Sunday, May 8, 2011

ബൂലോകത്തെ അമൂൽ പുത്രന്മാർ...!


     നാളേറെയായി എന്തെങ്കിലും എഴുതണമെന്ന് കരുതുന്നു. പലതും കുറെയൊക്കെ എഴുതി തുടങ്ങുകയും ചെയ്തതാ... പക്ഷെ ദിവസവും രാവിലെ മെയിൽ തുറക്കുമ്പോൾ നിറഞ്ഞുതുളുമ്പുന്ന മെയിലുകൾ. ഒരു ദിവസം വൈകിയാൽ പെറ്റു പെരുകി ഇരട്ടിയായിട്ടുണ്ടാവും. ഭൂരിഭാഗവും ഒരു പുതിയ പോസ്റ്റിട്ടിട്ടുണ്ട്. വായിച്ച് അഭിപ്രായം പറയണേ എന്ന അഭ്യർത്ഥനകൾ... ഇത് വായിക്കാതിരിക്കരുതേ എന്ന വിലാപങ്ങൾ. ദിവസവും അതിന്റെ എണ്ണം കൂടിക്കൂടി വരുന്നു. എന്തെങ്കിലും എഴുതി കരച്ചിലടക്കിയില്ലെങ്കിൽ വീണ്ടും വീണ്ടും ലിങ്കുകൾ... ലിങ്കുകളുടെ ലിങ്കുകൾ. കവിതയും കഥയും ചാലിച്ചെഴുതിയ പോസ്റ്റുകൾ!

     പത്രവാർത്തകൾ പേസ്റ്റ് ചെയ്ത് വരികൾ മുറിച്ചെഴുതിയത് കവിതയണെന്നറിയാതെ കുന്തം വിഴുങ്ങി നിന്നു. ഉത്തരാധുനിക കവിതക്ക് കവിപുംഗവൻ ഉദ്ദേശിച്ച അർത്ഥം തപ്പിയെടുക്കാൻ ഏറെനേരം നോക്കിയിരിക്കാനും നിർവ്വാഹമില്ല. അപ്പോഴേക്കും കവിയുടെ അടുത്ത കവിതയും മെയിലും തലയിൽ പതിക്കും. താങ്കളുടെ വിലപ്പെട്ട 916 അഭിപ്രായം അറിയിക്കണേ എന്ന് തന്നെ. അതിനെഴുതിത്തീരുമ്പോഴേക്കും അടുത്തത്... ആരെയും സ്പാമെന്ന കരിമ്പട്ടികയിൽ പെടുത്തിയില്ല. ഉദാരമനസ്കനും വിശാല ഹൃദയനും ആയിപ്പോയതുകൊണ്ട് ഞാൻ പോയി കമന്റെഴുതിവരും. എന്നിട്ടും ഞാൻ ഫോളൊ ചെയ്തിരുന്ന എനിക്കിഷ്ടമുള്ള ബ്ലോഗിലെ പോസ്റ്റുകളൊന്നും ഒന്ന് നോക്കാൻ പോലും നേരം കിട്ടിയില്ല. തിരഞ്ഞെടുപ്പ് ദിനം ബൂത്തുകൾ തോറും ഓടിനടക്കുന്ന സ്ഥാനാർത്ഥിയെപ്പോലെ ഓടിക്കിതച്ചു ഞാൻ. എന്നിട്ടും എന്റെ ദിവ്യകമന്റുകളുടെ വിഭൂതി ചാർത്തപ്പെടാതെ നിരവധി പോസ്റ്റുകൾ ബൂലോകത്ത് ചത്തുമലച്ച് കിടന്നു.

      ബ്ലോഗില്‍ പോസ്റ്റ്‌ ഇട്ടാല്‍ അനേകം മെയിലുകള്‍ അയച്ചു വായിക്കാന്‍ ക്ഷണിക്കുന്ന സ്വഭാവം കൂടുതൽ ജനകീയമാക്കിയത് കണ്ണൂരാന്‍ ആണെന്ന് തോന്നുന്നു. ഇപ്പോള്‍ പലരും കണ്ണൂരാന്റെ പിമ്പേ ഗമിക്കുന്നു. അതിനാല്‍ ഈ സംഗതി കൊണ്ട് വന്ന കണ്ണൂരാനെ വേണം ആദ്യം കുത്തിമലർത്താന്‍.. കയ്യിൽ കിട്ടിയാൽ മൂപ്പരുടെ കൂമ്പ് കലക്കണം. പക്ഷെ അനോണി ആയിക്കഴിയുന്ന കണ്ണൂരാനെ പിടിക്കാന്‍ ഒബാമയുടെ സൈന്യത്തിന്റെ സഹായം വേണ്ടിവരും!.

     വർഷത്തിൽ തന്നെ ഒന്നോരണ്ടൊ പോസ്റ്റിടുന്ന എന്റെ ബ്ലോഗ് കാണാത്തവരും ഒരു ദിവസം തന്നെ രണ്ടും മൂന്നും കവിതകൾ പോസ്റ്റ് ചെയ്തിട്ട് ഒന്നു വായിക്കണേയെന്ന് മെയിലയക്കുന്നു. ഒരു കവി മൂന്നു കവിതകൾ ഒരു ദിവസം പോസ്റ്റാക്കിയപ്പോൾ ഞാനൊന്നു കണ്ണുരുട്ടി. കവിയുടെ പ്രതിഭ മനസ്സിലാക്കിയ മറ്റു ചിലരും അഭിനന്ദിച്ചു. അതോടെ എനിക്ക് ലിങ്ക് അയക്കൽ നിറുത്തി. പിന്നെ മെയിലിൽ കവിത തന്നെ ദിവസവും അയക്കാൻ തുടങ്ങി. കവിശാപം എത്ര ഭയാനകമാണെന്ന് തിരിച്ചറിവുണ്ടായത് അങ്ങിനെയാണ്.  വായിച്ച് വായിച്ച് അങ്ങിനെ ഞാൻ ഒരു ബ്ലോഗ് വായനക്കാരൻ മാത്രമായി രൂപാന്തരം പ്രാപിച്ചു.

     ഇതിനിടെ ബൂലോകത്ത് ഞാനില്ലാത്തതിന്റെ വിടവും കുഴികളുമൊക്കെ നികത്താൻ നന്നായി എഴുതുന്ന ചങ്ങാതിയെ ബ്ലോഗനാക്കാൻ നടത്തിയ ശ്രമവും വ്യർത്ഥമായി. ഒരാൾ കൂടി വന്നാൽ ഒരു കമന്‍റു കൂടുതൽ കിട്ടുമെന്ന ദുരാഗ്രഹത്തിനു പുറമേ  അവൻ സ്വകാര്യ സന്തോഷങ്ങൾക്കായി എഴുതിവെക്കുന്ന നിരവധി കഥകളും കവിതകളും  വെളിച്ചം കാണട്ടെയെന്നും കരുതി. ഇനി എപ്പോഴെങ്കിലും ബൂലോകത്തേക്ക് വഴിതെറ്റി വന്നാലോ എന്നു കരുതി ആ പേര് പരസ്യമാക്കുന്നില്ല.

     പ്രവാസത്തിന്റെ ഏകാന്തതകളിൽ ചാനലുകൾ മസ്തിഷ്കം തിന്നു തുടങ്ങുന്നതിനു മുമ്പേ ആരംഭിച്ചതാണ് ഞങ്ങളുടെ സൊഹൃദവും വാരാന്ത്യങ്ങളിലെ ചർച്ചകളും. ഇന്നും തുടരുന്ന ആ ചർച്ചകളിൽ കലയും സാഹിത്യവും വിഷയമാകുമ്പോൾ അജണ്ടയിൽ ഞാൻ ബ്ലോഗും എടുത്ത് പയറ്റും. പോസ്റ്റും കമന്റും ഫോളൊവറും കഥകളും കവിതകളും തിരിച്ചറിയാത്ത ശരീരഭാഗങ്ങൾ കവിതക്ക് പ്രചോദനമാക്കുന്ന കവികളും വിഷയമാകും. ബൂലോകത്തിലൂടെ അപ്പൂപ്പൻ താടി പോലെ പറന്നു നടക്കുന്ന ബ്ലോഗർമാരുടെ കഥപറഞ്ഞുകൊടുക്കും. എഡിറ്റിംഗും വെട്ടലും തിരുത്തലുമില്ലാതെ വെട്ടിത്തിളങ്ങാവുന്ന ബ്ലോഗെന്ന മീഡിയയെ കുറിച്ച് ഞാൻ വാതോരാതെ സംസാരിക്കും. നല്ലതെന്ന് തോന്നിയ ഏതാനും പോസ്റ്റുകള്‍ പ്രിന്‍റ് ചെയ്തു കൊടുത്ത് വശീകരിച്ചു. ഒപ്പം അവന്‍റെ മെയിലിലേക്ക് നല്ല പോസ്റ്റുകളുടെ ലിങ്ക് അയച്ചുകൊടുത്തും ബൂലോകത്തേക്ക് ക്ഷണിക്കും. പോസ്റ്റിടുമ്പോഴുള്ള പരമാനന്ദവും കമന്റുകിട്ടുമ്പോഴുള്ള നിർവൃതിയുമൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു. എന്റെ ക്ഷണം ഒഴിയാബാധയായപ്പോൾ ബ്ലോഗ് നോക്കാമെന്ന് സമ്മതിച്ചു. ഒരാൾ കൂടി കൊണ്ട് ബൂലോകവലയിൽ വീണതിൽ ഞാൻ ഗൂഢമായി ആനന്ദിച്ചു.

      പിറ്റെ ആഴ്ച അവനെ കണ്ടപ്പോൾ പറഞ്ഞ വാക്കുകൾ പ്രതീക്ഷ തെറ്റിച്ചു. ഞാൻ കൊടുത്ത ലിങ്കിൽ നിന്നും വഴിതെറ്റി ഏതൊക്കെയോ വഴികളിലൂടെയൊക്കെ അപഥ സഞ്ചാരം നടത്തി.  "കുറെ നല്ല രചനകൾ വായിച്ചു. പക്ഷെ ചില പോസ്റ്റുകളും ഉള്ളടക്കവുമൊക്കെ വളരെ വിഷമമുണ്ടാക്കി. ചില കഥകളുടെയൊക്കെ ആശയം മനസ്സിലാക്കിയെന്നല്ലാതെ പലതും വായനയുടെ ഒരു സുഖം നല്‍കിയില്ല. വേണ്ട ചങ്ങാതി.. ആദ്യമായി അക്ഷരം കൂട്ടി വായിക്കുന്ന നിന്നെപ്പോലുള്ളവർക്ക് ബ്ലോഗ് ഒരു സംഭവമായേക്കും. നമ്മുടെ സൌഹൃദം കളയാതിരിക്കാൻ ഈ ചർച്ച ഇനി വേണ്ട."

     ബൂലോകം മുഴുവൻ എന്റെ സുഹൃത്തുക്കളും ആരാധകരുമാണെന്ന് കരുതിയാവും ആരുടെ ഏതൊക്കെ ബ്ലോഗാണ് നോക്കിയതെന്ന് പറഞ്ഞില്ല. പുറമെ നിന്നൊരാൾ ബ്ലോഗിനെ എങ്ങിനെ നോക്കിക്കാണുന്നുവെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. എഡിറ്ററുടെ ജോലി ചെറുതല്ല എന്നറിയുക. അതില്ലാത്തതൊരു സൗകര്യമാണെങ്കിലും അതൊരു മേന്മയല്ല. ഒരു രചന എഡിറ്ററുള്ള മാധ്യമത്തിലേക്ക് അയച്ചുകൊടുക്കുമ്പോൾ തന്നെ അതിനുള്ള യോഗ്യതയുണ്ട് എന്നൊരു തോന്നലുണ്ടാവും. മടക്കത്തപാലിൽ തിരിച്ചെത്തിയാലും ഒരുപക്ഷെ പ്രസിദ്ധീകരിച്ചേക്കും എന്നൊരു ആത്മവിശ്വാസമുണ്ടാവും. ആ ആത്മവിശ്വാസമാണ് അവന്‍റെ എഴുത്തിനുള്ള അംഗീകാരം. അവന്റെ ഈ വാക്കുകൾ ചില ബ്ലോഗുകളുടെ കാര്യത്തിലെങ്കിലും പ്രസക്തമായി തോന്നി.

        കഴിഞ്ഞ അവധിക്കാലത്തെ ഒരനുഭവം. മകൾ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് നന്നായി പഠിക്കുന്നുണ്ടെങ്കിലും സ്പെല്ലിംഗ് തെറ്റിയാൽ പത്തുപ്രാവശ്യം വീതം  എഴുതി കൊണ്ടു ചെല്ലണം. വീണ്ടും തെറ്റിയാൽ ഇരുപത്തിയഞ്ച്. പിന്നെ 100.... സമയം കളയുന്ന പരിപാടിയെങ്കിലും എനിക്കതിൽ പരാതിയില്ല. അവളെക്കുറിച്ച് ഇംഗ്ലീഷ് ടീച്ചർക്ക് നല്ല മതിപ്പാണ്. മറ്റു വിഷയങ്ങൾക്കും അധ്യാപകർക്ക് ഓരോ പരാതികൾ.  മലയാളം അധ്യാപികക്കു മാത്രം കുട്ടികൾ പഠിക്കുന്നില്ലെന്ന യാതൊരു പരാതിയുമില്ല. മലയാളത്തിലെ അക്ഷരത്തെറ്റുകൾക്ക് താഴെ ചുവന്ന വരയില്ല. മലയാളത്തിന്റെ അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കാത്തതെന്തെന്ന ചോദ്യത്തിന് ഒരു പരിഹസച്ചിരി ചിരിച്ചതല്ലാതെ അവർ മറുപടി പറഞ്ഞില്ല. ആദ്യമായിട്ടാവും ഒരു രക്ഷിതാവ് ഇങ്ങനെ ആവശ്യപ്പെടുന്നത്.

     തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ് അവളുടെ ക്ലാസ്സിലെ പഠിപ്പിസ്റ്റ്. സ്വന്തം കുട്ടികളെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യരുതെന്നാണ് പ്രമാണം. ഞാനും അതനുസരിക്കുന്ന ഒരു പ്രമാണിയാണെങ്കിലും തൽക്കാലത്തേക്ക് അതൊന്നു മറന്ന് മകളറിയാതെ ആ കുട്ടിയുടെ ബുക്ക് വാങ്ങി നോക്കി. ‘മലയാളം അർത്തം’ എന്നെഴുതി നല്ല ഡിസൈനൊക്കെ വരച്ചുവെച്ചിരിക്കുന്നു. മലയാളത്തിന്‌ 90  ശതമാനം മാര്‍ക്കുള്ള എഴുത്താണിത്. തുറന്നപ്പോൾ അദ്ദ്യപകൻ വിധ്യാര്‍ത്തി എന്നൊക്കെ വടിവില്‍ എഴുതിയിരിക്കുന്നത് കണ്ട് ഞാനും “അല്‍ഫുതസ്ഥ്ഭ്ദനായി”. സത്യത്തിൽ എനിക്ക് സഹതാപം തോന്നി, മലയാളം അറിയാത്ത കുട്ടിയെ ഓര്‍ത്തല്ല. ഇങ്ങിനെ എഴുതിയിട്ടും മുഴുവന്‍ മാര്‍ക്കും കൊടുക്കുന്ന ആ മലയാളം അധ്യാപികയെ ഓര്‍ത്ത്. ഇവരാണ് പുതിയ ജനറേഷന്‍ ബ്ലോഗര്‍മാരും കവികളും.

    മിക്കവരും ബ്ലോഗുകളിൽ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ തിരുത്താറുണ്ടെങ്കിലും ചിലർ അതൊരു അലങ്കാരമായി കൊണ്ടു നടക്കും. കമന്റ് വായിക്കാതെ എണ്ണം കൂടിയതിൽ മാത്രം സന്തോഷിക്കും. അച്ചടിമഷി പുരട്ടിയ ചില രചനകൾ സ്കാൻ ചെയ്ത സാക്ഷ്യപത്രത്തോടൊപ്പം അതേ പോസ്റ്റ് ടൈപ്പ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന പല പോസ്റ്റുകളിലും അക്ഷരതെറ്റുകളുടെ കൂമ്പാരമാണ്. ഇതെക്കുറിച്ച് സംസാരിച്ചപ്പോൾ എഴുതിക്കഴിഞ്ഞാൽ വായിച്ചു നോക്കുന്ന ശീലമില്ലെന്ന അഭിമാനത്തോടെയുള്ള മറുപടിയാണ് പലരിൽ നിന്നും കിട്ടിയത്. ഈ ദുരഭിമാനമാണ് കൂടുതലാളുകളെയും ബൂലോകത്തേക്ക് ആകർഷിക്കാത്തതും.

     ‘ഞ്ഞ’ ‘ങ്ങ’ അക്ഷരങ്ങള്‍ മലയാളബ്ലോഗുകളിൽ നിർബന്ധമില്ല. ഈ അക്ഷരങ്ങൾ എഴുതാനറിയാത്ത ബ്ലോഗര്‍മാർക്കും നൂറും നൂറ്റമ്പതും കമന്റുകൾ കിട്ടുന്നുണ്ട്. “അങിനെ കുഞുങൾ പറഞു” എന്നൊക്കെയാണ് എഴുതുക. ഈ നൂറ്റമ്പതിൽ ഒന്നു പോലും അതിലെ അക്ഷരത്തെറ്റുകളെ ഓർമ്മിപ്പിച്ചിട്ടില്ല എന്നത് എഡിറ്ററില്ലാത്ത മാധ്യമത്തിന്റെ ശക്തി തെളിയിക്കുന്നു.

    ഒരു മലയാളം അധ്യാപികയുടെ ബ്ലോഗിൽ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും മാസങ്ങളായി അതു മാറ്റമില്ലാതെ നീണ്ടുനിവർന്നു കിടക്കുന്നു. മറ്റൊരു അധ്യാപഹയിയുടെ പ്രൊഫൈലിൽ തന്നെ അക്ഷരത്തെറ്റുകളുടെ ഘോഷയാത്ര...  സ്കൂളുകളിൽ ബ്ലോഗിംഗും ഈയെഴുത്തും ആരംഭിക്കാനെന്ന പേരിൽ നടത്തിയ മലയാളം ബ്ലോഗേഴ്സ് മീറ്റിന്റെ അഞ്ചാറു വരികളിലൊതുങ്ങുന്ന പോസ്റ്റിലും മലയാളത്തെ വികലമായി എഴുതുന്നതു കണ്ടപ്പോൾ തിരുത്താൻ ആവശ്യപ്പെട്ട എന്റെ കമന്റു പോലും വെറും വാക്കായി. ആശാനു തന്നെ അമ്പത്തൊന്നക്ഷരവും പിഴച്ചാൽ ശിഷ്യന്മാർക്ക് പിഴയ്ക്കാൻ അക്ഷരമെവിടെ? ഇവരെങ്ങിനെ വിദ്യാലയങ്ങളിൽ മലയാളം ബ്ലോഗിംഗ് പഠിപ്പിക്കും?!

     ഒരിക്കൽ ‘വേതനക്കുള്ള’ മരുന്ന് എന്ന് ഒരു ബിരുദാനന്തരവിരുതൻ എഴുതുന്നത് കണ്ട് വേദന എന്നല്ലെ എഴുതേണ്ടതെന്ന് ചോദിച്ചപ്പോൾ എങ്ങിനെ എഴുതിയാലെന്താ കാര്യം മനസ്സിലായാൽ പോരെ എന്ന മറു ചോദ്യമാണ് കിട്ടിയത്. കാര്യം മാത്രം മനസ്സിലായാൽ മതി എന്ന നിലയിലേക്ക് ചിലരുടെ ബ്ലോഗെഴുത്തും നീങ്ങുമ്പോൾ എന്റെ ‘ഈയെഴുത്തും’ പാഴ്വേലയാണെന്നറിയാം.

     ഞാനെഴുതുന്നതു തന്നെ ശരി. എന്തുവന്നാലും തിരുത്താനില്ലെന്ന ധാർഷ്ട്യം കാണുമ്പോൾ ഇത്രയെങ്കിലും പറയാതെ വയ്യ. എനിക്ക് ഇങ്ങനെ എഴുതുന്നതിൽ തീരെ ഭയമില്ല. കാരണം നിങ്ങളാണെന്നെ ഒരു വെറും വായനക്കാരനാക്കിയത്. നാലാം ക്ലാസ്സ് വരെ മാത്രം മലയാള ഭാഷ പഠിച്ച എന്റെയെഴുത്തും തെറ്റുകളിൽ നിന്ന് മുക്തമല്ല. കണ്ടതും കാണിച്ചുതന്നതുമൊക്കെ തിരുത്താനും ശ്രമിച്ചിട്ടുണ്ട്. അതിനിയും തുടരും. മലയാള ഭാഷയുടെ വളർച്ചയ്ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് യാതൊരു വിശ്വാസവുമില്ല. ഭാഷയെ വികൃതമാക്കാതിരിക്കാനെങ്കിലും നമുക്ക് ശ്രമിക്കാം. മാന്യബ്ലോഗർമാരുടെ മുമ്പിൽ ഇതൊരു അഹങ്കാരം പറച്ചിലാവുമെന്നും തോന്നുന്നില്ല, മൂന്നാം ക്ലാസ് വരെ പഠിച്ചവർക്ക് മുമ്പിലല്ലാതെ.

     മംഗ്ലീഷിൽ ടൈപ്പ് ചെയ്യുമ്പോൾ തെറ്റുകൾ വരിക സ്വാഭാവികമാണ്. അതു തിരുത്താനും അതിലേറെ എളുപ്പമാണ്. തെറ്റ് ചൂണ്ടിക്കാണിച്ചാൽ പോലും തിരുത്താനോ മുതിരാത്തവരെ മാത്രം ഇവിടെ ഉദ്ദേശിച്ചിട്ടുള്ളു. എല്ലാവരും സാഹിത്യഭാഷ മാത്രം എഴുതണമെന്നല്ല. അങ്ങിനെയെഴുതാൻ എനിക്കുമറിയില്ല. മെയിലയച്ചു വിളിച്ചു വരുത്തുമ്പോൾ പറയുന്ന അഭിപ്രായത്തിനു തരിമ്പും വിലവെക്കാതെ വീണ്ടും വീണ്ടും ക്ഷണിക്കുന്നവരോട് പറയാനുള്ളത് ഇതാണ്.  മാസത്തിൽ ഒരു പോസ്റ്റ് വീതം ഇടുന്നവർക്ക് ഒരു ദിവസം കൂടി വൈകിയാലും താനെന്താണ് എഴുതിയതെന്ന് നോക്കാൻ ശ്രമിക്കാം. ആഴ്ചയിൽ ഓരോ പോസ്റ്റുന്നവർക്ക് ഒരു മണിക്കൂറെങ്കിലും ഒന്നു കൂടി റിവ്യൂ നടത്തുവാൻ നീക്കി വെക്കാം. ദിവസേന ഒന്നും രണ്ടും കവിതകളും കഥകളും ലേഖനങ്ങളും പോസ്റ്റ് ചെയ്യുന്നവർക്ക് ഒന്നു കൂടി വായിച്ച് എഡിറ്റു ചെയ്യുക എന്നത് പ്രായോഗികമല്ല എന്നറിയാം. അത് പോസ്റ്റിന്റെ എണ്ണത്തിൽ റെക്കോഡ് ഇടാനുള്ള ശ്രമത്തിന് അത് വിഘാതമായേക്കും.

     അക്ഷരജ്ഞാനം അധികമില്ലാത്ത തലമുറയാണ് നമുക്ക് മുമ്പ് കടന്നുപോയത്. അവർക്ക് ശേഷം അക്ഷരം പഠിക്കാൻ ഭാഗ്യമുണ്ടായതിൽ സന്തോഷിക്കുമ്പോഴും മാതൃഭാഷയുടെ കാര്യത്തിൽ വീണ്ടും ആ പഴയ കാലത്തേക്ക് തിരിച്ചു നടക്കുന്നതുപോലെ തോന്നുന്നു. വായനയിലൂടെയാണ് അറിവിന്റെ ലോകം വികസിക്കുന്നത്. അതിനു പ്രിന്‍റ് ചെയ്ത പുസ്തകങ്ങള്‍ തന്നെ വായിക്കണമെന്നും നിര്‍ബന്ധമില്ല. ആയെഴുത്തോ ഈയെഴുത്തോ ആയാലും മതി. കുഞ്ഞുണ്ണിമാഷുടെ വാക്കുകള്‍ പോലെ വായിച്ചാല്‍ വളരും. പക്ഷെ നല്ല വായനയിലൂടെയേ നല്ല വളര്‍ച്ചയുണ്ടാവൂ.

Friday, January 28, 2011

അറബിയെ തട്ടിയ മൈദീന്‍...!

       അന്ന് രാവിലെ ജോലിക്ക് പോകാനായി പുറത്തിറങ്ങുമ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്നൊരു കാഴ്ചയായിരുന്നു. ഞങ്ങളുടെ ഹൌസോണർ അബു അബ്ദുല്ലായുടെ വീടിനു മുമ്പില്‍ പോലീസ് വണ്ടികളുടെ മിന്നുന്ന ലൈറ്റുകൾ..! അയാളുടെ വണ്ടിയുടെ മുന്‍ഭാഗം തകർന്നുകിടക്കുന്നു. ഏതാനും ആളുകളും കൂടിയിട്ടുണ്ട്.  പോലീസുകാര്‍  അബൂ അബ്ദുല്ലയുടെ ഡ്രൈവർ മൈദീൻക്കയെ വലയം ചെയ്തു എന്തൊക്കെയൊ ചോദിക്കുന്നുമുണ്ട്..!

       മൈദീന്‍‍ക്ക പണി പറ്റിച്ചെന്നാ തോന്നുന്നെ! എനിക്കാധിയായി. 

      കൂടുതൽ നേരം നില്ക്കാതെ കമ്പനി വണ്ടി വന്നപ്പോൾ ഞങ്ങൾ ഓഫീസിലേക്ക് പുറപ്പെട്ടു. കാറിലിരുന്ന് ഞാനോര്‍ത്തത്  അബുഅബ്ദുല്ലായുടെ വീട്ടിൽ ഡ്രൈവറായി ജോലിക്ക് കയറിയതിന്റെ മൂന്നാം നാൾ മൈദീൻക്ക പറഞ്ഞ വാക്കുകളായിരുന്നു.  കര്‍ക്കശക്കാരനായ അറബിയുടെ സ്വഭാവം മുന്‍നിര്‍ത്തി അയാള്‍ പറഞ്ഞത് ഇയാളുടെ മയ്യിത്ത് കണ്ടിട്ടേ ഞാന്‍ പോകൂ എന്നായിരുന്നു. ഞങ്ങൾക്കതൊരു തമാശയായേ തോന്നിയുള്ളൂ. ഇത് സൌദിയാണ്! ശരീഅത്താണ് കോടതി. നാട്ടിലെ സ്വഭാവം ഇവിടെയെടുത്താൽ വിവരമറിയും.  പ്രായത്തിൽ മുതിർന്ന ആളെയാണെങ്കിലും ഞങ്ങള്‍ എന്നും അയാളെ ഉപദേശിക്കും. ആശ്വസിപ്പിക്കും. പക്ഷെ അറബിയുടെ ധിക്കാരം നിറഞ്ഞ സ്വഭാവം മൈദീന്ക്കയെ സംബന്ധിച്ചിടത്തോളം അസഹ്യമായിരുന്നു.! എന്നാലും ജോലിക്ക് നിന്ന് ആറുമാസം കഴിയും മുന്‍പേ, ഞങ്ങളെയൊന്നും അനുസരിക്കാതെ അയാള്‍ അറബിയെ തട്ടിയല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കെന്തോ ഉള്‍ഭയം അനുഭവപ്പെട്ടു. 

      കൊല്ലും കൊലയ്ക്കും ഗുണ്ടാപ്പണിക്കുമൊക്കെ ഇവിടെ ചെറിയ ശിക്ഷയേയുള്ളു. തല ഉടലിൽ നിന്നും മാറ്റിവെയ്ക്കും അത്രയേയുള്ളു. പാവം മൈദീനിക്ക. ഇനി എന്തൊക്കെ അനുഭവിക്കണം.!

      നാലഞ്ചു മാസങ്ങള്‍ക്ക് മുന്‍പ്, അബുഅബ്ദുള്ളായുടെ വീട്ടിൽ ഹൌസ് ഡ്രൈവർ വിസയിൽ വന്ന മൈദീന്ക്കയെ  പരിചയപ്പെട്ടപ്പോൾ ഞങ്ങളെപോലെ  പുതിയ ആളല്ലെന്നും ഗൾഫിൽ എല്ലാ രാജ്യങ്ങളിലും സഞ്ചാരം പരിപാടി അവതരിപ്പിച്ച് വരുന്ന വഴിയാണ് ഇയാളെന്നും മനസ്സിലാക്കിരുന്നു.

      പൂത്ത കാശുണ്ടെങ്കിലും അറുത്ത കൈക്ക് ഉപ്പ് പോയിട്ട് പെട്രോളുപോലും തേക്കാത്ത കിഴവനാണ് അബുഅബ്ദുള്ള. പുരനിറഞ്ഞുനിൽക്കുന്ന പെണ്മക്കളെ കെട്ടിച്ചുവിടാതെ ജോലിചെയ്തുണ്ടാക്കുന്ന കാശുകൊണ്ട് കെട്ടിടങ്ങൾ വാങ്ങികൂട്ടുകയാണ് പ്രധാന ഹോബി. വീടിനോട് ചേർന്ന തന്റെ ബഖാലയിലിരുന്നാണ് അയാൾ ഭരണ ചക്രം തിരിക്കുന്നതും മറിക്കുന്നതും. കടയിലെ കച്ചവടം പോലെ മെലിഞ്ഞ ഒരു സുഡാനിയും കൂട്ടിനുണ്ട്.

      ചെയ്യിക്കുന്ന ജോലിയും കൊടുക്കുന്ന ശമ്പളവും ഭരണപക്ഷവും പ്രതിപക്ഷവും പോലെ യോജിക്കാത്തതിനാല്‍   ഒരുമാസത്തിലധികം ആരും ഡ്രൈവറായി അയാള്‍ക്കൊപ്പം  നിൽക്കാറില്ല.  അയാളുടെ വിസയിൽ വന്നവർക്ക് പറഞ്ഞ ശമ്പളം കിട്ടിയ ചരിത്രവും സയന്‍സുമില്ല. ലേബര്‍കോര്‍ട്ടും ജയിലുമൊക്കെ ആസ്വദിക്കാതെ ആരും നാട്ടിൽ പോയിട്ടില്ല. മൈദീൻക്ക വന്ന് ഏതാനും ദിവസങ്ങൾക്കകം   തന്റെ മുൻ‍ഗാമികളുടെ ചരിത്രവും കിഴവന്റെ ജന്തു ശാസ്ത്രവും ഭൂമിശാസ്ത്രവും പഠിച്ചു മനസ്സിലാക്കി.

      പതിവുപോലെ പുതിയ ഡ്രൈവർക്കായി ആദ്യ ദിവസം തന്നെ കിഴവൻ ചെയ്യേണ്ട ജോലികളുടെ മോക്ക്‌ഡ്രില്‍ അവതരിപ്പിച്ചു. രാവിലെ ഏഴുമണിക്ക് ടീച്ചർമാരായ മക്കളെ സ്കൂളിലെത്തിക്കണം. തിരികെ മാർക്കറ്റിൽ പോയി ആട്ടുകള്‍ക്കുള്ള പുല്ലുവാങ്ങി ഫാമില്‍ കൊണ്ടുപോയി കൊടുക്കണം. മകന്റെ ബേക്കറിയിൽ ദിവസവും ബാക്കി വരുന്ന കുബ്ബൂസിന്‍റെ ചാക്കുകൾ റൂമിനു പിന്നിലെ വലിയ ഗോഡൌണില്‍ കൊണ്ടുവന്ന് തറയിലിട്ട് ഉണങ്ങണം. പിന്നെയതിൽ ചവിട്ടുനാടകം നടത്തി അത് കടലാസുപെട്ടികളില്‍ നിറച്ച് അടുക്കി വെയ്ക്കണം. മസറയിലെ ആടുകൾക്കുള്ള ഭക്ഷണമാണത്.  ഇതൊക്കെയാണ് വണ്ടിയോടിക്കാത്തപ്പോൾ ചെയ്യാനുള്ള നേരമ്പോക്കുകൾ. വൈകിട്ട് വീട്ടുസാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകണം കെട്ടിടങ്ങളുടെ വാടക പിരിക്കാന്‍ കൂടെ പോകണം. മൈദീൻക്ക പുതുമുഖത്തെ പോലെ എല്ലാം സമ്മതിച്ചു. പക്ഷെ ഇത്രയേറെ ജോലി ചെയ്താൽ കിട്ടുന്ന ശമ്പളമെത്ര..?

      അറബിയുടെ ഉത്തരംകേട്ട അതേ നിമിഷം തന്നെ 'മലയാളി' യായ മൈദീനിക്ക സാമ്പിൾ ഹർത്താൽ പ്രഖ്യാപിച്ചു. ബാപ്പാക്ക് ഡ്രൈവറെ തപ്പിനടന്ന് ജീവിതം തീർക്കുന്ന മകൻ അനുരഞ്ജനത്തിനെത്തി. അയാൾ ബാപ്പയറിയാതെ ബാക്കി ശമ്പളം കൊടുക്കാമെന്ന് സമ്മതിച്ചതോടെ  മൈദീൻക്ക ഹർത്താൽ പിൻവലിച്ച് ജോലിക്ക് പോകാൻ തയ്യാറായി.

      ജോലിയില്ലാത്തപ്പോൾ ഞങ്ങളുടെ റൂമിൽ വന്നിരിക്കും. പിന്നെ ഗൾഫിലെയും നാട്ടിലെയും വീരേതിഹാസങ്ങളും കുടുംബവിശേഷങ്ങളും യാതൊരു അഹങ്കാരവുമില്ലാതെ വർണ്ണിക്കും. ഞങ്ങൾക്കും അത് കേട്ടിരിക്കലാണ് ആകെയുള്ള എന്റെർടൈന്മെന്റ്. നഷ്ടത്തിലായ കെഎസ്ആർടിസിയെ ലാഭകരമാക്കാൻ ശ്രമിച്ചതിന് ഡ്രൈവർ ജോലി പോയതാണ്. ബസ്സിൽ ആളെ കയറ്റുന്നതിനേക്കാൾ ചാരായകന്നാസ് കയറ്റുന്നത് അന്വേഷിക്കാൻ വന്നവരുടെ കൂമ്പിനിടിച്ച് സർക്കാർ ജോലി പുല്ലാണെന്ന് മുദ്രാവാക്യം വിളിച്ചു. നാട്ടിൽ പോലീസ് കേസ് കൂടുമ്പോൾ ഗൾഫിലേക്ക് പറക്കും. ഗൾഫ് ജീവിതത്തിന്റെ ഇടവേളകളിലും നാട്ടിലെ ഗുണ്ടാസംഘത്തെ നയിച്ച കഥ.. ചാരായം പിടിക്കാനെത്തിയ എക്സൈസുകാരെ ഓടിച്ച് കിണറ്റിൽ വീഴ്ത്തിയ കഥ. കേസന്വേഷിക്കാൻ ചെന്ന പോലീസുകാരെ കുടിയന്മാരെ വിളിച്ചുകൂട്ടി പൊതിരെ തല്ലിവിട്ട വീരകഥ. പിന്നെയെന്തൊക്കെയോ അവരുടെ നാട്ടിൽ പാണന്മാർ പാടിനടക്കുന്നു. എന്തിനേറെ പറയുന്നു, മൈദീൻക്ക പോലീസുകാരുടെ കണ്ണിലുണ്ണിയായിരുന്നു. ഉണ്ണിയെ അന്വേഷിച്ച് പോലീസിന്റെ വരവും ഊരിലെ പഞ്ഞവും കൂടിയപ്പോഴാണ് മര്യാദക്കാരനാകാൻ ഗൾഫിലേക്ക് വീണ്ടും കയറ്റിവിട്ടത്. ഒട്ടകവും ആടും തിന്ന് തടി നന്നാവുന്നതല്ലാതെ സ്വഭാവം നന്നാവുന്ന ലക്ഷണവുമില്ല.

      എന്റെ റൂംമേറ്റ് മച്ചാൻ അയാളുടെ നാടൊക്കെ മന:പാഠമാക്കിയ ആളാണ്. പക്ഷെ ചോദിച്ചാൽ കൃത്യമായ വീടും സ്ഥലവും പറയില്ല.

      "ഇവിടുത്തെ സൌഹൃദം നമുക്കിവിടെ മാത്രം മതി. ഇനി നാട്ടില്‍ വെച്ച്  കണ്ടാലും പരിചയം പുറത്തുകാണിക്കുകയും വേണ്ട. അതാണു നിങ്ങള്‍ക്ക് നല്ലത്."  ഇതാണ് മൈദീന്‍ശൈലി!  അതാണു ശരിയെന്ന് പിന്നീട് ഞങ്ങൾക്കും തോന്നി.

മുമ്പ് വന്ന ഡ്രൈവർമാരെ പോലെയല്ല താനെന്ന് മൈദീൻക്ക പ്രഖ്യാപിച്ചു. അവർക്കുവേണ്ടി പ്രതികാരം താൻ തന്നെ ചെയ്യുമെന്ന് അയാൾ തീരുമാനിച്ചു. ഞങ്ങളുടെ റൂമിൽ വന്നിരുന്ന്  അബുഅബ്ദുല്ലയെ ഉന്മൂലനം ചെയ്യേണ്ടതെങ്ങനെയെന്നു  വിശദീകരിക്കും. ഓരോ ദിവസവും അയാൾ തന്റെ പാഴായ ശ്രമത്തെ കുറിച്ച് പറയും. ട്രാഫിക് സർക്കിളിൽ വെച്ച് വണ്ടിയുടെ സൈഡ് മറുഭാഗത്ത്‌ നിന്നും വരുന്ന വണ്ടിക്കു വെച്ചുകൊടുക്കുക. കിഴവൻ തട്ടിപോകണം. നിസ്സാര പരിക്കുകളോടെ താൻ രക്ഷപെടും. സ്ഥലവും സമയവുമൊക്കെ കണ്ടുവെച്ചിട്ടുണ്ട്. തിരക്കുള്ള ട്രാഫിക് റൌണ്ട് കിഴവന്റെ എലുമിനേഷന്‍ റൌണ്ടായി നിശ്ചയിച്ചു. നിസ്സാരമട്ടിൽ അയാളത് വിശദീകരിക്കുമ്പോൾ അങ്ങിനെ സംഭവിക്കരുതേയെന്ന് ഞങ്ങളും പ്രാർത്ഥിച്ചു. ഒരു ജോലി കൊടുത്തെന്ന കുറ്റത്തിന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയോർത്ത് ഞങ്ങള്‍ക്ക് അബുഅബ്ദുല്ലയോട് സഹതാപം തോന്നി.

      മൈദീൻക്കാ... വയ്യാവേലിക്കൊന്നും നിക്കണ്ട.. വേണ്ടെങ്കിൽ നാട്ടിൽ പോയാൽ പോരെ. പറഞ്ഞുനോക്കി.

“ഇല്ല... ഇങ്ങേരുടെ അവസാനത്തെ ഡ്രൈവറാണ് ഞാന്‍. ഇനി ആരെക്കൊണ്ടും ഇമ്മാതിരി ജോലിയെടുപ്പിക്കരുത്.”

      മൈതീൻക്ക കുബ്ബൂസ് പൊടിക്കുന്ന കാഴ്ച രസകരമാണ്. വെളുപ്പിന് കിഴവൻ പുറത്തിറങ്ങുന്നതിനു മുമ്പ് തലേന്ന് കൊണ്ടുവന്ന് കൂട്ടിയ കുബ്ബൂസ് ചാക്കുകൾ പിക്കപ്പിന്റെ പിന്നിലെടുത്തിട്ട് നേരെ പോയി വലിയ വേസ്റ്റ് ബിന്നിൽ കൊണ്ടിടും. ഇതു സ്ഥിരം പരിപാടിയായപ്പോൾ മറ്റു ആടുവളർത്തുകാർ മൈദീൻക്കായുടെ കുബൂസ് വണ്ടിയും കാത്ത് പുലർച്ചയ്ക്ക് കാത്ത് നിൽക്കാനും തുടങ്ങി.  കിഴവൻ ഓട്ടം പോകാൻ വിളിക്കുമ്പോൾ ഞാൻ കുബൂസ് പൊടിക്കുകയാണെന്ന് പുതപ്പിനടിയിൽ നിന്നും വിളിച്ചു പറയും. പത്തുകൊല്ലം ആടിനു തിന്നാനുള്ള സ്റ്റോക്ക് ഗോഡൌണിലുണ്ട്. ഇനി ഞാൻ പൊടിച്ചത് തന്നെ തിന്നണമെന്ന വാശിപിടിക്കുന്ന ആടുകൾ കുബ്ബൂസ് തിന്നാതെ ചാവട്ടെ. ഇതാണ് മൈദീൻക്കായുടെ നിലപാടുതറ.

      രാവിലെ കിഴവനും പെണ്മക്കളുമായി സ്കൂളിലേക്ക് പോകുമ്പോൾ മാത്രമാണ് മൈതീന്‍‍ക്കായിലെ മര്യാദരാമനായ ഡ്രൈവറെ കാണാനാവുക. തിരിച്ചുപോരുമ്പോഴും മസറയില്‍ ആടിനു തീറ്റയുമായി പോകുമ്പോഴും തന്‍റെ മുന്‍‍ഗാമികള്‍ക്ക് കഴിയാതെ പോയ പ്രതികാര നടപടികൾ എടുക്കുക. കിഴവന്‍ കമാന്റ് പ്രോംറ്റ് വഴി വണ്ടി നിയന്ത്രിക്കുമ്പോൾ മൈദീൻക്കാന്റെ നിയന്ത്രണം പോകും. വേഗത കണ്ട് ഭയന്ന് അല്പം വേഗത കുറയ്ക്കാൻ പറഞ്ഞാൽ ഒരൊറ്റ ചവിട്ടാണ്. പാവം അബു അബ്ദുല്ല ഡാഷ്‌ബോഡില്‍ ചെന്ന് മൂക്കും കുത്തി വീഴും!

      പിന്നെ വണ്ടിയുടെ പോക്ക് ഒച്ചിഴയും വിധമാണ്. സഹികെട്ട് അല്പം കൂടി സ്പീഡ് ആകാമെന്ന് പറഞ്ഞുപോയാല്‍  പറ പറപ്പിക്കും.  നാട്ടിലെ പോലെ ഗട്ടറില്ലാത്ത റോഡുകളെ മൈതീന്‍‍ക്ക ശപിച്ചു. ഗട്ടറിനു പകരം ഹമ്പുകൾ കൊണ്ട്  അഡ്ജസ്റ്റ് ചെയ്യാൻ ശീലിച്ചു. ഹമ്പ്, സോഡാക്കുപ്പി കണ്ണടയ്ക്കിടയിലൂടെ കണ്ടുപിടിക്കുമ്പോഴേക്കും അറബിയുടെ തലയിൽ ഒരു 'ബംമ്പര്‍' മുഴച്ചു കഴിയും. ഫാമിലെ ആടിനുള്ള പുല്ല് വണ്ടിയിൽ നിന്നും കിഴവൻ ഇറക്കുമ്പോൾ മൈദീൻക്ക വണ്ടിക്കകത്ത് സംഗീതം ആസ്വദിച്ചിരിക്കും.

      ഓഫീസിലെത്തിയിട്ടും  എനിക്ക്  ജോലിയിലൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഉച്ചയ്ക്ക് റൂമിൽ ചെല്ലുമ്പോൾ എന്താവും എന്ന ചിന്തയായിരുന്നു മനസ്സിൽ. എപ്പോഴും ഞങ്ങളുടെ റൂമില്‍ വന്നിരിക്കുന്നതിനാല്‍ അപകടം നടക്കുന്ന ദിവസം മൈദീൻക്കാനേം കൂട്ടി പോലീസ് ഞങ്ങളുടെ റൂമിലും വരാതിരിക്കില്ല.  ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴും അയാളുടെ റൂമില്‍ ആളനക്കമില്ല. ജയിലിലായിരിക്കും. പോലീസ് അന്വേഷിച്ച് വര്വോ..!

      എന്താവുമെന്ന് പകച്ചുനില്‍ക്കുമ്പോള്‍ പുറത്ത് ഒരു വണ്ടി വന്ന് ബ്രേക്കിടുന്ന ശബ്ദം കേട്ടു.  പിന്നെ വാതിലിൽ ശക്തിയായ മുട്ട്.  പോലീസ് മൈദീൻക്കയെയുംകൊണ്ടു വന്നിരിക്കുന്നു. കുടുങ്ങിയത് തന്നെ. എന്തായാലും സത്യം പറഞ്ഞ് മാപ്പുസാക്ഷിയാവാം. സംഭരിക്കാൻ തക്ക ധൈര്യം കിട്ടിയില്ലെങ്കിലും വാതിൽ തുറന്നു.

      മുന്നില്‍ മൈദീനിക്ക. കയ്യില്‍ വിലങ്ങും ഒപ്പം നാലഞ്ചു പോലീസുകാരെയും പ്രതീക്ഷിച്ച ഞങ്ങള്‍,  വിഷാദം പുരണ്ട മുഖവുമായി വന്ന മൈദീനിക്കയോട് കാര്യം ചോദിച്ചു.

"കിഴവനെ നിങ്ങളെന്താ ചെയ്തത്? പോലീസ് എന്തിനാ വന്നെ?" .

       സ്കൂളിൽ പോയിവന്ന് വണ്ടി പാർക്ക് ചെയ്തിട്ട്  കുബ്ബൂസ് പൊടിക്കാനായി ഞാനിങ്ങു പോന്നതാണ്.  നിറുത്തിയിട്ടിരുന്ന വണ്ടി മാറ്റിയിടാന്‍ അയാള്‍ ശ്രമിച്ചു. പെട്ടെന്ന് നിയന്ത്രണം വിട്ടു എതിരെ വന്ന ഒരു ടാങ്കര്‍ ലോറിക്ക് കൊണ്ടിടിച്ചു.  വലിയ ശബ്ദം കേട്ട് തിരിച്ചു വരുമ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന കിളവനെയാണ്. അപ്പോള്‍ തന്നെ മരിച്ചിരുന്നു. ആംബുലന്‍സ് വന്നു കൊണ്ടുപോയി.."

      അറബിയെ കൊല്ലാന്‍ തക്കംപാര്‍ത്തു നടന്ന മൈദീനിക്ക സങ്കടപ്പെട്ടു. കുറെ കരഞ്ഞു. ഞങ്ങളയാളെ ആശ്വസിപ്പിച്ചു.

      "നമുക്കാരെയും തല്ലാനോ കൊല്ലാനോ അവകാശമില്ല. മനുഷ്യരില്‍ ചിലര്‍ അഹങ്കാരം കൊണ്ട് സഹജീവികളെ ദ്രോഹിക്കും. സമ്പത്ത് കൊണ്ട് അന്യരെ പരിഹസിക്കും. പാവപ്പെട്ടവരെ കണ്ടില്ലെന്നു നടിക്കും.  എല്ലാം കാണുന്നവന്‍ പടച്ചോനാണ്.  അവനു മാത്രേ തീരുമാനമെടുക്കാന്‍ അധികാരമുള്ളൂ. ." 

      അതെയെന്ന മട്ടില്‍ മൈദീനിക്ക തലയാട്ടി. വാടക തീര്‍ന്നപ്പോള്‍ ഞങ്ങൾ അവിടെ നിന്നും താമസം മാറി. പിന്നെ മൈദീൻക്കായെയും കാണാതായി. എന്നാലും മൈദീനിക്കയുടെ ആ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. അറംപറ്റിയ ആ വാക്കുകള്‍ പോലെ അറബിയുടെ മയ്യിത്ത് കണ്ട ശേഷം മൈദീനിക്ക  അവിടം വിട്ടിരിക്കാം..!