Tuesday, October 9, 2007

നമ്മള്‍ എന്നു മനുഷ്യരാകും??

കാട്ടുനീതി ഇപ്പോള്‍ കേരളത്തിലും...ഈ ഏതാനും ആഴ്ചകളായി മാധ്യമങ്ങളില്‍ നിറഞ്ഞ ഒരു പദമാണ്‌ "കാട്ടുനീതി" ബീഹാറില്‍ നിന്നും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ജനങ്ങള്‍ നിയമം കയ്യിലെടുക്കുമ്പോഴും നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ ഇതു നടക്കുമായിരുന്നോ എന്നു പറഞ്ഞ്‌ ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ അഹങ്കരിച്ചിരുന്നു. അവിടത്തെ കാട്ടുനീതിയെക്കുറിച്ച്‌ പറഞ്ഞ്‌ വേവലാതി പൂണ്ടിരുന്നു.കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ബീഹാറില്‍ ജനം തല്ലിക്കൊന്നത്‌ ഇരുപത്തിരണ്ട്‌ മനുഷ്യരെയാണ്‌. അടുത്തദിവസം തന്നെ തമിഴ്‌നാട്ടിലും മോഷ്ടാവെന്നാരോപിച്ച്‌ മര്‍ദ്ദിച്ച്‌ കൊന്നിരുന്നു.
സാമൂഹികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജന്മിമാരുടെ ക്രൂരത അനുഭവിക്കുന്ന പാവങ്ങള്‍ ഏറെയാണ്‌. അവിടം അന്ധവിശ്വാസത്തിന്റെ പേരിലും കുപ്രസിദ്ധമാണ്‌. ദുര്‍മന്ത്രവാദമാരോപിച്ച്‌ ആളുകളെ മര്‍ദ്ദിക്കുന്നതും കൊല്ലുന്നതും അവിടങ്ങളില്‍ വാര്‍ത്തയല്ല. മോഷ്ടാവെന്ന് ആരോപിച്ച്‌ ഒരു യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച്‌ ജീവഛവമാക്കി പോലീസിന്റെ ബൈക്കില്‍ കെട്ടി വലിക്കുന്ന ദൃശ്യം നമ്മള്‍ ചാനലുകളിലൂടെ കണ്ടു, തൊട്ടടുത്ത്‌ ദിവസം തന്നെ പതിനൊന്നു മനുഷ്യരെ തെരുവുനായ്ക്കളെപ്പോലെ തല്ലിക്കൊന്നു കൂട്ടിയിരിക്കുന്ന ചിത്രവും. അവരുടെ മൃതദേഹങ്ങള്‍ക്കുപോലും നീതികിട്ടിയില്ല. ബീഹാറില്‍ മോഷ്ടാവിനെ എന്തുകൊണ്ട്‌ പോലീസില്‍ എല്‍പ്പിക്കുന്നില്ല എന്നു ചോദിക്കേണ്ടിവരുന്നില്ല
എല്ലാ ക്രൂരതയും തെരഞ്ഞെടുപ്പു തട്ടിപ്പുകളും ബീഹാര്‍ മോഡലാക്കിയ നമ്മള്‍, മനുഷ്യത്വവും വികസനവും വിദ്യാഭ്യാസവും രാഷ്ട്രീയ പ്രബുദ്ധതയും മറ്റു നന്മകളെല്ലാം ദൈവത്തിന്റെ നാട്ടുകാര്‍ക്കുള്ളതാണെന്നു നിശ്ചയിച്ചു.ഇപ്പോഴിതാ നമ്മുടെ വീട്ടുമുറ്റത്ത്‌ അതേ കാട്ടുനീതി. മോഷണക്കുറ്റമാരോപിച്ച്‌ ഗര്‍ഭിണിയുള്‍പ്പടെ രണ്ട്‌ സ്‌ത്രീകളെ അവരുടെ കുട്ടികളുടെ മുമ്പില്‍ വെച്ച്‌ അതിക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നു. അതുകണ്ടുനില്‍ക്കുന്ന ബീഹാര്‍ പോലിസിന്റെ പിന്മുറക്കാരനെയും നാം കണ്ടു. അന്നേ ദിവസം തന്നെ കര്‍ണ്ണാടകക്കാരെ കോഴിക്കൊട്ടു വെച്ചു മര്‍ദ്ദിച്ചുവെന്ന വാര്‍ത്തയും കൂട്ടിവയിക്കണം.
ഈ പ്രവണത ഇതോടെ അവസാനിക്കണം നിയമം നടപ്പിലാക്കേണ്ടവര്‍ അതു നിര്‍വ്വഹിക്കുകയും കുറ്റക്കാര്‍ക്ക്‌ ഇനിയൊരിക്കലും ആവര്‍ത്തിക്കാത്തവിധം ശിക്ഷ കൊടുക്കുകയും ചെയ്തില്ലെങ്കില്‍ കേരളാമോഡലിന്‌ പുതിയ നിര്‍വചനങ്ങള്‍ വേണ്ടിവരും... ദൈവത്തിന്റെ സ്വന്തം നാടെന്ന ജാട നമുക്കുപേക്ഷിക്കേണ്ടിവരും...

3 comments:

Anonymous said...

കാട്ടുനീതിയെന്നെഴുതി കാടിനെയും കാട്ടുമൃഗങ്ങളെയും അപമാനിക്കരുത്‌.. കാട്ടില്‍ ഒരിക്കലും ഇത്ര ക്രൂരത കാണില്ല.

പ്രയാസി said...

അലീ.. നാമിനി ഇതും ഇതിലധികവും കാണേണ്ടി വരും!
ചുരുങ്ങിയ കാലം കൊണ്ടു മലയാളി പലതും അനുകരിക്കുന്നില്ലെ!
അതിന്റെ ഗണത്തില്‍ പെടുത്തിയാല്‍ മതി.

അലി said...

പ്രയാസീ...
പ്രതികരിച്ചതിന് നന്ദി..
ഇന്നലെ പ്രവാസഭൂമിയുടെ ഒന്നാം വാരാഘോഷമായിരുന്നു. അതിഗംഭീരമായി വിപുലമായ പരിപാടികളോടെ നടത്തി... ഒറ്റക്ക്
നിങ്ങളെപ്പോലുള്ള വമ്പന്‍‌മാരുടെ അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു.