പണ്ട് പണ്ട് ഇന്നത്തെപ്പോലെ റിയാലിറ്റിഷോകളും പരമ്പരകളും കണ്ണീര്‍വീഴ്‌ത്തി ആളെക്കൂട്ടാത്ത കാലത്തുനടന്ന കഥയാണ്. അന്ന് മിക്കവാറും സുഹൃത്തുക്കള്‍ ജോലികഴിഞ്ഞാല്‍ ടൗണിലുണ്ടാവും. അടച്ചിട്ട മുറിയിലിരുന്നു മടുത്ത പലരും ഒപ്പം കൂടും.
കേരള മാര്‍ക്കറ്റിലെ ട്രാവല്‍ ഓഫീസിനുമുമ്പിലെ വരാന്തയില്‍ സ്ഥിരമായി കൂടുകെട്ടിയ ഞങ്ങളോട് ഇതെന്താ പതിച്ചുകിട്ടിയതാണോയെന്നു ചോദിച്ച് കളിയാക്കിപോകുന്നവരും പഞ്ചപാവങ്ങളായ ഈസംഘത്തെ ആശംസിച്ചു കടന്നുപോകുന്നവര്‍ക്കൊക്കെയും ഞങ്ങളിലാരെയെങ്കിലും കാണണമെങ്കില്‍ ഈ ബുക്കിംഗ് ഓഫീസില്‍ വന്നാല്‍ മതിയെന്നറിയാം.വല്ലപ്പോഴും ചങ്ങാതിമാരില്ലാതെ ഒറ്റക്കെങ്ങാനും ഇറങ്ങിയാല്‍ "ലവനെവിടേഡെ?" "ഇന്നു തൊണക്കാരന്‍ വന്നില്ലെ" എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞ് മടുക്കും. അതുകൊണ്ട് ഒറ്റക്ക് ഇറങ്ങാതിരിക്കാന്‍ നോക്കും.
ഞങ്ങളുടെ ഗോത്രമഹാസഭയുടെ സ്ഥിരാംഗങ്ങളായ മമ്മൂട്ടിയും ഞാനും കൂടാതെ ബക്കര്‍, ഹംസ, ബാബു, ഹനീഫ പിന്നെ ആഴ്ചയിലൊരിക്കല്‍ വിശിഷ്ടാതിഥിയായി വന്നെത്തുന്ന മുസ്തഫ, വല്ലപ്പോഴും മിന്നിമായുന്ന മച്ചാന്‍... മുസ്തഫയൊഴികെ ബക്കിയെല്ലാരും ഒരേ തൊഴില്‍ക്കാരായിരുന്നു. കുറച്ചപ്പുറത്ത് വെളിച്ചം അല്‍പ്പം കുറവുള്ള മൂലയില്‍ കയ്യില്‍ തുണ്ടു പേപ്പറുകളുമായി ഒരുമിക്കുന്ന മലയാളി കൂട്ടായ്മയേയും ഇടക്ക് കാണാറുണ്ട്. അവര്‍ എഴുത്തുകാരുടെ കൂട്ടായ്മയായിരുന്നു, ഞങ്ങള്‍ വരക്കാരുടെയും.
അവരുമായി അത്ര സഹകരിച്ചിരുന്നില്ലെങ്കിലും നാട്ടിലെപ്പോലെ യാതൊരുവിധ സംവാദങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ആരും പോയിരുന്നില്ല.
രാത്രി ഒമ്പതുമണിക്ക് കേരള മാര്‍ക്കറ്റിലെ മിനിഹോട്ടലില്‍ നിന്നും പതിവ് പരിപ്പുവടയും ചായയും കഴിച്ച് ആരംഭിക്കുന്ന പോളിറ്റ് ബ്യൂറോ രാത്രി പന്ത്രണ്ട് മണിക്ക് കടകള്‍ അടച്ചു തീരുംവരെ നീളും.സാഹിത്യം, സംഗീതം, രാഷ്ട്രീയം, സിനിമ, കുടുംബകാര്യങ്ങള്‍ എന്നുവേണ്ട ആകാശത്തിനു കീഴെയുള്ള സകലകാര്യങ്ങളും ചര്‍ച്ചചെയ്യുന്ന ആ ഇരിപ്പ് ജീവിതത്തിലെ എന്നും ഓര്‍മ്മിക്കത്തക്ക അനുഭവങ്ങളാണുതന്നത്.
പ്രത്യേക അജണ്ടയൊന്നുമില്ലെങ്കില്‍ വെറുതെ വ്യത്യസ്ഥരായ ആളുകളെ കണ്ടുകൊണ്ടിരിക്കാം, അഞ്ചുപൈസ മുടക്കാതെ.
ലോകത്തിലെ ഒട്ടുമിക്കരാജ്യങ്ങളിലേയും ജനങ്ങള്‍ കണ്‍മുന്നിലൂടെ കടന്നുപോകുന്നു. ആളുകളെ നിരീക്ഷിക്കാന്‍ നല്ലകൗതുകമാണ്. സ്കൂള്‍കുട്ടികളുടെ യൂണിഫോം പോലെ ഫിലിപ്പൈനികള്‍ നീല ജീന്‍സും വെള്ള റ്റീഷര്‍ട്ടും ധരിക്കുന്നതെന്തിന്? ബംഗ്ലാദേശികള്‍ എന്നും പരസ്പരം നടുറോഡില്‍ വെച്ച് തല്ലുണ്ടാക്കുന്നതെന്തിന്? പാക്കിസ്ഥാനികള്‍ നടക്കുമ്പോള്‍ ലോകത്തിലെ മറ്റാരെക്കാളും വേഗത കുറവാകുന്നതെന്തുകൊണ്ട്? നേപ്പാളികള്‍ നടക്കുമ്പോള്‍ ഒന്നിനുപിറകെ വരിവരിയായി നടക്കുന്നതെന്തുകൊണ്ട്? അങ്ങനെ വിഷയങ്ങള്‍ നിരവധി...
ഒരിക്കല്‍ സഭയുടെ കോറം തികയാതെ മമ്മുട്ടിയും ഞാനും മാത്രം ഇരിക്കുമ്പോഴാണ് പ്രവാസിസംഘടനയുടെ നേതാവ് ഞങ്ങളുടെമുന്നില്‍ സഡന്‍ ബ്രേക്കിട്ടത്. വയസ്സന്‍പതായെങ്കിലും പതിനാറുകാരന്റെ ചുറുചുറുക്കും കളികളും. നേതാവുകളി കമ്പനിക്കു പുറത്തുമാത്രമായതിനാല്‍ വര്‍ഷങ്ങള്‍ക്കുശേഷവും ഹെല്‍പ്പര്‍ പണിതന്നെ. പ്രവാസികളെ സംരക്ഷിക്കാനും കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കാനുമാണ് അങ്ങേര് ലോകത്ത് അവതരിച്ചതെന്നാണ് ഐതിഹ്യം. നാട്ടിലെപ്പോലെ മൈക്ക് കെട്ടിപ്രസംഗിക്കാനുള്ള സൗകര്യം കിട്ടാത്തതുകൊണ്ട് ആ വിഷമം വഴിയരികില്‍ വെച്ചുകാണുന്ന ആരുടെയെങ്കിലും മേല്‍ തീര്‍ക്കും, ഒന്നു മൂളികേള്‍ക്കാനുള്ള ഗ്യാപ്പ് പോലും കൊടുക്കാതെ. അട്ടകടിച്ചതുമാതിരിയുള്ള ആ പിടുത്തം വിടീക്കാന്‍ പണ്ട് ഭഗീരഥന്‍ പ്രയ്ത്നിച്ചപോലെയൊക്കെ ചെയ്യണം.
എന്നെയാണെങ്കില്‍ നേതാവിനു കൊല്ലാനുള്ള ഇഷ്ടം. കാരണം ഞാന്‍ ബഹുമാനിക്കുന്നില്ലപോലും. ഒരിക്കല്‍ മമ്മൂട്ടിയെ മാറ്റിനിറുത്തി ചെവിതിന്നത് അതായിരുന്നു! ബഹുമാനം ചോദിച്ചുവാങ്ങാന്‍ നടക്കുന്ന അയാളോടെനിക്ക് എല്ലവരെയും പോലെ സഹതാപം മാത്രം. പിടികൊടുത്തുപോയാല്‍ അന്നൊരുദിവസം പാഴായി. അതാണെന്റെ സങ്കടം. അതുകൊണ്ട് ഞാനൊറ്റക്കെങ്കില്‍ മുങ്ങലാണ് പതിവ്. അന്ന് ചങ്ങാതികൂടെയുള്ളതുകൊണ്ട് ധൈര്യപൂര്‍വ്വം ഇരുന്നു.
വന്നപാടെ ഒരുചെവിമുതല്‍ മറ്റേചെവിവരെ ചുണ്ടുകള്‍ വലിച്ചുനീട്ടി ഇതാണ് ചിരിയെന്ന് പ്രഖ്യാപിച്ചു. കൂടെ ഒരു സഹായാഭ്യര്‍ഥനയും:
"നന്നായി എഴുതുന്നൊരാളെ വേണം".എഴുതാനൊരാളെത്തേടിയാണ് നേതാവിന്റെ വരവ്.
"സല്‍മാന്‍ കമ്പനീല് നല്ലൊരെഴുത്തുകാരനുണ്ടെന്നുകേട്ടു, ഒരെറണാകുളംകാരന്‍... അറിയുമോ?"
"ആരാദ്...?"
"മ്മടെ മച്ചാനായിരിക്കും."
"നിങ്ങളറിയുമോ?" കട്ടിക്കണ്ണടക്കുള്ളില്‍ നേതാവിന്റെ കണ്ണുകള്‍ മുഖത്തേക്കാള്‍ വലുതായി.
"പിന്നെയറിയാതെ..."!ഒരുമിച്ച് നാട്ടില്‍നിന്നും വരികയും വര്‍ഷങ്ങളോളം ഒന്നിച്ച് ജോലിചെയ്യുകയും ചെയ്ത മച്ചാനെ അറിയാണ്ടിരിക്ക്വോ...
"എന്റെ ചങ്ങാതിയാ...ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നപ്പൊ എഴുത്തൊന്നുമില്ലാരുന്നു.എന്റടുത്തുനിന്ന് പോയതിനുശേഷമാണ്.. ഈ പുതിയശീലമൊക്കെ.! "
"ഇത്രനാള്‍ ഞാനീ പൊതുരംഗത്തുണ്ടായിരുന്നിട്ടും കേട്ടില്ലല്ലോ?" നേതാവ് സങ്കടം പറഞ്ഞു.
" സംഭവം ശരിയാണ് ആള്‍ നല്ലൊരെഴുത്തുകാരനാണ്. എന്നിട്ടും എനിക്കവനെക്കുറിച്ചോര്‍ത്ത് ഒരിക്കലും അഭിമാനം തോന്നിയിട്ടില്ല."
"അതു നിന്റസൂയ."
നേതാവിന്റെ ഉണ്ടക്കണ്ണില്‍ നോക്കി ഞാന്‍ മിണ്ടാതിരുന്നു.
"പിന്നെ എഴുത്തുകാരനാണെന്നൊക്കെ പുറത്തുപറയുന്നതിന് താല്‍പര്യമില്ലാത്തായാളാ"
"അതൊക്കെയാ നല്ല എഴുത്തുകാരന്റെ ലക്ഷണം... എന്തായാലും എന്നൊയൊന്ന് പരിചയപ്പെടുത്തിത്തരണം".
“അതിനുതക്ക തെറ്റെന്താണ് മച്ചാന്‍ ചെയ്തത് എന്നെനിക്കറിയില്ല.അതുപ്രശ്നമില്ല... എന്താ കാര്യം"?
"ഞങ്ങള്‍ ഒരു കാസറ്റ് ഇറക്കുന്നു, കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഉഷാറായിട്ട്. അതിനുവേണ്ടിയാ.കഴിഞ്ഞകൊല്ലം ഈ മമ്മൂട്ടിയാ എഴുതിയെ."
ശരിയാ.. കഴിഞ്ഞകൊല്ലം മമ്മൂട്ടി മനോഹരമായി എഴുതികൊടുത്ത പാട്ടുകളില്‍ സംഘടനക്കുവേണ്ടി മുദ്രാവാക്യങ്ങള്‍ കുത്തിത്തിരുകി പാട്ടുമല്ല മുദ്രാവാക്യവുമല്ലാത്ത അവസ്ഥയിലെത്തിച്ചത് കേട്ടിരുന്നു.
"ഇത്തവണ ഒരു വെറൈറ്റി വേണമെന്നു എല്ലാരും പറഞ്ഞപ്പോ..."
"നമുക്കെന്തെങ്കിലും കൊടുക്കാം."
"എന്തെങ്കിലും കൊടുത്താല്‍ ഉപകാരമായി"
"ഇത്തരം മഹന്മാരായ എഴുത്തുകാരെ കിട്ടിയാല്‍ നമ്മുടെ സംഘടനക്കും നല്ലതാ".. നേതാവ് തനി രാഷ്ട്രീയക്കാരനായി.
"ശരിയാ.. എല്ലാരു എഴുതണ പോലല്ല വെറൈറ്റി എഴുത്താ...മാസം ആയിരം റിയാലിനെങ്കിലും എഴുതും".
"ആളൊരു അന്തര്‍മുഖനായിരിക്കും അതുകൊണ്ടാവും പുറത്തിറങ്ങാതിരിക്കുന്നത്"
"ദേ വൃത്തികേട് പറയരുത്, മുഖമൊക്കെ നല്ല മുഖം തന്നെയാ സുന്ദരനാ"
"ശെടാ അതല്ല അയാളുദ്ദേശിച്ചത്." മമ്മൂട്ടിയെന്നെ തണുപ്പിച്ചു.
"ജോലി, താമസസ്ഥലം ഇതിനുള്ളില്‍ തന്നെ കൂടും. എഴുത്തുമാത്രമാണ് ചിന്ത. മാസത്തില്‍ രണ്ടുതവണമാത്രം എഴുത്ത്... അതുവരെ എഴുതേണ്ടവ മനസ്സില്‍കൊണ്ടുനടക്കും."
"ഓഹോ"
"നിങ്ങള്‍ക്കെന്തെങ്കിലും എഴുതിക്കാനുണ്ടെങ്കില്‍ പതിനഞ്ചാം തിയതിയൊ മുപ്പതാം തിയതിയൊ പോയിനോക്ക്... അതാ നല്ലത്"!
"അതെന്താ തീയതി നോക്കിയൊരെഴുത്ത്?"
"അതങ്ങനെയാ"
"ഓ... രാഹുവും കേതുവുമൊക്കെ നോക്കുന്നയാളായിരിക്കും!"
രാഹുവും കേതുവുമല്ല. ബാബുവും സുനിയും... ചുണ്ടോളമെത്തിയത് ഞാന്‍ പുറത്തുവിട്ടില്ല.
"ഹേയ് അതല്ല!... മാസത്തില്‍ രണ്ടുതവണയല്ലെ പേപ്പര്‍ വരൂ... അന്നേരം എഴുതും!
"പേപ്പറോ...മനസ്സിലായില്ല...?
"കവിതയെഴുതുന്നതെന്തിനാ ദിവസം നോക്കുന്നതും പേപ്പറുവരുന്നതുമൊക്കെ?"
"ഹ ഹ കവിതയോ... ആരാ പറഞ്ഞത്.. മച്ചാന്‍ കവിതയെഴുതുമെന്ന്. ഒരു മൂളിപ്പാട്ടുപോലും പാടാത്ത മച്ചാനോ...നിങ്ങളോടാരാ ഈ വിഡ്ഢിത്തം പറഞ്ഞുതന്നത്..?"
നേതാവിന്റെ സോഡാക്കുപ്പികണ്ണടക്കുള്ളിലെ കണ്ണുകള്‍ ഒന്നുകൂടി കറങ്ങി.
"പിന്നേയ്.. മച്ചാന്‍ എഴുതും നന്നായി... കവിതയല്ല, തായ്‌ലാന്‍ഡ് ലോട്ടറി, അതിന്റെ കാര്യമായിരിക്കും നിങ്ങളോട് ആരെങ്കിലും പറഞ്ഞെ!"
“അപ്പോ ലോട്ടറി എഴുത്തുകാരന്റെ കാര്യമാ പറ്ഞ്ഞോണ്ടിരുന്നെ? കഷ്ടം!”
"നിങ്ങളൊരു പൊതുപ്രവര്‍ത്തകനാണല്ലോ" ആ വാചകം അയാള്‍ക്കൊത്തിരി ഇഷ്ടപ്പെട്ടു.
"ഇത്തരം എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കാതെ അവരെ ഈ എഴുത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചൂടെ?"
"കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കലാണല്ലോ നമ്മുടെ ലക്‌ഷ്യം”
“ആയിക്കോട്ടെ, പ്രോല്‍സാഹിപ്പിക്കാതെ ഒരു കലാകാരനും വളരില്ല. പക്ഷെ പാവപ്പെട്ട നമ്മുടെ നാട്ടുകാരെ പിടികൂടിയ തായ്‌ലാന്‍ഡ് ലോട്ടറി പോലുള്ള കലകള്‍ക്കെതിരെ നിങ്ങള്‍ മുന്‍കൈയെടുത്തിറങ്ങണം. എത്രയെത്ര പ്രവാസികള്‍ കടം കയറി നാട്ടില്‍ പോകാന്‍ നിവൃത്തിയില്ലാതായി.. ആത്മഹത്യയിലൊളിച്ചവരെത്ര? അവരെത്ര കുടുംബങ്ങളെ പട്ടിണിയിലാക്കി. ഇതിനൊക്കെയെതിരെ പ്രവര്‍ത്തിച്ചാല്‍ ഞാന്‍ ബഹുമാനിക്കാം"
" മക്കളെ നിങ്ങള്‍ പറഞ്ഞതിലും കാര്യമുണ്ട്.. എനിക്കു പിറക്കാതെ പോയ ഉണ്ണികളാണു നിങ്ങള്‍... ഞാനിത്തരം തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കും" നേതാവ് അങ്കം പ്രഖ്യാപിച്ചുകഴിഞ്ഞു.
അന്ന് നേതാവിനെന്നോട് അല്‍പ്പം സ്നേഹമൊക്കെ തോന്നി, എനിക്കു തിരിച്ചും.
പിന്നെ എഴുത്തിനെതിരെയായി നേതാവും അയാളുടെ സംഘടനയും അണികളും. ബോധമില്ലാത്തവര്‍ക്കുവേണ്ടി ബോധവല്‍ക്കരണം, സെമിനാര്‍, സിമ്പോസിയം. പത്രസമ്മേളനം... കാലചക്രം പിന്നെയും കറങ്ങി. ചക്രത്തിനടിയില്‍പ്പെട്ട് എഴുത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളും ചതഞ്ഞരഞ്ഞു.
നേതാവിനു നാട്ടില്‍ പോകാറായി. ഒരുപാട് പാവപ്പെട്ട പ്രവാസികളെ നാട്ടില്‍കയറ്റിവിടാന്‍ മുമ്പിലുണ്ടായിരുന്ന നേതാവിനും അതേ ദുര്യോഗം വന്നെത്തി. കടം, സാമ്പത്തിക ബുദ്ധിമുട്ട് ടിക്കറ്റിനുള്ള പണമില്ലായ്മ!. തന്റെ വിശാലമായ സംഘടനാതലങ്ങളില്‍ സമൂഹ്യസേവനത്തിന്റെ ലേബലൊട്ടിച്ച് സഹതാപത്തിന്റെ വലവീശിയെറിഞ്ഞു. പിരിവ്, ചിട്ടി, നറുക്കെടുപ്പ്... ജഗപൊഗ...
എന്തിനേറെപ്പറയുന്നു... അവസാനം നേതാവ് നാട്ടിലെത്തുകതന്നെചെയ്തു. നേതാവു പോയി ഔദ്യോഗിക ദുഃഖാചരണവും കഴിഞ്ഞു... പതിനാറാം നാള്‍ അണികള്‍ അന്വേഷണ കമ്മീഷനെവച്ചു, നേതാവിനു കടം കേറിയതെങ്ങനെയെന്നറിയാന്‍.
കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ട് അണികള്‍ നാലാള്‍ കേട്ടാല്‍ മോശം പറയാത്തരീതിയില്‍ തന്നെ ഞെട്ടി.
ഒരു ജ്ഞാനപീഠമൊക്കെ കിട്ടാനുള്ളത്രയും എഴുതിക്കൂട്ടിയ നമ്മുടെ നേതാവായിരുന്നത്രേ ഏറ്റവും മികച്ച എഴുത്തുകാരന്‍.