Friday, October 1, 2010

“ഒരു എടങ്ങേര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്...”

       വിമാന യാത്രകൾ പ്രവാസജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. യാത്ര എയറിന്ത്യയിലാണെങ്കിൽ അതൊരു ബ്ലോഗ് പോസ്റ്റാക്കാനോ മെഗാസീരിയലാക്കാനോ പറ്റും വിധം സംഭവബഹുലമായിരിക്കും. ഓർമ്മയുടെ ചെപ്പിൽ എന്നും ചുരുട്ടിവെയ്ക്കാവുന്ന അത്തരമൊരു അനുഭവം കിട്ടിയത് രണ്ടര കൊല്ലം മുമ്പ് അനുജന്റെ കല്യാണത്തിന് നാട്ടിൽ പോയപ്പോഴാണ്‌. സമയമാകുന്നതിനു മുമ്പ്  ലീവ് ചോദിച്ച് ബോസിന്‍റെ പുഞ്ചിരി മായ്ക്കണ്ടല്ലോയെന്ന് കരുതി കല്യാണത്തിനു വരില്ലെന്ന് പറഞ്ഞാണവനെ അയച്ചത്. പക്ഷെ വീട്ടുകാര്‍ക്ക് ഞാന്‍ എത്തണം എന്ന് ഒരേ നിർബന്ധം! "നിങ്ങളില്ലാതെ എനിക്കെന്താഘോഷം" എന്ന്  ശ്രീമതി പരിഭവിച്ചപ്പോള്‍  നാട്ടിൽ പോകണമെന്നും വിവാഹത്തില്‍ പങ്കെടുക്കണമെന്നുമുള്ള ചിന്ത മുളച്ചുപൊന്തി പടർന്നു പന്തലിച്ചു..

       എയർ ഇന്ത്യ വൈകുന്ന വാർത്തകളും കയ്യേറ്റം, കുത്തിയിരുപ്പ് സമരം, ബഹിഷ്കരണം തുടങ്ങിയ തുടര്‍ ചലനങ്ങളും പത്രത്തില്‍ സ്ഥിരമായി വായിക്കുന്നുണ്ടെങ്കിലും  കയറിയപ്പോഴൊന്നും ദുരനുഭവങ്ങളുണ്ടായിരുന്നില്ല. എയറിന്ത്യയുടെ ജിദ്ദ - കരിപ്പുർ റൂട്ടിൽ പന്ത്രണ്ടും മുപ്പത്താറുമൊക്കെ മണിക്കൂർ വൈകൽ ശീലമാക്കിയിട്ടും എന്റെ വീട്ടുപടിക്കലൂടെ പോകുന്ന റിയാദ് കൊച്ചി സർവ്വീസ് ചീത്തപ്പേര് കേള്‍പ്പിച്ചിട്ടില്ല. ടിക്കറ്റ് അന്വേഷിച്ച് ചെന്നപ്പോൾ ട്രാവൽ‌സിലെ സുഹൃത്തും അതുതന്നെ പറഞ്ഞു. നേരത്തെ ബുക്ക് ചെയ്യാത്തതുകൊണ്ട് സൌദി എയര്‍ലൈന്‍സ്‌  പിണക്കത്തിലാണ്. ദുബായ്ക്കാരെ പണ്ടേ ഇഷ്ടമില്ലാത്തതിനാൽ ദുബായ് വഴിപോകുന്ന ഗൾഫ് എയറും വേണ്ട. നേരെ കൊച്ചിക്ക് എയറിന്ത്യയുള്ളപ്പോൾ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയിരുന്ന് സമയം കളയണോ? കൂടുതൽ ആലോചിക്കാതെ ഇരുകയ്യും നീട്ടി വാങ്ങി, ഒരു ഒന്നൊന്നര ടിക്കെറ്റ്.

       ദമാമിലുള്ള ഭാര്യാസഹോദരൻ ഒരത്യാവശ്യത്തിന് കുടുംബത്തെ കൂടാതെ നാട്ടിൽ പോയ സമയം. അവന്റെ ഭാര്യ ജോലിക്കുപോകുമ്പോൾ അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമകൾ “ഡാഡിമമ്മി വീട്ടിലില്ലാ.. നോക്കാനും യാരും ഇല്ലാ...” എന്ന് ഒറ്റയ്ക്ക് പാട്ടും പാടിയിരിക്കേണ്ട അവസ്ഥ. ഞാൻ പോകുന്ന വിവരമറിഞ്ഞപ്പോൾ അവളെ നാട്ടിലെത്തിക്കാനുള്ള ഓഫർ കിട്ടി. എന്തിനാ വെറുതെ റിസ്കെടുക്കുന്നെ എന്ന് പലരും ചോദിച്ചെങ്കിലും നാലോ അഞ്ചോ മണിക്കൂര്‍ മതിയല്ലോയെന്ന ചിന്തയും വളരെ യൂസര്‍ ഫ്രണ്ട്ലിയായ ആ കുഞ്ഞിനെ നന്നായറിയുന്നതും ഒരു ധൈര്യം തന്നു.

       പിന്നെ എല്ലാം പെട്ടെന്നായിരുന്നു. രണ്ടുമൂന്നുമാസം ബൂലോകം ദരിദ്രമാകാതിരിക്കാനായി ചെറുപ്പത്തില്‍ വിമാനം കൂടാതെ പറന്ന കഥയെഴുതി പോസ്റ്റ് ചെയ്തു. നാട്ടുനടപ്പനുസരിച്ച് രണ്ട് ദിവസം മുമ്പേ ജോലിയിൽ നിന്നിറങ്ങി. സ്ഥാവര ജംഗമ വസ്തുക്കള്‍ കാർഗോയും ലഗേജും ആക്കി.

       കൊടും തണുപ്പിൽ വിറങ്ങലിച്ചുനില്‍ക്കുന്ന റിയാദ് എയർ പോർട്ടിൽ ഞങ്ങളെത്തിയപ്പോൾ എന്‍റെ സഹയാത്രിക ഹിബ ഫാത്തിമ രണ്ട് നിര കട്ടി ഉടുപ്പുമിട്ട് സുന്ദരിക്കുട്ടിയായി കാത്തുനില്‍ക്കുന്നു. കൂടെ അവളുടെ ഉമ്മയും അളിയന്‍ രണ്ടാമനും കുടുംബവും അമ്മാവനും അടങ്ങിയ ഒരു വൻ യാത്രയയപ്പു സംഘവും. പാലും ഉടുപ്പുകളും മറ്റു അത്യാവശ്യ സാമഗ്രികളും നിറച്ച ഒരു പതുപതുത്ത ബാഗും കിട്ടി. ദേശാടനത്തിനു മുന്നോടിയായി ഞങ്ങള്‍ ചങ്ങാത്തം കൂടി. കരഞ്ഞാൽ ചെയ്യേണ്ട ഒറ്റമൂലി പ്രയോഗത്തെകുറിച്ചും കുട്ടിയെ ഉറക്കുന്ന വിധവും പാലുകൊടുക്കുന്നതും ഒക്കെയായി ഒരു പഠനക്ലാസ്സ്. പഠിച്ചത് മറക്കാതിരിക്കാന്‍ ചെറിയൊരു റിഹേഴ്സല്‍. മാനത്തുകൂടെയാ പോകണതെങ്കിലും വിമാനത്തിൽ വെച്ച് അമ്പിളിമാമനെ കാണിച്ചുകൊടുക്കാന്‍ പറ്റിയില്ലെങ്കിലോ?

       പാസ്സ്പോർട്ടും വാങ്ങി ക്യൂവിൽ നിന്ന് കുറച്ചുകഴിഞ്ഞപ്പോഴേക്കും കോട്ടും സ്യൂട്ടുമിട്ട് നിന്ന മാന്യന്മാര്‍ രൂപാന്തരം വന്ന് മാവേലിസ്റ്റോറിലും ബെവറേജസ് ക്യൂവിലും നുഴഞ്ഞു കയറുന്ന തനി നാടന്‍ മലയാളിയായി. വരിയില്‍ നിന്നവർ പുറത്തും അല്ലാത്തവർ അകത്തുമായി മാറുന്നു. ട്രോളികൾ കോർത്തുവലിക്കുന്നു. ഹിന്ദികളും അവരുടെ ഫ്ലൈറ്റും... ഉന്തും തള്ളും  അവരുടെ ആഭ്യന്തര പ്രശ്നം. പോലീസുകാർക്കും സെക്യൂരിറ്റി ജീവനക്കാർക്കും കണ്ടാനന്ദിക്കാന്‍ പറ്റിയ തനി കേരളീയ കലാരൂപങ്ങൾ!

       പ്രൈവറ്റ് ബസ്സിലും തിയേറ്ററിലെ ക്യൂവിലും ഇടിച്ചുകയറി നേടിയ വിദഗ്ദ പരിശീലനം കൌണ്ടറിലെത്തിച്ചു. രണ്ട് ബോർഡിംഗ് പാസും വാങ്ങി തിരിഞ്ഞപ്പോഴേക്കും കൌണ്ടറിൽ ക്ലോസ്ഡ് എന്ന ബോർഡ് തെളിഞ്ഞു. ടിക്കറ്റുമായി പിന്നാലെ വന്ന അറുപതോളം പേർക്ക് ബോർഡിംഗ് പാസില്ല! കേരളത്തിലേക്കല്ലേ... ബസ്സിലും ജീപ്പിലുമൊക്കെ സീറ്റില്ലാതെ തൂങ്ങിയാത്ര ചെയ്ത് ശീലിച്ച മലയാളികൾ വിമാനത്തിലും എവിടെയെങ്കിലും തൂങ്ങി നിന്നോളുമെന്ന് കരുതിയാവും അധികൃതര്‍ ടിക്കറ്റ് വിറ്റത്!

       രംഗം പെട്ടെന്ന് മാറി. പ്രതികരണം ബഹളവും കരച്ചിലുമൊക്കെയായി പുറത്തുവരുന്നു. മരിച്ച പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാൻ പോകുന്നവർ, ചികിത്സയ്ക്കായി പോകുന്ന രോഗികള്‍, കൈക്കുഞ്ഞുങ്ങളുമായി എത്തിയ കുടുംബങ്ങള്‍. എവിടെയും പ്രതിഷേധവും നിരാശയും സങ്കടവും കരിപുരട്ടിയ മുഖങ്ങൾ. വാപ്പാന്റെ മയ്യത്ത് കാണാൻ  കഴിഞ്ഞില്ലെങ്കിൽ താനും ഇവിടെ മരിക്കുമെന്ന് പറഞ്ഞ് ഒരാൾ പെട്ടിയുടെ കയറഴിച്ചെടുത്ത് നിന്ന് കരയുന്നു. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാണെന്നു പറഞ്ഞിട്ടെന്താ കാര്യം. ഒരു കയർ കൊളുത്താന്‍ പോലും സൌകര്യമില്ല! പക്ഷെ അയാളുടെ അവസ്ഥ കണ്ട് ശരിക്കും കണ്ണു നിറഞ്ഞുപോയി. ഭക്ഷണം കഴിക്കാന്‍ പോലും നിൽക്കാതെ ജോലി സ്ഥലത്തുനിന്നും നേരെ  എയര്‍പോര്‍ട്ടില്‍ എത്തിയ ചങ്ങാതിയായ  ഉസ്മാനെയും കണ്ടു. കളരിക്ക് പുറത്തായ  യാത്രക്കാരെയെല്ലാം താമസിയാതെ ഹോട്ടലിലേക്ക് മാറ്റി.

       റിയാലിറ്റി ഷോയില്‍ ഫ്ലാറ്റ് കിട്ടിയവന്റെ സന്തോഷം, ടാക്സ് അടയ്ക്കാന്‍ പറയുമ്പോള്‍ തീരുന്നതുപോലെ ബോർഡിംഗ് പാസ് ബംബറടിച്ച  ഞങ്ങളുടെ സന്തോഷവും അധികം നീണ്ടുനിന്നില്ല. മൂന്നു മണിക്ക് പുറപ്പെടേണ്ട വിമാനം അഞ്ചരയ്ക്ക് പുറപ്പെടുകയുള്ളു എന്ന് മോണിട്ടറിൽ തെളിഞ്ഞു. ചെക്ക് ഇൻ സമയമായപ്പോൾ വീണ്ടും അത് മാറി!... ആറുമുപ്പത്... പത്തുമുപ്പത്... സമയം മാറ്റൽ മെഗാസീരിയൽ പോലെ നീളുമ്പോൾ ഉറക്കമിളച്ചു കാത്തിരുന്ന യാത്രയയപ്പു സംഘം മുറിയെടുത്ത് തങ്ങിയിട്ട് സമയമാകുമ്പോൾ മോളെ എത്തിക്കാമെന്ന് പറഞ്ഞ് പോയി. ആശങ്കയോടെ മണിക്കൂറുകൾ എണ്ണുമ്പോഴും ഗ്രാന്‍ഡ് ഫൈനല്‍ സമയം മാത്രം അറിയില്ല.

       രണ്ടും മൂന്നും പേർ വീതം മുടങ്ങാതെ എയറിന്ത്യ ഓഫീസിൽ പോയി വിവരങ്ങൾ തിരക്കുന്നുമുണ്ട്. എല്ലാവരും പോകുന്നത് കണ്ട് അവിടെ ബിരിയാണി കിട്ടുമോന്നറിയാൻ ഞാനും പോയി നോക്കി. ഫോറിൻ എയർലൈൻസ് ഓഫീസസ് എന്നെഴുതിയ വഴിയിലൂടെ  ചെന്നപ്പോൾ ഒരിടത്ത് എയറിന്ത്യ എന്ന ബോർഡ് കണ്ടു ഞെട്ടി. അതിൽ  യാത്രക്കാരന്റെ നെഞ്ചിനു നേരെ ഉന്നം പിടിച്ച് നിൽക്കുന്ന ലോഗോ എനിക്ക് വളരെ ഇഷ്ടമായി!

       “സാറേ.. സാറേ... സാർ...”

       നീട്ടിവിളിച്ചിട്ടും പുറം തിരിഞ്ഞു നിൽക്കുന്ന മലയാളി വൈറ്റ്കോളർ സാറന്മാർക്ക് തിരിഞ്ഞുനോക്കാനൊരു വിഷമം. പിന്നെ വിളിയുടെ ടോൺ മാറ്റി നോക്കി. മറ്റു ചിലർ ‘സ’ മാറ്റി മറ്റു അക്ഷരങ്ങൾ പരീക്ഷിച്ചപ്പോൾ ഒരാളുടെ മുഖം ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായി.

        “സാർ... ഈ എഴുതിക്കാണിക്കുന്ന സമയത്തെങ്കിലും പുറപ്പെടുമെന്ന് ഉറപ്പുണ്ടോ?”

       “അതൊന്നും പറയാനാവില്ല” മറുപടി.

       “പിന്നെന്തിനാ ഇങ്ങിനെ സമയം മാറ്റി കളിക്കുന്നെ?”

        “................” ഉത്തരം മാഫി!

       അവർക്കായ് ഭരണിപ്പാട്ടിലെ കുറെ വരികൾ സമര്‍പ്പിച്ചു തിരിച്ചുനടന്നു. സിൽ‌സില ആൽബം എടുത്തവൻ പോലും ഇവരേക്കാൾ എത്രയോ ഭാഗ്യവാൻ!

       അന്ന് ടിക്കറ്റെടുക്കാനായി ട്രാവൽ‌സിലിരിക്കുമ്പോൾ എയർ ഇന്ത്യ ഒഴികെയുള്ള ഏതെങ്കിലും ടിക്കറ്റ് ആവശ്യപ്പെട്ട മലയാളി, എയർ ഇന്ത്യയുടെ പോരിശ പറഞ്ഞ് ടിക്കറ്റ് വിൽക്കാൻ ശ്രമിക്കുന്ന ഈജിപ്ഷ്യനോട് “എന്റെ പൊന്നുസാറേ നിങ്ങൾ ടിക്കറ്റ് ഫ്രീയായിട്ട് തന്നാലും ഞാനാ ഫ്ലൈറ്റിനു പോകില്ല” എന്ന് തീര്‍ത്ത് പറഞ്ഞതിന്‍റെ അര്‍ത്ഥം ഇപ്പഴാണറിയുന്നത്!

       ബംഗ്ലാദേശിന്‍റെ പഴഞ്ചൻ ബിമാനങ്ങൾക്ക്പോലും ഇത്ര ‘സാങ്കേതിക തകരാറില്ല’, കേരളത്തിലേക്ക് പറക്കുമ്പോൾ മാത്രം പൈലറ്റുമാർക്ക് ക്ഷീണം കൂടും. ബഹിഷ്കരണമെന്നത് പൂച്ചയ്ക്ക് മണികെട്ടുന്നതു പോലെയായി. ഒരുദിവസം മുമ്പേ നാട്ടിലെത്താനായി കൊച്ചിക്ക് ടിക്കറ്റെടുത്ത കരിപ്പൂര്‍ സ്വദേശിയായ ഉബൈദിന്റെ ദേഷ്യവും സങ്കടവും തീരുന്നില്ല.

       മോളെ യാത്രയയക്കാൻ വന്നവർ ഹോട്ടലില്‍ നിന്നും വിളിക്കുന്നു. നാട്ടീന്ന് മിസ്കോള്‍ പെരുമഴ. വാപ്പിച്ചിയെ കൂട്ടാൻ  മക്കൾ സ്കൂളിൽ പോകാതെ കാത്തിരിക്കുന്നു. “എന്തായി?” എല്ലാവർക്കും ഒരേ ചോദ്യം തന്നെ. ഒന്നുമായില്ല... ഭൂട്ടാൻ ലോട്ടറിയെടുത്തവൻ കൈരളി ടിവി കണ്ട മാതിരി മോണിട്ടറിൽ കണ്ണും നട്ടിരിപ്പാണ് യാത്രക്കാര്‍...!

       ഒരു മണിയായപ്പോഴേക്കും യാത്രക്കാർ തയ്യാറാവാത്തതുകൊണ്ടാണ് ഇതുവരെ പുറപ്പെടാത്തതെന്ന മട്ടിൽ റെഡിയാവാ‍ൻ അനൌൺസ് വന്നു. കൂടുതല്‍ യാത്ര ചോദിക്കാതെ വിതുമ്പി നിന്ന ആ ഉമ്മയുടെ മുഖത്തേക്ക് നോക്കാതെ മോളെയും വാങ്ങി വേഗം തിരിഞ്ഞുനടന്നു.

       ചെക്ക് ഇൻ കഴിഞ്ഞപ്പോൾ വീണ്ടും കിട്ടി ഒരു മണിക്കൂറിന്റെ ബോണസ്! റിയാദ് എയര്‍പോര്‍ട്ടിലെ തറയിലും സീലിംഗിലുമുള്ള ത്രികോണങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ കുറച്ചുകൂടി ബാക്കിയുള്ളപ്പോള്‍ വൈകിട്ട് മൂന്നരയോടെ എല്ലാവരെയും ആട്ടിത്തെളിച്ച് വിമാനത്തിനകത്താക്കി.

       കുഞ്ഞ് എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്നായിരുന്നു ആകെ ടെന്‍ഷന്‍. ടേക്ക് ഓഫ് ഒന്നു പേടിപ്പിച്ചു. പിന്നെ അടുത്തിരുന്ന യാത്രക്കാരൊക്കെ അവളുടെ പഴയ പരിചയക്കാരാണെന്ന് തോന്നി. സീറ്റില്ലാത്ത പാസഞ്ചര്‍ ആയതുകൊണ്ട്  അടുത്ത സീറ്റുകളിലൂടെ പര്യടനം കഴിഞ്ഞു തിരിച്ചെത്തി. ഉറക്കാനുള്ള പതിനെട്ടാമത്തെ അടവും പരാജയപ്പെട്ടപ്പോൾ സംശയത്തോടെ പുറം ഉടുപ്പു മാറ്റി നോക്കി. അതിവർഷം കാരണം തടയണ തകർന്നിരിക്കുന്നു എന്ന നഗ്നസത്യം കണ്ട് ഞെട്ടി. സിലബസിലില്ലാത്ത വിഷയമാണിത്. ഫ്ലൈറ്റിലെ വിശാലമായ ടോയ്‌ലറ്റിൽ കൊണ്ടുപോയി ഔട്ടർ ലെയർ അഴിച്ചുമാറ്റി. ഇന്നർ ലെയർ മുഴുവൻ വേസ്റ്റ് ബക്കറ്റിലേക്ക്. പിന്നാലെ വരുന്നവര്‍ക്ക് ഒരു തരി പോലും ബാക്കിവെയ്ക്കാതെ ടിഷ്യു തീര്‍ത്തു. ടിവിയിൽ പമ്പേഴ്സിന്റെ പരസ്യം കണ്ട പരിചയത്തിൽ പുത്തൻ തടയണ ഒട്ടിച്ചുപിടിപ്പിച്ചു. ഇതൊക്കെ എന്നാ പഠിക്കുന്നെ എന്നമട്ടിൽ അവളെന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. പിന്നീട് എല്ലാവര്‍ക്കുമൊപ്പം ഉറങ്ങുമ്പോഴും ഒരു ദിവസത്തെ ഉറക്കച്ചടവോടെ ഞാന്‍ മാത്രം ഉണര്‍ന്നിരുന്നു.

       കേരളത്തിന്റെ കാറ്റേറ്റതോടെ എല്ലാവരും ഉണര്‍ന്നു, ഒപ്പം സമരവീര്യവും. പതിമൂന്നുമണിക്കൂറോളം ക്ഷമ പരീക്ഷിച്ചതല്ലേ... ലാന്‍റിംഗിനു ശേഷം ഇത്തിരിനേരം പുറത്തിറങ്ങാതെയിരുന്ന് പ്രതിഷേധിക്കണമെന്ന് തീരുമാനിച്ചു. നേതാവാകാൻ കൊതിപൂണ്ട ചില ചെറുപ്പക്കാർ സ്വയം നേതൃത്വം ഏറ്റെടുത്തു. ആരും എഴുന്നേൽക്കരുത്, വിമാ‍നക്കമ്പനിയുടെ വേണ്ടപ്പെട്ടവരാരെങ്കിലും വന്നിട്ടേ ഇറങ്ങാവൂ എന്ന ഇടയലേഖനം വായിച്ചു. കുഞ്ഞാടുകളെല്ലാം പൂര്‍ണ്ണസമ്മതത്തോടെ തലയാട്ടിയെങ്കിലും അതൊക്കെ വിമാനം റൺ‌വേയിൽ മുത്തം കൊടുക്കുന്ന നിമിഷം വരെയെ നില നിന്നുള്ളു. വിമാനം നിലത്തിറങ്ങുന്നതിനുമുമ്പേ ചിലരുടെ ചന്തികൾ സീറ്റിൽ നിന്നും പൊങ്ങിത്തുടങ്ങി. എഴുന്നേൽക്കാൻ ശ്രമിച്ച കരിങ്കാലികളെ പിടിച്ചിരുത്തി. മറ്റുചിലർ ഭരണിപ്പാട്ടിന്റെ നാദവിസ്മയം കേട്ട് താനെ ഇരുന്നു. ഇത്രനേരം കഷ്ടപ്പെടുത്തിയതിനെതിരെ പ്രതിഷേധം വേണം. സൌദിയിൽ വെച്ചു നടക്കാത്ത സമരം നാട്ടിലെത്തിയാല്‍ സീറ്റ് ബെൽട്ടഴിച്ചു വിടാം.. സമരങ്ങളുടെ സ്വന്തം നാട്ടില്‍ വിമാനത്തിലിരുന്നും സമരം!

       എന്തായാലും നാട്ടിലെത്തിയെന്ന സമാധാനത്തിലിരിക്കുമ്പോള്‍ വിമാനത്തിലെ എസിയും കുറെ ലൈറ്റുകളും ഓഫായി! കറന്‍റ് കട്ടാണെന്ന് സമാധാനിച്ചു. പിന്നെയാണറിഞ്ഞത്...വിമാനത്തിലെ ഡ്രൈവറും കിളികളും എലികളെ പുകച്ച് പുറത്തുചാടിക്കുന്ന സൂത്രം പ്രയോഗിക്കുകയാണെന്ന്! നിമിഷങ്ങൾക്കകം കൊടും ചൂടും സഹിക്കാനാവാത്ത അസ്വസ്ഥതകളും. ശ്വാസം മുട്ടുന്നതുപോലെ. എന്‍റെ കുഞ്ഞുപാസഞ്ചര്‍ ഉടനെ കരച്ചിലിന്‍റെ സ്റ്റാര്‍ട്ട് ബട്ടൺ ക്ലിക്ക് ചെയ്യും. സമരസമിതി സഖാക്കളേ ക്ഷമിക്കൂ.. ഞാനിതാ കാലുമാറുന്നു. അപ്പോഴേക്കും എയർപോർട്ട് മാനേജരും എയറിന്ത്യയുടെ ഉദ്യോഗസ്ഥരുമൊക്കെ വന്നു ചർച്ചയും ഒത്തുതീർപ്പുമൊക്കെ കഴിഞ്ഞു. മുമ്പേ പാചകം ചെയ്തു കൊണ്ടുവന്ന ‘സോറി’യും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടതു ചെയ്യാമെന്ന ‘ഉറപ്പും’ വിളമ്പിയതോടെ സമരത്തിനു വിരാമം. എങ്കിലും മുദ്രാവാക്യം വിളിച്ച് ജാഥയായി എമിഗ്രേഷൻ കൌണ്ടർ വരെ. വർഷങ്ങളോളം മുദ്രാവാക്യം വിളിക്കാൻ മുട്ടി നിന്നവരൊക്കെ ആ വിഷമം കൈചുരുട്ടി ആകാശത്തേക്ക് ശക്തമായി ഇടിച്ച് തീർത്തു!

       ലഗേജ് എടുക്കുന്നതിനും മുമ്പേ കാത്തുനിന്നു മടുത്ത അളിയന്റെ കയ്യില്‍ മോളെ ഏല്പിച്ചപ്പോള്‍ അതുവരെ പിടിച്ചുനിറുത്തിയ ഒരു ദീര്‍ഘനിശ്വാസം വിമാനത്തിന്‍റെ ഇരമ്പലോടെ പറന്ന് പോയി. വിളിച്ചുവരുത്തിയ മാധ്യമപ്രവർത്തകരെയും കണ്ടിട്ടേ പോകാവൂ എന്ന തീരുമാനത്തിലാണ് എല്ലാവരും പുറത്തിറങ്ങിയതെങ്കിലും സ്വന്തം മാധ്യമത്തെ കണ്ടതോടെ ഞാനാ തീരുമാനം പാസ്സ്പോര്‍ട്ടിനും ടിക്കറ്റിനുമൊപ്പം മടക്കി ബാഗില്‍ വെച്ചു.

       ഇനിയെന്‍റെ ക്ഷമ പരീക്ഷിക്കാൻ എയറിന്ത്യക്ക് അവസരം കൊടുക്കില്ലെന്ന പ്രതിജ്ഞയോടെ പുറത്തേക്ക് നടക്കുമ്പോള്‍, മുദ്രാവാക്യങ്ങൾക്കിടെ ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു:

       "ആനയും ആനപ്പിണ്ടവും തമ്മിലുള്ള വ്യത്യാസമാണ് ഇന്ത്യയും എയര്‍ ഇന്ത്യയും തമ്മില്‍!   ഇന്ത്യയെ സ്നേഹിക്കണം... എയറിന്ത്യയെ സ്നേഹിക്കരുത്.."

      എത്ര അന്വര്‍ത്ഥം! എത്ര  മനോഹരമായ പദാവലി...!

68 comments:

അലി said...

പ്രിയപ്പെട്ടവരേ,
രണ്ടരക്കൊല്ലം മുന്‍പുണ്ടായ ഈ ദുരനുഭവം ഇന്നും ഇന്ത്യന്‍ ദേശീയ വിമാനക്കമ്പനിക്കാരില്‍ നിന്നും യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. കുത്തഴിഞ്ഞൊരു യാത്രാ സംവിധാനമാണ് അവരുടേത്. അവരെ നന്നാക്കുന്നതിലും ഭേദം പട്ടീടെ വാല്‍ നേരെയാക്കുന്നതായിരിക്കും! സംശയമുള്ളവര്‍ക്ക് അതില്‍ യാത്ര ചെയ്യാം.

കണ്ണൂരാന്‍ / K@nnooraan said...

((((ഠോ))))

അലിഭായ്, ക്ഷമിക്കണം. ഇത് തേങ്ങയല്ല. വ്യോമയാന മന്ത്രിയുടെ തലയ്ക്കിട്ടു ഒന്ന് കൊട്ടിയതാ..
നോക്കാലോ, ചിലപ്പോള്‍ ഈ ഇടിയില്‍ നമ്മുടെ ദേശീയ ഫ്ലൈറ്റുകള്‍ നന്നായാലോ!

ഇനി വായിക്കട്ടെ.

***

mayflowers said...

ദുരിത യാത്രാ വിവരണം വായിച്ചു..തികച്ചും വാസ്തവം.
"ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ..."എന്ന മട്ടിലാണല്ലോ ഗള്‍ഫ് മലയാളികളുടെ നേരെ എയര്‍ ഇന്ത്യയുടെ സമീപനം.

Jishad Cronic said...

ആഹാ.. കണ്ണൂരാന്‍ തലക്കിട്ടു കൊട്ടിയതുകൊണ്ട് ചിലപ്പോള്‍ നന്നായി എന്ന് വരും, ഞാന്‍ രണ്ടു പ്രാവിശ്യം വന്നിട്ടുണ്ട് ഇതില്‍ പക്ഷെ യാതൊരു പ്രശ്നവും ഉണ്ടായില്ല, ഉണ്ടാകാന്‍ ഇനി അവസരം കൊടുക്കില്ല, നമ്മടെ ഫ്ലൈറ്റ് ഖത്തര്‍ എയര്‍.

വി.എ || V.A said...

എയർ ഇൻഡ്യയെ സ്നേഹിച്ചവർക്കെല്ലാം ഇതുതന്നെ സ്ഥിതി. അവിടെ അവന്മാർക്ക് കണ്ണൂരാന്റെ ഇടിയൊന്നും ഫലിക്കില്ല, ആദ്യം പൈലറ്റുമാരെ പൊക്കിയെടുത്ത് പൂശണം. എന്നിട്ട്, ‘ഡാഡി മമ്മി വീട്ടിലില്ലെ...’പാടണം. അല്ലാശാനേ- കുട്ടിക്കു വേണ്ടുന്ന ഒറ്റമൂലിയുടെ റിഹേഴ്സൽ..... ‘യാത്രക്കാരുടെ നേരേ ഉന്നം പിടിച്ചു നിൽക്കുന്ന ലോഗോ’ നമ്മുടെ ദേശീയചിഹ്നം ആക്കുന്നുണ്ട്, ഉടൻ... ഞാനും ഒരനുഭവംകൊണ്ട് തീരുമാനിച്ചതാണിത്. അനുഭവം നല്ലതാക്കി.....

ഇസ്മായില്‍ കുറുമ്പടി (shaisma@gmail.com) said...

"വിളിച്ചുവരുത്തിയ മാധ്യമപ്രവർത്തകരെയും കണ്ടിട്ടേ പോകാവൂ എന്ന തീരുമാനത്തിലാണ് എല്ലാവരും പുറത്തിറങ്ങിയതെങ്കിലും സ്വന്തം മാധ്യമത്തെ കണ്ടതോടെ ഞാനാ തീരുമാനം പാസ്സ്പോര്‍ട്ടിനും ടിക്കറ്റിനുമൊപ്പം മടക്കി ബാഗില്‍ വെച്ചു."

പ്ലാവില കണ്ട ആടിനെപ്പോലെയുള്ള, നിങ്ങടെ ഈ 'വീക്ക്നെസ്സ്' എയര്‍ഇന്ത്യക്കു നന്നായറിയാം.അതല്ലേ ഇങ്ങനെയൊക്കെ.....

ഏ.ആര്‍. നജീം said...

ഹ ഹാ...അലിഭായ്യുടെ തനത് ആക്ഷേപ ഹാസ്യം ഒക്കെ ഇവിടെ വന്നുവെങ്കിലും നമ്മുടെ എയറിന്ത്യയുടെ ക്രൂര വിനോദത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്തോ ചിരി വരുന്നില്ല. ദുബായില്‍ നിന്നും കരിപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം 24 മണിക്കൂറിനു ശേഷവും പുറപ്പെടാതായപ്പോള്‍ നാട്ടിലെ ബന്ധുക്കള്‍ എയര്‍ഇന്ത്യ ഓഫീസിലേക്ക് വിളിച്ചപ്പോള്‍ അറിഞ്ഞത് ദുബായില്‍ നിന്നും ആ വിമാനം പുറപ്പെടാന്‍ ഇനിയും മൂന്നു മണിക്കൂര്‍ കഴിയുമത്രേ പക്ഷെ സത്യത്തില്‍ വിമാനം അവിടെ നിന്നും വിട്ടു അപ്പോഴേക്കും ഒമാനില്‍ എത്തിക്കഴിഞ്ഞിരുന്നു.. അത് പോലും അറിയാതെ മറുപടി പറഞ്ഞു ഒഴിയുന്ന എയര്‍ ഇന്ത്യ ജീവനക്കാരുടെ തമാശക്ക് മുന്നില്‍ ഇതെന്ത് ?

അനില്‍കുമാര്‍. സി.പി. said...

ആഹ്വാനങ്ങളില്‍ മാത്രം ഒതുങ്ങുന്ന ‘എയര്‍ ഇന്ത്യ’ ബഹിഷ്കരണം ഒരുകാലത്തും നടക്കില്ല എന്ന് എയര്‍ ഇന്ത്യക്ക് അറിയാവുന്നിടത്തോളം ഇത് ഗള്‍ഫ് മലയാളിയുടെ തലവിധി എന്ന് സമാധാനിക്കുക!

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

എയർ ഇന്ത്യയുടെ യാത്രദുരിതങ്ങളുടെ എപ്പിസോഡുകൾ പലരും പലവുരി പറഞ്ഞിട്ടുണ്ടെങ്കിലും,ഇത്ര മനോഹരമായ ശൈലികളിൽ നർമ്മം കൊണ്ട് മർമ്മത്തിൽ കുത്തിയും,ഉപമകളാൽ വാചകങ്ങളങ്ങിനെ അലങ്കരിപ്പിച്ചും അലിഭായിയുടെ വളരെ സുന്ദരമായ ഒരു പോസ്റ്റെന്നിതിനെ വിശേഷിപ്പിക്കട്ടെ.... അഭിനന്ദനങ്ങൾ കേട്ടൊ ഈ എഴുത്തിനും,എയർ ഇന്ത്യയുടെ കണ്ണുതുറപ്പിക്കുവാൻ ഉതകുന്ന കോട്ടങ്ങൾ വെളിപ്പെടുത്തിയതിനും...!

വഴിപോക്കന്‍ said...

സ്വന്തം ദുരനുഭവം മറ്റുള്ളവര്‍ക്ക് ആസ്വാദ്യമാക്കുന്ന അലിയുടെ രീതി ഇഷ്ടപ്പെട്ടു.
ഈ പറയുന്ന എയര്‍ ഇന്ത്യയുടെ തന്നെ അമേരിക്കന്‍ സര്‍വീസ് പല വിദേശ എയര്‍ലൈന്‍സ്‌നോടും കിടപിടിക്കുന്നതാണ്, കുറഞ്ഞ പക്ഷം നമ്മള്‍ കൊട്ടിഘോഷിക്കുന്ന കോഴിക്കോട് -ദുബായ് സെക്ടറില്‍ പറക്കുന്ന എമിരേറ്റ്സ് വിമാനതെക്കള്‍ നല്ല സര്‍വീസ് ആണ്. അതേസമയം കേരളത്തില്‍ നിന്നുള്ള ഗള്‍ഫ്‌ സര്‍വീസുകള്‍ ഇങ്ങനെയും!
എന്തുകൊണ്ട് എയരിന്ദ്യ ഇന്ത്യന്‍ പൌരന്മാരെ രണ്ടായി കാണുന്നു?

ആര്‍ക്കു വേണ്ടിയാ എയറിന്ത്യ ജീവനക്കാര്‍ അഥവാ മാനെജ്മെന്റ് ആ കമ്പനിയെ നശിപ്പിക്കുന്നത് ? പഴയ ടാറ്റാ എയര്‍ലൈന്‍ എയറിന്ത്യ ആക്കാതെ, ടാറ്റയുടെ കയ്യില്‍ തന്നെ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു.

Vayady said...

എയർ ഇന്ത്യയിലെ ദുരിതപൂര്‍ണ്ണമായ യാത്ര വളരെ രസകരമായി എഴുതിയിരിക്കുന്നു. എയര്‍‌ ഇന്‍‌ഡ്യ അധികൃതരെ കൊണ്ട് ഇതൊന്ന് വായിപ്പിക്കാന്‍ വല്ല വഴിയുമുണ്ടോ എന്നാണ്‌ ഞാന്‍ ആലോചിക്കുന്നത്. അഭിനന്ദങ്ങള്‍.

ചെറുവാടി said...

അലീ,
ആക്ഷേപ ഹാസ്യം ഉജ്വലമായി കൈകാര്യം ചെയ്തു പൊരിച്ചെടുത്ത ഈ പ്രതിഷേധ കുറിപ്പ് സുന്ദരമായി.
എനിക്കറിയാത്തത് ഇത്രയും മലയാളികളുണ്ടായിട്ടും ഒരു പ്രതിഷേധവും എന്തേ എവിടെയും എത്താതെ പോകുന്നു?
മുമ്പ് കുറെ പ്രവാസി സംഘടനകള്‍ നടത്തിയ ബഹിഷ്കരണ ആഹ്വാനവും ചീറ്റിപോയി.
ഇത് വായിച്ചു മുഷ്ടി ചുരുട്ടി ഞാനും വിളിച്ചേനെ ഒരു മുര്‍ദാബാദ്‌. പക്ഷെ ഒഫീസിലായിപോയി.

Akbar said...

എയര്‍ഇന്ത്യയുടെ തമാശകള്‍ അലി തമാശയായി എഴുതി. ഈ തമാശ ഇപ്പോള്‍ മലയാളികള്‍ക്ക് ശീലമായിരിക്കുന്നു. യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ഒരു സര്‍വീസ്.
നല്ല പോസ്റ്റ്.

രസികന്‍ said...

ഞങ്ങള്‍ക്കേ... ഭരണിയല്ല ... ഉരുളിപ്പാട്ടുപാടീയാലും ഒരു കുന്തവുമില്ലാ.. ങാ... പാടിപ്പാടി നിങ്ങടെ തൊണ്ടയിലെ ഉള്ള വെള്ളാം വറ്റിയാല്‍ നിങ്ങള്‍ക്കു തന്നെ നഷ്ടം .. ഹും.. തൊണ്ടനനയ്ക്കാന്‍ ഞങ്ങള്‍ പച്ചവെള്ളം തരില്ല.... ഓര്‍ത്തോണം ... ഞങ്ങളോടാ കളി... പിന്നെ ഞങ്ങളെ നേരെയാക്കാന്‍ നിങ്ങള്‍ നോക്കണ്ട കാരണം ഞങ്ങളുടെ ലോഗോ തന്നെ വളഞ്ഞുകുത്തിയതാ.........ങാ....

haina said...

എതായിരുന്നു ആമാധ്യമം

poor-me/പാവം-ഞാന്‍ said...

Let me see what can I do to solve your problem, OK...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അലിക്കാ..കലക്കി...എയര്‍ഇന്ത്യയിലെ യാത്രാ ദുരിതങ്ങളെ കുറിച്ചു
ഒരുപാട് പേരിവിടെ പോസ്റ്റുകളെഴുതിയിട്ടുണ്ട്..പക്ഷെ ഇത്രയും രസകരമായി എഴുതിയത് ഞാന്‍ വേറെ കണ്ടിട്ടില്ല...അഭിനന്ദനങ്ങള്‍..
പിന്നെ കണ്ണൂരാന്റെ ആ തലിക്കിട്ടുള്ള ആ കൊട്ട്...അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല...അവര്‍ക്കതൊന്നും ഒരു പുത്തരിയല്ല..എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല
എന്നതാ അവരുടെ നിലപാട്..

ശ്രീനാഥന്‍ said...

ഈ എയരിന്ത്യ ഇങ്ങനെയൊക്കെയാണല്ലേ, ബിമാനത്തിൽ കയറാത്ത എനിക്കെങ്ങ്നെയറിയാൻ! അലി നല്ല ഭംഗിയായി പറഞ്ഞു വിമാനയാത്രക്കാരനുഭവിക്കുന്ന പ്രശ്നങ്ങൾ!

തെച്ചിക്കോടന്‍ said...

എന്ത് പ്രതിഷേധമുണ്ടായാലും അതൊന്നു തങ്ങളെ ഏശില്ല എന്നാ നിലപാടിലാണ് എയര്‍ ഇന്ത്യ. ഇനി എന്നാണാവോ സമയത്ത് യാത്രക്കാരെയും കൊണ്ട് അവര്‍ പറക്കുന്നത്.

എടങ്ങേര്‍ യാത്ര അലി രസകരമായി എഴുതി.

SULFI said...

എയര്‍ ഇന്ത്യ യാത്രയുടെ പ്രതിഷേധങ്ങളില്‍ നിന്നും വ്യത്യസ്തമായി, അലിയുടെ കയ്യോപ്പോട് കൂടിയ നര്‍മത്തില്‍ ചാലിച്ച പ്രതിഷേധം.
രസകരമായി പറഞ്ഞു. പല പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത് വരെ അങ്ങിനെ ഒരു അനുഭവം വന്നിട്ടില്ലായിരുന്നു.
പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ഒരു പക്ഷെ കാരണവന്മാര്‍ ചെയ്ത സുകൃതം കൊണ്ടാവും എന്ന്.
ഈ ദുരിത യാത്രയ്ക് അറുതി വരുത്താന്‍ എന്ത് ചെയ്യാം എന്ന് ആലോചിച്ചു കണ്ടെതെണ്ടിയിരിക്കുന്നു അല്ലെ.
എവിടെ ഇതൊക്കെ എത്ര കേട്ടതാ എന്നാ മട്ടില്‍ അതാ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അവിടിരുന്നു ചിരിക്കുന്നത് കണ്ടില്ലേ.

ജിതിന്‍ രാജ് ടി കെ said...

നല്ലൊരു എടങ്ങേറന്‍ അഭിനന്ദനങ്ങള്‍

www.tkjithinraj.co.cc

ഹംസ said...

അലി തന്‍റെ എടങ്ങേറാണെഴുതിയതെങ്കിലും വായിച്ച് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പൂരച്ചിരിയായിരുന്നു. ഒരോ ഉപമകളും പൊട്ടിച്ചിരിപ്പിച്ചു. പിന്നെ എയര്‍ ഇന്ത്യ എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലപ്പോഴും ചിരിക്കാറുള്ളതുകൊണ്ട് ആ കാര്യം എടുത്ത് പറയണ്ട ആവശ്യം ഇല്ലല്ലൊ. .. പോസ്റ്റ് എനിക്കിഷ്ടായി.. എത്ര കഷ്ടപ്പെടുത്തിയാലും ഞാന്‍ ഇനിയും എയര്‍ ഇന്ത്യയില്‍ പോവും എന്ന് എന്‍റെ ഒരു സുഹൃത്ത് എന്നോടൊരിക്കല്‍ പറഞ്ഞു കാര്യം എന്താ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ഇങ്ങോട്ട് പോരുമ്പോള്‍ എയര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന ഒരു എയര്‍ ഹോസ്റ്റസിനു അവന്‍റെ മരിച്ചു പോയ വലിയുമ്മാടെ അതേ രൂപമാണ് അവരെ ഇനിയും കാണാന്‍ വേണ്ടിയാ എന്നു.

ഭായി said...

# വാപ്പാന്റെ മയ്യത്ത് കാണാൻ കഴിഞ്ഞില്ലെങ്കിൽ താനും ഇവിടെ മരിക്കുമെന്ന് പറഞ്ഞ് ഒരാൾ പെട്ടിയുടെ കയറഴിച്ചെടുത്ത് നിന്ന് കരയുന്നു.# ഹ ഹ ഹ ഹ പല സ്ഥലത്തും നന്നായി ചിരിപ്പിച്ചു.
ഈ കോപ്പിലെ വിമാനം ഞാൻ വർഷങൾക്ക് മുൻപേ ഉപേക്ഷിച്ചതാണ്.

jazmikkutty said...

ഇത്തിരിപോന്ന ആ കുഞ്ഞിനേം കൊണ്ട് ഒത്തിരി ദൂരം യാത്ര (അതും നമ്മുടെ ഇന്ത്യന്‍ എക്സ്പ്രസ്സില്‍) ആ നല്ല മനസ്സിനെ അഭിനന്ദിക്കാതെ വയ്യ!
നന്നായി എഴുതി എന്ന് പറയേണ്ടതില്ലല്ലോ...

പട്ടേപ്പാടം റാംജി said...

എയര്‍ ഇന്ത്യയിലെ അനുഭവം വളരെ രസാമായിതന്നെ അവതരിപ്പിച്ചു.നല്ല ഭാഷയില്‍ ആക്ഷേപഹാസ്യമായി അവതരിപ്പിച്ചത്‌ മിഴിവേകി. ഇത്തരം അനുഭവം എയര്‍ ഇന്ത്യയില്‍ ഒരിക്കലെങ്കിലും നേരിട്ടിട്ടില്ലാത്ത വ്യക്തി വിരളമായിരിക്കും. ഇതില്‍ എനിക്ക് തോന്നിയ ഒരു എതിര്‍പ്പ് കൂടി പറയുന്നു. പ്രയാസമാകില്ലല്ലോ? ഒരു ചെറിയ പ്രതികരണത്തിന് എല്ലാരും തയ്യാരെടുത്തപ്പോള്‍ അവസാനം നമ്മള്‍ നമ്മുടെ വേണ്ടപ്പെട്ടവരെ കണ്ടപ്പോള്‍ അതാരെങ്കിലും നടത്തട്ടെ, നമുക്ക്‌ നമ്മുടെ സ്വകാര്യതയിലേക്ക്‌..എന്ന തോന്നല്‍. നമ്മളും കൂടി തന്നാലാവുന്നത് കാണിക്കാന്‍ അതില്‍ കൂടെണ്ടിയിരുന്നു എന്നെനിക്ക് തോന്നി.
നമ്മുടെ ബീമാനക്കംപനിയെക്കുറിച്ച് ഇത്രയൊന്നും എഴുതിയാല്‍ പോര അലി.
ആശംസകള്‍.

ആയിരത്തിയൊന്നാംരാവ് said...

പ്രിയ അലി .....
"ആനയും ആനപ്പിണ്ടവും തമ്മിലുള്ള വ്യത്യാസമാണ് ഇന്ത്യയും എയര്‍ ഇന്ത്യയും തമ്മില്‍! ഇന്ത്യയെ സ്നേഹിക്കണം... എയറിന്ത്യയെ സ്നേഹിക്കരുത്.."


ഹാ ഹാ കൊള്ളാം ...പ്രവാസിയുടെ നൊമ്പരങ്ങളില്‍ ഇതും ....

Anonymous said...

പ്രവാസിയുടെ നൊംബരങ്ങൾ നർമ്മത്തിൽ ചാലിച്ചെഴുതിയപ്പോൽ ചിരി അടക്കാനായില്ല.. രണ്ടും മൂന്നും വർഷങ്ങൾക്കു ശേഷം നാട്ടിൽ പോകുന്നവർ അവിടെയെത്തുവാൻ എന്തൊക്കെ അനുഭവിക്കണം അല്ലെ .. കെയറില്ലാത്ത എയറിന്ത്യയും അതിൽ കയറിയാലോ നാട്ടിൽ എത്ത്യതിനു ശേഷമെ എത്തി എന്നുറപ്പിക്കാൻ പറ്റൂ പ്രവാസികളുടെ തലവര .... എന്നെങ്കിലും നല്ല ഒരു എയറ്ന്ത്യായാത്രാ വിവരണം ആരുടെയെങ്കിലും ബ്ലോഗിൽ കാണുമോ ആവോ... പ്രാർഥിക്കാം നമുക്ക്.. അല്ലാതെന്തു ചെയ്യാൻ..

വഷളന്‍ജേക്കെ ⚡ WashAllenⒿⓚ said...

:(
എയര്‍ ഇന്ത്യയ്ക്ക് പകരം ചവര്‍ ഇന്ത്യ എന്നു ഇവന്മാര്‍ പേരു മാറ്റണം. തെണ്ടികള്‍ !

ആളവന്‍താന്‍ said...

കൊള്ളാം നല്ല പോസ്റ്റ്‌. വിമാനം ടേക്ക്ഓഫ്‌ ആയിടത്തു നിന്നുമാണ് പോസ്റ്റും ടേക്ക് ഓഫ്‌ ആയത് എന്ന് തോന്നുന്നു.

ശ്രീ said...

പോസ്റ്റ് രസിപ്പിച്ചു, അന്നത്തെ ആ അജ്ഞാതവാസത്തിനു പോകും മുമ്പത്തെ യാത്ര ഇങ്ങനെയായിരുന്നു അല്ലേ?
:)

അവസാനത്തെ മുദ്രാവാക്യവും കൊള്ളാം

ഹനീഫ വരിക്കോടൻ. said...

തരാട്ടു പാട്ടിന്റെ പഴക്കമുണ്ട്ല്ലോ ഈ എയറിന്ത്യാ പുരാണത്തിന്‌
ഏറ്റവും പീഡനം അനുഭവിക്കുന്നവർ സൗദിയിലുള്ളവർ തന്നെ.എന്നിട്ടുമെന്തെ ടിക്കറ്റിനു പിടിവലി? അലിയുടെ നർമ്മം മനോഹരം.ആകാശത്ത്‌ വച്ച്‌ ടിഷ്യൂ പേപ്പർ തീർത്തെങ്കിലും പ്രധിഷേധിക്കാൻ കഴിഞ്ഞത്‌ ഭാഗ്യം! ലങ്കയുടെ ടിക്കറ്റ്‌ എടുക്കൂ ഇനിയെങ്കിലും.

Malayalam Songs said...

List your Blog for free in Malayalam Blog Directory Powered By Malayalam Songs

rafeeQ നടുവട്ടം said...

സാരമായ ഒരു ദുരനുഭവം സരസമായി പറഞ്ഞിരിക്കുന്നു.
'എയര്‍ ഇന്ത്യ'യുടെ 'കാറ്റ' ഴിച്ചുവിട്ട് ഇന്ത്യയെ മാത്രം സ്വന്തമാക്കാന്‍ സമ്പൂര്‍ണ ബഹിഷ്കരണം മാത്രമേ രക്ഷയുള്ളൂ!

സലീം ഇ.പി. said...

സമ്മതിച്ചു...എയര്‍ ഇന്ത്യയേക്കാള്‍ വലിയൊരു ദുരിതം പ്രവാസിക്കില്ല !
അവതരണം ഗംഭീരം..!

സലീം ഇ.പി. said...
This comment has been removed by the author.
അലി said...

എയറിന്ത്യയിലെ സുഖയാത്രയിൽ കൂടെവന്ന എല്ലാ കൂട്ടുകാർക്കും നന്ദി.

*കണ്ണൂരാൻ,
തേങ്ങയായാലും തലയ്ക്കടിയായാലും സ്വീകരിച്ചിരിക്കുന്നു. അടി മന്ത്രിക്കല്ല അതിൽ യാത്രചെയ്യുന്നവർക്കാ കൊടുക്കേണ്ടത്.
ആദ്യ കമന്റിനു നന്ദി.

*mayflowers,
കോരന്മാർ വിചാരിച്ചാൽ കഞ്ഞികുടി ഒഴിവാക്കാം. നന്ദി.

*ജിഷാദ്,
എനിക്കും ആദ്യത്തെ അനുഭവമാണിത്.
അത് അവസാനത്തേതാക്കാമെന്ന് തീരുമാനിച്ചിരിക്കുന്നു.

*വി.എ
കയ്യാങ്കളിയും എത്രയോ കണ്ടതാണവർ. എന്നിട്ടും പഠിക്കുന്നില്ല.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

* ഇസ്മയിൽ ഭായ്
ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയതിൽ സന്തോഷം. കുത്തിയിരിപ്പിനും എല്ലാ സമരങ്ങൾക്കും അവസാനം വരെ മുമ്പിൽ തന്നെയുണ്ടായിരുന്നു. പക്ഷെ രാത്രി പതിനൊന്നുമണിക്ക് പത്രക്കാരെ കാണാൻ നിൽക്കണോ അതോ ക്ഷീണിച്ചവശയായ കുഞ്ഞിനെ വീട്ടിലെത്തിക്കണോ എന്നാലോചിച്ചപ്പോൾ ആദ്യത്തേത് ഒഴിവാക്കി എന്നേയുള്ളു.

* എ ആർ നജീം,
വെറുതെ എയർ ഇന്ത്യ എന്ന ഓഫീസുമായി ഇരിക്കുന്നുണ്ടെന്നേയുള്ളു. അവർക്കറിയില്ല, എപ്പോ ഫ്ലൈറ്റ് വരുമെന്നോ പുറപ്പെടുമെന്നോ.
അവരെക്കാൾ നല്ല തമാശക്കാരില്ല.

*അനിൽകുമാർ സി.പി.
ബഹിഷ്കരണം പൂച്ചയ്ക്ക് മണികെട്ടുന്നതുപോലെയാണ്. എന്റെ തലവിധി അവർ തീരുമാനിക്കണ്ട. ഞാൻ ബഹിഷ്കരിക്കാൻ തീരുമാനിച്ചുകഴിഞ്ഞു.

അലി said...

*മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം,
എല്ലാം എയറിന്ത്യ പഠിപ്പിച്ച തമാശകളാ...
നന്ദി.

*വഴിപോക്കൻ,
ഗൾഫ് സെക്ടറിൽ നിന്നും കേരളത്തിലേക്ക് പറക്കുമ്പോഴുള്ള പ്രശ്നങ്ങളെന്താണെന്നറിയില്ല. മറ്റിടങ്ങളിലേക്ക് ഒരുപക്ഷെ ഡീസന്റാവാം. എന്തായാലും ഒരു നല്ല പേർ കിട്ടിക്കഴിഞ്ഞു അവർക്ക്!

*വായാടി,
എയറിന്ത്യക്ക് ഈ പോസ്റ്റിന്റെ ലിങ്ക് അയച്ചുകൊടുക്കാം.

*ചെറുവാടി,
മലയാളി എയറിന്ത്യ ചെയർമാനായിരുന്നിട്ടും ഇപ്പോ ഡയറക്ടർബോർഡിൽ മലയാളി കയറിയിട്ടും യാതൊരു ഒരു മാറ്റവും വരുന്നില്ല.

*അക്ബർ,
നിങ്ങളുടെ പോസ്റ്റും വായിച്ചു. നമുക്കിത്രയൊക്കെയല്ലെ ചെയ്യാനാവൂ.

*രസികൻ,
യാത്രക്കാരുടെ നെഞ്ചിനു കുത്തുന്ന അവരുടെ ലോഗോ തന്നെ നല്ലൊരു കാർട്ടുൺ ആണ്.

*haina,
അതാണ് മോളെ മാധ്യമ സിണ്ടിക്കേറ്റ്!

*poor-me/പാവം-ഞാന്‍,

ഓകെ താങ്ക്സ്!

*റിയാസ്,
നന്ദി, വായനയ്ക്കും അഭിപ്രായത്തിനും.

അലി said...

*ശ്രീനാഥൻ,

ഇനിയൊരവസരമുണ്ടാകുമ്പോൾ അറിയാം
നന്ദി.

*തെച്ചിക്കോടൻ,

അടുത്തെങ്ങും എന്റെ പരിചയത്തിലാരും എയറിന്ത്യയിൽ പോയിട്ടില്ല. അനുഭവത്തിലൂടെ എല്ലാവരും പഠിച്ചിട്ടും എയറിന്ത്യ അധികൃതർ മാത്രം മാറ്റമില്ലാതെ തുടരുന്നു.
നന്ദി.

*സുൽഫി,
ഇന്നും രണ്ട് ഫ്ലൈറ്റ് പ്രശ്നത്തിലായികിടക്കുന്നു.
ഇനിയെന്നാണവർ നേരെയാവുക.
നന്ദി. വായനക്കും അഭിപ്രായത്തിനും.

*ജിതിൻ‌രാജ്,
നന്ദി.

*ഹംസ
എന്റെ പോസ്റ്റിനേക്കാളും എല്ലാവരുടെ കമന്റിനെക്കാളും കടത്തിവെട്ടിയല്ലോ ഹംസക്കാന്റെ കമന്റ്. എയറിന്ത്യയിലെ വല്യുമ്മമാരെകുറിച്ച് പറയാതിരിക്കാൻ വയ്യ. പോസ്റ്റിന്റെ നീളക്കൂടുതൽ കാരണം അതൊഴിവാക്കി.
നന്ദി.

*ഭായി,
ചിരിക്കണോ കരയണോ എന്ന മട്ടിലുള്ള അനുഭവങ്ങൾ ആ യാത്രയിലുണ്ടായി.
ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയത് നേരുതന്നെ.

*ജാസ്മിക്കുട്ടി.
നന്ദി.

*പട്ടേപ്പാടം റാംജി,
ക്ഷീണിച്ചുതളർന്ന ഒരു അഞ്ചുമാസം പ്രായമുള്ള കുട്ടിയുണ്ടായിരുന്നു എന്റെ കയ്യിൽ. അതാണ് മാധ്യമങ്ങളെ ഒഴിവാക്കാൻ കാരണം. പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ല. ഈപോസ്റ്റും അതിന്റെ ഭാഗം തന്നെ.

*ആയിരത്തിയൊന്നാം രാവ്,
നന്ദി.

അലി said...

*ഉമ്മുഅമ്മാർ,
ഒരു നല്ല എയറിന്ത്യ യാത്രാ വിവരണമല്ലേ ഇത്?
നന്ദി.

*വഷളൻ ജെക്കെ,
ചവർ ഇന്ത്യ
പേർ ഇഷ്ടായി ഹ ഹ.

*ആളവൻ‌താൻ,
നന്ദി... വായനയ്ക്കും അഭിപ്രായത്തിനും.

*ശ്രീ,
ആ യാത്ര ഒരു അജ്ഞാത വാസത്തിലേക്കായിരുന്നു. നന്ദി.

*ഹനീഫ,
ദ്രവ്യന്മാർക്കാണ് ലങ്കർ ഫ്ലൈറ്റ് ചേരുക.
ഇപ്പോൾ നേരെ നാട്ടിലേക്ക് നാസ് എയറും സൌദി എയറു പറക്കുന്നു. നന്ദി.

*മലയാ‍ളം സോംഗ്സ്,
കേൾക്കാ‍ൻ ഇഷ്ടമാണ്.

*റഫീഖ നടുവട്ടം,
എല്ലാവരും സഹകരിച്ചാൽ തനിയെ കാറ്റു പോവും.
നന്ദി.

*സലിം ഇ പി,
വായിച്ചതിലും അഭിപ്രായമറിയിച്ചതിലും നന്ദി.

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.
ഇനിയും വരിക.

MT Manaf said...

>>>ആനയും ആനപ്പിണ്ടവും തമ്മിലുള്ള വ്യത്യാസമാണ് ഇന്ത്യയും എയര്‍ ഇന്ത്യയും തമ്മില്‍! ഇന്ത്യയെ സ്നേഹിക്കണം... എയറിന്ത്യയെ സ്നേഹിക്കരുത്<<<

ആനപ്പിണ്ടി കേസ് കൊടുക്കും അലി ഭായ്
അതിന് ഈ ശകടത്തേക്കാള്‍ മാന്യതയുണ്ട് !!

ബഷീര്‍ Vallikkunnu said...

ഇടിവെട്ട് നര്‍മം വേണ്ടത്ര ആസ്വദിച്ചു.. ഓരോ വരിയിലും ഓരോ ബോംബുണ്ട്..
Thank you Manafka. (ഫുള്ളിയാണ് ലിങ്കിയത്)

Akbar said...

ഹംസ said...
" ഇങ്ങോട്ട് പോരുമ്പോള്‍ എയര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന ഒരു എയര്‍ ഹോസ്റ്റസിനു അവന്‍റെ മരിച്ചു പോയ വലിയുമ്മാടെ അതേ രൂപമാണ് അവരെ ഇനിയും കാണാന്‍ വേണ്ടിയാ എന്നു ".

ഹ ഹ ഹ അത് കലക്കി ഹംസ ഭായി. രസികന്‍ കമന്റ്‌.

(കൊലുസ്) said...

വലിയ സബ്ജെക്റ്റ് തമാശയായി പറഞ്ഞല്ലോ അലിക്ക. നന്നായി.

»¦മുഖ്‌താര്‍¦udarampoyil¦« said...

എമ്മാന്തരത്തിന് എയറിന്ത്യയില്‍ കേറാനുള്ള ഭാഗ്യമുണ്ടായില്ല, ഈ തിരിച്ചു പറക്കലില്‍...
'സൗദി'ക്കായിരുന്നു യാത്ര.

മാറൂല,
മാറ്റം പ്രതീക്ഷിക്കണ്ട,
കാലമെത്ര മാറിയാലും
മാറാത്ത 'വിശ്വാസം'!
എയറിന്ത്യേ നമഹ!

Rasheed Punnassery said...

ദുബായ്ക്കാരെ പണ്ടേ ഇഷ്ടമില്ലാത്തതിനാൽ ദുബായ് വഴിപോകുന്ന ഗൾഫ് എയറും വേണ്ട. നേരെ കൊച്ചിക്ക് എയറിന്ത്യയുള്ളപ്പോൾ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയിരുന്ന് സമയം കളയണോ?
അലി ഭായ്
ദുബൈക്കാരെ പറഞ്ഞപ്പഴേ ഞാന്‍ കരുതിയതാ. ഇത് ഇങ്ങനെയാവുമെന്നു.
പിന്നെ ഞാന്‍ 10 കൊല്ലം കഴിഞ്ഞ ശേഷം കമന്റിടാന്‍ വന്നാലും. വൈകില്ല.അന്ന് എയരിന്ദ്യ ഉണ്ടെങ്കില്‍ . ഇതൊരു "നിത്യ ഹരിത" സംഭവം തന്നെ.
ഞാനും എന്റെ കെട്ട്യോളും ഇരുന്നു ചിരിച്ചു.

ഒഴാക്കന്‍. said...

ആകെ മൊത്തം എടങ്ങേര്‍ ആയോ ?

അലി said...

*MT Manaf,
വായിക്കാനെത്തിയതിലും അഭിപ്രായമറിയിച്ചതിലും സന്തോഷം.

*ബഷീർ വള്ളിക്കുന്ന്.
പ്രവാസഭൂമിയിലേക്ക് സ്വാഗതം.
നന്ദി വരവിനും വായനയ്ക്കും.

*അക്ബർ
ഹംസക്കാന്റെ കമന്റ് രസകരമായി.

*കൊലുസ്
വന്നു കണ്ടതിൽ സന്തോഷം.

*

അലി said...

*മുഖ്താർ,
ജീവിതത്തിലൊരിക്കലെങ്കിലും എയറിന്ത്യയിൽ കയറാൻ ഭാഗ്യമുണ്ടാവട്ടെ.

*Rasheed Punnassery,
എത്ര വർഷം കഴിഞ്ഞാലും മാറാത്ത പാരമ്പര്യം എന്നൊക്കെ അവകാശപ്പെടാം അവർക്ക്.
നന്ദി.

*ഒഴാക്കൻ,
ജീവിതത്തിലെ ഇത്രയും എടങ്ങേറാക്കിയ യാത്ര ഓർമ്മയില്ല.
നന്ദി.

വായനക്കെത്തിയ എല്ലാവർക്കും നന്ദി.

അന്വേഷകന്‍ said...

കന്നൂര്രന്റെ ബ്ലോഗിലെ കമന്റ് കണ്ട് വന്നതാ

എയര്‍ ഇന്ത്യ അനുഭവം കലക്കി....

അനുഭവമാനെങ്കിലും വളരെ പ്രസക്തമായ വിഷയം തന്നെ..

ലവന്മാരുടെ മലയാളീ സ്നേഹം കൊണ്ട് പൊരുതി മുട്ടിയിരിക്കുവാ.. കുറച്ചു ബഹിഷ്കരണം ഒക്കെ ഉണ്ടെങ്കിലെ ഒരു പാഠം പഠിക്കൂ..

അലിയുടെ ഒപ്പം യാത്ര ചെയ്തത് പോലെ തന്നെ തോന്നി..

ഹാപ്പി ബാച്ചിലേഴ്സ് said...

अली इक्का, ഇത് എങ്ങനെയോ മിസ്സ്‌ ആയി പോയി, പോസ്റ്റ്‌ ഇട്ടു എന്ന് മെയില്‍ അയക്കാംആയിരുന്നില്ലേ? നോ പ്രോബ്ലം. ഇത് ശരിക്കും മിസ്സ്‌ ആയേനെ. ഒത്തിരി പേര്‍ക്ക് എയര്‍ ഇന്ത്യ യോടുള്ള ദേഷ്യം വായിച്ചരിന്ജിട്ടുന്ദ്. പക്ഷെ ഇത് വളരെ ഫണ്ണി ആയി എഴുതി. നന്നായി ചിരിപ്പിച്ചു. കൊച്ചു സുന്ദരി ഇടങ്ങേര്‍ ആക്കിയില്ല അല്ലേ? ശരിക്കും ചിരിപ്പിച്ചു. വൈകിയതില്‍ ക്ഷമിക്കുക.

നാണമില്ലാത്തവന്‍ said...

അപ്പോള്‍ എയര്‍ ഇന്ത്യ എന്നേക്കാള്‍ നാണമില്ലാത്തവര്‍ തന്നെ സമ്മതിച്ചു.

അലി said...

*അന്വേഷകൻ,
സ്വാഗതം.
ബഹിഷ്കരണമല്ലാതെ മറ്റൊരു വഴിയില്ല.
നന്ദി.

*ഹാപ്പി ബാച്ചിലേഴ്സ്,
വന്നു കണ്ടതിൽ വളരെ സന്തോഷം.

*നാണമില്ലാത്തവൻ,
ഇവിടെയൊക്കെയുണ്ടാവുമല്ലോ അല്ലെ.
നാണമില്ലാതെ ഇവിടെയെത്തിയതിൽ നന്ദി.

രമേശ്‌അരൂര്‍ said...

എയര്‍ ഇന്ത്യ പോലുള്ള പൊതു മേഖല സ്ഥാപനങ്ങള്‍ നന്നാകണമെങ്കില്‍ അതിന്റെ തല പ്പത്തിരിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരും
വെള്ളാനകളായ ഉദ്യോഗസ്ഥന്‍മാരും നന്നാകണം ..രാജ്യ സ്നേഹമില്ലാത്ത ഇക്കൂട്ടങ്ങളാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രുക്കള്‍ .

Jimmy said...

ആക്ഷേപഹാസ്യം സൂപ്പര്‍..
രണ്ടുവര്‍ഷം മുന്‍പത്തെ അവസ്ഥ ഇപ്പോഴും കൈമോശം വരാതെ അവര് കാത്തു സൂക്ഷിക്കുന്നുണ്ടല്ലോ... ഉപ്പിലിട്ട പോലെ..

സിദ്ധീക്ക് തൊഴിയൂര്‍ said...

കുറേ വാസ്തവങ്ങള്‍ സരസമായി പറഞ്ഞു , നന്നായി ..ആശംസകള്‍.

അസീസ്‌ said...

കൊള്ളാം നല്ല പോസ്റ്റ്‌.നര്‍മം ആസ്വദിച്ചു

അഭിനന്ദനങ്ങള്‍

lekshmi. lachu said...

എയർ ഇന്ത്യയിലെ ദുരിതപൂര്‍ണ്ണമായ യാത്ര വളരെ രസകരമായി എഴുതിയിരിക്കുന്നു..നല്ല പോസ്റ്റ്‌

SULFI said...

പുതിയ പോസ്റ്റ്‌ ഇല്ലേ?

ദിവ്യ മനോഹര്‍ said...

"ആനയും ആനപ്പിണ്ടവും തമ്മിലുള്ള വ്യത്യാസമാണ് ഇന്ത്യയും എയര്‍ ഇന്ത്യയും തമ്മില്‍! ഇന്ത്യയെ സ്നേഹിക്കണം... എയറിന്ത്യയെ സ്നേഹിക്കരുത്.."

നല്ല കാപ്ഷന്‍ .......

നേന സിദ്ധീഖ് said...

ബ്ലോഗിലെ പുലികളില്‍ ഒരാളാണ് ഇക്ക എന്നും നേരിട്ട് കാര്യം പറയണം എന്നുമൊക്കെ ഉപ്പ പറഞ്ഞിരുന്നു ..വന്നു കണ്ടപ്പോള്‍ കാര്യം നൂറ്റൊന്നു ശതമാനം കറക്റ്റ്‌. എന്‍റെ ചിപ്പി ഒന്ന് നോക്കണം ഇക്കാ...അങ്ങോട്ട്‌ എത്തുമെല്ലോ! വിശദമായ വിവരങ്ങള്‍ അവിടെ ഉണ്ട്..വരണേ..
സ്നേഹത്തോടെ .. നേന സിദ്ധീഖ്.

Muneer said...

എയര്‍ ഇന്ത്യയിലെ എടങ്ങേറ് യാത്ര ആക്ഷേപഹാസ്യ്ത്തിന്റെ മെമ്പൊടിയോടെ അവതരിപ്പിച്ചതിനു
അഭിനന്ദനങ്ങള്‍..യാത്ര ചെയ്തവറ്ക്കൊണ്ടൊക്കെ കഥയെഴുതിപ്പിക്കുന്നതിന് എയര്‍ഇന്ത്യയെ സമ്മതിച്ചേ
മതിയാവൂ..അനുഭവം പങ്കുവെച്ചെങ്കിലും അരിശം തീര്‍ക്കണ്ടേ..

സാബിബാവ said...

ചിരിപ്പിച്ചു മണ്ണ് കപ്പിച്ചു
കുതറ എയര്‍ ഇന്ത്യ എല്ലാരെയും പറ്റിക്കും

a.faisal said...

പ്രതീക്ഷ വേണ്ടേ വേണ്ട..!

PRADEEPSZ said...

വളരെ രസകരമായി എഴുതിയിരിക്കുന്നു ഈ ലേഖനം..അനുഭവിച്ചവര്‍ക്ക് അത് അത്ര രസമല്ലങ്കിലും.എന്നിരുന്നാലും ഒരു കാര്യം പറയട്ടെ ..അളുകളെ ബുദ്ധിമുട്ടിക്കണം എന്ന് കരുതി എയര്‍ ഇന്ത്യ മനപൂര്‍വ്വം ചെയ്യുന്നതാണ് എന്നെനിക്ക് തോന്നുന്നില്ല..നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ജോലി ചെയ്യുന്നതിന് വരുത്തുന്ന കാലതാമസമായി ഇതിനെ കണ്ടാല്‍ മതി..ഇപ്പോഴും നമ്മുടെ ജനങ്ങള്‍ക്കിടിയില്‍ അത് സര്‍ക്കാര്‍ ജോലിക്കാരാണെങ്കിലും അല്ലങ്കിലും സര്‍ക്കാര്‍ എന്നാല്‍ വേറെ ഏതോ ഗ്രഹത്തിലെ ആണെന്ന ഒരു തെറ്റിദ്ധാരണ ഉണ്ട്..അത് നമ്മള്‍ എല്ലാവരും ഉള്‍ക്കൊള്ളുന്ന ഒരു സംവിധാനമാണെന്ന് മന്‍സ്സിലാക്കിയാലെ ഈ വിമര്‍ശനങ്ങള്‍ നിര്‍ത്തു. കൂടാതെ എല്ലാവര്‍ക്കും എമര്‍ജന്‍സി അപ്പോള്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ വിമാനയാത്രക്കിടയില്‍ എന്തെങ്കിലും അപകടം സംഭവിച്ചാലോ നിങ്ങളുടെ 48 മണിക്കൂറ് അല്ല ജീവിതം തന്നെ പാഴാകും.എപ്പോഴും ഒരു കാരണവും ഇല്ലാതെ വിമാനം വൈകിക്കില്ല എന്നാ എനിക്ക് തോന്നുന്നത്..( തോന്നല്‍ മാത്രമാവാം ) പിന്നെ സര്‍ക്കാര്‍ ജോലി അല്ലെ.ഏതെങ്കിലും സ്റ്റാഫ് ലീവ് എടുക്കും ലീവ് കൊടുത്താല്‍ അത് അനുവദിക്കുന്നവന് പണികിട്ടും..സമരമാവും..കുത്തിയിരുപ്പാകും..

Shukoor said...

ഈ എയര്‍ ഇന്ത്യ രാജ്യത്തിന് ഒരു ശാപമാണ്. രാജ്യം എത്ര പുരോഗതിയിലേക്ക് പോയാലും ഇത് പോലോന്നുണ്ടായാല്‍ പിന്നേ എന്തുണ്ടായിട്ടെന്താ.

വഴിപോക്കന്‍ said...

മാഷെ എന്ത് പറ്റി ..മരിക്കാന്‍ കിടക്കുന്ന എയര്‍ ഇന്ത്യയുടെ ശാപമാണോ? പുതിയ പോസ്റ്റൊന്നും കാണാത്തത്

കുഞ്ഞായി said...

അലി,

രസകരമായി പോസ്റ്റ്..
പാവം ജനത്തെ ദ്രോഹിക്കാനായൊരു എയറിന്ത്യ

കണ്ണൂരാന്‍ / K@nnooraan said...

@@
Air Indiaയുടെ ശാപം!

ബ്ലോഗിലെ പുലിയായ അലിഭായി ഈ പോസ്റ്റിനു ശേഷം വെറും എലിയായി എന്നാണു പുതിയ വാര്‍ത്ത.
അതാണ്‌ പോലും മറ്റൊരു പോസ്റ്റ്‌ എഴുതാന്‍ ഭായിക്ക് കഴിയാതെ പോയത്!