Friday, December 31, 2010

ഒരു ഇല കൂടി കൊഴിയുന്നു...!



       ഇന്ന് 2010 വിടപറയുകയാണ്... ആയുസ്സിന്‍റെ വൃക്ഷത്തിലെ ഒരില കൂടി കൊഴിഞ്ഞുവീഴുന്നു. ജന്മദിനങ്ങളും വാർഷികങ്ങളും ആഘോഷിക്കുന്ന പതിവില്ലാത്തതിനാല്‍ എന്നത്തേയും പോലെ ഇന്നും ഒരു സാധാരണ ദിവസം മാത്രം. ബ്ലോഗ് പൊടിപിടിച്ചുകിടക്കുന്നത് കണ്ട് അന്വേഷിക്കുന്നവരോട് ഈ ഡിസംബറില്‍ തന്നെ പോസ്റ്റുമെന്ന് വീമ്പുപറഞ്ഞിരുന്നു. പറയുന്നതെല്ലാം നടപ്പിലാവില്ലെന്ന് ഓര്‍മ്മിപ്പിക്കാനായി ഒരു കുഞ്ഞുപോസ്റ്റ്.  എഴുതിയതൊന്നും പൂര്‍ത്തിയാക്കാനായില്ല. പൂര്‍ത്തിയാക്കാന്‍ പറ്റുന്നതൊന്നും എഴുതിതുടങ്ങിയുമില്ല.

       നാട്ടില്‍ തേരാ പ്യാരാ നടന്ന എന്നെ കാശുമുടക്കി വീണ്ടും കൊണ്ടുവന്ന കമ്പനിയോടുള്ള പ്രതികാരമായി ബ്ലോഗാൻ തുടങ്ങി. ഓഫീസ് ടൈമിലിരുന്ന് ബ്ലോഗ് പോസ്റ്റുകള്‍ പടച്ചുവിട്ടതിന്‌ കമ്പനി വക സമ്മാനം കിട്ടി. പുതിയ ബ്രാഞ്ചിലേക്ക് (പണിഷ്മെന്‍റ്) ട്രാന്‍സ്ഫര്‍! ഇറാഖ് അതിര്‍ത്തിയില്‍ അറാര്‍ എന്ന സ്ഥലത്ത് ബ്രാഞ്ച് തുറക്കുന്നു. അവിടേക്കുള്ള ലിസ്റ്റില്‍ ഞാനുമുണ്ട്. വർഷങ്ങളോളം ജോലി ചെയ്ത ബുറൈദയെ വിട്ട് തണുപ്പുകാലത്ത് മഞ്ഞുപെയ്യുന്ന മരുഭൂമിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രവാസത്തിൽ നിന്നും മറ്റൊരു പ്രവാസത്തിലേക്കുള്ള യാത്ര. ഇനി അവിടെ ഓഫീസിലിരുന്ന് ബ്ലോഗാം. അപരിചിതമായ പുതിയ ഇടത്തിലേക്ക് യാത്രയാവാനുള്ള തയ്യാറെടുപ്പുകള്‍. പോകാനായി ഭാണ്ഡം മുറുക്കിയപ്പോഴേയ്ക്കും കമ്പനി തീരുമാനം മാറ്റി. എനിക്കു പകരം മറ്റൊരാളെ വിടുന്നു. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത നിരവധി കൌതുകവ്സ്തുക്കൾക്കിടയിൽ ഈ പുലി കൂടി ഇരിക്കട്ടെ. പിന്നെ മെയിന്‍ ഓഫീസിലെ അടിപൊളി സീറ്റിലിരിക്കാനുള്ള ക്ഷണവും. ഇതാണ് പണിഷ്മെന്‍റിനേക്കാള്‍ വലിയ പണിയായത്.

       പുതിയ ഇരിപ്പിടം ബഹുരസമാണ്‌. ഹാളിലുള്ള മുഴുവന്‍ പേര്‍ക്കും കാണുന്ന വിധമാണ്‌ മോണിട്ടര്‍. ബോസിന് എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണാം. മാനേജര്‍ക്ക് ചില്ലുകൂട്ടിലിരുന്ന് ഏതു പോസ്റ്റിനാണ് കമന്‍റെഴുതുന്നതെന്ന് വായിക്കാം.  റോഡിലൂടെ പോകുന്നവര്‍ക്ക് കണ്ണാടിയിലൂടെ ഏതു ബ്ലോഗാണ് നോക്കുന്നതെന്ന് കാണാം. ഇരിപ്പുവശം ഗംഭീരമായതോടെ ബ്ലോഗ് കറക്കം കുറച്ചു. ഓഫീസ് ആവശ്യത്തിനുള്ള മെയിലുകള്‍ മാത്രം നോക്കിയിരിപ്പായി.

       ഫോട്ടോഷോപ്പിന്‍റെ ലെയറുകള്‍ക്കിടയിൽ നിന്നും വല്ലപ്പോഴും പുറത്തുകടന്നു ജിമെയിൽ തുറക്കുമ്പോൾ ഈ പോസ്റ്റുകൂടി വായിക്കണേ എന്ന അഭ്യര്‍ത്ഥനയുമായി മെയിലുകള്‍.  "ഇനി മേലാല്‍ കവിത എഴുതില്ല ഈ കവിത (ഈ കവിതയോടെ രംഗം വിട്ടോളാം) കൂടിവായിക്കണം പച്ചവെളിച്ചം കണ്ടു സലാം പറയുന്ന ചങ്ങാതിമാര്‍ക്ക് സലാം മടക്കാൻ കഴിയുന്നില്ല. കണ്ണൂരാന്‍റെ പോസ്റ്റ് കണ്ട് ചിരിക്കുമ്പോള്‍ പിന്നില്‍ "ആരെടാ ഈ കല്ലിവല്ലി.." എന്ന മട്ടില്‍ ബോസിന്‍റെ താടിതടവിക്കൊണ്ടുള്ള പാൽ‍പുഞ്ചിരി. ഹംസക്കായുടെ പോസ്റ്റ്‌ വായിച്ചു കണ്ണ് നിറയുമ്പോള്‍ ആശ്വസിപ്പിക്കുന്ന സ്നേഹിതര്‍. തണലിന്‍റെ യോഗ പ്രാക്ടീസ് ചിത്രം കണ്ട് കണ്ണുതള്ളിയ സൌദികള്‍. ഫോട്ടോക്ലബ്ബില്‍ നിന്നും നല്ലൊരു ചിത്രം ക്ലിക്കി തുറക്കുമ്പോഴേയ്ക്കും പിന്നില്‍ നിന്നും മാനേജരായ അബു തുര്‍ക്കിയെന്ന യുവതുർക്കിയുടെ ഇതാണല്ലെ ജോലി തീരാത്തത് എന്ന നോട്ടം. പിച്ചക്കാരന്‍റെ പടമുള്ള ഫോട്ടോ ബ്ലോഗ് തുറക്കുമ്പോള്‍ ഇവന്‍റെ കുടുംബക്കാരനായിരിക്കും എന്ന് അടക്കം പറയുന്ന മസ്‍രികള്‍. ബ്ലോഗ് വായിക്കാതെ, വായിച്ച പോസ്റ്റുകള്‍ക്ക് കമന്‍റിടാതെ ഞാന്‍ എരിപിരികൊള്ളുകയാണ്.

       പക്ഷെ അടുത്ത കസേരകളിയിൽ ബ്ലോഗാൻ പറ്റിയ ഒരു സീറ്റ് തരപ്പെടുത്താം. ഈ തിരക്കിനിടയിലും എഴുതിവെച്ചൊരു പോസ്റ്റുണ്ട്. അത് പുതുവത്സര പോസ്റ്റുകളുടെ മലവെള്ളപ്പാച്ചിലിനു ശേഷം പോസ്റ്റാം.

       പ്രിയ ബൂലോക സ്നേഹിതരെ... പഴയതുപോലെ ബൂലോകത്ത് സജീവമാകാൻ കഴിയാത്തതിലും നിങ്ങളുടെ എല്ലാ പോസ്റ്റുകൾക്കും അഭിപ്രായമറിയിക്കാൻ കഴിയാത്തതിലും ഖേദമുണ്ട്. നിങ്ങൾ തന്ന സ്നേഹത്തിനും സഹകരണത്തിനും വിമർശനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ആയിരം ആയിരം നന്ദി. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു. നിങ്ങൾക്കും കുടുബത്തിനും ഐശ്വര്യ പൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു.

ബൂലോകത്തേയും ഭൂലോകത്തെയും എല്ലാ ജീവജാലങ്ങൾക്കും നന്മകൾ നിറഞ്ഞ പുതുവത്സരാശംസകൾ.