അന്ന് രാവിലെ ജോലിക്ക് പോകാനായി പുറത്തിറങ്ങുമ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്നൊരു കാഴ്ചയായിരുന്നു. ഞങ്ങളുടെ ഹൌസോണർ അബു അബ്ദുല്ലായുടെ വീടിനു മുമ്പില്‍ പോലീസ് വണ്ടികളുടെ മിന്നുന്ന ലൈറ്റുകൾ..! അയാളുടെ വണ്ടിയുടെ മുന്‍ഭാഗം തകർന്നുകിടക്കുന്നു. ഏതാനും ആളുകളും കൂടിയിട്ടുണ്ട്. പോലീസുകാര്‍ അബൂ അബ്ദുല്ലയുടെ ഡ്രൈവർ മൈദീൻക്കയെ വലയം ചെയ്തു എന്തൊക്കെയൊ ചോദിക്കുന്നുമുണ്ട്..!
മൈദീന്‍ക്ക പണി പറ്റിച്ചെന്നാ തോന്നുന്നെ! എനിക്കാധിയായി.
കൂടുതൽ നേരം നില്ക്കാതെ കമ്പനി വണ്ടി വന്നപ്പോൾ ഞങ്ങൾ ഓഫീസിലേക്ക് പുറപ്പെട്ടു. കാറിലിരുന്ന് ഞാനോര്‍ത്തത് അബുഅബ്ദുല്ലായുടെ വീട്ടിൽ ഡ്രൈവറായി ജോലിക്ക് കയറിയതിന്റെ മൂന്നാം നാൾ മൈദീൻക്ക പറഞ്ഞ വാക്കുകളായിരുന്നു. കര്‍ക്കശക്കാരനായ അറബിയുടെ സ്വഭാവം മുന്‍നിര്‍ത്തി അയാള്‍ പറഞ്ഞത് ഇയാളുടെ മയ്യിത്ത് കണ്ടിട്ടേ ഞാന്‍ പോകൂ എന്നായിരുന്നു. ഞങ്ങൾക്കതൊരു തമാശയായേ തോന്നിയുള്ളൂ. ഇത് സൌദിയാണ്! ശരീഅത്താണ് കോടതി. നാട്ടിലെ സ്വഭാവം ഇവിടെയെടുത്താൽ വിവരമറിയും. പ്രായത്തിൽ മുതിർന്ന ആളെയാണെങ്കിലും ഞങ്ങള്‍ എന്നും അയാളെ ഉപദേശിക്കും. ആശ്വസിപ്പിക്കും. പക്ഷെ അറബിയുടെ ധിക്കാരം നിറഞ്ഞ സ്വഭാവം മൈദീന്ക്കയെ സംബന്ധിച്ചിടത്തോളം അസഹ്യമായിരുന്നു.! എന്നാലും ജോലിക്ക് നിന്ന് ആറുമാസം കഴിയും മുന്‍പേ, ഞങ്ങളെയൊന്നും അനുസരിക്കാതെ അയാള്‍ അറബിയെ തട്ടിയല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കെന്തോ ഉള്‍ഭയം അനുഭവപ്പെട്ടു.
കൊല്ലും കൊലയ്ക്കും ഗുണ്ടാപ്പണിക്കുമൊക്കെ ഇവിടെ ചെറിയ ശിക്ഷയേയുള്ളു. തല ഉടലിൽ നിന്നും മാറ്റിവെയ്ക്കും അത്രയേയുള്ളു. പാവം മൈദീനിക്ക. ഇനി എന്തൊക്കെ അനുഭവിക്കണം.!
നാലഞ്ചു മാസങ്ങള്‍ക്ക് മുന്‍പ്, അബുഅബ്ദുള്ളായുടെ വീട്ടിൽ ഹൌസ് ഡ്രൈവർ വിസയിൽ വന്ന മൈദീന്ക്കയെ പരിചയപ്പെട് ടപ്പോൾ ഞങ്ങളെപോലെ പുതിയ ആളല്ലെന്നും ഗൾഫിൽ എല്ലാ രാജ്യങ്ങളിലും സഞ്ചാരം പരിപാടി അവതരിപ്പിച്ച് വരുന്ന വഴിയാണ് ഇയാളെന്നും മനസ്സിലാക്കിരുന്നു.
പൂത്ത കാശുണ്ടെങ്കിലും അറുത്ത കൈക്ക് ഉപ്പ് പോയിട്ട് പെട്രോളുപോലും തേക്കാത്ത കിഴവനാണ് അബുഅബ്ദുള്ള. പുരനിറഞ്ഞുനിൽക്കുന്ന പെണ്മക്കളെ കെട്ടിച്ചുവിടാതെ ജോലിചെയ്തുണ്ടാക്കുന്ന കാശുകൊണ്ട് കെട്ടിടങ്ങൾ വാങ്ങികൂട്ടുകയാണ് പ്രധാന ഹോബി. വീടിനോട് ചേർന്ന തന്റെ ബഖാലയിലിരുന്നാണ് അയാൾ ഭരണ ചക്രം തിരിക്കുന്നതും മറിക്കുന്നതും. കടയിലെ കച്ചവടം പോലെ മെലിഞ്ഞ ഒരു സുഡാനിയും കൂട്ടിനുണ്ട്.
ചെയ്യിക്കുന്ന ജോലിയും കൊടുക്കുന്ന ശമ്പളവും ഭരണപക്ഷവും പ്രതിപക്ഷവും പോലെ യോജിക്കാത്തതിനാല്‍ ഒരുമാസത്തിലധികം ആരും ഡ്രൈവറായി അയാള്‍ക്കൊപ്പം നിൽക്കാറില്ല. അയാളുടെ വിസയിൽ വന്നവർക്ക് പറഞ്ഞ ശമ്പളം കിട്ടിയ ചരിത്രവും സയന്‍സുമില്ല. ലേബര്‍കോര്‍ട്ടും ജയിലുമൊക്കെ ആസ്വദിക്കാതെ ആരും നാട്ടിൽ പോയിട്ടില്ല. മൈദീൻക്ക വന്ന് ഏതാനും ദിവസങ്ങൾക്കകം തന്റെ മുൻഗാമികളുടെ ചരിത്രവും കിഴവന്റെ ജന്തു ശാസ്ത്രവും ഭൂമിശാസ്ത്രവും പഠിച്ചു മനസ്സിലാക്കി.
പതിവുപോലെ പുതിയ ഡ്രൈവർക്കായി ആദ്യ ദിവസം തന്നെ കിഴവൻ ചെയ്യേണ്ട ജോലികളുടെ മോക്ക്‌ഡ്രില്‍ അവതരിപ്പിച്ചു. രാവിലെ ഏഴുമണിക്ക് ടീച്ചർമാരായ മക്കളെ സ്കൂളിലെത്തിക്കണം. തിരികെ മാർക്കറ്റിൽ പോയി ആട്ടുകള്‍ക്കുള്ള പുല്ലുവാങ്ങി ഫാമില്‍ കൊണ്ടുപോയി കൊടുക്കണം. മകന്റെ ബേക്കറിയിൽ ദിവസവും ബാക്കി വരുന്ന കുബ്ബൂസിന്‍റെ ചാക്കുകൾ റൂമിനു പിന്നിലെ വലിയ ഗോഡൌണില്‍ കൊണ്ടുവന്ന് തറയിലിട്ട് ഉണങ്ങണം. പിന്നെയതിൽ ചവിട്ടുനാടകം നടത്തി അത് കടലാസുപെട്ടികളില്‍ നിറച്ച് അടുക്കി വെയ്ക്കണം. മസറയിലെ ആടുകൾക്കുള്ള ഭക്ഷണമാണത്. ഇതൊക്കെയാണ് വണ്ടിയോടിക്കാത്തപ്പോൾ ചെയ്യാനുള്ള നേരമ്പോക്കുകൾ. വൈകിട്ട് വീട്ടുസാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകണം കെട്ടിടങ്ങളുടെ വാടക പിരിക്കാന്‍ കൂടെ പോകണം. മൈദീൻക്ക പുതുമുഖത്തെ പോലെ എല്ലാം സമ്മതിച്ചു. പക്ഷെ ഇത്രയേറെ ജോലി ചെയ്താൽ കിട്ടുന്ന ശമ്പളമെത്ര..?
അറബിയുടെ ഉത്തരംകേട്ട അതേ നിമിഷം തന്നെ 'മലയാളി' യായ മൈദീനിക്ക സാമ്പിൾ ഹർത്താൽ പ്രഖ്യാപിച്ചു. ബാപ്പാക്ക് ഡ്രൈവറെ തപ്പിനടന്ന് ജീവിതം തീർക്കുന്ന മകൻ അനുരഞ്ജനത്തിനെത്തി. അയാൾ ബാപ്പയറിയാതെ ബാക്കി ശമ്പളം കൊടുക്കാമെന്ന് സമ്മതിച്ചതോടെ മൈദീൻക്ക ഹർത്താൽ പിൻവലിച്ച് ജോലിക്ക് പോകാൻ തയ്യാറായി.
ജോലിയില്ലാത്തപ്പോൾ ഞങ്ങളുടെ റൂമിൽ വന്നിരിക്കും. പിന്നെ ഗൾഫിലെയും നാട്ടിലെയും വീരേതിഹാസങ്ങളും കുടുംബവിശേഷങ്ങളും യാതൊരു അഹങ്കാരവുമില്ലാതെ വർണ്ണിക്കും. ഞങ്ങൾക്കും അത് കേട്ടിരിക്കലാണ് ആകെയുള്ള എന്റെർടൈന്മെന്റ്. നഷ്ടത്തിലായ കെഎസ്ആർടിസിയെ ലാഭകരമാക്കാൻ ശ്രമിച്ചതിന് ഡ്രൈവർ ജോലി പോയതാണ്. ബസ്സിൽ ആളെ കയറ്റുന്നതിനേക്കാൾ ചാരായകന്നാസ് കയറ്റുന്നത് അന്വേഷിക്കാൻ വന്നവരുടെ കൂമ്പിനിടിച്ച് സർക്കാർ ജോലി പുല്ലാണെന്ന് മുദ്രാവാക്യം വിളിച്ചു. നാട്ടിൽ പോലീസ് കേസ് കൂടുമ്പോൾ ഗൾഫിലേക്ക് പറക്കും. ഗൾഫ് ജീവിതത്തിന്റെ ഇടവേളകളിലും നാട്ടിലെ ഗുണ്ടാസംഘത്തെ നയിച്ച കഥ.. ചാരായം പിടിക്കാനെത്തിയ എക്സൈസുകാരെ ഓടിച്ച് കിണറ്റിൽ വീഴ്ത്തിയ കഥ. കേസന്വേഷിക്കാൻ ചെന്ന പോലീസുകാരെ കുടിയന്മാരെ വിളിച്ചുകൂട്ടി പൊതിരെ തല്ലിവിട്ട വീരകഥ. പിന്നെയെന്തൊക്കെയോ അവരുടെ നാട്ടിൽ പാണന്മാർ പാടിനടക്കുന്നു. എന്തിനേറെ പറയുന്നു, മൈദീൻക്ക പോലീസുകാരുടെ കണ്ണിലുണ്ണിയായിരുന്നു. ഉണ്ണിയെ അന്വേഷിച്ച് പോലീസിന്റെ വരവും ഊരിലെ പഞ്ഞവും കൂടിയപ്പോഴാണ് മര്യാദക്കാരനാകാൻ ഗൾഫിലേക്ക് വീണ്ടും കയറ്റിവിട്ടത്. ഒട്ടകവും ആടും തിന്ന് തടി നന്നാവുന്നതല്ലാതെ സ്വഭാവം നന്നാവുന്ന ലക്ഷണവുമില്ല.
എന്റെ റൂംമേറ്റ് മച്ചാൻ അയാളുടെ നാടൊക്കെ മന:പാഠമാക്കിയ ആളാണ്. പക്ഷെ ചോദിച്ചാൽ കൃത്യമായ വീടും സ്ഥലവും പറയില്ല.
"ഇവിടുത്തെ സൌഹൃദം നമുക്കിവിടെ മാത്രം മതി. ഇനി നാട്ടില്‍ വെച്ച് കണ്ടാലും പരിചയം പുറത്തുകാണിക്കുകയും വേണ്ട. അതാണു നിങ്ങള്‍ക്ക് നല്ലത്." ഇതാണ് മൈദീന്‍ശൈലി! അതാണു ശരിയെന്ന് പിന്നീട് ഞങ്ങൾക്കും തോന്നി.
മുമ്പ് വന്ന ഡ്രൈവർമാരെ പോലെയല്ല താനെന്ന് മൈദീൻക്ക പ്രഖ്യാപിച്ചു. അവർക്കുവേണ്ടി പ്രതികാരം താൻ തന്നെ ചെയ്യുമെന്ന് അയാൾ തീരുമാനിച്ചു. ഞങ്ങളുടെ റൂമിൽ വന്നിരുന്ന് അബുഅബ്ദുല്ലയെ ഉന്മൂലനം ചെയ്യേണ്ടതെങ്ങനെയെന്നു വിശദീകരിക്കും. ഓരോ ദിവസവും അയാൾ തന്റെ പാഴായ ശ്രമത്തെ കുറിച്ച് പറയും. ട്രാഫിക് സർക്കിളിൽ വെച്ച് വണ്ടിയുടെ സൈഡ് മറുഭാഗത്ത് നിന്നും വരുന്ന വണ്ടിക്കു വെച്ചുകൊടുക്കുക. കിഴവൻ തട്ടിപോകണം. നിസ്സാര പരിക്കുകളോടെ താൻ രക്ഷപെടും. സ്ഥലവും സമയവുമൊക്കെ കണ്ടുവെച്ചിട്ടുണ്ട്. തിരക്കുള്ള ട്രാഫിക് റൌണ്ട് കിഴവന്റെ എലുമിനേഷന്‍ റൌണ്ടായി നിശ്ചയിച്ചു. നിസ്സാരമട്ടിൽ അയാളത് വിശദീകരിക്കുമ്പോൾ അങ്ങിനെ സംഭവിക്കരുതേയെന്ന് ഞങ്ങളും പ്രാർത്ഥിച്ചു. ഒരു ജോലി കൊടുത്തെന്ന കുറ്റത്തിന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയോർത്ത് ഞങ്ങള്‍ക്ക് അബുഅബ്ദുല്ലയോട് സഹതാപം തോന്നി.
മൈദീൻക്കാ... വയ്യാവേലിക്കൊന്നും നിക്കണ്ട.. വേണ്ടെങ്കിൽ നാട്ടിൽ പോയാൽ പോരെ. പറഞ്ഞുനോക്കി.
“ഇല്ല... ഇങ്ങേരുടെ അവസാനത്തെ ഡ്രൈവറാണ് ഞാന്‍. ഇനി ആരെക്കൊണ്ടും ഇമ്മാതിരി ജോലിയെടുപ്പിക്കരുത്.”
മൈതീൻക്ക കുബ്ബൂസ് പൊടിക്കുന്ന കാഴ്ച രസകരമാണ്. വെളുപ്പിന് കിഴവൻ പുറത്തിറങ്ങുന്നതിനു മുമ്പ് തലേന്ന് കൊണ്ടുവന്ന് കൂട്ടിയ കുബ്ബൂസ് ചാക്കുകൾ പിക്കപ്പിന്റെ പിന്നിലെടുത്തിട്ട് നേരെ പോയി വലിയ വേസ്റ്റ് ബിന്നിൽ കൊണ്ടിടും. ഇതു സ്ഥിരം പരിപാടിയായപ്പോൾ മറ്റു ആടുവളർത്തുകാർ മൈദീൻക്കായുടെ കുബൂസ് വണ്ടിയും കാത്ത് പുലർച്ചയ്ക്ക് കാത്ത് നിൽക്കാനും തുടങ്ങി. കിഴവൻ ഓട്ടം പോകാൻ വിളിക്കുമ്പോൾ ഞാൻ കുബൂസ് പൊടിക്കുകയാണെന്ന് പുതപ്പിനടിയിൽ നിന്നും വിളിച്ചു പറയും. പത്തുകൊല്ലം ആടിനു തിന്നാനുള്ള സ്റ്റോക്ക് ഗോഡൌണിലുണ്ട്. ഇനി ഞാൻ പൊടിച്ചത് തന്നെ തിന്നണമെന്ന വാശിപിടിക്കുന്ന ആടുകൾ കുബ്ബൂസ് തിന്നാതെ ചാവട്ടെ. ഇതാണ് മൈദീൻക്കായുടെ നിലപാടുതറ.
രാവിലെ കിഴവനും പെണ്മക്കളുമായി സ്കൂളിലേക്ക് പോകുമ്പോൾ മാത്രമാണ് മൈതീന്‍ക്കായിലെ മര്യാദരാമനായ ഡ്രൈവറെ കാണാനാവുക. തിരിച്ചുപോരുമ്പോഴും മസറയില്‍ ആടിനു തീറ്റയുമായി പോകുമ്പോഴും തന്‍റെ മുന്‍ഗാമികള്‍ക്ക് കഴിയാതെ പോയ പ്രതികാര നടപടികൾ എടുക്കുക. കിഴവന്‍ കമാന്റ് പ്രോംറ്റ് വഴി വണ്ടി നിയന്ത്രിക്കുമ്പോൾ മൈദീൻക്കാന്റെ നിയന്ത്രണം പോകും. വേഗത കണ്ട് ഭയന്ന് അല്പം വേഗത കുറയ്ക്കാൻ പറഞ്ഞാൽ ഒരൊറ്റ ചവിട്ടാണ്. പാവം അബു അബ്ദുല്ല ഡാഷ്‌ബോഡില്‍ ചെന്ന് മൂക്കും കുത്തി വീഴും!
പിന്നെ വണ്ടിയുടെ പോക്ക് ഒച്ചിഴയും വിധമാണ്. സഹികെട്ട് അല്പം കൂടി സ്പീഡ് ആകാമെന്ന് പറഞ്ഞുപോയാല്‍ പറ പറപ്പിക്കും. നാട്ടിലെ പോലെ ഗട്ടറില്ലാത്ത റോഡുകളെ മൈതീന്‍ക്ക ശപിച്ചു. ഗട്ടറിനു പകരം ഹമ്പുകൾ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ ശീലിച്ചു. ഹമ്പ്, സോഡാക്കുപ്പി കണ്ണടയ്ക്കിടയിലൂടെ കണ്ടുപിടിക്കുമ്പോഴേക്കും അറബിയുടെ തലയിൽ ഒരു 'ബംമ്പര്‍' മുഴച്ചു കഴിയും. ഫാമിലെ ആടിനുള്ള പുല്ല് വണ്ടിയിൽ നിന്നും കിഴവൻ ഇറക്കുമ്പോൾ മൈദീൻക്ക വണ്ടിക്കകത്ത് സംഗീതം ആസ്വദിച്ചിരിക്കും.
ഓഫീസിലെത്തിയിട്ടും എനിക്ക് ജോലിയിലൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഉച്ചയ്ക്ക് റൂമിൽ ചെല്ലുമ്പോൾ എന്താവും എന്ന ചിന്തയായിരുന്നു മനസ്സിൽ. എപ്പോഴും ഞങ്ങളുടെ റൂമില്‍ വന്നിരിക്കുന്നതിനാല്‍ അപകടം നടക്കുന്ന ദിവസം മൈദീൻക്കാനേം കൂട്ടി പോലീസ് ഞങ്ങളുടെ റൂമിലും വരാതിരിക്കില്ല. ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴും അയാളുടെ റൂമില്‍ ആളനക്കമില്ല. ജയിലിലായിരിക്കും. പോലീസ് അന്വേഷിച്ച് വര്വോ..!
എന്താവുമെന്ന് പകച്ചുനില്‍ക്കുമ്പോള്‍ പുറത്ത് ഒരു വണ്ടി വന്ന് ബ്രേക്കിടുന്ന ശബ്ദം കേട്ടു. പിന്നെ വാതിലിൽ ശക്തിയായ മുട്ട്. പോലീസ് മൈദീൻക്കയെയുംകൊണ്ടു വന്നിരിക്കുന്നു. കുടുങ്ങിയത് തന്നെ. എന്തായാലും സത്യം പറഞ്ഞ് മാപ്പുസാക്ഷിയാവാം. സംഭരിക്കാൻ തക്ക ധൈര്യം കിട്ടിയില്ലെങ്കിലും വാതിൽ തുറന്നു.
മുന്നില്‍ മൈദീനിക്ക. കയ്യില്‍ വിലങ്ങും ഒപ്പം നാലഞ്ചു പോലീസുകാരെയും പ്രതീക്ഷിച്ച ഞങ്ങള്‍, വിഷാദം പുരണ്ട മുഖവുമായി വന്ന മൈദീനിക്കയോട് കാര്യം ചോദിച്ചു.
"കിഴവനെ നിങ്ങളെന്താ ചെയ്തത്? പോലീസ് എന്തിനാ വന്നെ?" .
സ്കൂളിൽ പോയിവന്ന് വണ്ടി പാർക്ക് ചെയ്തിട്ട് കുബ്ബൂസ് പൊടിക്കാനായി ഞാനിങ്ങു പോന്നതാണ്. നിറുത്തിയിട്ടിരുന്ന വണ്ടി മാറ്റിയിടാന്‍ അയാള്‍ ശ്രമിച്ചു. പെട്ടെന്ന് നിയന്ത്രണം വിട്ടു എതിരെ വന്ന ഒരു ടാങ്കര്‍ ലോറിക്ക് കൊണ്ടിടിച്ചു. വലിയ ശബ്ദം കേട്ട് തിരിച്ചു വരുമ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന കിളവനെയാണ്. അപ്പോള്‍ തന്നെ മരിച്ചിരുന്നു. ആംബുലന്‍സ് വന്നു കൊണ്ടുപോയി.."
അറബിയെ കൊല്ലാന്‍ തക്കംപാര്‍ത്തു നടന്ന മൈദീനിക്ക സങ്കടപ്പെട്ടു. കുറെ കരഞ്ഞു. ഞങ്ങളയാളെ ആശ്വസിപ്പിച്ചു.
"നമുക്കാരെയും തല്ലാനോ കൊല്ലാനോ അവകാശമില്ല. മനുഷ്യരില്‍ ചിലര്‍ അഹങ്കാരം കൊണ്ട് സഹജീവികളെ ദ്രോഹിക്കും. സമ്പത്ത് കൊണ്ട് അന്യരെ പരിഹസിക്കും. പാവപ്പെട്ടവരെ കണ്ടില്ലെന്നു നടിക്കും. എല്ലാം കാണുന്നവന്‍ പടച്ചോനാണ്. അവനു മാത്രേ തീരുമാനമെടുക്കാന്‍ അധികാരമുള്ളൂ. ."
അതെയെന്ന മട്ടില്‍ മൈദീനിക്ക തലയാട്ടി. വാടക തീര്‍ന്നപ്പോള്‍ ഞങ്ങൾ അവിടെ നിന്നും താമസം മാറി. പിന്നെ മൈദീൻക്കായെയും കാണാതായി. എന്നാലും മൈദീനിക്കയുടെ ആ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. അറംപറ്റിയ ആ വാക്കുകള്‍ പോലെ അറബിയുടെ മയ്യിത്ത് കണ്ട ശേഷം മൈദീനിക്ക അവിടം വിട്ടിരിക്കാം..!