Sunday, July 4, 2010

ഇനിയില്ല... ആ തണൽ!

    ഇതൊരു ഓർമ്മക്കുറിപ്പാണ്. വായിക്കുന്നവർക്ക് എത്ര ഇഷ്ടമാവുമെന്നറിയില്ല. പക്ഷെ എഴുതാൻ എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം ചുരുങ്ങിയ വരികളിലൊതുക്കാം. വിട്ടുപിരിഞ്ഞിട്ടും ഓർമ്മകളിൽ എന്നും മായാത്ത തെളിമയോടെ നിൽക്കുന്ന എന്റെ പ്രിയപ്പെട്ട ബാപ്പയെക്കുറിച്ച്... പലവട്ടം ശ്രമിച്ചിട്ടും പൂർത്തിയാക്കാനാവാത്ത വരികൾ. വിങ്ങുന്ന നെഞ്ചകത്തോടെ എഴുതാനിരിക്കുമ്പോൾ നിറയുന്ന കണ്ണുകൾ മോണിട്ടറിലെ അക്ഷരങ്ങളെ മറയ്ക്കും. അങ്ങിനെ എത്രയോ തവണ പൂർത്തിയാക്കാനാവാതെ പിൻ‌വാങ്ങിയിരിക്കുന്നു.

    എന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ മാ‍ത്രം കണ്ടിരുന്ന വെറുക്കുന്നവരെ പോലും സ്നേഹിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട ബാപ്പ. ഒന്നുമില്ലായ്മയിൽ നിന്നും ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പടവെട്ടി മക്കൾ ഓരോരുത്തർക്കും ജീവിക്കാനുള്ള ഓരോ വഴികാണിച്ചുതന്നു. മണ്ണിനെയും മനുഷ്യനേയും ഒരുപോലെ സ്നേഹിച്ചു. നാട്ടിലൊരാൾ പോലും മോശമായി പറയാത്ത വ്യക്തിത്വമായിരുന്നു ബാപ്പയുടെ ഏറ്റവും വലിയ സമ്പാദ്യം. ഒപ്പം ബാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെയും.   ഞങ്ങളെ ഉപദേശിച്ചും ശിക്ഷിച്ചും മാത്രം നേരെയാക്കാതെ അത് സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തികമാക്കി പഠിപ്പിച്ചു. അർഹിക്കുന്നതിലേറെ സഹായങ്ങൾ വാങ്ങിയ ഏതാനും ചിലർ മാത്രം ശത്രുവിനോടെന്നപോലെ പെരുമാറുമ്പോഴും അതെന്നെ പറയുന്നതല്ലെ... പറയട്ടെ. നിങ്ങളൊരിക്കലും അത് കേൾക്കാനും മറുപടി പറയാനും നിൽക്കണ്ട. എന്ന് മക്കളായ ഞങ്ങളെ ഉപദേശിക്കും. എനിക്കിപ്പോഴും വഴങ്ങാത്ത സഹിഷ്ണുതയുടെ പാഠങ്ങൾ.

    ഓർമ്മയിലെന്നും ആ പുഞ്ചിരിക്കുന്ന മുഖം തെളിയുമ്പോൾ കാണുന്നവർക്ക് കൌതുകമായിരുന്ന ബാപ്പയുടെ ഇരട്ടവിരലുകളെയും ഓർക്കും. പേര് ഓർമ്മിക്കാത്തവർക്ക് പോലും ആ അടയാളം അറിയാം. ബാപ്പയുടെ ഇരുകൈകളിലെയും തള്ളവിരൽ ഇരട്ടയായിരുന്നു. ആദ്യമായി കാണുന്നവർക്ക് കൌതുകമുള്ള കാഴ്ച. ആകെ പന്ത്രണ്ട് വിരലുകൾ! ഓത്തുപള്ളിയിലെ പഠനം പൂർത്തിയാക്കിയിട്ടും ഈ വിരലുകൾ കൊണ്ട് പേന പിടിക്കാനാവില്ലെന്നത് കാരണമാക്കി സ്കൂൾ വിദ്യാഭ്യാ‍സമുണ്ടായില്ല. പക്ഷെ അനുഭവങ്ങളുടെ പരുക്കൻ മുഖങ്ങളിൽ നിന്നും ജീവിതം നന്നായി പഠിച്ചു. ഒപ്പം മക്കളെ നല്ലരീതിയിൽ പഠിപ്പിക്കണമെന്ന നിർബന്ധവും. മലയാളം അക്ഷരങ്ങൾ വായിക്കാൻ പഠിച്ചെങ്കിലും വിരലുകളുടെ പ്രത്യേകത കൊണ്ടാവും എഴുത്ത് വഴങ്ങിയില്ല. ഞങ്ങൾ അക്ഷരം പഠിക്കുന്നതിനൊപ്പം ഞങ്ങളും കല്ലുപെൻസിൽ ആ വിരലുകളിൽ പിടിപ്പിച്ച് സ്ലേറ്റിൽ എഴുത്ത് പഠിപ്പിക്കാൻ ശ്രമിച്ചു. എനിക്കൊത്തിരി ഇഷ്ടമായിരുന്നു അസാധാരണമായ ആ വിരലുകൾ. ചെറുപ്പം തൊട്ടേ എന്നും കാണുന്നതുകൊണ്ട് അതിൽ ഒരു പുതുമ തോന്നിയിട്ടുമില്ല. ഭക്ഷണം കഴിച്ചുതീരുമ്പോൾ അവസാന വറ്റുകൾ പെറുക്കിയെടുക്കുന്നത് കാണാൻ കൌതുകമായിരുന്നു. എന്നാൽ ചെറിയ സാധനങ്ങൾ  എടുക്കാൻ പോലും അതൊരു ബുദ്ധിമുട്ടായിരുന്നില്ല. എന്റെ മകൾ കുഞ്ഞായിരുന്നപ്പോൾ എപ്പോഴും ആ മടങ്ങിയിരിക്കുന്ന വിരലുകൾ നിവർത്തി അൽഭുതത്തോടെ നോക്കും.

    പനിപിടിച്ച് ആ തോളിൽ ചുരുണ്ടുകൂടിയിരുന്ന് പാടവരമ്പിലൂടെ വർക്കി സാറിന്റെ ഹോമിയോ ആശുപത്രിയിലേക്ക് മരുന്നിനായി പോകുന്നതും സ്കൂളിൽ പോയി വരുന്നവഴിക്ക്  ചായക്കടയിലെ നാക്കു പൊള്ളുന്ന പാലുംവെള്ളവും പലഹാരവും വാങ്ങിത്തരുന്നതും ഇന്നലെയെന്നവണ്ണം നനവാർന്ന ഓർമ്മകൾ..  എന്റെ വികൃതികൾ കൊണ്ട് സഹികെടുമ്പോൾ വല്ലപ്പോഴും ആ മൂന്നു വിരലുകൾ ചേർത്ത് പിടിച്ച് തുടയിൽ നുള്ളിയിടത്ത് ഇന്ന് സുഖമുള്ള ഒരു വേദന. എത്ര വഴക്കുപറഞ്ഞാലും ശിക്ഷിച്ചാലും അത്താഴത്തിന് എനിക്കായി മാറ്റിവെയ്ക്കുന്ന ഉരുള കഴിക്കുമ്പോഴുള്ള തലോടലിൽ കൊഴിഞ്ഞുവീഴുന്ന പിണക്കങ്ങൾ.

    കുഞ്ഞുന്നാൾ മുതൽ ചുമലിലേറ്റിയ പ്രാരാബ്ധങ്ങൾ എല്ലാം ഇറക്കി സ്വസ്ഥമായി വിശ്രമിക്കേണ്ട സമയമായപ്പോഴേയ്ക്കും. ശാരീരികമായ അസ്വസ്ഥതകൾ ഓരോന്നായി പിന്നാലെ കൂടി.   

   വീട്ടുമുറ്റത്തെ ഒരുവീഴ്ചയിൽ കാലിനുണ്ടായ വിഷമം മാറി ഊന്നുവടിയിൽ നിന്നും സ്വതന്ത്രമായൊന്നു നടന്നു തുടങ്ങിയപ്പോൾ വയറിനുള്ളിലെ അസ്വസ്ഥതയോടെയിരുന്നു തുടക്കം. ആശുപത്രികളും ഡോക്ടർമാരും മാറിയെങ്കിലും ആരും പറഞ്ഞില്ല എന്താണു രോഗമെന്ന്. പല ഡോക്ടർമാരോടും നേരിട്ട് ചോദിച്ചിട്ട് പോലും! ഓപ്പറേഷൻ വേണ്ടിവരുമെന്ന് പറഞ്ഞപ്പോൾ എന്റെ അഭിപ്രായമറിയാൻ ബാപ്പ കേൾക്കാതെ ജേഷ്ടൻ എന്നെ വിളിക്കുമ്പോൾ മുതൽ പന്തിയില്ലായ്മ അലട്ടിയിരുന്നെങ്കിലും സുഖമാവുമെന്ന പ്രതീക്ഷ തന്നെയായിരുന്നു. നാട്ടിലെത്തി കാണാൻ കൊതിച്ചിരുന്നെങ്കിലും ലീവ് കഴിഞ്ഞ് തിരിച്ചെത്തിയിട്ട് അധികമാകാത്തതും നാട്ടിലെ ചികിത്സാചെലവും ഒക്കെ എന്നെ പിടിച്ചുനിറുത്തുകയായിരുന്നു. ഒടുവിൽ നാട്ടിൽ പോകാനുറച്ചപ്പോഴേക്കും ഒത്തിരി വൈകി. ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് വിളിക്കുമ്പോഴും പതിവുപോലെ ചിരിച്ച് കൊണ്ട് സംസാരിച്ചു. സാരമില്ല... പെട്ടെന്ന് സുഖമായി തിരിച്ചെത്തുമെന്ന വാക്കുകൾ. പക്ഷെ... പടച്ചവന്റെ തീരുമാനം മറ്റൊന്നായിരുന്നു. തുടർച്ചയായ രണ്ട് കീറിമുറിക്കലുകൾക്ക് ശേഷം ഐ സി യു വിൽ വേദനതിന്നു തീർക്കുമ്പോൾ കടലിനിക്കരെ കണ്ണീരോടെ പ്രാർത്ഥനയോടെ കാത്തിരുന്നു. അവസാനം പ്രതീക്ഷിച്ചെങ്കിലും കേൾക്കാനിഷ്ടപ്പെടാത്ത വേദനിപ്പിക്കുന്ന ആ വാർത്തയെത്തി. എന്റെ ലോകത്തെ ഏറ്റവും വലിയ തണൽ നഷ്ടപ്പെട്ടു എന്ന തിരിച്ചറിഞ്ഞപ്പോഴുള്ള നൊമ്പരം ഇന്നും കൂടെയുണ്ട്.

    ഈ മരുഭൂവിലെ പ്രവാസത്തിന്റെ ഇടവേളകളിൽ നാടിന്റെ തണുത്ത നിശ്വാസമേറ്റു നടക്കുമ്പോൾ കിട്ടുന്ന സ്നേഹാ‍ന്വേഷണങ്ങൾ ഇരട്ടിയാവുന്നത് എന്തുകൊണ്ടാണെന്ന് അഭിമാനത്തോടെ തിരിച്ചറിയുന്നു. ജീവിച്ചുകാണിച്ചുതന്ന ആ മാതൃകയുടെ ഒരംശം പോലും പിന്തുടരാനാവുമോ എന്ന് സംശയമെങ്കിലും ആ കാൽ‌പാടുകളിലൂടെ നടക്കാനാണെനിക്കിഷ്ടം.

    സ്നേഹനിധിയായ എന്റെ പ്രിയപ്പെട്ട ബാപ്പയുടെ വേർപാടിനു ഇന്ന് അഞ്ചുവർഷം തികയുന്നു.
ഓർമ്മകളിലെന്നും ആ പന്ത്രണ്ടു വിരലുകൾ വാത്സല്യത്തോടെ തലോടുന്നത് ഞാനറിയുന്നു. ആ പരലോക വിജയത്തിനായി പ്രാർത്ഥിക്കുന്നതിനോടൊപ്പം എന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും തേടുന്നു.

58 comments:

അലി said...

അഞ്ചുവർഷം മുമ്പ് ഇതേ ദിവസം വേർപിരിഞ്ഞ പ്രിയപ്പെട്ട ബാപ്പായുടെ ഓർമ്മയ്ക്കു മുമ്പിൽ...

ഹംസ said...
This comment has been removed by the author.
ഹംസ said...

ഉപ്പയുടെ ഓര്‍മകള്‍ ഇതൊക്കെ തന്നയാണെന്‍റെയും മനസ്സില്‍ അസുഖം കണ്ടപ്പോഴെക്കും ഒരുപാട് വൈകിപ്പോയിരുന്നു. ഇനി ഉപ്പ കൂടുതല്‍ ഇല്ല എന്ന് ഡോക്ടര്‍ എന്‍റെ മുഖത്തു നോക്കി പറഞ്ഞപ്പോല്‍ ശ്വാസം വിടാന്‍ പോലും കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു ഞാന്‍..

അലി ഉപ്പാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുന്നു.
അള്ളാഹു അവരുടെ തെറ്റുകളെല്ലാം പൊറുത്ത് പരലോകത്ത് വിജയിച്ചവരുടെ കൂട്ടത്തില്‍ ആക്കുമാറാകട്ടെ. ( ആമീന്‍)

ശ്രീനാഥന്‍ said...

അലി, ബാപ്പയുടെ ഓർമകൾ അലിയെ എന്നും നേർവഴിക്കു നടത്തട്ടെ, ഹൃദയസ്പർശിയാണ് അലിയുടെ കുറിപ്പ്. അഛന്റെ വേർപാടുമായി ഇന്നും പൊരുത്തപ്പെടാനെനിക്കായിട്ടില്ല.

നിരാശകാമുകന്‍ said...

എന്‍റെ പ്രാര്‍ഥനകളും ഇതോടൊപ്പം ചേര്‍ത്തു വയ്ക്കുന്നു....

Vayady said...

അലി..ബാപ്പയെക്കുറിച്ചെഴുതിയ ഈ പോസ്റ്റ് എന്റെ കണ്ണ് നനയിപ്പിച്ചു. നല്ലവനായ ആ ബാപ്പയുടെ മകനായി ജനിക്കാന്‍ കഴിഞ്ഞത് എത്ര ഭാഗ്യമാണ്‌.

ശ്രീ said...

കണ്ണു നനയിയ്ക്കുന്ന ഓര്‍മ്മക്കുറിപ്പ്. ആ ബാപ്പയുടെ സ്നേഹവും അനുഗ്രഹവും എന്നും കൂടെയുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.

ജിപ്പൂസ് said...

ഉള്ളം ചെറുതായി നോവുന്നു.വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു നെടു വീര്‍പ്പും പുറത്ത് വന്നു.ഒന്നല്ലാട്ടൊ ദാ ഇപ്പോള്‍ ഒന്നു കൂടെ.

വരികളിലൂടെ നീങ്ങുമ്പോള്‍ ഞാനെന്‍റെ ബാല്യത്തിലേക്കും ഒന്ന് കണ്ണോടിച്ച് നോക്കി.അലിക്കാട് എന്തോ അസൂയ തോന്നുന്നു.എന്നെ സംബന്ധിച്ച് ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ വിരുന്ന് വരുന്ന ഒരു വിരുന്ന്കാരന്‍ മാത്രമായിരുന്നു ബാപ്പ.ബാപ്പാന്‍റെ തലോടലും സ്നേഹവും ചുംബനവും വിരലിലെണ്ണാവുന്ന ചില സന്ദര്‍ഭങ്ങളൊഴിച്ചാല്‍ എന്‍റെ ഓര്‍മ്മയിലില്ല.

എന്തൊ അലിക്കാടെ ഈ കുറിപ്പ് എനിക്ക് വായിക്കാനായത് വ്യത്യസ്തമായൊരു ആംഗിളിലാണെന്ന് തോന്നുന്നു.അതിനാല്‍ തന്നെ കൂടുതല്‍ പറയുന്നില്ല.നാഥന്‍ താങ്കളുടെ ബാപ്പയെ സ്വര്‍ഗ്ഗസ്ഥരില്‍ ഉള്‍പ്പെടുത്തട്ടെ.ആമീന്‍

ഏ.ആര്‍. നജീം said...

അലീ..
വായിച്ചു.. എന്താ പറയുക..
ആ നല്ല മനസ്സിന്റെ ഗുണമാകാം അലിയെപ്പോലൊരു മകനെ അദ്ദേഹത്തിന് കിട്ടിയത്..
ബാപ്പ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക ഒപ്പം ആ ബാപ്പയ്ക്ക് വേണ്ടി ദുആ ചെയ്യുക. ഞാനും എന്റെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താം ..

എറക്കാടൻ / Erakkadan said...

ഞാന്‍ കാണുന്നു ആ നല്ല മനുഷ്യനെ ..... പ്രാര്‍ഥിക്കുന്നു ആത്മാവിന്റെ ശാന്തിക്ക് വേണ്ടി

Naushu said...

ഞാനും എന്റെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താം ..

പട്ടേപ്പാടം റാംജി said...

നല്ല മനസ്സുള്ള ബാപ്പയുടെ മകനായി ജനിക്കാന്‍ കഴിഞ്ഞത് ഭാഗ്യം.
വേദനയുടെ നനവുള്ള ഓര്‍മ്മക്കുറിപ്പ്.....

Unknown said...

മനസ്സിലെ ആ വേദനകൾ ബാപ്പയെകുറിച്ചുള്ള ഓർമ്മകുറിപ്പുകളിൽ നിറയുന്നു.

Jishad Cronic said...

ഇക്കാലത്ത് ഇങ്ങനെയുള്ള ഉപ്പാനെ കിട്ടണം എങ്കില്‍ കുട്ടികള്‍ പുണ്യം ചെയ്യേണ്ടിവരും... ഇങ്ങനെയുള്ള വാപ്പാടെ വാത്സല്യവും ഉപദേശങ്ങളും ശാസനകളും ഇന്നും ഞാന്‍ അനുഭവിക്കുന്നുണ്ട് .അങ്ങനെയുള്ള ഒരാള്‍ എപ്പോളും കൂടെ ഉണ്ടാകുമ്പോള്‍ നമുക്ക് എന്തും ചെയ്യുവാനുള്ള ഒരു ദൈര്യം എപ്പോളും കൂടെ ഉണ്ടാകുന്നു .അത് എന്‍റെ മരണം വരെ ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

Sulfikar Manalvayal said...

പറയാന്‍ വാക്കുകളൊന്നുമില്ല എന്‍റെ കയ്യില്‍. ഉള്ള വാക്കുകളോ വിറങ്ങലിച്ചു നില്‍ക്കുന്നു.
ഉപ്പയുടെ വേര്‍പാട്, നമ്മെ നടത്തിയ ആ കൈകള്‍ വിട്ടു പിരിയുംബോഴുള്ള സങ്കടം, ഊഹിക്കാന്‍ പറ്റുന്നു.
മനസ്സില്‍ അടക്കി പിടിച്ച നേരിപ്പോടിനെ ഞങ്ങള്‍ക്കായി തുറന്നു വെച്ച മനസ്സിനെ നമിക്കുന്നു.
കൂടെ ഇന്നും സ്നേഹത്തോടെ, മനസ്സില്‍ കൊണ്ട് നടക്കുന്ന ഉപ്പയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്നു.
ആ ഓര്‍മ്മകള്‍ അതാവട്ടെ ഇനിയുള്ള ജീവിതത്തിന്റെ വഴികാട്ടി. സങ്കടത്തില്‍ കൂടെ നിന്ന് കൊണ്ട്.
അള്ളാഹു അവരുടെ ഖബറിദത്തെ വിശാലമാക്കി കൊടുക്കട്ടെ. മഗ്ഫിരതിനായി പ്രാര്‍ഥിച്ചു കൊണ്ട്. (ആമീന്‍)

Sulfikar Manalvayal said...

പറയാന്‍ വിട്ടു പോയ പ്രധാന കാര്യം : തലക്കെട്ട്‌, "ഇനിയില്ല ആ തുണ"
മനസിലെ മുഴുവന്‍ സങ്കടവും ആവാഹിച്ചു അതിലേക്കു ചെര്തതായി തോന്നുന്നു. അത്ര ആര്‍ദ്രമാണ് ആ വരികള്‍.
കൂടെ ഞങ്ങളോക്കെയുണ്ട്. സങ്കടം പങ്കു വെക്കാന്‍, കൂടെ ചിരിക്കാന്‍... എന്തിനും. എന്നും.
അതാവട്ടെ ഇനി നമ്മുടെ ശക്തി.

മന്‍സുര്‍ said...

വേര്‍പ്പാടുകളുടെ വേദനകള്‍..ഒരിക്കലും മനസ്സില്‍ നിന്നും മായുകയില്ല...എന്നും സ്നേഹം മാത്രം നല്‍കിയവര്‍..ആശ്വസിപ്പിച്ചവര്‍...അങ്ങിനെ ഒത്തിരി ഒത്തിരി....ഉമ്മയുടെ വേര്‍പ്പാടുകളില്‍ സ്വന്തം ജീവിതം തകര്‍ന്ന്‌ പോയവനാണ്‌ ഈ ഞാന്‍.പക്ഷേ എന്തു ചെയ്യാം എല്ലാം വിധി.

അലിയുടെ ഓര്‍മ്മകളില്‍ ഇന്നും ജീവിച്ചിരിക്കുന്ന ആ സ്നേഹകടലായ ബാപ്പക്ക്‌ ദൈവം എന്നും കാരുണ്യം ചൊരിയാട്ടെ എന്ന പ്രാര്‍തനയോടെ...ആമീന്‍

നന്‍മകല്‍ നേരുന്നു
മന്‍സൂര്‍.നിലബൂര്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചില വേദനകള്‍ നമ്മെ പലതും ഓര്‍മ്മിപ്പിക്കുന്നു.
ചില ഓര്‍മകളാകട്ടെ വേദനാജനകവും.

ഉപ്പ നയിച്ച വഴിയില്‍ നടക്കുക,
അവര്‍ വിരിച്ച തണലില്‍ ഇരിക്കുക,
അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക.
പ്രാര്‍ഥനയോടെ..

kambarRm said...

അലിക്കാ..വായിച്ചു,
സ്നേഹസമ്പന്നനായ ഒരു മനുഷ്യനു അതിലേറെ നേഹസമ്പന്നനായ ഒരു പുത്രൻ സമർപ്പിക്കുന്ന ഓർമ്മക്കുറിപ്പ്..,
കൂടുതൽ എഴുതുന്നില്ല, അതിനു തക്ക വാക്കുകളും കയ്യിൽ ഇല്ല,
ആകെയുണ്ടായിരുന്ന തണൽ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ആ ഒരു ശൂന്യത നികത്താൻ ആർക്കാണു ഏതു വാക്കുകൾക്കാണു ആവുക.....
ഞാനും പങ്ക് ചേരുന്നു പ്രാർത്ഥനയിൽ.
നന്മകൾ നേർന്ന് കൊണ്ട്

noonus said...

വായിച്ച് കഴിഞ്ഞപ്പോള്‍ എന്റെ കണ്ണ് നനയിപ്പിച്ചു. അവര്‍ക്ക് വേണ്ടി .എന്നും പ്രാര്‍ഥിക്കുക.
പ്രാര്‍ഥനയോടെ.. ( ആമീന്‍)

നൗഷാദ് അകമ്പാടം said...

മണ്‍‌മറഞ്ഞു പോയ ഉപ്പാനെ കുറിച്ചുള്ള ആര്‍ദ്രമായ സ്മരണകള്‍ ഉള്ളില്‍ തട്ടും വിധം എഴുതിയിരിക്കുന്നു..
അലീ ..അലിയുടെ ഉപ്പാക്ക് തെറ്റുകുറ്റങ്ങള്‍പൊറുത്ത് കൊടുത്ത് അല്ലാഹു പരലോകത്ത് അനുഗ്രഹങ്ങള്‍
ചൊരിയട്ടെ (ആമീന്‍)...ഇനി നിങ്ങളുടെ ബാപ്പാക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന..ബാപ്പാന്റെ നേര്‍‌വഴിയുടെ പിന്തുടര്‍ച്ച...നിങ്ങള്‍ക്ക് ചെയ്യാവുന്നത് അതുമാത്രമാണു...

((എനിക്ക് എന്റെ ബാപ്പയെ കണ്ട ഓര്‍മ്മയില്ല..ഓര്‍മ്മക്ക് ഒരു ചിത്രം പോലുമില്ല..
എനിക്ക് രണ്ടുവയസ്സുള്ളപ്പോള്‍ ഉപ്പ അസുഖം മൂലം മരണമടഞ്ഞു..
പിന്നെ എന്നെ വളര്‍ത്തിയതും പഠിപ്പിച്ചതും എല്ലാം എന്റെ പൊന്നുമ്മയാണു..
ഒരു ബാപ്പയുണ്ടായിരുന്നെങ്കിലെന്ന് ഞാനിത്രകാലവും ചിന്തിച്ചുപോയിട്ടില്ല എന്നുള്ളതാണു ആ ഉമ്മ എനിക്ക് നല്‍കിയ പുണ്യം.. എന്റെ ബാപ്പ ഉമ്മക്ക് നല്‍കിയിട്ട് പോയ സുകൃതവും .))

Wash'Allan JK | വഷളന്‍ ജേക്കെ said...

അലീ, ഹൃദയത്തെ സ്പര്‍ശിച്ചു.
നന്മയുടെ കുടീരമായ ആ ഉപ്പയുടെ മകനായി ജനിച്ചത്‌ തന്നെയാണ് ഏറ്റവും വല്യ ഭാഗ്യം. ഉപ്പയുടെ ഓര്‍മ്മകള്‍ എന്നും മരിക്കാതെ നിലനില്‍ക്കട്ടെ.

Channel1234 said...

"ഇനിയില്ല... ആ തണൽ!"... എനിക്കും ...
പ്രാര്‍ത്ഥനകളോടെ ..

Faisal Alimuth said...

ഒന്നും പറയുന്നില്ല അലി ഭായ്..!
അല്ലാഹുവിന്റെ അനുഗ്രഹം അദ്ദേഹത്തിന് പരലോകത്തും ഉണ്ടാവട്ടെ...!ആമീന്‍

Unknown said...

മതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മക്കളാണ് ഏറ്റവും വലിയ അനുഗ്രഹം. അലിയുടെ ബാപ്പ അത്തരത്തില്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനു പരലോക സുഖം ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

sm sadique said...

എന്റെ കണ്ണ് നനയിച്ചു…….
മനസ്സ് നിറഞ്ഞ പ്രാർഥനയോടെ……..

കൂതറHashimܓ said...

ബാപ്പയുടെ പരലോക വിജയത്തിനായി ഒത്തിരി ആഗ്രഹിക്കുന്നു.

ആളവന്‍താന്‍ said...

ഇക്കാ, ആദ്യമായാണിവിടെ. കണ്ണ് നനഞ്ഞു കൊണ്ടാണ് തുടക്കവും. ആ നല്ല മനുഷ്യന്റെ, സ്നേഹനിധിയായ ആ പിതാവിന്റെ ഓര്‍മയ്ക്ക് മുന്നില്‍.........

Muralee Mukundan , ബിലാത്തിപട്ടണം said...

നന്മയുടെ പ്രതീകമായ പ്രിയപ്പെട്ട ബാപ്പ...
അഞ്ചല്ല അമ്പതു വർഷം കഴിഞ്ഞാലും ആ അനുഗ്രഹങ്ങൾ അലിയോടൊപ്പമുണ്ടാകും...കേട്ടൊ

rafeeQ നടുവട്ടം said...

അനുവാചകരുടെ ഹൃദയത്തില്‍ നൊമ്പരം പടര്‍ത്തിയ ഓര്‍മ്മക്കുറിപ്പ്‌..
ഒരു പെങ്ങളുടെ അകാല വേര്‍പാടില്‍ വ്യസനിച്ചെഴുതിയ കവിതയുടെ അവസാന വരികള്‍ ഞാന്‍ അലിയുടെ ഉപ്പാക്കും കൂടി സമര്‍പ്പിക്കുന്നു.
''വര്‍ത്തമാന വാസിതം വെളിച്ചമാകട്ടെ..
സുബര്‍ക്കത്തില്‍ സമാംഗമം സുസാധ്യമാകട്ടെ..
നിന്‍റെ ആത്മാവിനു ശാന്തി;
നിന്‍റെ ആത്മാവിനു സലാം!''

( O M R ) said...

താന്കള്‍ കരയിക്കുന്നു! എന്നെ മാത്രമല്ല, ഇതുവഴി പോകുന്ന എല്ലാവരെയും. അദ്ദേഹത്തിനു നാഥന്‍ പരലോക വിജയം നല്‍കട്ടെ.

lekshmi. lachu said...

ഹൃദയസ്പർശിയാണ് അലിയുടെ ഈ കുറിപ്പ്.
എന്‍റെ പ്രാര്‍ഥനകളും ഇതോടൊപ്പം ചേര്‍ത്തു വയ്ക്കുന്നു.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സ്നേഹത്തിന്റെ എത്ര ഒഴിച്ചാലും ഒഴിയാത്ത കുടങ്ങള്‍...
അതേസമയം സ്നേഹം തിരിച്ച്‌ എത്ര കുറച്ചു കൊടുത്താലും നിറയുന്ന കുടങ്ങള്‍.

സ്നേഹത്തിന്റെ പാരസ്പര്യത്തില്‍ മക്കളെ സംബന്ധിച്ചിടത്തോളം മാതാപിതാക്കള്‍ അങ്ങനെയായിരിക്കും.

നിറവേറ്റപ്പെടാത്ത കടപ്പാടുകള്‍ കുന്നോളം ബാക്കികിടക്കുന്നു എന്ന ബോദ്ധ്യം സ്വയം ഉള്ളിലുണരാന്‍ മാതാപിതാക്കളുടെ വിയോഗശേഷമെത്തുന്ന അരക്ഷണം മതി.

അലിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ പ്രതിപാദിക്കപ്പെട്ട വികാരങ്ങളോട്‌ സ്വയം താദാന്‍മ്യം പ്രാപിച്ചുപോയി.

ഹൃദയാവര്‍ജ്ജകമായ ആ കുറിപ്പിന്റെ പിറകിലുള്ള മനസ്സും ആ പിതാവിന്റെ സുകൃതം തന്നെ.

സുഹൃത്തേ, സ്നേഹധനനായ താങ്കളുടെ പിതാവിനുവേണ്ടി എന്റെയും കൂടി പ്രാര്‍ത്ഥനകള്‍.

K@nn(())raan*خلي ولي said...

അയ്യേ, അയ്യയ്യേ..
വാട്ടീസ് ദിസ്? എല്ലാരും കരയുന്നല്ലോ!
ബൂലോക പുലി ഹംസക്ക കരയുന്നു.
നിരാശ കാമുകന്‍ തലയും താഴ്ത്തി കരയുന്നു.
പിച്ചും പേയും പറഞ്ഞ് വായാടി കരയുന്നു.
ശ്രീയും ജിപ്പൂസും കരയുന്നു.
കഥയുടെ സിംഹ മടയിലിരുന്ന് രാംജി കരയുന്നു.
തടിയന്‍ സുല്‍ഫി പൊട്ടിക്കരയുന്നു.
ചെറിയ നൂനൂസ്‌ വലിയ വായില്‍ കരയുന്നു.
കൈവെട്ടുന്ന നൗഷാദ്‌ഭായി ബാല്യകാലം ഓര്‍ത്തു കരയുന്നു, കരയിക്കുന്നു.
സാദിഖ്‌ഭായി കരഞ്ഞു കരഞ്ഞു വീഴുന്നു.
ജോര്‍ദ്ധാനിലിരുന്ന് ആളവന്താന്‍ കരയുന്നു.
ബ്രിട്ടനില്‍ നിന്നും ബിലാത്തി കരഞ്ഞു പറയുന്നു.
റഫീഖ്‌ഭായി കവിത കൊണ്ട് കരയിക്കുന്നു.
ബൂലോകവില്ലന്‍ ഒയമ്മാര്‍ ഇത് വഴി പോകുന്നവരെ കരയിക്കാന്‍ നോക്കുന്നു..
എന്തിനു!
നിങ്ങളെല്ലാം കരഞ്ഞിരുന്നോ. ആ നല്ല മനുഷ്യന്‍ സ്വര്ഗ്ഗത്തിലെത്തി. നന്മ ചെയ്തവര്‍ സ്വര്ഗ്ഗത്തിലെത്തും.
സങ്കടങ്ങള്‍ കല്ലിവല്ലി. നമുക്കും നന്മ ചെയ്യാം.





(എന്റെ കണ്ണുകളും നിറഞ്ഞുവല്ലോ
അലിഭായിന്റെ എഴുത്ത് വായിച്ച്!)

ഹരീഷ് തൊടുപുഴ said...

താങ്കളുടെ ഹൃദയസ്പർശിയായ എഴുത്ത്; അദ്ദേഹത്തിന്റെ ജീവിതവഴികൾ എന്റെ കണ്ണിന്റെ നേർമുൻപിൽ കൊണ്ടുവന്നു നിർത്തിയിരിക്കുന്ന പോലെ അനുഭവപ്പെടുത്തിയിരിക്കുന്നു..
എല്ലാവർക്കും സ്വന്തം പിതാവ് ദൈവതുല്യൻ ആകുന്നതെപ്പോഴണെന്നറിയുമോ?
മരണശേഷം..!!
പിതാവിന്റെ ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിന്റെ അഭാവത്തിൽ സ്വന്തം ചുമലിലേക്കേണ്ട സമയത്താണു ആയുള്ളവന്റെ വിലയും, നമുക്കു വേണ്ടി അഹോരാത്രം പ്രയത്നിച്ചതിന്റെ വിയർപ്പും നമുക്കു മനസ്സിലാകൂ..
8 വർഷം മുൻപ് എന്നെ തനിച്ചാക്കി മണ്മറഞ്ഞ എന്റെ പിതാവിനേപറ്റി ഞാനിപ്പോൾ ഓർമിക്കാറേയില്ല..
കാരണം..
സങ്കടം മനസ്സിൽ കുരുങ്ങുമ്പോൾ പിന്നെ വല്ലാണ്ടാകും..
ഓർമിക്കാൻ ഇഷ്ടപ്പെടുന്നില്ല ആ മരണസമയങ്ങളും..
അതിനോടനുബന്ധിച്ച ദിനങ്ങളും..

Unknown said...

ഞാനും പ്രാര്‍ഥിക്കുന്നു

(റെഫി: ReffY) said...

പിതാവ് എന്നത് മക്കളെ സംബന്ധിച്ചിടത്തോളം ഒരു അസെറ്റാണ്. കുടുംബത്തിന്റെ കാവല്ഭടനാണ്. ആ തണലിന് കീഴില്‍ ലഭിക്കുന്നത് മറ്റെങ്ങും കിട്ടാത്ത സുരക്ഷിതത്വമാണ്. ആ തണല്‍ നീങ്ങുമ്പോള്‍ നമ്മള്‍ പകച്ചു പോകും. നടുക്കടലില്‍ അകപ്പെട്ട പ്രതീതിയുണ്ടാകും. പിന്നെ ആയിരിക്കും അതിന്റെ മഹത്വം നമ്മെ വേദനിപ്പിക്കുന്നത്!

(ഈ പോസ്റ്റിലെ മിക്ക കമന്റുകളിലും കണ്ണീരുണ്ട്. കണ്ണൂരാന്റെ കമന്റു വായിക്കുമ്പോള്‍ മാത്രമാണ് ഇത്തിരിയെങ്കിലും ആശ്വാസം തോന്നിയത്. അലീ,ദുഃഖത്തില്‍ പങ്കു ചേരുന്നു. നല്ലത് വരട്ടെ)

അലി said...

എന്റെ പ്രിയ സ്നേഹിതരെ...

ഇതെഴുതുമ്പോൾ ഒരിക്കലും പോസ്റ്റ് ചെയ്യണമെന്ന് കരുതിയിരുന്നില്ല. എന്റെ മനസ്സിലെ സങ്കടങ്ങൾ എഴുതിവെയ്ക്കുമ്പോഴുള്ളൊരാശ്വാസം. അതായിരുന്നു മനസ്സിൽ. അക്ഷരം പഠിക്കാനയച്ചവർക്കു വേണ്ടി ഏതാനും വരികൾ. എഴുതിവന്നപ്പോൾ മനസ്സിലെ ദു:ഖങ്ങളോക്കെ ഒഴുകിവീണു. ഇത് വായിച്ച നിങ്ങളുടെ പ്രാർത്ഥനകൾ അദ്ദേഹത്തിന്റെ പരലോകത്തേക്ക് വെളിച്ചമാകാൻ കഴിഞ്ഞെങ്കിൽ എനിക്കത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം.

നമുക്ക് സ്വന്തം മക്കളായ ശേഷം അവരെ സ്നേഹിക്കുമ്പോഴാണ് നമ്മളെയും നമ്മുടെ മാതാപിതാക്കൾ എത്ര സ്നേഹിച്ചിരുന്നു എത്ര പ്രതീക്ഷിച്ചിരുന്നു എന്ന് മനസ്സിലാവുക.

എന്റെയീ കുറിപ്പ് വായിക്കുകയും സാന്ത്വനമാവുകയും എന്റെ ബാപ്പായ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ല സുഹൃത്തുക്കൾക്കും നന്ദി. എന്റെ എല്ലാ പ്രാർത്ഥനകളിലും നിങ്ങളോരോരുത്തരും ഉണ്ടാവുമെന്ന് ഉറപ്പുതരുന്നു. മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കളിൽ നമ്മളെയും ഉൾപ്പെടുത്തട്ടെ.

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.
നന്മകൾ നേരുന്നു.

വഴിപോക്കന്‍ | YK said...

എന്തൊക്കെയോ എവിടെയൊക്കെയോ തട്ടി...
പിന്നെ അധികം എഴുതുന്നില്ല.
ആ നല്ല മനുഷ്യനെ പോലെ ജീവിക്കാനും
ഇതെഴുതിയ അലിയെ പോലെ സ്നേഹമുള്ള മകന്‍ ആകാനും/ഉണ്ടാകാനും
സര്‍വശക്തനായ അല്ലാഹുവിനോട് പ്രാര്‍ഥിക്കാം

Anonymous said...

ഈ പോസ്റ്റ് തുടക്കം മുതലെ മനസിനെ വല്ലാതെ നൊംബരപ്പെടുത്തി... ഉപ്പയെ കുറിച്ചുള്ള ഈ പോസ്റ്റിനെ പറ്റി എന്തു പറയണം എന്നറിയില്ല ..പലരുടെ ജീവിതത്തിലും ഉണ്ട് ഇങ്ങനെയുള്ള നനുത്ത ഓർമ്മകൽ എന്റേയും.. എന്റെ കുട്ടിക്കാലാവും ബാപ്പയുമായുള്ള ഇണക്കവും പിണക്കവും എല്ലാം ഓർത്തു.. ഇപ്പോൽ എല്ലാം ഓർമ്മകൾ മാത്രം.. മാതാപിതാക്കൾക്കു വേണ്ടി പ്രാർഥിക്കുന്ന നല്ല മക്കൾ അതല്ലെ അവരുടെ ഏറ്റവും വലിയ സമ്പാദ്യം .. നമുക്കു പ്രാർഥിക്കാം അവരുടെ പരലോക വിജയത്തിനായി....

Manoraj said...

അലി.. എന്ത് പറയാൻ.. അത്രക്ക് സ്പർശിച്ചു ഇത് മനസ്സിനെ.. എന്താ പറയുക. ഒന്നും പറയാതെ ഞാൻ പോയ്ക്കോട്ടെ. പ്രാർത്ഥിക്കാം ആ ആത്മാവിന് വേണ്ടി

അഭി said...

ഒരു പാട് നൊമ്പരങ്ങള്‍ ഉണര്‍ത്തുന്ന ഒരു പോസ്റ്റ്
ഉപ്പയെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ മക്കളിലേക്കും പകര്‍ന്നു നല്കാന്‍ കഴിയട്ടെ
മാതാപിതാക്കള്‍ തന്നെ ആണ് ഏറ്റവും വലിയ സമ്പാദ്യം അവിടെ നിന് കിട്ടുന്ന അറിവുകള്‍ ആണ് ബാക്കി ഉള്ള ജീവിതം തന്നെ

Abdulkader kodungallur said...

പ്രിയ അലി,
തിന്മകള്‍ കൊടികുത്തിവാഴുന്ന ഈ ലോകത്ത് നന്മയുടെ പ്രതീകമായി താങ്കള്‍ മനസ്സില്‍ പ്രതിഷ്ടിച്ച ബാപ്പയുടെ അഞ്ചാം ചരമവാര്‍ഷികം അനുസ്മരിക്കുവാനും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഞങ്ങളെ കൂടി കൂട്ടിയതില്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു.അദ്ദേഹം ചെയ്ത അനേകം നന്മകളുടെ ഒരു ചെറു ബഹിര്‍സ്ഫുരണമാണ്' താങ്കളുടെ ഹ്ര്"ദയസ്പ്ര്'ക്കായ വരികളിലൂടെ പുറത്തു വന്നത്. നന്മ വിതച്ചവര്‍ നന്മതന്നെ കൊയ്യുന്നു എന്നതിന്റെ തെളിവ്. നന്മകള്‍നേരുന്നു.

എന്‍.ബി.സുരേഷ് said...

സായംകാല യാത്രകളുടെ അച്ഛാ, മന്ദാരത്തിന്റെ ഇലകൾ കൊണ്ടു തീർത്ത ഈ കൂടു വിട്ടു ഞാൻ പോകുന്നു, വിടതരിക എന്ന് ഒ.വി.വിജയൻ ഖസാക്കിൽ പറഞ്ഞത് പെട്ടന്ന് ഓർത്ത്ഉ.
രക്തത്തിൽ കലർന്ന ഓർമ്മകൾ അല്ലേ ഇതെല്ലാം.എങ്ങനെ നമ്മൾ വികാരം കൊള്ളാതിരിക്കും.

ജീവിച്ചിരിക്കുന്ന അച്ഛനമ്മമാരെ തെരുവിലും ശരണാലയത്തിലുമെറിയുന്ന മക്കൾ മണ്മറഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ണീരിറ്റിച്ചു കൊണ്ടെഴുതുന്ന ഈ കുറിപ്പുകൾ വായിച്ചു കരുണയുള്ളവരാവേണ്ടതാണ്.

ഭായി said...

സർവ്വശക്തൻ, അദ്ദേഹത്തിന് സ്വർഗ്ഗത്തിൽ ഇടം നൽകട്ടെ!!!

വേണുഗോപാല്‍ ജീ said...

എന്റെ പ്രാർത്ഥനകൾ...

poor-me/പാവം-ഞാന്‍ said...

We share your feelings!

Kalavallabhan said...

അച്ഛന്റെ ആദർശങ്ങൾ മകനും പകർത്തി എല്ലാവരാലും നല്ലവനെന്ന് പറയിപ്പിക്കുക. ആ അച്ഛൻ സ്വർഗ്ഗത്തിലിരുന്ന് കണ്ട് സന്തോഷിക്കട്ടെ.

രസികന്‍ said...

പ്രാര്‍ത്ഥനയോടെ ...

അലി said...

എന്റെ പ്രിയ സ്നേഹിതരെ...

എന്റെയീ കുറിപ്പ് വായിക്കുകയും സാന്ത്വനമാവുകയും എന്റെ ബാപ്പായ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ല സുഹൃത്തുക്കൾക്കും നന്ദി. എന്റെ എല്ലാ പ്രാർത്ഥനകളിലും നിങ്ങളോരോരുത്തരും ഉണ്ടാവുമെന്ന് ഉറപ്പുതരുന്നു. മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കളാകാൻ നമുക്ക് കഴിയട്ടെ

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.
നന്മകൾ നേരുന്നു.

ആചാര്യന്‍ said...

അർഹിക്കുന്നതിലേറെ സഹായങ്ങൾ വാങ്ങിയ ഏതാനും ചിലർ മാത്രം ശത്രുവിനോടെന്നപോലെ പെരുമാറുമ്പോഴും അതെന്നെ പറയുന്നതല്ലെ... പറയട്ടെ. നിങ്ങളൊരിക്കലും അത് കേൾക്കാനും മറുപടി പറയാനും നിൽക്കണ്ട. എന്ന് മക്കളായ ഞങ്ങളെ ഉപദേശിക്കും. എനിക്കിപ്പോഴും വഴങ്ങാത്ത സഹിഷ്ണുതയുടെ പാഠങ്ങൾ


അലി ഭായ് താങ്കളുടെ ദുക്കത്തില്‍ ഞാനും പങ്കു ചേരുന്നു ...പരേതന്റെ മഗ്ഫിരത്തിനായി പ്രാര്‍ത്തിക്കുകയും ചെയ്യുന്നു..

mukthaRionism said...

പ്രാര്‍ഥനകള്‍.

ദീപു said...

കണ്ണു നനയിച്ചു...

Vayady said...

ബാപ്പയെ കാണാനായി ഒരിക്കല്‍ കൂടി ഈ വഴി വന്നതാണ്‌ കേട്ടോ.

Anonymous said...

" നാട്ടിലെത്തി കാണാൻ കൊതിച്ചിരുന്നെങ്കിലും ലീവ് കഴിഞ്ഞ് തിരിച്ചെത്തിയിട്ട് അധികമാകാത്തതും നാട്ടിലെ ചികിത്സാചെലവും ഒക്കെ എന്നെ പിടിച്ചുനിറുത്തുകയായിരുന്നു. ഒടുവിൽ നാട്ടിൽ പോകാനുറച്ചപ്പോഴേക്കും ഒത്തിരി വൈകി. ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് വിളിക്കുമ്പോഴും പതിവുപോലെ ചിരിച്ച് കൊണ്ട് സംസാരിച്ചു. സാരമില്ല... പെട്ടെന്ന് സുഖമായി തിരിച്ചെത്തുമെന്ന വാക്കുകൾ. "
താങ്കളുടെ ഈ വിവരണം എന്നെ കണ്ണുകളെ ജലാദ്രമാക്കി ...
...ജിപ്പു പറഞ്ഞ പോലെ വല്ലപ്പോഴും വരുന്ന ഒരു വിരുന്നുകാരന്‍ ആയിരുന്നു എന്റെ ചെറുപ്പകാലങ്ങളില്‍ ഉപ്പ എനിക്ക് ...അതുകൊണ്ട് തന്നെ കത്തിലുടെയും ഫോണിലുടെയും എല്ലാം മാത്രമേ ഞാന്‍ ഉപ്പയുടെ വാത്സല്യം അറിഞ്ഞിട്ടോള്ളൂ...പക്ഷെ മുടങ്ങാതെ എനിക്ക് കത്തെഴുതും ...ഒരു പാട് നല്ല നല്ല കാര്യങ്ങള്‍ ഉപദേശിക്കും ..എപ്പോഴും ഞങ്ങളുടെ ഫോട്ടം ഉപ്പക്ക് അയച്ചു കൊടുക്കാന്‍ ആവശ്യപെടും ..അങ്ങിനെ ഞങ്ങളുടെ വളര്‍ച്ച കാണും ...ഇന്നും ഉപ്പ പറയും ..മക്കളുടെ വളര്‍ച്ച ഫോട്ടോയില്‍ മാത്രം കാണാന്‍ ,ഫോട്ടോകളിളുടെ ഞങ്ങളെ താലോലിക്കാന്‍ മാത്രമേ ഈ പ്രവാസി ആയ ഉപ്പാക്ക് കഴിഞ്ഞോള്ളൂ എന്ന് ...അലി ഭായ് ഭാഗ്യവാന്‍ ആണ് ...അലിഭായിയുടെ ഉപ്പയും ...മതം പഠിപ്പിച്ച ജീവിതം അതുപോലെ ജീവിത മാതൃകയായി മക്കളെ പഠിപ്പിച്ചു ...എല്ലാത്തിനും സര്‍വശക്തനു നന്ദി പറയുക ...അലിഭായിയുടെ വിങ്ങലുകള്‍ ഉള്‍ക്കൊണ്ട്‌ തന്നെ എന്റെ പ്രാര്‍ഥനകള്‍, ഉപ്പാക്ക് വേണ്ടി ...സര്‍വശക്തന്‍ സ്വര്‍ഗം നല്‍കി അനുഗ്രഹികട്ടെ ഉപ്പയെ ......

അലി said...

എന്റെ പ്രിയപ്പെട്ടവരെ...

എന്റെയീ കുറിപ്പ് വായിക്കുകയും സാന്ത്വനമാവുകയും എന്റെ ബാപ്പായ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ല സുഹൃത്തുക്കൾക്കും നന്ദി. എന്റെ എല്ലാ പ്രാർത്ഥനകളിലും നിങ്ങളേയും ഓർക്കുമെന്ന് ഉറപ്പുതരുന്നു.

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.
നന്മകൾ നേരുന്നു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എന്‍റെ പ്രാര്‍ഥനകള്‍..

ishaqh ഇസ്‌ഹാക് said...

അല്ലാഹുവിന്റെ അനുഗ്രഹം അദ്ദേഹത്തിന് പരലോകത്തും ഉണ്ടാവട്ടെ...!ആമീന്‍
رحم الله الفقيد وأدخله فسيح جناته