൊട്ടു വെച്ചു മര്‍ദ്ദിച്ചുവെന്ന വാര്‍ത്തയും കൂട്ടിവയിക്കണം.
ഈ പ്രവണത ഇതോടെ അവസാനിക്കണം നിയമം നടപ്പിലാക്കേണ്ടവര്‍ അതു നിര്‍വ്വഹിക്കുകയും കുറ്റക്കാര്‍ക്ക്‌ ഇനിയൊരിക്കലും ആവര്‍ത്തിക്കാത്തവിധം ശിക്ഷ കൊടുക്കുകയും ചെയ്തില്ലെങ്കില്‍ കേരളാമോഡലിന്‌ പുതിയ നിര്‍വചനങ്ങള്‍ വേണ്ടിവരും... ദൈവത്തിന്റെ സ്വന്തം നാടെന്ന ജാട നമുക്കുപേക്ഷിക്കേണ്ടിവരും...

Monday, October 8, 2007

ഒരു ലക്ഷം സൈനികര്‍ ഇറാഖില്‍ നിന്നും പിന്‍‌മാറുന്നു (രക്ഷപെടുന്നു.)

ഇറാഖ്: അടുത്ത വര്‍ഷം അവസാനത്തോടു കൂടി ഇറാഖില്‍ നിന്നു ഒരു ലക്ഷം അമേരിക്കന്‍ സൈനികര്‍ പിന്‍‌മാറുമെന്ന് ഇറാഖ് പ്രസിഡന്‍റ് ജലാല്‍ തലബാനി പറഞ്ഞു. അമേരിക്കന്‍ കമാന്‍ഡന്‍‌മാര്‍ നേരത്തെ അറിയിച്ചിരുന്നതിലും നേരത്തെതന്നെ പിന്‍‌മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്‍‌മാറ്റത്തിന്‍റെ വേഗം യു എസ് കമാന്‍ഡര്‍മാര്‍ക്ക് വിധേയമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് സൈന്യം നേരത്തെ പിന്‍‌മാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഒന്നരലക്ഷത്തിലധികം യു എസ് സൈന്യമാണിപ്പോള്‍ ഇറാഖിലുള്ളത്. വിവിധ തലങ്ങളില്‍ നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് ബുഷ് സൈന്യത്തെ പിന്‍‌വലിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Thursday, October 4, 2007

പൈങ്കിളികള്‍ വേഷം മാറി അരങ്ങുതകര്‍ത്താടുന്നു.

എണ്‍പതുകളില്‍ മ പ്രസിദ്ധീകരണങ്ങളില്‍ ചീത്തപേരും കേള്‍പ്പിച്ച്‌ നാണം കുണുങ്ങിനിന്ന പൈങ്കിളിയെ, അങ്ങാടിയിലെ പെട്ടിക്കടകളില്‍ നിന്നും സ്വീകരണമുറിയിലേക്ക്‌ മലയാളി ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്തിരിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെയാണു അവളുടെ വിളയാട്ടം.നേരം സന്ധ്യയായാല്‍ പിന്നെ അവിടം മരണവീടുപോലെയാകും. കരച്ചിലും കണ്ണീരും മൂക്കുപിഴിയലുമായി അവര്‍ നമ്മുടെ വീട്ടില്‍ ശ്മശാന സമാനമാക്കുന്നു.
പ്രതിഭാധനന്മാരയിരുന്ന ചലച്ചിത്രകാരന്മാര്‍ രചിച്ച ആധുനിക സിനിമകളില്‍ സന്ദര്‍ഭത്തിന്റെ സ്വാഭാവികതക്കും ഭാവചലനങ്ങളുടെ തീവ്രതക്കും വേണ്ടി ഏതെങ്കിലും രംഗങ്ങല്‍ക്ക്‌ അല്‍പ്പം ദൈര്‍ഘ്യം കൊടുത്താല്‍ അത്‌ ആര്‍ട്ട്‌ സിനിമയെന്നും അതു കാണാന്‍ കൊള്ളില്ലെന്നും കണ്ടിരുന്നാല്‍ ഉറക്കം വരുമെന്നും പറഞ്ഞ്‌ നടന്നവര്‍ക്ക്‌ വലിച്ചുനീട്ടല്‍ പെരുമാറ്റചട്ടമായി സ്വീകരിച്ച സീരിയല്‍ സംവിധായകര്‍ പടച്ചുവിടുന്ന സൃഷ്ടികള്‍ മണിക്കൂറുകള്‍ കണ്ടിരിക്കാന്‍ യാതൊരു മടിയുമില്ല. വലിച്ചു നീട്ടാനുള്ള കഴിവിനനുസരിച്ചാണു അവരിലെ റാങ്ക്‌ നിര്‍ണ്ണയിക്കുന്നത്‌.
പൈങ്കിളി വാരികയില്‍ വരുന്ന ഒരു നോവലിന്റെ ഒരു ലക്കം പത്തു മിനിറ്റുകൊണ്ട്‌ വായിച്ചുതീര്‍ക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇന്ന് അത്രയും ഭാഗം സീരിയലായി കണ്ടുതീര്‍ക്കണമെങ്കില്‍ ദിവസം എത്ര വേണ്ടിവരും!!! മലയാളിയുടെ കണ്ണീരുവറ്റിക്കുന്ന ഈ സംസ്കാരം മതിയാക്കിയേ പറ്റൂ. അല്ലെങ്കില്‍ ഇങ്ങനെ സമയം പാഴാക്കുന്നവരെ ഓര്‍ത്ത്‌ കണ്ണീര്‍ പൊഴിക്കാന്‍ നമുക്കും ഗ്ലിസറിന്‍ വേണ്ടിവരും.

Wednesday, October 3, 2007

പ്രൊഫ: എം. എന്‍ . വിജയന്‍ അന്തരിച്ചു.

പ്രൊഫ: എം. എന്‍ . വിജയന്‍ അന്തരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ സാസ്കാരിക മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന വിജയന്‍ മാഷ് ഇന്നലെ തൃശൂരില്‍ വാര്‍ത്താ സമ്മേളനം നടത്തിക്കൊണ്ടിരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. എന്നും ഇടതുപക്ഷത്തോടൊപ്പം നടക്കുകയും ഒപ്പം കലഹിക്കുകയും ചെയ്ത മാഷ് കവിതയും മനശാസ്ത്രവും, വര്‍ണ്ണങ്ങളുടെ സംഗീതം, ചിതയിലെ വെളിച്ചം, പുതിയ വര്‍ത്തമാനങ്ങള്‍ തുടങ്ങിയ നിരവധി കൃതികളുടെ കര്‍ത്താവാണ്.  മലയാളത്തിന്റെ പ്രിയപ്പെട്ട വിജയന്‍ മാഷിന്  ആദരാഞ്ജലികള്‍...