Monday, December 17, 2007

ഓര്‍മ്മയിലൊരു കണ്ണീര്‍ത്തുള്ളി

     പത്താംതരം കഴിഞ്ഞ്‌ കോതമംഗലം എം.എ. കോളേജില്‍ പ്രീഡിഗ്രിക്ക്‌ ചേര്‍ന്നകാലം. ചെറുപ്പം മുതലുള്ള കളിക്കൂട്ടുകാരുമൊത്ത്‌ വീടിനടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍തന്നെയായിരുന്നു അതുവരെയുള്ള പഠനം. നാട്ടുമ്പുറത്തെ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ നിന്നും പതിനഞ്ചുവയസ്സു തികയുന്നതിന്‌ മുമ്പ്‌ കോളേജിലേക്ക്‌ പറിച്ചുനടപ്പെട്ട എനിക്ക്‌ നഗരവും കോളേജുമെല്ലാം കൗതുകം നിറഞ്ഞ പുതിയ അനുഭവങ്ങളായിരുന്നു.

     അതിവിശാലമായ കുന്നിന്‍മുകളില്‍ തലയുയര്‍ത്തിനില്‍ക്കുന്ന കോളേജ്‌. അവിടെ പഠിക്കാന്‍ അഡ്‌മിഷന്‍ കിട്ടിയപ്പോള്‍ ഒരുപാട്‌ സന്തോഷവും അതിലേറെ അമ്പരപ്പും. കോളേജ്‌ ജീവിതം എനിക്ക്‌ ഇന്നത്തെ ക്യാമ്പസ്‌ സിനിമകളിലെപ്പോലെ അത്ര അടിപൊളിയൊന്നുമായിരുന്നില്ല. ഇല്ലായ്മകളുടെ നടുവില്‍നിന്നുമെത്തി പുതിയലോകം കണ്ട്‌ പകച്ചുനില്‍ക്കുമ്പോള്‍ എന്തോന്ന് അടിപൊളി? അന്ന് എന്റെ നാട്ടില്‍നിന്നും ഏതാനും മുതിര്‍ന്ന ഡിഗ്രി പഠിക്കുന്നവരൊഴികെ മറ്റാരുമുണ്ടായിരുന്നില്ല. സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ സഹപാഠികളെല്ലാം കൂട്ടുകാരായിരുന്നെങ്കില്‍. കോളേജിലെത്തിയ ആദ്യദിനങ്ങളില്‍ ശരിക്കും ഒറ്റപ്പെട്ടുപോയ അവസ്ഥയിലായിരുന്നു.

     ആദ്യത്തെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അല്‍പ്പം പരിചയങ്ങളൊക്കെ ആയിത്തുടങ്ങി. ജോയിയുമായാണ്‌ ആദ്യം ചങ്ങാത്തത്തിലായത്‌. ഇന്റര്‍വ്യൂവിന്‌ വന്നദിവസം ദിവസം തന്നെ പരിചയപ്പെട്ടതാണവനെ. ഇരുനിറമെങ്കിലും തിളങ്ങുന്ന കണ്ണുകളും സദാ പുഞ്ചിരിക്കുന്ന മുഖവും വശ്യമായ സംസാരവും ആദ്യംതന്നെ ശ്രദ്ധിച്ചിരുന്നു. ക്ലാസ്സ്‌ ഡിവിഷന്‍ തിരിച്ചപ്പോള്‍ അവന്‍ എന്റൊപ്പമായി. ആ പരിചയം ഒരിക്കലും മറക്കാനാവാത്ത സൗഹൃദത്തിലേക്ക്‌ വഴിതുറക്കുകയായിരുന്നു.

     എന്റെ നാട്ടില്‍നിന്നും ആകെ രണ്ട്‌ ബസ്സാണ്‌ അന്ന് നേരിട്ട്‌ കോതമംഗലത്തേക്കുള്ളത്‌. അതില്‍ ഞങ്ങള്‍ക്ക്‌ പോകാനുള്ള സമയത്തോടുന്ന തുരുമ്പ്‌ ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും മുടങ്ങും. ഒരുമണിക്കൂര്‍ നേരത്തെ കഷ്ടപ്പെട്ട യാത്രക്കൊടുവില്‍ കോളേജിലെത്തുമ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ സമരം. കുന്നുകയറിത്തുടങ്ങുമ്പൊഴെ ചെവിയോര്‍ക്കുന്നത്‌ മുദ്രാവാക്യം വിളി കേള്‍ക്കുന്നുണ്ടൊ എന്നാണ്‌. സമരമായാല്‍ പെരുത്ത്‌ സന്തോഷം. വന്ന ബസ്സ്‌ തിരിച്ചുപോകുമ്പോള്‍ അതില്‍ ഞാനുമുണ്ടാവും.

     ജോയിയായിരുന്നു ആകെയുള്ള കൂട്ട്‌. പിന്നെ അവനൊപ്പം വരുന്ന രാജനും. ടൗണില്‍ എന്നെക്കാള്‍ പരിചയമുള്ളത്‌ അവനായിരുന്നു. കറിയില്ലാതെ പൊതിച്ചോറുമായി വരുന്ന ദിവസങ്ങളില്‍ ക്യാന്റീനില്‍ നിന്നും കറിവാങ്ങി പങ്കുവെക്കാനും സമരമുള്ള ദിവസം നോക്കി മാറ്റിനിക്കുപോവാനും അവനുണ്ടായിരുന്നു കൂടെ. ജോയിയുമായുള്ള സൗഹൃദം വല്ലാത്തൊരാത്മബന്ധമായി വളരുകയായിരുന്നു.

     നേര്യമംഗലത്ത്‌ പെരിയാറിന്റെ തീരത്താണവന്റെ വീട്‌. കൂലിപ്പണിക്കാരായ അപ്പച്ചനും അമ്മച്ചിയും രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനിയത്തികുട്ടിയുമടങ്ങുന്ന കൊച്ചുകുടുംബം. വീട്ടിലെ എല്ലാ വിശേഷങ്ങളും അവന്‍ പറഞ്ഞറിഞ്ഞു. ഞങ്ങള്‍ പരസ്പരം കൈമാറാത്ത വിശേഷങ്ങളൊന്നുമില്ലായിരുന്നു.

     കുന്നിന്മുകളിലെ ചാപ്പലിനു ചുറ്റുമായി ചതുരാകൃതിയിലാണ്‌ കോളേജ്‌ കെട്ടിടം. എല്ലാദിവസവും ഉച്ചക്ക്‌ ജോയിയോടൊപ്പം പള്ളിയില്‍ പോക്ക്‌ പതിവാക്കി. കുര്‍ബ്ബാന കൈക്കൊള്ളാനല്ല, വരാന്തയിലിരുന്നു പൊതിച്ചോറ്‌ ശാപ്പിടാന്‍. ഊണും കഴിഞ്ഞ്‌ കുന്നിഞ്ചെരുവിലെ ആഞ്ഞിലിമരങ്ങള്‍ക്ക്‌ ചുറ്റിക്കളിക്കുന്ന ഡിഗ്രിചേട്ടന്മാരെയും ചേച്ചിമാരേയും കടന്നുള്ള പതിവ്‌ കറക്കം ഉച്ചക്ക്‌ ശേഷം ക്ലാസ്‌ തുടങ്ങുന്ന സമയംവരെ നീളും.

     അക്കാലത്താണ്‌ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ആന കോതമംഗലത്ത്‌ വരുന്നത്‌. ആനയെ കാണാന്‍ പോകാന്‍ എല്ലാവരും തയ്യാറായി. ഉച്ചവരെ ക്ലാസ്സുള്ള ദിവസം നോക്കി കൂട്ടുകാരൊത്ത്‌ കാണാന്‍ പോയി. വല്യ ആനക്കഥയൊന്നുമില്ലാതിരുന്നിട്ടും കോതമംഗലത്തും പരിസരത്തും ഷൂട്ട്‌ ചെയ്ത പടമായതുകൊണ്ട്‌ ജവഹര്‍ തിയേറ്ററില്‍ ഹൗസ്‌ഫുള്‍ ആയിരുന്നു. അതാണെന്റെ ആദ്യ കാമ്പസ്‌ സിനിമ.

     അതിനു ശേഷം ഉച്ചകഴിഞ്ഞ്‌ ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ കാണാത്ത സിനിമകളുള്ള തിയേറ്റര്‍ അന്വേഷിക്കാന്‍ തുടങ്ങിയത്‌ പഠനത്തിനൊരു വഴിത്തിരിവായി. അപരിചിതത്വം മാറി സൗഹൃദങ്ങളേറിയതോടെ ജീവിതം കൂടുതല്‍ രസകരമായി. സമരവും പഠനവും സിനിമയുമൊക്കെയായി രണ്ടുവര്‍ഷം കടന്നുപോയതറിഞ്ഞില്ല.

     പരീക്ഷക്ക്‌ മലയാള സിനിമയില്‍ നിന്നും കാര്യമായ ചോദ്യങ്ങളൊന്നും വരാത്തതുകൊണ്ടും ആംഗലേയം ഇഷ്ടവിഷയമായതുകൊണ്ടും റിസല്‍റ്റ്‌ അനുകൂലമായിരുന്നു. ഇംഗ്ലീഷിന്‌ ഭംഗിയായി തോറ്റു. അന്നും ജോയി കൂട്ടിനുണ്ടായിരുന്നു. പിന്നെ സെപ്തംബറില്‍ പരീക്ഷയെഴുതാന്‍ പോയപ്പോള്‍ പണ്ട്‌ മാറ്റിനിക്ക്‌ കൂടെയുണ്ടായിരുന്ന എല്ലാവരുമുണ്ടായിരുന്നു എന്നതാശ്വാസമായി.

     ഒറ്റവിഷയം മാത്രം പഠിക്കാന്‍ മൂന്ന് മാസം കിട്ടിയതുകൊണ്ടും കയ്യീന്ന് കാശുമുടക്കി ട്യൂഷനെടുത്തതുകൊണ്ടും ഇംഗ്ലീഷെന്ന കീറാമുട്ടി ഞങ്ങള്‍ ഒരുവിധം കീറിയെടുത്തു.

     കോളേജ്‌ കാലം കഴിഞ്ഞു പിരിഞ്ഞതിനുശേഷം ഒന്നുരണ്ടുതവണകൂടി ജോയിയെ കണ്ടു. ഒരിക്കല്‍ ടൗണിലെ ബസ്റ്റാന്റില്‍ വെച്ചുകണ്ടപ്പോള്‍ പ്രീഡിഗ്രി ജയിച്ചു, ഏതായാലും ഈവര്‍ഷം പോയി അടുത്തവര്‍ഷം ഡിഗ്രിക്ക്‌ ചേരണം എന്നവന്‍ പറഞ്ഞു. തല്‍ക്കാലം എന്തെങ്കിലും ജോലി കണ്ടുപിടിക്കണം. ഭാവിയെക്കുറിച്ചുപറയുമ്പോള്‍ വല്ലത്തൊരു പ്രതീക്ഷയിലായിരുന്നു അവന്റെ കണ്ണുകള്‍.

     "നീ പഠനം ഉപേക്ഷിക്കരുത്‌. ഇനിയും ഡിഗ്രിക്ക്‌ ചേര്‍ന്ന് പഠിക്കണം. പഠിച്ച്‌ വലിയ ആളാകണം". ഞാനന്ന് കേള്‍ക്കനിഷ്ടപ്പെടാത്തത്‌ അവനെ ഉപദേശിച്ചു. അവനു കൊടുക്കാന്‍ എന്റെ ഓട്ടക്കീശയില്‍ അതേയുണ്ടായിരുന്നുള്ളൂ.

     സെപ്റ്റംബറിലെ പരീക്ഷക്കു ശേഷം വീട്ടില്‍ വെറുതെയിരിക്കുന്ന സമയത്ത്‌ എഴുതിത്തീര്‍ന്ന ബുക്കുകളുടെ പുറംചട്ടയില്‍ കുത്തിവരച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്കൊരതിമോഹം തോന്നി. ചിത്രരചന പഠിക്കണമെന്ന്. മൈക്കലാഞ്ചലോയോ ഡാവിഞ്ചിയൊ അതുമല്ലെങ്കില്‍ കേവലം ഒരു രവിവര്‍മ്മയെങ്കിലുമാകണമെന്ന മോഹത്താല്‍ ഞാന്‍ ചിത്രകല പഠിക്കാനായി ചേര്‍ന്നു. ഫീസ്‌ കണ്ടെത്താനായി ഒരു സുഹൃത്തിന്റെ സ്ഥാപനത്തില്‍ പാര്‍ട്‌ടൈം ജോലിയും. ടൗണിലെ എന്റെ പുതിയ അഡ്രസ്സ്‌ വെച്ച്‌ ജോയിക്ക്‌ കത്തയച്ചു. ഒരുപാട്‌ കാത്തിരുന്നെങ്കിലും അവന്‍ എന്റടുത്ത്‌ വന്നില്ല.

     പിന്നെ നേരില്‍ കണ്ടില്ലെങ്കിലും സ്നേഹം പൂക്കുന്ന കത്തുകളിലൂടെ ഊഷ്മളമായ ആ ബന്ധം തുടര്‍ന്നു പോന്നു. മാസത്തിലൊരു കത്തെങ്കിലും അയക്കാതിരുന്നിട്ടില്ല. അവനയക്കുന്ന കത്തുകളിലൂടെ എല്ലാ വിവരങ്ങളും അറിഞ്ഞുകൊണ്ടിരുന്നു. ലോവര്‍പെരിയാര്‍ ഡാം പണിയുന്ന സൈറ്റില്‍ ചെറിയൊരു ജോലി തരപ്പെട്ടുവെന്നും ഈവര്‍ഷം തല്‍ക്കാലം പഠിക്കാന്‍ പോകുന്നില്ലെന്നും ഒരിക്കല്‍ പറഞ്ഞു. "പഠിക്കാനുള്ള ചെലവ്‌ സ്വയം കണ്ടെത്തണം. ഇനിയും അപ്പച്ചനെ ബുദ്ധിമുട്ടിക്കുന്നത്‌ ശരിയല്ല". ജോയി ഒരിക്കലെഴുതി.

     മാസത്തിലൊരിക്കലെങ്കിലും ഞങ്ങള്‍ പരസ്പരം കത്തയക്കാതിരുന്നിട്ടില്ല.അവസാനം അയച്ച കത്തിനു മറുപടി കുറെ കാത്തിട്ടും വരാതിരുന്നപ്പോള്‍ കിട്ടിക്കാണില്ലെന്നുകരുതി ഒന്നുകൂടി എഴുതി. പിന്നെയും മറുപടിക്കായുള്ള കാത്തിരിപ്പ്‌... രണ്ടു കത്ത്‌ വരാനുള്ള സമയം കഴിഞ്ഞു. ഇല്ല, അവനെന്നെ മറന്നു ... എനിക്ക്‌ ദേഷ്യത്തേക്കളേറെ സങ്കടമായിരുന്നു. കാത്തിരിപ്പ്‌ ദിവസങ്ങളും മാസങ്ങളുമായി...

പിന്നെയെഴുതി. പതിവുപോലെ ഇന്‍ലന്റ്‌ നിറക്കാതെ.

     "ജോയീ... ഞാന്‍ അയച്ച രണ്ടുകത്തും കിട്ടിക്കാണുമെന്നെനിക്കറിയാം. എന്തേ മറുപടി അയക്കാഞ്ഞത്‌. സമയമില്ലേ.. അതൊ പുതിയ ജോലിയും കൂട്ടുകാരൊക്കെയുമായപ്പോള്‍ എന്നെ മറന്നോ? ഇനി ഞാന്‍ ഏഴുതേണ്ടെങ്കില്‍ ഒരുവാക്കുപറഞ്ഞാല്‍ മതി ഇനിയൊരിക്കലും ശല്യമാവില്ല. ഇപ്പോള്‍ ടൗണില്‍ ഞാനുണ്ട്‌. പറ്റുമെങ്കില്‍ എന്റടുത്ത്‌ വരണം. എന്നെ ബന്ധപ്പെടാനുള്ള രണ്ടുമൂന്ന് അഡ്രസ്സ്‌ നിനക്കു തന്നു. ഇതിലേതെങ്കിലും ഒന്നറിയിക്കണം. അല്ലെങ്കില്‍ നിന്നെ കാണാന്‍ സൗകര്യമുള്ള സ്ഥലം പറ... എവിടെയാണെങ്കിലും ഞാന്‍ വരാം."
എന്റെ ക്ഷോഭവും സങ്കടവും ഏതാനും വരികളിലൊതുക്കി പോസ്റ്റ്‌ ചെയ്തു.

     ദിവസങ്ങള്‍ക്കുശേഷം ഒരിക്കല്‍ രാത്രി ജോലികഴിഞ്ഞെത്തി ഊണ്‌ കഴിക്കാനിരുന്നപ്പോഴാണ്‌ എനിക്കുള്ളൊരു കത്ത്‌ സഹോദരി കൊണ്ടുവന്നു തന്നത്‌. ഇന്‍ലന്റില്‍ എഴുതിയ കത്തിന്റെ അയച്ച മേല്‍വിലാസം കണ്ടൊന്നമ്പരന്നു. ഒറ്റനോട്ടത്തില്‍തന്നെ ജോയിയുടെ പെങ്ങളുടെ പേരാണെന്നറിഞ്ഞെങ്കിലും എന്തുകൊണ്ടാണ്‌ അവളെനിക്ക്‌ കത്തെഴുതിയതെന്ന് ആലോചിച്ച്‌ ലെറ്റര്‍ തുറന്നപ്പോള്‍ ഒരു തുണ്ട്‌ കടലാസ്‌ താഴെവീണു.

     ദിനപത്രത്തില്‍ നിന്നും മുറിച്ചെടുത്ത ആ കടലാസ്‌കഷണം കണ്ടെനിക്ക്‌ കണ്ണില്‍ ഇരുട്ടുകയറുന്നതുപോലെ തോന്നി.പേവിഷബാധയേറ്റ യുവാവ്‌ മരിച്ചു. താഴെയൊരു ഫോട്ടോയും. എനിക്കുചുറ്റും ഭൂമി കീഴ്‌മേല്‍ മറിയുന്നു. ഇത്‌ അവനാകല്ലേയെന്ന പ്രാര്‍ത്ഥനയോടെ വീണ്ടും വീണ്ടും ആ ഫോട്ടോയില്‍ നോക്കി. അതെ ഇതെന്റെ പ്രിയപ്പെട്ട ജോയിയാണ്‌. എനിക്കാ വാര്‍ത്ത വായിച്ച്‌ പൂര്‍ത്തിയാക്കാനായില്ല. മനസ്സ്‌ മരവിച്ച അവസ്ഥയിലായിരുന്നു ഞാന്‍.

അവന്റെ കുഞ്ഞനുജത്തി എഴുതിയ വരികളിലെ അക്ഷരങ്ങളെന്നെ ഒരുപാട്‌ കരയിച്ചു.

     "പ്രിയപ്പെട്ട ഇക്കാ. നേരില്‍ കണ്ടിട്ടില്ലെങ്കിലും കുഞ്ഞാഞ്ഞ പറഞ്ഞ്‌ നന്നായി അറിയാം, നിങ്ങള്‍ തമ്മിലുള്ള അടുപ്പവും. അയച്ചകത്തുകള്‍ മൂന്നെണ്ണവും കിട്ടിയിരുന്നു. മറുപടി കാണാതാവുമ്പോള്‍ എഴുത്ത്‌ നിറുത്തുമെന്ന് കരുതി ഇതുവരെ മനഃപൂര്‍വ്വം മറുപടി അയക്കാതിരുന്നതാണ്‌. ഇതിനും മറുപടി അയച്ചില്ലെങ്കില്‍ ഇനിയും നിങ്ങള്‍ ചേട്ടനു കത്തയച്ചെങ്കിലോ എന്നു ഭയപ്പെടുന്നതുകൊണ്ട്‌ എഴുതുകയാണ്‌.

     ഇക്കായുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍ കത്തയച്ചാല്‍ ഒരിക്കലും കിട്ടാത്ത നാട്ടിലേക്ക്‌ പോയി. വന്ന കത്തുകളെല്ലാം അപ്പച്ചനും ഞാനും മാത്രമെ കണ്ടുള്ളു. അമ്മച്ചിയെ കാണിച്ചിട്ടില്ല, അവര്‍ക്കിതൊരിക്കലും താങ്ങാനാവില്ല. ഒരുമാസം മുമ്പ്‌ ചേട്ടന്‌ ഒത്തിരി ഇഷ്ടമുണ്ടായിരുന്ന നായക്കുട്ടി ഒന്നു ചെറുതായി കടിച്ചിരുന്നു. അന്നതത്ര കാര്യമാക്കിയിരുന്നില്ല. മുറിവിനു മാത്രമേ ചികില്‍സിച്ചിരുന്നുള്ളു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അത്‌ അസുഖം പിടിച്ച്‌ ചത്തു. അതിനുശേഷമാണ്‌ ചേട്ടന്‌ സുഖമില്ലാതാകുന്നത്‌. അത്‌ കണ്ടപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഞങ്ങള്‍.... ഏറെ വൈകിപ്പോയിരുന്നു.

     ഡോക്ടര്‍മാര്‍ ഇനിയൊന്നും ചെയ്യാനില്ല കൊണ്ടുപൊയ്ക്കൊള്ളാന്‍ പറഞ്ഞതുകൊണ്ട്‌ വീട്ടിലേക്ക്‌ കൊണ്ടുപോന്നു. വീട്ടില്‍ വെച്ച്‌ ഞങ്ങളുടെ കണ്മുന്നില്‍ വെച്ചാണ്‌ ചേട്ടനു പേയിളകി... ഞങ്ങള്‍ക്ക്‌ കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളു. ഞങ്ങളെ തീരാദുഃഖത്തിലാഴ്‌ത്തി വേദനകളില്ലാത്ത ലോകത്തിലേക്ക്‌.... ചേട്ടന്‍ പോയി. ഒപ്പം ഞങ്ങളുടെ എല്ലാപ്രതീക്ഷകളും. മാനസികമായി തകര്‍ന്നുപോയ അമ്മച്ചി ഇതുവരെ ചേട്ടന്റെ വേര്‍പാട്‌ തകര്‍ത്ത മാനസികാവസ്ഥയില്‍നിന്നും കരകയറിയിട്ടില്ല. അവരറിയാതെയാണീ കത്തെഴുതുന്നതും. ഇനി കത്തയക്കില്ലെന്നു കരുതട്ടെ.
എന്ന് സ്വന്തം അനിയത്തി..."

     എന്റെ കയ്യിലിരുന്ന ആ കത്ത്‌ കനലായി എരിയുന്നതറിഞ്ഞു. എനിക്ക്‌ ദുഃഖം അടക്കാന്‍ കഴിഞ്ഞില്ല. പൊട്ടിക്കരഞ്ഞുപോയി. അവന്റെ വേര്‍പാട്‌ മാസങ്ങള്‍ക്കുശേഷമാണ്‌ ഞാനറിയുന്നത്‌. അവന്റെ മരണത്തിനു ശേഷമാണല്ലോ ഞാനവന്‌ കത്തെഴുതിക്കൊണ്ടിരുന്നത്‌ എന്നോര്‍ത്തപ്പോള്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ല. എന്റെ കത്തുവായിച്ചപ്പോള്‍ അവരുടെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും?.

     ആ കത്തുകളിലെ വരികളിന്നും എന്റെ മിഴികളെ ഈറനണിയിക്കുന്നു.

     ഒരുപാടുതവണ അവന്റെ വീടുവരെ പോകണമെന്നു കരുതിയെങ്കിലും അവന്റെ അപ്പച്ചന്റെയും അമ്മച്ചിയെയുടെയും അനിയത്തിയുടെയും സങ്കടം കാണാനുള്ള വിഷമംകൊണ്ട്‌ മാറ്റി വെക്കുകയായിരുന്നു. പിന്നീട്‌ ജന്മനാടുപേക്ഷിക്കേണ്ടിവന്ന ഗള്‍ഫ്‌ ജീവിതം. ഓരോ അവധിക്കാലത്തും അവിടം വരെ പോകണമെന്നു മനസ്സിലുറപ്പിക്കും. പക്ഷെ, എണ്ണിചുട്ടപ്പം പോലെ കിട്ടുന്ന ദിവസങ്ങളിലൊന്നും ഒരിക്കല്‍പോലും പോകാന്‍ കഴിഞ്ഞിട്ടില്ല.

     കഴിഞ്ഞതവണ അവധിക്കായി നാട്ടിലെത്തിയപ്പോള്‍ എനിക്കു പുതിയൊരയല്‍ക്കാരനെക്കിട്ടി. മുമ്പ്‌ ജോയിയുടെ അയല്‍ക്കാരനായിരുന്ന കുഞ്ഞിക്ക. അവന്റെ ദാരുണമായ മരണം നേരില്‍കണ്ട്‌ ഇപ്പൊഴും ആ ദുരന്തം നെഞ്ചില്‍ ഒരു നെരിപ്പോടായി കൊണ്ടുനടക്കുന്ന അനേകം ദൃക്‌സാക്ഷികളിലൊരാള്‍.

     കുഞ്ഞിക്കായുടെ വാക്കുകളില്‍നിന്നാണ്‌ കൂടുതലറിയുന്നത്‌. നാടിനും വീടിനും പ്രിയപ്പെട്ടവനായിരുന്നു ജോയി. നാട്ടിലെന്തുകാര്യമുണ്ടെങ്കിലും മുന്നിലുണ്ടാവും. യാതൊരുവിധത്തിലുള്ള ദുഃശ്ശീലങ്ങളും തൊടാത്ത ചെറുപ്പക്കാരന്‍. ആര്‍ക്കും മാതൃകയായി ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നതവനെയാണ്‌. എന്തുജോലിയും ചെയ്ത്‌ അദ്ധ്വാനിച്ചു കിട്ടുന്ന പണം കൊണ്ട്‌ കുടുംബം പൊന്നുപോലെ നോക്കിയ അവനെ നാട്ടിലെല്ലാം വലിയ മതിപ്പായിരുന്നു. സ്നേഹം കൊണ്ട്‌ സ്വര്‍ഗ്ഗതുല്യമായിരുന്നു ആ കുടുംബം. അതുകൊണ്ടുതന്നെ ആ കുടുംബത്തിനു നേരിട്ട ദുരന്തം നാടിനു തീരാനൊമ്പരവുമായി.

     അസാധാരണമായ രോഗലക്ഷണങ്ങള്‍ കണ്ടാണ്‌ ജോയിയെ ആശുപത്രിയിലെത്തിച്ചത്‌. അപ്പോഴേക്കും ആക്രമണോല്‍സുകത കാണിച്ചുതുടങ്ങിയിരുന്നു. ചികില്‍സിച്ചാല്‍ ഭേദമാകുന്ന അവസ്ഥ കഴിഞ്ഞതിനാല്‍ മയങ്ങാനുള്ള മരുന്നും കൊടുത്തു വീട്ടിലേക്ക്‌ തിരിച്ചയക്കുകയല്ലാതെ ഡോക്ടര്‍മാര്‍ക്ക്‌ മറ്റുവഴികളില്ലയിരുന്നു.

     വീട്ടിലെത്തിച്ചപ്പോഴേക്കും ആശുപത്രിയില്‍ വെച്ചുകൊടുത്ത മയങ്ങാന്‍ കുത്തിവെച്ച മരുന്നിന്റെ വീര്യം കുറഞ്ഞുതുടങ്ങിയിരുന്നു. വീട്ടിലെത്തി മുറിയിലിട്ടുപൂട്ടി. വെളിച്ചത്തെ ഭയന്ന് ഇരുളിന്റെ കോണിലൊളിച്ചു. പിന്നെ വളരെ ഭീകരമായ വിധം പേയിളകി. കണ്ടുനില്‍ക്കാന്‍ കഴിയാത്ത വിധം വായില്‍ നിന്നും നുരയും പതയുമൊഴുകി. ഭീകരമായ ചേഷ്ടകളും. ഇടക്ക്‌ ശാന്തമാവും. സുബോധത്തോടെ സംസാരിക്കും. കേട്ടറിഞ്ഞെത്തിയ നാട്ടുകാരുടെ മുമ്പില്‍ വെച്ച്‌ വീണ്ടും മൂര്‍ച്ഛിക്കും. ഇടക്കു ശാന്തമാകുമ്പോള്‍ പറയും "അപ്പച്ചാ... എനിക്കിനി അധികനേരമില്ല.. ആരും എന്റടുത്തേക്ക്‌ വരരുത്‌. ഞാനെത്ര വിളിച്ചാലും. എന്നെ തൊടരുത്‌... അബദ്ധത്തിലെങ്കിലും എന്റെ നഖം കൊണ്ടാലോ, എന്റെ ഉമിനീര്‍ പറ്റിയാലോ നിങ്ങള്‍ക്കും പകരും. എന്നെ രക്ഷിക്കാന്‍ ശ്രമിച്ച്‌ നിങ്ങളാരും ജീവിതം കളയരുത്‌. ഞാന്‍ ആവശ്യപ്പെട്ടാലും വെള്ളം പോലും തരേണ്ട".

     വീണ്ടും പേയിളകും. ഇടക്ക്‌ അല്‍പ്പം നോര്‍മ്മലാകുമ്പോള്‍ ആളെ തിരിച്ചറിയും സംസാരിക്കാന്‍ ശ്രമിക്കും... യാത്ര പറയും. പിന്നെ അതിഭയങ്കരമായ വിധം ഇളകി. ഭയാനകമായി അലര്‍ച്ചയും...കരച്ചിലും. ശ്വാസമടക്കിനിന്ന നാട്ടുകാരുടെയും കുടുംബക്കാരുടെയും മുമ്പില്‍ ബോധമറ്റുവീണു. ആ മയക്കത്തില്‍ നിന്നും ഉണര്‍ന്നില്ല.ഒന്നരദിവസം നാടിന്റെയും വീടിന്റെയും നെഞ്ചുതകര്‍ന്ന പ്രാര്‍ത്ഥനകള്‍ക്കും വിരാമമിട്ട്‌ വേദനകളില്ലാത്ത ലോകത്തേക്കവന്‍ യാത്രയായി.

     മരണം ആര്‍ക്കും ഏതുവിധവും വരാം. എങ്കിലും ഇത്രയേറെ ദാരുണമായ മരണം ആര്‍ക്കും വരുത്താതിരിക്കട്ടെ. കുഞ്ഞിക്ക ഗദ്ഗദത്തോടെ പറഞ്ഞുനിര്‍ത്തി.

     കുഞ്ഞിക്ക പറഞ്ഞറിഞ്ഞ പിന്നീട്‌ നടന്ന സംഭവങ്ങള്‍ വേദനാജനകാമായിരുന്നു. അവന്റെ മരണത്തോടെ ആ കുടുംബം തകരുകയായിരുന്നു.ഏകമകന്റെ വേര്‍പാട്‌ താങ്ങാനായി മദ്യപിച്ചുതുടങ്ങിയ പിതാവ്‌ മുഴുക്കുടിയനായി. മാനസികമായി തകര്‍ന്ന മാതാപിതാക്കള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലതായി. കുടുംബത്തില്‍ കലഹം നിത്യ സംഭവമായി. പിന്നീടവര്‍ രണ്ടുപേരും വഴിപിരിഞ്ഞു. പുതിയ കൂട്ടുകാരെ കണ്ടെത്തുകയുംചെയ്തു. ഇതിനിടയിലെപ്പോഴോ അനിയത്തികുട്ടിയുടെ വിവാഹം കഴിഞ്ഞു. ഇപ്പോള്‍ ദൂരെയെവിടെയോയാണ്‌ താമസം.

     ജോലിയൊക്കെ സ്ഥിരമായതിനു ശേഷം ഒരൊഴിവു ദിവസം നീ വരണം, എന്റെ വീടും നാടുമൊക്കെ കാണുകയും പരിചയപ്പെടുകയും ചെയ്യണമെന്നൊക്കെ അവന്‍ ക്ഷണിച്ചിരുന്നതാണ്‌. ഒരിക്കല്‍ പോകണമെന്നും ഞാനും തീര്‍ച്ചപ്പെടുത്തിയിരുന്നു.

     "എന്റെ പ്രിയസ്നേഹിതാ... നിന്റെ വേര്‍പാടിനുശേഷം പോലും എനിക്കു നിന്റെ നാടും വീടും കാണാന്‍ വരാന്‍ കഴിഞ്ഞില്ല. നീ പോയതിനുശേഷം എത്രയോ തവണ നിന്റെ വീട്ടിലേക്ക്‌ വരാനിറങ്ങി. കഴിയുന്നില്ലെനിക്ക്‌... നിങ്ങളെ ഇനിയൊരിക്കലും ഒരുമിച്ചുകാണാനും കഴിയില്ലല്ലോ. പക്ഷെ എന്നെങ്കിലും ഞാന്‍ എന്റെ പഴയ ചങ്ങാതിയുടെ വേരുകള്‍ അന്വേഷിച്ചു വന്നേക്കാം. എനിക്കുമറക്കാനാവില്ലല്ലോ.." .

45 comments:

അലി said...

പതിനേഴു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അകാലത്തില്‍ പൊലിഞ്ഞ എന്റെ പ്രിയസ്നേഹിതന്‍ ജോയിയുടെ ഓര്‍മ്മകള്‍ക്ക്‌ മുമ്പില്‍ ഈറനണിഞ്ഞ മിഴികളോടെ...

സക്കീര്‍ കൈപ്പുറം said...

വളരെ നന്നായിട്ടുണ്ട്,
മനസ്സില്‍ നോമ്പരങ്ങള്‍ ഉണര്‍ത്തുന്ന ഓര്‍മ്മക്കുറിപ്പ്.
സ്നേഹ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത കാലത്ത്
ഇതുപോലുള്ള സ്നേഹിതര്‍ കുറച്ചുപേര്‍ മാത്രം..
ഭാവുകങ്ങള്‍ നേരുന്നു.
ഒപ്പം അകാലത്തില്‍ വിട്ടുപോയ പ്രിയ
സ്നേഹിതനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം..

ഒരു “ദേശാഭിമാനി” said...

പ്രിയപ്പെട്ട ആലി,

37 കൊല്ലം മുമ്പു ഞാന്‍ 2 വര്‍ഷം പഠിച്ച വിദ്യാലയത്തിലാണു നിങ്ങള്‍ പഠിച്ചതെന്നുകൂടി അറിഞ്ഞപ്പോള്‍, നിങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മക്കുറിപ്പു, പൊള്ളുന്ന നൊമ്പരമായി!

അധിദാരുണമായി വേര്‍പെട്ടുപോയ സുഹൃത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാം!

ശ്രീ said...

അലി ഭായ്...
വായിച്ച് മുഴുമിപ്പിച്ചത് വളരെ ബുദ്ധിമുട്ടിയാണ്‍. പകുതിയായപ്പോഴേയ്ക്കും കണ്ണു നിറഞ്ഞു പോയി. വളരെ വേദനാജനകമായ ഒരു ഓര്‍‌മ്മക്കുറിപ്പ്. വായാനക്കാരെ ഇത്ര വേദനിപ്പിയ്ക്കുന്നുവെങ്കില്‍‌ ഈ ദു:ഖം മനസ്സില്‍‌ കൊണ്ടു നടക്കുന്ന ഭായ്‌യെ ഇത് എത്ര മാത്രം ദു:ഖിപ്പിയ്ക്കുന്നുണ്ടാകുമെന്ന് ഊഹിയ്ക്കാം. അതു കൊണ്ടു തന്നെ മറ്റൊന്നും എഴുതുന്നില്ല.

എങ്കിലും കുഞ്ഞിയ്ക്ക പറഞ്ഞതു പോലെ...
മരണം ആര്‍ക്കും ഏതുവിധവും വരാം. എങ്കിലും ഇത്രയേറെ ദാരുണമായ മരണം ആര്‍ക്കും വരുത്താതിരിക്കട്ടെ.” എന്നു നമുക്ക് പ്രാര്‍‌ത്ഥിയ്ക്കാം.

ജോയ്‌യുടെ ആത്മാവിനു വേണ്ടി ഞാനും പ്രാര്‍‌ത്ഥിയ്ക്കുന്നു.

മന്‍സുര്‍ said...
This comment has been removed by the author.
മന്‍സുര്‍ said...

അലിഭായ്‌...

ഓര്‍മ്മയിലൊരു കണ്ണീര്‍തുള്ളി....ഇവിടെ ഒരായിരം കണ്ണുനീര്‍ത്തുള്ളികളായ്‌..മാറുന്നു.. നൊമ്പരങ്ങളില്‍...പ്രിയ സ്നേഹിതന്റെ ദാരുണമായ മരണം ശരിക്കും വേദനിപ്പികുന്ന നൊമ്പരമായ്‌.

വരികളിലൂടെ ആ സഹനത്തിന്റെ..രോഗത്തിന്റെ കാഠിന്യം.മനസ്സുകളുടെ വേദന...എന്താ പറയാ..

ജോയി അനുഭവിച്ച ആ വേദന...ഇന്നും ഒരു നിഴല്‍ പോലെ വരികളില്‍
പണ്ടും പറഞ്ഞു കേട്ടിരിക്കുന്നു ഇത്തരമൊരു അവസ്ഥയെ കുറിച്ച്‌.
എല്ലാം വിധി അല്ലേ... ഒരു പക്ഷേ കാര്യമായൊന്ന്‌ പരിശ്രമിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നില്ലേ

പ്രിയ സ്നേഹിതന്റെ മറുപടി കാണതെയായപ്പോല്‍ മനസ്സില്‍ കരുതിയത്‌ തിരക്കിലായിരിക്കുമെന്നാണ്‌..

"ജോയീ... ഞാന്‍ അയച്ച രണ്ടുകത്തും കിട്ടിക്കാണുമെന്നെനിക്കറിയാം. എന്തേ മറുപടി അയക്കാഞ്ഞത്‌. സമയമില്ലേ.. അതൊ പുതിയ ജോലിയും കൂട്ടുകാരൊക്കെയുമായപ്പോള്‍ എന്നെ മറന്നോ? ഇനി ഞാന്‍ ഏഴുതേണ്ടെങ്കില്‍ ഒരുവാക്കുപറഞ്ഞാല്‍ മതി ഇനിയൊരിക്കലും ശല്യമാവില്ല. ഇപ്പോള്‍ ടൗണില്‍ ഞാനുണ്ട്‌. പറ്റുമെങ്കില്‍ എന്റടുത്ത്‌ വരണം. എന്നെ ബന്ധപ്പെടാനുള്ള രണ്ടുമൂന്ന് അഡ്രസ്സ്‌ നിനക്കു തന്നു. ഇതിലേതെങ്കിലും ഒന്നറിയിക്കണം. അല്ലെങ്കില്‍ നിന്നെ കാണാന്‍ സൗകര്യമുള്ള സ്ഥലം പറ... എവിടെയാണെങ്കിലും ഞാന്‍ വരാം."
എന്റെ ക്ഷോഭവും സങ്കടവും ഏതാനും വരികളിലൊതുക്കി പോസ്റ്റ്‌ ചെയ്തു.

അവന്റെ കുഞ്ഞനുജത്തി എഴുതിയ വരികളിലെ അക്ഷരങ്ങളെന്നെ ഒരുപാട്‌ കരയിച്ചു.
ആ വരികള്‍ ഞങ്ങളെയും കരയിച്ചു സ്നേഹിത അലി....

"പ്രിയപ്പെട്ട ഇക്കാ. നേരില്‍ കണ്ടിട്ടില്ലെങ്കിലും കുഞ്ഞാഞ്ഞ പറഞ്ഞ്‌ നന്നായി അറിയാം, നിങ്ങള്‍ തമ്മിലുള്ള അടുപ്പവും. അയച്ചകത്തുകള്‍ മൂന്നെണ്ണവും കിട്ടിയിരുന്നു. മറുപടി കാണാതാവുമ്പോള്‍ എഴുത്ത്‌ നിറുത്തുമെന്ന് കരുതി ഇതുവരെ മനഃപൂര്‍വ്വം മറുപടി അയക്കാതിരുന്നതാണ്‌. ഇതിനും മറുപടി അയച്ചില്ലെങ്കില്‍ ഇനിയും നിങ്ങള്‍ ചേട്ടനു കത്തയച്ചെങ്കിലോ എന്നു ഭയപ്പെടുന്നതുകൊണ്ട്‌ എഴുതുകയാണ്‌.

കൂട്ടുക്കാരന്റെ വിയോഗം നിന്നിലുണ്ടാക്കിയ വേദന ഇന്ന്‌ ഞങ്ങളും...അറിയുന്നു ഈ നൊമ്പരവരികളിലൂടെ

"എന്റെ പ്രിയസ്നേഹിതാ... നിന്റെ വേര്‍പാടിനുശേഷം പോലും എനിക്കു നിന്റെ നാടും വീടും കാണാന്‍ വരാന്‍ കഴിഞ്ഞില്ല. നീ പോയതിനുശേഷം എതയോ തവണ നിന്റെ വീട്ടിലേക്ക്‌ വരാനിറങ്ങി. കഴിയുന്നില്ലെനിക്ക്‌... നിങ്ങളെ ഇനിയൊരിക്കലും ഒരുമിച്ചുകാണാനും കഴിയില്ലല്ലോ. പക്ഷെ എന്നെങ്കിലും ഞാന്‍ എന്റെ പഴയ ചങ്ങാതിയുടെ വേരുകള്‍ അന്വേഷിച്ചു വന്നേക്കാം. എനിക്കുമറക്കാനാവില്ലല്ലോ.." .


മരണം ആര്‍ക്കും ഏതുവിധവും വരാം. എങ്കിലും ഇത്രയേറെ ദാരുണമായ മരണം ആര്‍ക്കും വരുത്താതിരിക്കട്ടെ. കുഞ്ഞിക്ക ഗദ്ഗദത്തോടെ പറഞ്ഞുനിര്‍ത്തി.

അലിഭായ്‌ കണ്ണുനീരില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍ മനസ്സില്‍ തട്ടി...

നന്‍മകള്‍ നേരുന്നു

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“പുതിയ ജോലിയും കൂട്ടുകാരൊക്കെയുമായപ്പോള്‍ എന്നെ മറന്നോ? ഇനി ഞാന്‍ ഏഴുതേണ്ടെങ്കില്‍ ഒരുവാക്കുപറഞ്ഞാല്‍ മതി ഇനിയൊരിക്കലും ശല്യമാവില്ല”

ചിലരോടെങ്കിലും പറയാന്‍ തോന്നിയിട്ടും മനസ്സിലൊളിപ്പിച്ച വാചകങ്ങള്‍!!!

ഈറനണിഞ്ഞ മിഴികള്‍ എഴുത്തില്‍ കാണാം ഹൃദയവും..

കാവലാന്‍ said...

കണ്ണീരുപ്പുപുരണ്ട കുറിപ്പുകള്‍...

ഹാ ആരറിവൂ വിധിയുടെ തുലാസ്സു പൊങ്ങുന്നതും താനേ താണുപോകുന്നതും!

ഹരിശ്രീ said...

alibhai,

kanneeraniyikkunna ormmakkurippu.

ജോയ്‌യുടെ ആത്മാവിനു വേണ്ടി ഞാനും പ്രാര്‍‌ത്ഥിയ്ക്കുന്നു.


harisree

ഉപാസന || Upasana said...

അലി ഭായ്,

വെരി മച്ച് ടച്ചിങ്...
ഫീല്‍ ചെയ്തു ശരിക്കും
ലോകത്തിലെ ഏറ്റവും ഭീകരമായ മരണങ്ങളിഉലൊന്നാണ് റാബീസ്.

ഫുല്‍ ഇമോഷന്‍സ് പ്രകടിപ്പിച്ചിരിക്കുന്നു.

ഉപാസന

പ്രയാസി said...

ഇക്കാ.. ഈ ഹൃദയ വേദന ആദ്യം വായിച്ചെങ്കിലും കമന്റാന്‍ കഴിഞ്ഞില്ല..:(

ഇടക്കു കണ്ണു നിറഞ്ഞിക്കാ.. ഭാവനയില്‍ കല്‍പ്പിച്ചു കൂട്ടുന്ന നേരമ്പോക്കുകളെക്കാള്‍ പത്തരമാറ്റു തിളക്കമുണ്ട്.. ഈ കണ്ണീരില്‍ കുതിര്‍ന്ന വരികള്‍ക്ക്..

നമുക്കു വേണ്ടപ്പെട്ട ചിലര്‍ നാമറിയാതെ നഷ്ടപ്പെടുമ്പോള്‍ അതും ഇത്രയും ദാരുണമായി.. ഇക്കാ നമുക്കു പ്രാര്‍ത്ഥിക്കാം ശത്രുവിനു പോലും ഈ ഗതി വരുത്തല്ലേ എന്നു..

പൈങ്ങോടന്‍ said...

ഒരു നൊമ്പരപ്പെടുത്തലായി ഈ കുറിപ്പ്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കണ്ണീരില്‍ കുതിര്‍ന്നൊരു ഗാഥ, ശരിക്കും മിഴികളെ ഈറനാക്കി...

അലി said...

വര്‍ഷങ്ങളോളം ഒരു നൊമ്പരമായി മനസ്സില്‍ ‍കൊണ്ടുനടന്ന ഒരു ദുരന്തത്തെ അക്ഷരങ്ങളായി ഇവിടെ പകര്‍ത്തിയപ്പോള്‍ വന്നു കണ്ട് ഈ ദുഃഖത്തില്‍ പങ്കുചേര്‍ന്ന ബൂലോകത്തെ എല്ലാ കൂടപ്പിറപ്പുകള്‍ക്കും നന്ദി.

സക്കീര്‍ നന്ദി.
ഒരു ദേശാഭിമാനി. വന്ന് കണ്ടതിനു നന്ദി. നമ്മുടെ ആ കലാലയത്തെക്കുറിച്ച് സുന്ദരമായ ഒരുപാടോര്‍മ്മകളുണ്ടെങ്കിലും അതെല്ലാം മായ്ച്ചുകളയുന്നതായിപ്പോയി ഈ ദുരന്തം.

ശ്രീ ...
നമുക്കും പ്രാത്ഥിക്കാം

മന്‍സൂര്‍ഭായ്..
വന്ന് ദുഃഖം പങ്കുവെച്ചതിനും സാന്ത്വനിപ്പിച്ചതിനും നന്ദി.

പ്രിയപ്പെട്ട കുട്ടിച്ചാത്താ...
വന്നതിനു നന്ദി.

കാവലാന്‍ ... നന്ദി

ഹരിശ്രീ..
പ്രാര്‍ത്ഥനയില്‍ പങ്കുചേരാം.

ഉപാസന.. നന്ദി.

പ്രയാസി.. പൈങ്ങോടന്‍..പ്രിയ.
ഈ നൊമ്പരത്തില്‍ സാന്ത്വനമായി വന്നതിനു നന്ദി...

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ
ഈദ് ആശംസകള്‍!

(ഒരാഴ്ചത്തെ അവധിക്കുശേഷം കാണാം)

ദിലീപ് വിശ്വനാഥ് said...

പ്രിയ അലി,
ആത്മാര്‍ത്ഥ സ്നേഹിതന്മാരുടെ വേര്‍പാട് ഒരിക്കലും താങ്ങാന്‍ കഴിയില്ല. എനിക്കും അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ട്.
ജോയിയുടെ ആത്മാവിനു നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കാം.

SHAN ALPY said...

Happy Eid

Sherlock said...

അലീക്കാ, ഓര്മ്മകുറിപ്പ് ..ശരിക്കും വേദനിപ്പിച്ചു.....:(

Dr. Prasanth Krishna said...

അലി ...
മനസ്സില്‍ നോമ്പരങ്ങള്‍ ഉണര്‍ത്തുന്ന ഓര്‍മ്മക്കുറിപ്പ്. വായാനക്കാരെ ഇത്ര വേദനിപ്പിയ്ക്കുന്നുവെങ്കില്‍‌ ഈ ദു:ഖം മനസ്സില്‍‌ കൊണ്ടു നടക്കുന്ന നിങ്ങള്‍ക്ക് ഇത് എത്ര മാത്രം ദു:ഖിപ്പിയ്ക്കുന്നുണ്ടാകുമെന്ന് ഊഹിയ്ക്കാം. എനിക്കും ഉണ്ട് ഇങ്ങനെ പേവിഷബാധയേറ്റ് അകാലത്തില്‍ ഒരു യാത്രാമൊഴിപൊലും പറയാതെ കടന്നുപോയ രണ്ട് സുഹ്യത്തുക്കള്‍....

മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ്....അത് അനിവാര്യവുമാണ്..എങ്കിലും ഇത്രയേറെ ദാരുണമായ മരണം ആര്‍ക്കും വരുത്താതിരിക്കട്ടെ....എന്നും ഏറ്റവും ദാരുണമായ മരണമായി എനിക്കുതോന്നിയിട്ടുള്ളത് ഈ മരണം തന്നയാണ്....

http://Prasanth R Krishna/watch?v=P_XtQvKV6lc

ഖാന്‍പോത്തന്‍കോട്‌ said...

വിഷമം സമ്മാനിച്ച വായന നല്ല വ്യക്തമായ വിവരണം കൊള്ളാം തുടര്‍ന്നും എഴുതുക. നല്ല ഒരു പുതുവത്സരം നേരുന്നു..!

അലി said...

പെരുന്നാള്‍ അവധിക്കുശേഷം തിരിച്ചെത്തി...

വാല്‍മീകി..
വന്നതിനും കണ്ടതിനും നന്ദി.

ഷാന്‍.
ഈദാശംസകള്‍..

ജിഹേഷ്.. നന്ദി.

പ്രശാന്ത്..
വന്നതിനും അനുഭവം പങ്കുവെച്ചതിനും നന്ദി.

ഖാന്‍..
വന്നുകണ്ട അഭിപ്രായമറിയിച്ചതിനുംനന്ദി..

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

Unknown said...

കഥയെപ്പറ്റി എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും ഏറെ പറയാനുള്ളതുകൊണ്ടു് ഒന്നും പറയുന്നില്ല.

ക്രിസ്തുമസ്സ്- നവവത്സരാശംസകള്‍!

Unknown said...

@@@@@ ക്രിസ്തുമസ് പുതുവത്സരാശംസകള്‍! @@@@@
############ നേരുന്നു ################

അഫ്ഗാര്‍ (afgaar) said...

പ്രിയപ്പെട്ട സ്നേഹിതന്റ്റെ ഓര്‍മ്മയ്ക്കായി ഇതിലും വലിയൊരു സ്മാരകം പണിതുയര്‍ത്തുവാനാവില്ലാ അലി... അകലങ്ങളിലെവിടെയോ ഇരുന്നു ജോയി സന്തോഷിക്കുന്നുണ്ടാവുമായിരിക്കും ഇതു കണ്ടു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നൊമ്പരങ്ങളുടെ കൂട്ടായ് മാറിയ ഓര്‍മകള്‍...
ശെരിക്കും എന്തൊ പോലെ മനസ്സ് നീറിപ്പുകയുകയാണൊ...
അറിയില്ലാ എന്നാലും എന്തൊ പോലെ...
സത്യം പറഞ്ഞാല്‍ മഴത്തൂള്ളിപ്പോലെ കണ്ണുനീര്‍ത്തുള്ളികള്‍ ഒലിച്ചിറങ്ങി ഒരു പേമാരിയായ് മാറിപ്പോയി..
ഇനി ഞാന്‍ ഏഴുതേണ്ടെങ്കില്‍ ഒരുവാക്കുപറഞ്ഞാല്‍ മതി ഇനിയൊരിക്കലും ശല്യമാവില്ല”
ആര്‍ക്കൊക്കെയൊ വേണ്ടി എന്തിനൊക്കെയോ വേണ്ടി മനസ്സില്‍ കുറിച്ചിരുന്നൂ ഈ വാചകങ്ങള്‍..
ഈ ഓര്‍മകള്‍ എനിക്ക് സമ്മാനിച്ചത് ഒരു പിടി മിഴിനീര്‍മുത്തുകളായിപ്പോയല്ലോ..ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷങ്ങളുമല്ലെ മനുഷ്യന്‍ മരിച്ചുകൊണ്ടിരിക്കുന്നത്.
അകാലത്തില്‍ പൊലെഞ്ഞുപോയ ഒരു സുഹൃത്തിനെ ഓര്‍മവന്നൂ..,
http://balyakaalam.blogspot.com/2007/12/blog-post.html
സൌഹൃദം എന്ന വിലപ്പെട്ട കണ്ണി അറുത്തെറിയുമ്പോള്‍ അറിയാതെ ചൂളപോലെ എരിയുകയാണ് മനസ്സ്...
ഓര്‍മയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ആ സൌഹൃദത്തിനു മുന്‍പില്‍ ...ഒരു പാഷ്പമായി അലിഞ്ഞില്ലാതാകുന്ന നിമിഷങ്ങള്‍..
അലുയുമീ മൌനമൊമ്പരങ്ങള്‍ ഒരു പ്രതിബിംബമായി അലയാഴിയില്‍
വീഴുമീ കണ്ണുനീര്‍ത്തടങ്ങള്‍ ഒരു തടാകമായി പൊഴുയുമീ ഹൃദയം..
അലിഭായ് ഇനിയും തുടരട്ടെ ഓര്‍മക്കുറിപ്പുകള്‍..

അലി said...

സി.കെ.ബാബു.
റഫീക്ക് നന്ദി.

അഫ്ഗാര്‍..
മരിക്കാത്ത സ്മരണകള്‍ തന്നെ പ്രിയ സുഹൃത്തിനുള്ള സ്മാരകം..

സജി..
വന്നുകണ്ടതിനും ഈ ദുഃഖത്തില്‍ പങ്കുചേര്‍ന്നതിനും ഒരുപിടി നല്ലവാക്കുകള്‍ക്കും നന്ദി..

എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

നിലാവര്‍ നിസ said...

വാക്കുകള്‍ കൊണ്ട് പകര്‍ത്താന്‍ വയ്യ ഒന്നും..

അലി said...

നിലാവേ..
വന്നല്ലോ സന്തോഷം.

എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ പുതുവര്‍ഷ ആശംസകള്‍ നേരുന്നു.....

SreeDeviNair.ശ്രീരാഗം said...

DEAR BROTHER..
Dukhangalodu vida ...parayuu...
punchiriye...
swanthamaakku...
chechi

തീരങ്ങള്‍ said...

കണ്ണീരുപ്പുപുരണ്ട കുറിപ്പുകള്‍...
മനസ്സില്‍ വളരെ സങ്കടമുണര്‍ത്തിയ അനുഭവങ്ങള്‍..
ജോയിയുടെ ആത്മാവിനു നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കാം.

Sharu (Ansha Muneer) said...

കൂട്ടുകാരന്റെ ബ്ലോഗില്‍ നിന്നു ഇവിടെ എത്തി.... ഇന്ന് ആകെ ഒരു വേദന ആണല്ലൊ.

മാണിക്യം said...

നന്നായി അലീ, പതിനേഴു വര്‍‌ഷത്തിനു
ശേഷം ആണെങ്കില്‍ പോലും ജോയിയെ പരിചയപ്പെടുത്തിയതിനു നന്ദി..
ആ നല്ലവനായ ജോയിക്ക് ഇങ്ങനെ ഒരന്ത്യം,
വല്ലാത്ത വിഷമം തോന്നി...
വായനക്കാരുടെ നെഞ്ചില്‍
ഒരു വിങ്ങലുണ്ടാക്കാ‍ന്‍
കഴിഞ്ഞു എന്നത് അലി എന്ന
കഥാകരന്റെ കഴിവ്.അഭിനന്ദനങ്ങള്‍!!

അലി said...

sreedevi Nair
സാന്ത്വനമായ്തിനു നന്ദി.

തീരങ്ങള്‍ നന്ദി..

ഷാരു ...
എത്തിയല്ലോ സന്തോഷം...

മാണിക്യം..
വന്നുകണ്ടതിനും അഭിപ്രായമറിയിച്ചതിനും നന്ദി.
വര്‍ഷങ്ങളായി മനസ്സിലൊരു നൊമ്പരമായിരുന്ന സംഭവം വരികളിലാക്കിയപ്പോള്‍ സാന്ത്വനമായ എല്ലാവര്‍ക്കും നന്ദി..

ബൂലോകത്തെ എല്ലാ സഹോദരങ്ങള്‍ക്കും
ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകള്‍!

കടവന്‍ said...

ബുറൈദയില്‍ നിന്നാണ്‍ പറ്റിയാല്‍ ബന്ധപ്പെടുക.
ഈ നമ്പരുകളില്‍ കിട്ടും.05021 72785
office: 3855208-106

interested in painting.

അച്ചു said...

അലീക്ക...വേര്‍പാടുകള്‍ ഒരിക്കലും വാക്കുകളില്‍ ഒതുക്കാനാകില്ല....അതെന്നുമൊരോര്‍മയാണ്..നീറുന്ന ഒന്ന്...

അലി said...

കടവാ... കാണാം

കൂട്ടുകാരാ....
വന്നു അഭിപ്രായമറിയിച്ചതിന് ഒരുപാട് നന്ദി..
പുതുവത്സരാശംസകള്‍!

ഫസല്‍ ബിനാലി.. said...

manassonnu pidachupoayiee

അലി said...

ഫസല്‍..
നന്ദി!

Rajesh Karakodan said...

reading this write up was really a touching experiance. I have shared the link through facebook group Pravasi Malayalees
Facebook Pravasi Malayalees

ജോയ്‌ പാലക്കല്‍ - Joy Palakkal said...

സ്നേഹപൂര്‍വ്വം അലിയ്ക്ക്‌....
എന്റെ ബ്ലോഗ്ഗിലെ 'മനസ്സൊഴുകും വഴി...' എന്ന കഥയുടെ കമെന്റ്‌ പിന്തുടര്‍ന്നാണ്‌ ഇവിടെ എത്തിയത്‌...
ശരിയ്ക്കും കരഞ്ഞു...
ഞാന്‍ എഴുതിയത്‌ കഥയാണ്‌.. പക്ഷെ, അലിയെഴുതിയത്‌ ജീവിതവും!!
നല്ല സുഹൃത്തുക്കള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന..ഈ കാലഘട്ടത്തില്‍ 'ജോയിയുടെ' ദാരുണമായ വേര്‍പാട്‌ ഏറേ വേദനാജനകം!!
'ജോയിയുടെ' ആത്മാവിനു നിത്യശാന്തി നേരുന്നു...
നല്ല സുഹൃത്തിന്റെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന അലിയുടെ നല്ല മനസ്സിനും എല്ലാ നന്മകളും നേരുന്നു!!!
നന്നായി എഴുതിയതിന്‌ ഏറേ അഭിനന്ദനങ്ങളും!!

Sulfikar Manalvayal said...

അലിക്കാ. ലിങ്ക് അയച്ചു തന്നത് നന്നായി.
പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല.
നൊമ്പരം ഇത്ര കണ്ടു മുറിപ്പെടുത്തും എന്നാ സത്യം.
അറിയുന്നു ഞാനാ മനസിലെ മുറിവുകള്‍, എന്നും നീറ്റലായി ഉണ്ടാവുമെന്നും അറിയാം.
എന്നെയും ഏറ്റവും വേദനിപ്പിച്ചത് "മരണം ആര്‍ക്കും ഏതുവിധവും വരാം. എങ്കിലും ഇത്രയേറെ ദാരുണമായ മരണം ആര്‍ക്കും വരുത്താതിരിക്കട്ടെ. കുഞ്ഞിക്ക ഗദ്ഗദത്തോടെ പറഞ്ഞുനിര്‍ത്തി"
ഈ വരികള്‍ തന്നെയാണ്. നമ്മള്‍ക്കും പ്രാര്തിക്കാനുള്ള ഒരു കാര്യമാണിത്. ഒരാള്‍ക്കും ഇത്തരം ദാരുണമായ അന്ത്യം ഉണ്ടാവാതിരിക്കട്ടെ.
കൂടുന്നു ഞാനും ആ ദുഃഖത്തില്‍.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മിഴിനീര്‍ത്തുള്ളിയുടെ മിഴികള്‍ നിറഞ്ഞു...
പ്രിയ കൂട്ടുകാരനു മിഴിനീര്‍ത്തുള്ളിയുടെ ആദരാഞ്ജലികള്‍

Anonymous said...

"കഷ്ടപ്പെട്ട യാത്രക്കൊടുവില്‍ കോളേജിലെത്തുമ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ സമരം. കുന്നുകയറിത്തുടങ്ങുമ്പൊഴെ ചെവിയോര്‍ക്കുന്നത്‌ മുദ്രാവാക്യം വിളി കേള്‍ക്കുന്നുണ്ടൊ എന്നാണ്‌. സമരമായാല്‍ പെരുത്ത്‌ സന്തോഷം. വന്ന ബസ്സ്‌ തിരിച്ചുപോകുമ്പോള്‍ അതില്‍ ഞാനുമുണ്ടാവും." ഇത് വായിക്കുമ്പോള്‍ എന്തൊ ഫാറൂക്ക് കോളേജ് ജീവിതം മനസ്സിലേക്ക് ഓടി വരുന്നു ..രണ്ടു വര്‍ഷം അവിടെ തീര്‍ത്തെങ്കിലും ഒരിക്കലും എനിക്ക് ആ കോളേജ് മായി മാനസികമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല ..അലിഭായിയെ പോലെ ..അവിടുത്തെ അടിപൊളി ജീവിതം തന്നെ കാരണം ...രണ്ടു വര്‍ഷവും അടിപൊളി സമരങ്ങളും മറ്റുമായി പടച്ചവന്‍ എന്നെ കാത്തു ...ഒരു പീരീഡ്‌ ഫ്രീ കിട്ട്യാല്‍ ഞാന്‍ വീട്ടിലേക്കു പോയി എന്ന് പറഞ്ഞു കുട്ടുകാര്‍ എന്നെ കളിയാക്കുമായിരുന്നു ..അത്രയ്ക്ക് ഹോം സിക്ക് ആയിരുന്നു ഞാന്‍ ....ഹോ ഇപ്പോഴും ഓര്‍ക്കാന്‍ ഒട്ടും ഇഷ്ട്ടമാലാത്ത ജീവിതം ...ഞാന്‍ മാത്രമേ അങ്ങിനെ കാണു എന്ന് പലരും പറഞ്ഞ്ട്ടുണ്ട് ..എന്തൊ അങ്ങിനെയൊക്കെയുള്ള ഒരു രണ്ടു വര്‍ഷ ജീവിതത്തില്‍ കിട്ടിയ വലിയ പാഠം എന്താണ് എന്ന് വച്ചാല്‍ ജീവിതത്തില്‍ പിന്നെ ഇത് നരകത്തില്‍ കൊണ്ട് പോയിട്ടാലും ഞാന്‍ വേഗം പോരുത്തപെട്ടു പോകും ...അവിടുത്തെ ഹോസ്റ്റല്‍ ജീവിതം സമ്മാനിച്ച ജീവിത പാടങ്ങളും രീതികളും ...:D

"പരീക്ഷക്ക്‌ മലയാള സിനിമയില്‍ നിന്നും കാര്യമായ ചോദ്യങ്ങളൊന്നും വരാത്തതുകൊണ്ടും ആംഗലേയം ഇഷ്ടവിഷയമായതുകൊണ്ടും റിസല്‍റ്റ്‌ അനുകൂലമായിരുന്നു. ഇംഗ്ലീഷിന്‌ ഭംഗിയായി തോറ്റു. "-ഹ ഹ ഹ ..ഈ ഭാഗം വായിച്ചു ഒത്തിരി ചിരിച്ചു ....എന്തായാലും പിന്നീട് പാസ്‌ ആയി പോന്നല്ലോ ...സത്യം പറഞ്ഞാ ഇതിലെ ആദ്യ വരിയും അവസാന വരിയും എന്നെ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു കളഞ്ഞു ..അയ്യോ ഇംഗ്ലീഷ് ഇഷ്ട്ടായിട്ടും തോറ്റു പോയോ എന്ന് കരുതി ..രണ്ടാമത് ഒന്ന് കു‌ടി വായിച്ചപ്പോള്‍ ആണ് ലൈറ്റ് കത്തിയത് :P ...[ആംഗലേയം ഇഷ്ടവിഷയമായതുകൊണ്ടും റിസല്‍റ്റ്‌ അനുകൂലമായിരുന്നു. ഇംഗ്ലീഷിന്‌ ഭംഗിയായി തോറ്റു. ].

"അന്നും ജോയി കൂട്ടിനുണ്ടായിരുന്നു. പിന്നെ സെപ്തംബറില്‍ പരീക്ഷയെഴുതാന്‍ പോയപ്പോള്‍ പണ്ട്‌ മാറ്റിനിക്ക്‌ കൂടെയുണ്ടായിരുന്ന എല്ലാവരുമുണ്ടായിരുന്നു എന്നതാശ്വാസമായി"-സുഹൃത്തായാല്‍ ഇങ്ങിനെ വേണം ...വിജയത്തിലും പരാജയത്തിലും വേണം ഒപ്പം :P
....

Anonymous said...

"മാസത്തിലൊരിക്കലെങ്കിലും ഞങ്ങള്‍ പരസ്പരം കത്തയക്കാതിരുന്നിട്ടില്ല.അവസാനം അയച്ച കത്തിനു മറുപടി കുറെ കാത്തിട്ടും വരാതിരുന്നപ്പോള്‍ കിട്ടിക്കാണില്ലെന്നുകരുതി ഒന്നുകൂടി എഴുതി. പിന്നെയും മറുപടിക്കായുള്ള കാത്തിരിപ്പ്‌... രണ്ടു കത്ത്‌ വരാനുള്ള സമയം കഴിഞ്ഞു. ഇല്ല, അവനെന്നെ മറന്നു ... എനിക്ക്‌ ദേഷ്യത്തേക്കളേറെ സങ്കടമായിരുന്നു. കാത്തിരിപ്പ്‌ ദിവസങ്ങളും മാസങ്ങളുമായി..." എനിക്കും ഉണ്ടായിരുന്നു ഇങ്ങിനെ രണ്ടു സുഹൃത്ത്‌ .സ്കൂള്‍ മുതല്‍ ഡിഗ്രി വരെ ഒപ്പം ഉണ്ടായവര്‍ ..പ്രേ ഡിഗ്രി കാലം ഒഴിച്ചു നിര്‍ത്തിയാല്‍ [അവരുടെ absence തെന്നെയാകണം എനിക്ക് ഫാറൂക്ക് കോളേജ് മായി മാനസികമായി പൊരുത്തപെടാന്‍ കഴിയാണ്ട് പോയത് എന്നത് മാടൊരു വലിയ സത്യം ]..അതില്‍ ഒരാള്‍ ഇന്നും ജീവിക്കുന്നു ...കുടുംബവും മറ്റുമായി ..തീര്‍ത്തും ഒരു അപരിജിതയെ പോലെ ...അവളുടെ ജീവിത കാഴ്ചപ്പാടുകള്‍ ആ പ്രേ ഡിഗ്രി കാലഘട്ടത്തില്‍ വച്ച് മാറി ..ഒതുങ്ങി അച്ചടക്കത്തോടെ ജീവിച്ചു പോന്ന അവള്‍ പിന്നീടു അടിപൊളിയുടെ ലോകത്ത് ചെന്ന് പെട്ടു വഴി തെറ്റി പോയി ...കുറെ നുലാമാലകളില്‍ സ്വയം കെട്ടിപിണഞ്ഞു ...അതിന്റെ ഭാരത്താല്‍ അച്ഛന്‍ ആകെയുള്ള മോളുടെ വഴിവിട്ട ബന്ധങ്ങള്‍ കണ്ടും കെട്ടും മാനം നഷ്ട്ടപെട്ടു അച്ഛന് ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു മരണപെട്ടു ..നല്ല വാക്കുകള്‍ നല്‍കിയ എല്ലാരെയും അവള്‍ വെറുത്തു ..അന്നത്തെ തിര്മാര്‍പ്പില്‍ ...അതില്‍ ഞാനും പെട്ടു ..അവളുടെ അച്ഛന്‍ അമ്മയെ പോലെ ....മറ്റൊരു കുട്ടുകാരി ഒരു ചെറിയ നിസ്സാര കാര്യത്തിന് വളരെ ലാഘവത്തോടെ സ്വന്തം ജീവെനെടുത്തു ..അത് വേറൊരു കഥ ..അവളുടെ വീടുകാരുമായി എനിക്ക് ഇന്നും അടുപ്പം ഉണ്ട് ..പണ്ടാതെക്കാള്‍ ഉഷാറായിട്ട് തന്നെ ....അവര്‍ക്ക് ഞങ്ങളെ കാണുമ്പോള്‍ ഒരു ആശ്വാസമാണ് പോലും ....

"എന്റെ കയ്യിലിരുന്ന ആ കത്ത്‌ കനലായി എരിയുന്നതറിഞ്ഞു. എനിക്ക്‌ ദുഃഖം അടക്കാന്‍ കഴിഞ്ഞില്ല. പൊട്ടിക്കരഞ്ഞുപോയി. അവന്റെ വേര്‍പാട്‌ മാസങ്ങള്‍ക്കുശേഷമാണ്‌ ഞാനറിയുന്നത്‌. അവന്റെ മരണത്തിനു ശേഷമാണല്ലോ ഞാനവന്‌ കത്തെഴുതിക്കൊണ്ടിരുന്നത്‌ എന്നോര്‍ത്തപ്പോള്‍ സഹിക്കാന്‍ കഴിയുമായിരുന്നില്ല. എന്റെ കത്തുവായിച്ചപ്പോള്‍ അവരുടെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും?. ആ കത്തുകളിലെ വരികളിന്നും എന്റെ മിഴികളെ ഈറനണിയിക്കുന്നു."-ശരിക്കും ഉഹിക്കാന്‍ ആവുന്നു അലിഭായുടെ അന്നത്തെ അവസ്ഥ ...ഈ വരികള്‍ എന്‍റെ മിഴികളെയും ഈറനണിയിക്കുന്നു.

"അപ്പച്ചാ... എനിക്കിനി അധികനേരമില്ല.. ആരും എന്റടുത്തേക്ക്‌ വരരുത്‌. ഞാനെത്ര വിളിച്ചാലും. എന്നെ തൊടരുത്‌... അബദ്ധത്തിലെങ്കിലും എന്റെ നഖം കൊണ്ടാലോ, എന്റെ ഉമിനീര്‍ പറ്റിയാലോ നിങ്ങള്‍ക്കും പകരും. എന്നെ രക്ഷിക്കാന്‍ ശ്രമിച്ച്‌ നിങ്ങളാരും ജീവിതം കളയരുത്‌. ഞാന്‍ ആവശ്യപ്പെട്ടാലും വെള്ളം പോലും തരേണ്ട".-വല്ലാണ്ട് വല്ലാണ്ട് കരയിപ്പിച്ചു കളഞ്ഞു ജോയുടെ ഈ വാക്കുകള്‍ ...ഈ വെളുപ്പാന്‍ കാലത്ത് ഇത് വായിക്കെണ്ടായിരുന്നു എന്ന് തോന്നണു ഇപ്പോള്‍ ..മനസ്സില്‍ പതിഞ്ഞു പോയി ജോയ് തുടക്കം മുതലേ ...അവസാനം ഇങ്ങിനെ ..അതും ഇത്ര ധാരുണമായി ....സ്വബോധം കിട്ടുമ്പോഴും എന്നെ രക്ഷിക്കണേ എന്ന് പറയുന്നതിന് പകരം നിങ്ങള്‍ രക്ഷപ്പെടു..എന്നെ സുശ്രൂഷിച്ചു സ്വയം നഷ്ട്ടപ്പെടുത്തരുത് എന്ന് മരണം മുന്നില്‍ കാണുമ്പോഴും പറയണമെങ്കില്‍ ജോയിയുടെ മനസ്സില്‍ എത്ര കണ്ടു നന്മ സ്നേഹം എന്നിവയുണ്ടാകും..അത്ര സ്നേഹിക്കുന്നവര്‍ക്കെ ..ആത്മാര്‍ഥമായി സ്നേഹിക്കുന്നവ്ര്‍ക്കെ അതിനു കഴിയൂ ...

ഈ നനവാര്‍ന്ന ഓര്‍മയ്ക്ക് മുന്നില്‍ അശ്രുപുശ്പ്പങ്ങള്‍ മാത്രം ..ഒന്നും ഒന്നിനും പകരം വെക്കാന്‍ ആവില്ല എന്നറിയാം ..ഒരു വാക്കും ഈ വിങ്ങലിനു ആശ്വാസം പകരാനില്ല എന്നും അറിയാം ...കാലത്തിനു മാറ്റാന്‍ കഴിയാത്ത മുറിവുകളും ഉണ്ട് ..അതില്‍ ഒന്നായി ജോയി വായനക്കാരിലും തങ്ങി നില്‍ക്കും .....മനസ്സില്‍ ഒരു നല്ല സുഹൃത്തായി ജോയി അലിഭായിയുടെ ഒപ്പം ഉണ്ട് എന്നതിന് തെളിവ് തന്നെ ഈ പോസ്റ്റ്‌ ..അത് തന്നെ ജോയിയുടെ ജീവിത വിജയം ....ആശ്വാസവാക്കുകള്‍ക്ക് ഇവിടെ പ്രസക്തിയുണ്ടോ എന്നറിയില്ല ...ഉണ്ടെങ്കില്‍ അത്തരം വാക്കുകള്‍ ഇപ്പോള്‍ എനിക്കൊപ്പം ഇല്ല, ഇവിടെ ഈ നിമിഷം കോറിയിടാന്‍..ക്ഷമിക്കുക !!!!

lekshmi. lachu said...

വേദനാജനകമായ ഒരു ഓര്‍‌മ്മക്കുറിപ്പ്. ..

Unknown said...

മനസ്സിനെ വല്ലാതെ നോവിച്ചു .
സ്നേഹത്തിന്റെ കടുപ്പത്തിലും വേദനയോടെ ഉള്ള ഒരു ഓര്‍മ്മക്കുറിപ്പ്.