എവിടെപ്പോയി? ഇവിടെങ്ങുമില്ലേ? കണ്ടിട്ടൊത്തിരിയായല്ലോ എന്തെങ്കിലും എഴുതിഷ്ടാ... മെയിലായും കമന്റായും ഇതുപോലുള്ള ചോദ്യമൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കുറെയായി.
എന്തെ,താങ്കളുടെ ഉറവ വറ്റിയോ? അതോ അലസതയില്‍ മുങ്ങിപ്പോയോ? അവിടെയും ഇവിടെയും കമന്റി കളിക്കാതെ എന്തെങ്കിലും എഴുതൂ സഹോദരാ...
‘ഉറവവറ്റിയോ’ പോലുള്ള ചങ്കിൽ കൊള്ളണ ചോദ്യം പാടൊണ്ടോ. എല്ലാരും കൂടി എന്നെക്കൊണ്ട് എന്തെങ്കിലും കടുംകൈ ചെയ്യിക്കും! നനഞ്ഞിറങ്ങി, ഭാഗ്യമുണ്ടെങ്കിൽ കുളിച്ചുകേറാം... അല്ലെങ്കിൽ മുങ്ങിച്ചാകട്ടെ!
ബ്ലോഗിലെ പോസ്റ്റില്ലായ്മയാണല്ലോ കവർസ്റ്റോറി....
അടുത്തുള്ളവരെയൊക്ക അത്യാവശ്യം ജാഡ കാണിച്ചു വെറുപ്പിച്ചുകഴിഞ്ഞപ്പോൾ ഇനിയൊരു ഓൺലൈൻ അഹങ്കാരമാകാമെന്നു കരുതി. ബ്ലോഗ് തുടങ്ങിക്കഴിഞ്ഞിട്ടാണ് ഇതിനകത്തു എന്തുവാരിനിറയ്ക്കുമെന്ന് കാടും മലയും കയറി ചിന്തിച്ചത്! ഇപ്പോഴും അതിനുത്തരം കിട്ടിയിട്ടില്ല. ദിവസവും പത്രവാർത്തകൾ കോപ്പി പേസ്റ്റ് ചെയ്യാം! അതിനു ഇങ്ങനെയൊരു സാധനത്തിന്റെ കാര്യമുണ്ടോ, പത്രം വായിച്ചാൽ പോരെ? പിന്നെയോ....?
രണ്ടക്ഷരം പഠിച്ചായിരുന്നെങ്കിൽ നാലക്ഷരം എഴുതാമായിരുന്നെന്നു തോന്നിത്തുടങ്ങിയത് മുടിയിഴകൾ കറുപ്പുതാൻ എനക്കുപുടിച്ച കളറ് എന്ന പാട്ടു നിറുത്തിയപ്പോഴാണ്. ക്ലാസ്മുറിയിലെ അക്ഷരങ്ങളേക്കാൾ വില പള്ളിക്കൂടം പറമ്പിലെ കശുമാവിൽനിന്നെറിഞ്ഞു വീഴ്ത്തുന്ന കശുവണ്ടിക്കു കിട്ടുമായിരുന്നതും കോളേജിലെ ബോറൻ ക്ലാസുകളേക്കാൾ രസകരമാണ് തിയേറ്ററിന്റെ ഇടനാഴികളിൽ തിക്കിത്തിരക്കി ശ്വാസം മുട്ടി ടിക്കറ്റെടുത്ത് മാറ്റിനി കാണുന്നതെന്ന് കണ്ടുപിടിച്ചതും അക്ഷരങ്ങളുമായുള്ള ബന്ധം എന്നേ ഊട്ടി(കൊടൈക്കനാൽ) ഉറപ്പിച്ചിരുന്നു.
എങ്കിലും അബദ്ധങ്ങൾക്കു മീതെ മണ്ടത്തരങ്ങൾ വിളമ്പി വിവരമില്ലായ്മയുടെ മേമ്പൊടി ചേർത്ത് പത്തുപതിനഞ്ചു പോസ്റ്റാക്കി. നാട്ടിൽ പോകുന്നതിനുമുമ്പൊരു പടബ്ലോഗിനും തറക്കല്ലിട്ടു. എഴുതുന്നതിനേക്കാൾ സമയം ലാഭിക്കാമെന്ന ഗുട്ടൻസ് മുന്നിൽകണ്ട്. അതും ദാണ്ടെ കെടക്കണു.. ഒന്നുകിൽ അന്തോം കുന്തോം ഇല്ലാതെ മെയിൽ ഫോർവേഡ് വരുന്ന പടങ്ങൾ പോസ്റ്റണം, അല്ലെങ്കിൽ സ്വന്തമായി എടുത്ത പടം വേണം! കൈവിറക്കാതെ ക്യാമറ പിടിക്കാൻ അറിയാമായിരുന്നെങ്കിൽ ഫോട്ടോ ബ്ലോഗ് ഉഷാറാക്കാമായിരുന്നു. പണ്ട് ഓട്ടോഫോക്കസ് ഫിലിം ക്യാമറയിൽ ലെൻസ് ക്യാപ്പ് ഊരാതെ ഒരുറോൾ പടമെടുത്ത ക്രെഡിറ്റും എസ്സെല്ലാർ ക്യാമറയാണെങ്കിൽ ക്യാപ്പ് പ്രശ്നമില്ലെന്നുകേട്ട് അതും വാങ്ങി പടമെടുത്തപ്പോൾ സൂര്യോദയത്തിന്റെ ഫോട്ടൊ കണ്ട പിള്ളേരു ഓംലെറ്റാണെന്നു കരുതി വെള്ളമിറക്കിയതും സേപിയ ടോണിൽ കാണിക്കാൻ പറ്റിയ ഒന്നാന്തരം ഫ്ലാഷ്ബാക്ക്!
രണ്ടരകൊല്ലം മുമ്പ് നൂറു ദിവസത്തെ ലീവിനു ദാ വരണൂന്നും പറഞ്ഞ് പോയ പോക്കാണ്. സുഖയാത്ര എയറിന്ത്യയിലായിരുന്നതിനാൽ വെറും പതിമൂന്നു മണിക്കൂർ മാത്രമേ എയർപോർട്ടിലെ കാഴ്ചകൾ കണ്ടാസ്വദിക്കാൻ സമ്മതിച്ചുള്ളു.
പിറ്റേദിവസംതന്നെ ലീവ് കഴിഞ്ഞെത്തുന്ന പ്രവാസി അനുഷ്ടിക്കേണ്ട പരമ്പരാഗത ആചാരമായ കവലയിലിറങ്ങി നാട്ടുകാരെയും ചങ്ങാതിമാരെയും കണ്ട് സാന്നിദ്ധ്യമറിയിക്കുന്ന ചടങ്ങു നടന്നു. എന്നാ വന്നത്? എപ്പൊഴാ പോണെ? എന്നൊക്കെ കേൾക്കുമ്പോൾ കോപം വരുന്ന ബൂർഷ്വാ മൂരാച്ചി ഗൾഫുകാരനാവാതെ നാട്ടിലെ എല്ലാ അഭ്യുദയകാംക്ഷികൾക്കും, ലീവ്, തിരിച്ചുപോകുന്ന തിയതി, സമയം, ഫ്ലൈറ്റ് നമ്പർ, ബോർഡിംഗ് ടൈം എല്ലാമടങ്ങിയ സത്യവാങ്മൂലം സമർപ്പിച്ചു. കാക്കയുടെ വിശപ്പുമാറിയില്ലേലും പോത്തിന്റെ കടിമാറട്ടെ!
ബാലൻമാഷ് കരണ്ടുതിന്നാത്ത സമയം നോക്കി കമ്പ്യൂട്ടറിന്റെ മുമ്പിലിരിക്കുമ്പോൾ ബീയെസ്സെന്നെല്ലുകാരു തരുന്ന ഡയലപ്പിന്റെ സ്പീഡ് കണ്ടു ചിരിച്ചു ചിരിച്ചു ചാകും! ഇടക്കിടെ നിറുത്തിയും വലിഞ്ഞും... നമ്മൾ നെല്ലിപ്പലകയും കണ്ട് കാത്തിരിക്കണം... മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ വാക്കുകൾ പെറുക്കിയെടുക്കാനിരിക്കുന്ന പത്രലേഖകരെപ്പോലെ ! ആദ്യമൊക്കെ നാൽപ്പത്തിയെട്ട്, മുപ്പത്താറ്, ഇരുപത്തിനാല്, പതിനാറ്, എട്ട്, നാല്, നാല് എം ബിയല്ല കേബി! കേബി പെർ സെക്കന്റ്! ഹായ്..സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ...
ഇവിടെ അറബീടെ കാശുകൊണ്ട് ഹൈസ്പീഡ് ഇന്റെർനെറ്റിന്മേൽ അർമ്മാദിച്ചിട്ട് നാട്ടിൽ കിട്ടിയ തുടക്കം അവർണ്ണനീയം! വേണേൽ റബ്ബർബാൻഡ് പോലത്തെ ബ്രോഡ്ബാൻഡ് നാട്ടിലും കിട്ടും!
ബില്ലുവന്നപ്പോൾ കണ്ണിനുമുമ്പിൽ ആയിരം ഫ്ലാഷ് അനിമേഷൻ എഫക്റ്റുകൾ ! ബ്ലോങ്ങാനിരുന്നവന്റെ തലയിൽ അനോണി കമന്റ് വീണപോലെ!
നാട്ടിലേക്കായി മാറ്റിവെച്ചിരുന്ന പെരുന്നാളാഘോഷങ്ങളെല്ലാം ഒരുവിധം തീർന്നപ്പോൾ ഒരിക്കൽ ഞാൻ നടത്തിക്കൊണ്ടിരിക്കുന്ന ഭയങ്കര സംഭവമായ ബ്ലോഗും ഇനി നാട്ടിൽ വെച്ചു തുടർന്നു നടത്താനുദ്ദേശിക്കുന്ന ഫോട്ടോബ്ലോഗും എല്ലാം ഭാര്യയെ കാണിച്ചു. അവൾക്കു നന്നേ ബോധിച്ചു സർട്ടിഫിക്കറ്റും തന്നു: സംഗതിയൊക്കെ നല്ല രസോണ്ട്... കൊള്ളാം...
“അതേയ്, ഇതെന്താ ഇങ്ങനെത്തെ പേരുകള്...” പക്ഷെ ബ്ലോഗർമാരുടെ പേരുകൾ പുള്ളിക്കാരത്തിക്കത്ര പിടിച്ചില്ല.
ഈനാംപേച്ചി, മരപ്പട്ടി, കുട്ടിച്ചാത്തൻ, മരമാക്രി, ആദിവാസി, പ്രയാസി, ബൃത്തികെട്ടോൻ, കൂതറ, വഷളൻ, ചക്കക്കുരു, മാങ്ങാത്തൊലി...
ബ്ലോഗുണ്ടാക്കുമ്പോൾ ഇങ്ങനത്തെ പേരുകൾക്കാടീ ഡിമാന്റ്! എത്ര രസകരമായ പേരുകൾ!
“എന്നാ നിങ്ങൾക്കും ഇട്ടൂടായിരുന്നോ...”
“മരപ്പട്ടീന്ന് ഇടായിരുന്നു. നിന്റെ കൂട്ടായതോണ്ട് നല്ല ചേർച്ചയുമുണ്ടായേനെ!. പക്ഷെ തറ പേരുകളിൽ ഇനി ഒരെണ്ണം പോലും ബാക്കിയില്ല. എല്ലാം മലയാളം ബ്ലോഗേഴ്സ് കയ്യേറി വേലികെട്ടി രവീന്ദ്രൻ പട്ടയവുമെടുത്തു.”
ബ്ലോഗിങ്ങിനെക്കുറിച്ചുള്ള പഠനക്ലാസിനിടയിൽ സിലബസിലില്ലാത്ത വിഷയത്തിൽനിന്നൊരു ചോദ്യം...
“ഇതീന്നു എന്തു കിട്ടും?”
“പത്തുമുപ്പതു കമന്റുകിട്ടും...”
“കമന്റടീടെ കാര്യല്ല ചോദിച്ചത്...”
“പിന്നെ?”
“മാസം എന്തു വരുമാനം കിട്ടും?”
“വരുമാനമൊന്നുമില്ല, പിന്നെ ഒരു രസം, കുറെ ചങ്ങാതിമാരെ കിട്ടും അവരുടെ മുമ്പിൽ വല്യ ആളാകാം. പിന്നെ ഫോൺ ബില്ല് ഇത്തിരി കൂടും, ഇത്തിരി മാത്രം”
“ബ്ലോങ്ങണതൊന്നും കുഴപ്പമില്ല, ഫോൺ ബില്ല് ഇപ്പൊളഴത്തേതിനേക്കാൾ കൂടാതെ നോക്കിക്കോ. ഇപ്പോഴത്തെ മിനിമം ബില്ലുകെട്ടാൻ തന്നെ പാടുപെടുമ്പോഴാ ഇന്റെർനെറ്റ് ബില്ലുകൂടെ. കുറെക്കാലം കൂടി വന്നതല്ലെ, തൽക്കാലം കൂട്ടുകൂടാൻ ഞാനിവിടെയുണ്ട്. രസമൊക്കെ ഞാൻ ആവശ്യത്തിനുണ്ടാക്കിത്തരാം. കാണാത്ത അറിയാത്ത കുറെയാൾക്കാരുമായി കൂട്ടുകൂടീട്ടെന്തിനാ... കീബോർഡുമ്മേൽ കുത്തിക്കുത്തി വിരലിന്റെ അറ്റം തേഞ്ഞുതീരുന്നതിനുമുമ്പ് എന്തേലും ജോലിക്ക് ശ്രമിക്ക്...”
പിൻബുദ്ധി പ്രായോഗികതയുടെ പിന്നാലെ പായുമ്പോൾ ഞാൻ ജന്മവാസനകളായ കുഴിമടിയും അലസതയും ഗൾഫീന്നു ബോണസായികിട്ടിയ ഉറക്കത്തോടുള്ള ആർത്തിയുമൊക്കെ കൂട്ടി എനിക്കും ബ്ലോഗിങ്ങിനുമിടയിൽ ഫയർവാൾ കെട്ടി ! പിന്നെ അതങ്ങു വളർന്നു ഗ്രേറ്റ്വാൾ പോലെ...
നാട്ടിൽ എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും ബ്ലോഗ് പോസ്റ്റിനുള്ള വകുപ്പുകൾ മാത്രം. കുറച്ചൊക്കെ എഴുതിത്തുടങ്ങുകയും ചെയ്തു. പോസ്റ്റേൽ പിടിപ്പിക്കുന്ന പോസ്റ്റ്. പണ്ടു സന്ധ്യക്കുശേഷം മാത്രം ഇറങ്ങുമായിരുന്ന പാമ്പുകൾ പുതിയ ബെവറേജസ് ഔട്ട്‌ലെറ്റുകൾ കാരണം ഇരുപത്തിനാലുമണിക്കൂറും ഇഴയുന്നു. ഇഴയാൻ ആവതില്ലാത്തവർ കയ്യാലയിലെ പുല്ലുപറിക്കുന്നു. അതെഴുതി പകുതിയാകുമ്പോഴേക്കും അതിലും രസകരമായ വേറൊരു കൂട്ടർ! വയറുനിറച്ച് ഹാൻസും പാൻപരാഗും തിന്ന് ചൈനാമൊബൈലിൽ ഉച്ചത്തിൽ പാട്ടും കേട്ട്, വീട്ടിൽ റേഷൻ വാങ്ങാൻ വെച്ച കാശ് അടിച്ചുമാറ്റി മമ്മൂട്ടിക്കും മോഹൻലാലിനും ഫ്ലെക്സ്ബോർഡും വെച്ച് ആനന്ദം ആനന്ദം ആനന്ദമേ പാടുന്നു. എഴുതിയെഴുതി എഴുത്തച്ഛനാകാറായിട്ടും ഇതൊന്നും ബ്ലോഗിലെത്തിയില്ല. നാട്ടിലെത്തിയാൽ എന്തിനാ ബ്ലോഗ്? ദിവസവും നൂറുകണക്കിനു ലൈവ് എന്റെർടൈൻമെന്റുകൾ! ആസ്വദിക്കാനുള്ള മനസ്സുമാത്രമുണ്ടാക്കിയെടുത്താൽ മതി.
അവസാനം മൊബൈലിലൊക്കെ നെറ്റ് കിട്ടിത്തുടങ്ങിയപ്പോഴേക്കും ‘ബ്ല’ തന്നെ മറന്നു!
ആഗോളമാന്ദ്യം പണ്ടേ വന്നു പോയ പ്രവാസിയുടെ നാട്ടുവാസം രണ്ടുവർഷം കഴിഞ്ഞു. ഗൾഫീന്നു കിട്ടിയ ഗ്ലാമറും തടിയും പോയി. പ്രവാസികളുടെ ലാൻഡ്മാർക്കായ കുടവയറും അപ്രത്യക്ഷമായി. വെയിലേറ്റാൽ മായാത്ത പഴയ ഗ്യാരണ്ടി കളർ തിരിച്ചുവന്നു. കയ്യിലെ പണം മാത്രം തീർന്നില്ല. ഇല്ലാത്തതു തീരില്ലെന്ന തിയറി പഠിച്ചുകൊണ്ടിരിക്കുന്നു!
എന്തിനേറെപ്പറയുന്നു. അവസാനം എല്ലാ ഗൾഫുകാരെയും പോലെ ഞാനും തിരിച്ചുവന്നു.
വന്നപാടെ പഴയ സൈക്കിളുമെടുത്ത് ബൂലോകത്തുകൂടിയൊന്നു കറങ്ങി. കഴിവുള്ള ഒരുപാടുപേർ പുതുതായെത്തിയിരിക്കുന്നു. പ്രവാസികൾക്ക് ഇത്ര സംവരണം കൊടുക്കുന്ന വേറെ പൊതുമേഖലാസ്ഥാപനമുണ്ടോന്നറിയില്ല. ബൂലോകത്തൊരു പുതുമുഖമായെത്തിയപ്പോൾ ഒരുപാട് നിർദ്ദേശങ്ങളും സഹായങ്ങളും തന്ന പഴയ ചങ്ങാതിമാരുടെ ബ്ലോഗിലൊക്കെ പോയി നോക്കി. കുറെപ്പേരൊക്കെയുണ്ട്. മറ്റു ചിലർ ബ്ലോഗും പൂട്ടി സ്ഥലം വിട്ടിരിക്കുന്നു. നാലു ബ്ലോഗും അതുനിറയെ പോസ്റ്റും പിന്നെ ബൂലോകത്തെ പോസ്റ്റുകൾക്കെല്ലാം പോസ്റ്റിനെക്കാൾ വലിയ കമന്റുമായി നടന്ന് നന്മകൾ നേർന്നിരുന്ന മൻസൂർ നിലമ്പൂർ സൗദിയിൽ നിന്നും മുങ്ങി അബുദാബിയിൽ കുടയും പിടിച്ചു നടക്കുന്നു. ചക്രവും ചവച്ച് ബൂലോക പടമെടുപ്പുകാരനായി നടന്ന കുഞ്ഞുമൽസ്യം പ്രയാസി ഒരുവർഷം മുമ്പ് പൾസർ സ്റ്റാൻഡിൽ വെച്ച് പോയതാണ്. പൾസർ ഉപേക്ഷിച്ച പ്രയാസിയെ പുതിയ വണ്ടിയുമായി മഴത്തുള്ളിക്കിലുക്കത്തിൽ കണ്ടു, ശ്രീ പോസ്റ്റ് ചെയ്ത വിവാഹ ഫോട്ടോയിൽ. ഒരുകാലത്ത് എല്ലാവരും മീതേക്കു മീതെ ദിവസവും പോസ്റ്റുകളിട്ടു തിരക്കുകൂട്ടി, ആഴ്ചയിൽ ഒരു പോസ്റ്റേ ഇടാവു എന്നു കർശനനിർദ്ദേശം വെച്ച കിലുക്കം നഷ്ടപ്പെട്ട മഴത്തുള്ളിയെ ഇന്നു ആർക്കും വേണ്ട! ദാ ഇപ്പൊ അതിന്റെ പേരും ഹെഡറും വരെ ആരോ അടിച്ചുമാറ്റിയിരിക്കുന്നു!
എഴുത്തു നിറുത്തി ഓടിനടന്നു കമന്റുന്ന പുതിയ ഒരടവുനയം പയറ്റിയാലോ എന്നും നോക്കി! കമന്റിന്റെ പിന്നാലെ വന്നവർ ചിലരൊക്കെ അവസാന പോസ്റ്റിലെ തീയതികണ്ട് വണ്ടി തിരിച്ചുവിട്ടു.
ബൂലോകത്തെ തീപാറുന്ന ചർച്ചകളിൽ നിന്നും ഓടിമാറി ആർക്കെങ്കിലും ഒരു കുഞ്ഞു കമന്റുമെഴുതി ഇഷ്ടമുള്ള പടം കണ്ടാൽ സ്മൈലിയിടാനറിയാത്തതിനാൽ കൊള്ളാമെന്നും പറഞ്ഞ് തടിയെടുക്കുക. അടി-ഇടി തർക്ക സംവാദ ബ്ലോഗുകളിലേക്കെത്തിനോട്ടം മാത്രം! അങ്ങാടിയിൽ അടിനടക്കുമ്പോൾ ഓടി കയ്യാലപ്പുറത്ത് കയറിനിന്ന് കളികാണുന്ന ധൈര്യം! അതാണിപ്പോഴത്തെ പോളിസി. റ്റേക്കീറ്റീസിപോളിസി!
ജോലിത്തിരക്കുകൾക്കിടയിൽ നിന്നുപോലും അനവധി പുത്തനറിവുകൾ ലളിതമായി മലയാളത്തിലേക്ക് പകർന്നു തരുന്ന നിരവധി ബ്ലോഗർമാർ. മലയാളകഥയുടെയും കവിതയുടെയും കൈവഴികളിലൂടെ ഹൃദയത്തിൽ പുതുവസന്തം വിരിയിക്കുന്നവർ... കാണാത്ത കാഴ്ചകളും വിവരണങ്ങളുമായി യാത്രയിൽ ഒപ്പം കൂട്ടുന്നവർ. സൌഹൃദത്തിന്റെ നറു നിലാവുമായി സ്നേഹം വിതറുന്ന കാണാത്ത സഹോദരങ്ങൾ... ഒറ്റപ്പെടലിന്റെ ഏകാന്തതയിൽ സാന്ത്വനമാകുന്നവർ.. നർമ്മം വിതറി വിരസതയകറ്റുന്നവർ... വീൽചെയറിലിരുന്നും ശരീരമൊന്നനക്കാൻ പോലുമാവാതെ കിടന്നുകൊണ്ടും ബ്ലോഗെഴുതുകയും വായിക്കുകയും കമന്റുകയും ചെയ്യുന്നവർ... ഇവരൊക്കെയാണീ മാധ്യമത്തിന്റെ ശക്തിയും ഐശ്വര്യവും. എല്ല്ലാവരെയും സ്നേഹിച്ച് നിങ്ങളിലൊരാളായി ഈ ബൂലോഗ മലയാളത്തിന്റെ കോണിൽ ഞാനും!
നൂറു ദിവസത്തെ ലീവ് അടിച്ചുപരത്തി വലിച്ചുനീട്ടി രണ്ടേകാലരക്കാൽ കൊല്ലമാക്കി ഞാൻ തിരിച്ചെത്തി, പ്രവാസത്തിലേക്കും ഒപ്പം ബൂലോകത്തേക്കും.
ഒരു രഹസ്യം: ആരോടും പറയണ്ട! നാട്ടിൽ ഒരുമാതിരെ സെറ്റപ്പൊക്കെ ആയതാ... ഗൾഫിലേക്കു തിരിച്ചുപോരേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല, പിന്നെ കെട്ട്യോളേം മൂന്നു കുട്ട്യോളേം പട്ടിണിക്കിടണ്ടാന്നു കരുതി മാത്രം...
70 comments:
നനഞ്ഞിറങ്ങി, ഭാഗ്യമുണ്ടെങ്കിൽ കുളിച്ചുകേറാം... അല്ലെങ്കിൽ മുങ്ങിച്ചാകട്ടെ!
(((((((((((ഠോ))))))))))))
ഒരു തേങ്ങാ,
വെൽക്കം ബാക്ക് റ്റു ബൂലോകം എന്ന് പറയണമെന്നുണ്ട്.
പക്ഷെ
അതിനെക്കാൾ വലുത്
വെൽക്കം ബാക്ക് റ്റു പ്രവാസം.
നിരാശയുടെ ഗന്തം എത്രം ശ്രമിച്ചിട്ടും അക്ഷരങ്ങളിൽനിന്നും പോവുന്നില്ല അല്ലെ.
എല്ലാം ശരിയാവും. ഞങ്ങളോക്കെ ഇവിടെയുണ്ട്.
Sulthan | സുൽത്താൻ
ആരോടും പറയണ്ട! നാട്ടിൽ ഒരുമാതിരെ സെറ്റപ്പൊക്കെ ആയതാ... ഗൾഫിലേക്കു തിരിച്ചുപോരേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല, പിന്നെ കെട്ട്യോളേം മൂന്നു കുട്ട്യോളേം പട്ടിണിക്കിടണ്ടാന്നു കരുതി മാത്രം...
ഒന്നില്‍ നിന്ന് വേറൊന്നിലേക്ക് നല്ല ഒഴുക്കോടെ പറഞ്ഞിരിക്കുന്നു.. :)
പഴയകാല ബ്ലോഗിനെ കുറിച്ചുള്ള വിവരണം ഇഷ്ട്ടായി.
ആദ്യമാണെന്ന് തോനുന്നു ഞാന്‍ മാഷിന്റെ ബ്ലോഗില്‍, വായനക്കായി ഇനിയുമെത്താം, ആശംസകള്‍
"സുഖയാത്ര എയറിന്ത്യയിലായിരുന്നതിനാൽ വെറും പതിമൂന്നു മണിക്കൂർ മാത്രമേ എയർപോർട്ടിലെ കാഴ്ചകൾ കണ്ടാസ്വദിക്കാൻ സമ്മതിച്ചുള്ളു."
ആദ്യമായിട്ടാണ് ഈ വഴി വരുന്നത്...
വ്യത്യസ്തമായ ശൈലി, വളരെയധികം ഇഷ്ട്ടപ്പെട്ടു...
വീണ്ടും കാണാം...
എന്നെയും മുൻപ് കണ്ടു പരിചയമുണ്ടാവില്ല. പുതിയ ആളാ..!
സന്തോഷം, കണ്ടുമുട്ടിയതിൽ!
ഇനി മുടങ്ങാതെ ബ്ലോഗാൻ ഇടവരട്ടെ!
തിരിച്ചുവരവുകൽ.... ടി.വി. യിൽ കാണുമോ?
ഒഴുക്കുള്ള അവതരണ ശൈലി ഇഷ്ടപ്പെട്ടു...
നാട്ടിലെത്തിയാല്‍ എല്ലാവരുടെയും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെ അല്ലേ അലി ഭായ്?
മന്‍സൂര്‍ ഭായ് മാത്രമല്ല, നമ്മുടെ സഹയാത്രികനും പ്രയാസിയുമുള്‍പ്പെടെ പഴയ ബ്ലോഗര്‍മാര്‍ പലരും ഇപ്പോ ആക്ടീവല്ല...
എന്തായാലും ഈ രണ്ടരക്കൊല്ലത്തെ വിശേഷങ്ങളെല്ലാം കൂടെ ആറ്റിക്കുറുക്കി എഴുതിയ ഈ പോസ്റ്റ് ഇഷ്ടമായി.
അപ്പോ ഇനി...? ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലേ?
:)
:)
ബ്ലോങ്ങാനിരുന്നവന്റെ തലയില്‍ വീണ തേങ്ങാ.. അല്ല.. അനോണികമന്റ് ഇഷ്ടപ്പെട്ടു...
നല്ല ഒഴുക്ക്...നര്‍മം....
മുങ്ങിച്ചാവില്ല, കുളിച്ചുകേറും.. നീന്തിക്കുളിച്ചുതന്നെ കേറും...
ആശംസകള്‍...
പ്രവാസ ജീവിതത്തിന്റെ ചൂടേറിയ അനുഭവങ്ങളിലേക്ക് വീണ്ടും അല്ലെ .. നാട്ടിൽ നിന്നതുൾപ്പെടെ എല്ലാം ആറ്റി ക്കുറുക്കി അവതരിപ്പിച്ചത് വളരെ നന്നായി പഴയ ആളുകൾ പോയപ്പോൾ എന്നെ പോലെ ഒന്നും അറിയാത്ത കുറെ എണ്ണം വേറെയും എത്തി .. നല്ല അവതരണം എല്ലാവിധ ആശംസകളും ഭാവുകങ്ങളും ...
വലിയ ഒരു സത്യം വളരെ രസകരമായി എഴുതി.! ഒരു ആവേശത്തില്‍ ഒരു ബ്ലോഗ് തുടങ്ങി മനസില്‍ അതുവരെ ഉണ്ടായിരുന്ന കാര്യങ്ങള്‍ എല്ലാം എഴുതി കഴിഞ്ഞു “ഉറവ”വറ്റി തലചൊറിഞ്ഞും തലപുണ്ണാക്കിയും വിഷയങ്ങള്‍ കിട്ടാതെ ബ്ലോഗ് പൂട്ടി പോവുന്നവന്‍റെ അവസ്ഥയിലൂടെ ഒഴുകി എത്തിയത് ഒരു ശരാശരി ഗള്‍ഫുകാരന്‍റെ നൊമ്പരത്തിലാണ്. ഗള്‍ഫ് നിറുത്തി ഇനിയില്ല എന്ന് കോലുമുറിച്ചിട്ടവര്‍ വീണ്ടും ഇവിടെ വന്ന് ജോലി അന്വേഷിക്കുന്ന കാഴ്ച കാണുമ്പോള്‍ ഇനി നിറുത്താം എന്നു മനസ്സിന്‍റെ ഒരു കോണ്‍ പറയുമ്പോള്‍ അതെ മനസ്സിന്‍റെ മറ്റൊരുകോണില്‍ ഇനി എന്ത് എന്ന ഒരു ചോദ്യവും ഉയരുന്നു.! നര്‍മ്മത്തിലൂടെ ഒരു നൊമ്പരം നന്നായി എഴുതി അലിഭായ്.!
എസ്സെല്ലാർ ക്യാമറയാണെങ്കിൽ ക്യാപ്പ് പ്രശ്നമില്ലെന്നുകേട്ട് അതും വാങ്ങി പടമെടുത്തപ്പോൾ സൂര്യോദയത്തിന്റെ ഫോട്ടൊ കണ്ട പിള്ളേരു ഓംലെറ്റാണെന്നു കരുതി വെള്ളമിറക്കിയതും.... ഹോ.. ചിരിക്കാന്‍ വയ്യേ,,,,
പിന്നെ ആ ഡ്രാഫ്റ്റ് ചെയ്തു വച്ചിരിക്കുന്ന പോസ്റ്റുകള്‍ ഒക്കെ എടുത്തു തേച്ചുമിനുക്കി പോസ്റ്റ് ചെയ്യണം കേട്ടോ...
രണ്ടു കൊല്ലം വിശ്രമിചാലെന്താ അതിര് പകരം വയ്ക്കാവുന്ന ഒന്നാം തരം പോസ്ടല്ലേ നാട്ടിയിരിക്കുന്നത്! നുമ്മ ഒക്കെ പുതിയ ബ്ലോ കളല്ലേ.നുമ്മക്ക് കഴിയാത്ത വിധം അതി രസകരമായി ചുറ്റുപാടുകളെ ആക്ഷേപഹാസ്യത്തില്‍ അവതരിപ്പിച്ചത് വളരെ ഹൃദ്യമായി. ബ്ലോഗിലെ ലാഭ നഷ്ടങ്ങള്‍ നല്ല രീതിയില്‍ തന്നെ എഴുതി.
ഇടക്കൊക്കെ നമ്മളെ പ്പോലെയുള്ള ജൂനിയെഴ്സിന്റെ തട്ടകതിലും ഒന്ന് കയറി ഇറങ്ങണം കേട്ടോ .
ഒരു സംശയം:
"കുറെക്കാലം കൂടി വന്നതല്ലെ, തൽക്കാലം കൂട്ടുകൂടാൻ ഞാനിവിടെയുണ്ട്. രസമൊക്കെ ഞാൻ ആവശ്യത്തിനുണ്ടാക്കിത്തരാം."
ഇത് മാത്രം മനസ്സിലായില്ല കേട്ടോ .....
“മരപ്പട്ടീന്ന് ഇടായിരുന്നു. നിന്റെ കൂട്ടായതോണ്ട് നല്ല ചേർച്ചയുമുണ്ടായേനെ!............:)
വീണ്ടും സജീവമായല്ലോ......എല്ലാ ആശംസകളും....
തിരിച്ചു വരവ് ഗംഭീരമാകട്ടെ.
ഒരു പുതിയ ബ്ലോഗര്‍ ആണ്, ഇനി ഇവിടെയൊക്കെ കാണും.
ആശംസകള്‍
കയ്യിലെ പണം മാത്രം തീർന്നില്ല. ഇല്ലാത്തതു തീരില്ലെന്ന തിയറി പഠിച്ചുകൊണ്ടിരിക്കുന്നു!
അതെനിക്ക് ഒത്തിരി ഇഷ്ടായി...ഞാനൊരു ഉമ്മ വച്ചോട്ടെ
തിരിച്ചുവരവ് ഇഷ്ടപ്പെട്ട എല്ലാകൂട്ടുകാർക്കും നന്ദി.
എല്ലാവർക്കും സുസ്വാഗതം
മാൽവേറുകളെന്ന ചാവേറുകൾ ഞങ്ങളുടെ കമ്പ്യൂട്ടറും നെറ്റുവർക്കുകളും തകർക്കുകയാണ്.അതിനൊരു പരിഹാരം കണ്ടിട്ട് വന്നെ എല്ലാവരെയും നേരിൽ കാണാം
ആശംസകൾ!
നല്ല മനോഹരമായ അവതരണം. നനഞ്ഞിറങ്ങി, കയറാൻ സമയമാകുമ്പോൾ
കയറാം . കാര്യമായിട്ട് നനയുക...........തോർത്താനും രാസ്നാദിപൊടി തലയിൽ
തിരുമ്മാനും ഞങ്ങളുണ്ട്............അസ്സലാമു അലൈക്കും.............
അലി ഭായ് - നിരക്ഷരന്‍ എന്നുള്ള പേരും പുള്ളിക്കാരിക്ക് അത്ര പിടിച്ച് കാണില്ലല്ലോ ? അതോ അങ്ങനൊന്ന് കണ്ടിട്ടില്ലെങ്കില്‍ മിണ്ടണ്ട അക്കാര്യം :)
സുഹൃത്തേ ,
ദുബായ് ഡയസ് കമന്റ് വഴി ഇവിടെ എത്തി , നല്ല ഒഴുക്കില്‍ വായിച്ചു കേട്ടോ ഈ പോസ്റ്റ് , ബ്ലോഗിലെ കുറെ യാഥാര്‍ത്ഥ്യങ്ങളും , സൌഹൃദങ്ങളും , നൊമ്പരങ്ങളും വരികളില്‍ കണ്ടു ...
ആശംസകള്‍ .....
തിരിച്ചുവരവിനെ സ്വാഗതം ചെയ്ത എല്ലാവർക്കും നന്ദി
സുൽത്താൻ,
തേങ്ങാകഷണങ്ങൾ പിന്നാലെ വരുന്ന എല്ലാവർക്കുമായി വീതിക്കുന്നു.
വന്നു കണ്ടതിലും അഭിപ്രായമറിയിച്ചതിലും നന്ദി.
b Studio,
വന്നതിൽ സന്തോഷം
ഇനിയും വരണം.
കൂതറHashimܓ
ഇനിയുമെത്തണം
ഇതുവരെ ആൾ താമസമില്ലാതിരുന്ന ഇവിടെയും വന്നതിൽ വളരെ സന്തോഷം!
Naushu ,
വന്നല്ലോ അതുമതി.
ഇനിയും പ്രതീക്ഷിക്കുന്നു.
നന്ദി
jayanEvoor ,
ഇങ്ങനെയല്ലേ കാണുന്നത്.
ഡോക്ടറുടെ ബ്ലോഗിലും ഞാൻ വന്നിരുന്നു.
ഇനിയും ഈ വഴിയെ സുസ്വാഗതം.
കാക്കര,
ടിവിയിൽ തിരിച്ചുവരവുകൾ കാണും,
പിറ്റേന്നു തന്നെ വൻവീഴ്ചകളും.
വല്യമ്മായി,
സ്മൈലിയിടാനറിയാല്ലേ...
എനിക്കറിയില്ലാ.
മൈലാഞ്ചി,
നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ മുങ്ങിക്കുളിച്ചുതന്നെ കയറാം.
ഇനിയും പ്രതീക്ഷിക്കുന്നു.
ഹംസക്കാ..
വന്നു കണ്ടതിൽ പെരുത്ത് സന്തോഷം.
ഒരു കമന്റിനു മറുപടിയെഴുതിത്തുടങ്ങിയത് ഇങ്ങിനെയായി.
പിന്നെ നമുക്കറിയാവുന്നതിനേക്കുരിച്ചൊക്കെയല്ലേ എഴുതാനാവൂ.
നന്ദി.
നജീമിക്കാ...
സന്തോഷായി.
കുറെയെണ്ണം മനസ്സിലും പിന്നെ കടലാസിലുമുണ്ട്. പൂർത്തിയാക്കാൻ ശ്രമിക്കാം!
നന്ദി.
ഇസ്മയിൽ ഭായ്.
നമുക്ക് പുതിയ ആളെന്നൊ പഴയതെന്നൊ വ്യത്യാസമില്ല. ചിലരെ അന്വേഷിച്ചെന്നല്ലാതെ.
ഇത്രേം പ്രായമായിട്ടും ഇതിലിത്ര മനസ്സിലാകായ്ക എന്താണ്?
മാറുന്ന മലയാളി,
ആശംസകൾ!
തെച്ചിക്കോടൻ,
നമ്മളും പുതിയ ആൾ തന്നെ
അത്രയ്ക്ക് പരിചയമേയുള്ളു ഈ രംഗത്ത്.
വന്നതിൽ നന്ദി.
എറക്കാടൻ,
പുത്തൻ പുലികൾ വന്നതൊത്തിരി ഇഷ്ടായി,
തിരിച്ചും ഒരുമ്മ!
സാദിഖ് ഇക്കാ...
നിങ്ങൾ കൂടെയുണ്ടെങ്കിൽ പിന്നെന്തു നോക്കാൻ
എന്നും നിങ്ങൾക്കായ് പ്രാർത്ഥനയോടെ.
നിരക്ഷരൻ,
ഈ പേരു പരിചയമില്ലാഞ്ഞിട്ടല്ല.
എല്ല്ലാ പേരും എഴുതാൻ ഒരു പോസ്റ്റ് തന്നെ വേണ്ടിവരില്ലേ.
അങ്ങനങ്ങു വിടാൻ തീരുമാനിച്ചിട്ടില്ലാട്ടോ.
Readers Dais,
ഈവഴിയെ വന്നതിലും അഭിപ്രായമറിയിച്ചതിലും വളരെ സന്തോഷം
ആശംസകൾ!
ഇത് വെറും "ഓരിയിടല്‍" അല്ലല്ലോ അലി....മനോഹരമായ പോസ്റ്റ്...കുറിക്കു കൊള്ളുന്ന നര്‍മ്മം...ഇത്ര ഒഴുക്കോടെ എഴുതാന്‍ കഴിയുന്ന ആള്‍ എന്തിനു ബ്ലോഗില്‍ നിന്നും മാറിനില്‍ക്കുന്നു....
ധൈര്യമായി തുടരുക...ബ്ലോഗര്‍ കോം കാവിലമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ...ആശംസകള്‍..
ആഹാ .ഇങ്ങിനെയോക്കെയാണോ സംഭവങ്ങള്‍ ...ഞാന്‍ 2007 ല്‍ തുടങ്ങിയെങ്കിലും ഇപ്പോളാണ് സജീവമായത്.എല്ലാ വിധ ഭാവുകങ്ങളും..
രഘുനാഥൻ,
പട്ടാളം ബ്ലോഗറുടെ അനുഗ്രഹം സ്വീകരിക്കുന്നു.
സന്തോഷം!
സിദ്ധിഖ് ഭായ്
മൂന്നാം വർഷമാണ് ഞാനും ഈ കൃഷിതുടങ്ങിയിട്ട്.
വന്നുകണ്ടതിൽ പെരുത്ത് സന്തോഷം!
പഴയ ബ്ലോഗ്ഗര്‍ തിരിച്ചു വന്നതില്‍ സന്തോഷിക്കുന്നു.
നല്ല ഒഴുക്കുള്ള രചനാ ശൈലി..മാറ്റൊട്ടും കുറഞ്ഞിട്ടില്ല.
ഇനിയും എഴുതുക..പഴയ കാലസ്മരണകള്‍ ഹൃദ്യമായി
എന്നു പറയട്ടെ..ആശംസകളോടെ...
അലിമാഷേ, ഞാനും എത്തി താങ്കളുടെ ബ്ലോഗില്‍ . കൊള്ളാം കേട്ടോ പണ്ടൊരു പുലി ആയിരുന്നു എന്നും ഇപ്പോള്‍ പുലി ആണോ എന്നുമുള്ള താങ്കളുടെ സംശം യാതൊരു കഴമ്പും ഇല്ല .. മാഷിന്റെ എഴുതു കണ്ടിട്ട് ഒരു പുലിആയിട്ടാ തോനുന്നെ. ഇനിയും എഴുതു ഇനിയും വരാം
Muhammed Shan,
നന്ദി!
നൗഷാദ് അകമ്പാടം,
വർഷങ്ങളായി ആൾതാമസമില്ലാതിരുന്ന ഈ ബ്ലോഗിൽ കാല്പെരുമാറ്റം കേട്ടുതുടങ്ങിയപ്പോൾ വിരുന്നിനെത്തിയതിൽ സന്തോഷം!
ആശംസകൾ!
ഒഴാക്കൻ,
പേരിൽ ലി ഉണ്ടെന്നു കരുതി പുല്യേന്നൊക്കെ വിളിച്ചേക്കല്ലേ.. ന്നാലും പറ്റുമ്പോലെയൊക്കെയെഴുതാം.
വന്നുകണ്ടതിൽ നന്ദി.
നിര്‍ത്താതെ വായിച്ച ഒരു പോസ്റ്റ്....!
നന്നായിരിക്കുന്നു ...!!
എനിക്കു മാത്രം നന്ദി കാണാത്തതിൽ സങ്കടം തോന്നി... അതു കൊണ്ട് നന്ദി പറഞ്ഞേ മതിയാകൂ... ഇല്ലെങ്കിൽ ഇനിയും വരും എഴുതുന്ന വരെ..
ഉമ്മുഅമ്മാർ...
നിങ്ങളുടെ പ്രോത്സാഹനംങ്ങളാണെനിക്ക് കരുത്ത്.
നന്ദി പറയാൻ വിട്ടു പോയത് മൻ:പൂർവ്വമല്ല.അബദ്ധത്തിൽ പറ്റിയതാവാം. ഒരിക്കൽ എഴുതിയതോർക്കുന്നു പകുതിയായപ്പോൾ ഷട്ട് ഡൌണായത് ഓർക്കുന്നു.എന്തായാലും
വിട്ടു പോയതിൽ ഖേദിക്കുന്നു.
100000000000000000000000000 നന്ദി പോരെ!
ഫൈസൽ,
വായിച്ചതിലും അഭിപ്രായമറിയിച്ചതിലും വളരെ നന്ദി!
പഴയകാല ബ്ലോഗിനെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ വളരെ നന്നായി തോന്നി.
വീണ്ടും വരാം.
പട്ടേപ്പാടം റാംജി,
നിങ്ങളെപ്പോലുള്ളവരുടെ സന്ദർശനം തീർച്ചയായും ഇനിയുമെന്തെങ്കിലുമൊക്കെ ചെയ്യാൻ പ്രചോദനമാകും.
വായനക്കെത്തിയതിൽ സന്തോഷം.
ആപ്പോൾ പലരേയും പോലെ ഞാനും ഇവിടെ ആദ്യാ.. പിന്നെ പുലി പോയിട്ട് എലി പോലുമല്ലാത്തത് കൊണ്ട് പുള്ളീക്കാരിക്ക് എന്നോടൊക്കെ പുച്ഛമാവും.. അപ്പോൾ കാണാം
Manoraj,
ആദ്യ സന്ദർശനത്തിനു നന്ദി.
ഇനിയും കാണണം.
അലിയേ..
ഇജ്ജൊരു സംഭവം തന്നെ..
എഴുത്ത്..
എന്താ പറയാ..
ചിരിക്കാന്‍ മുട്ടുന്നു..
മൂത്രമൊഴിക്കാനും..
ബഡുക്കൂസെ
കല്‍ക്കിട്ടാ...
കലകലക്കി...
(കുറച്ചു നാള്‍ മുന്‍പിവിടെ വന്നിരുന്നു.. അപ്പൊ വായിച്ചതാ.. കമന്റാനിരുന്നപ്പൊ.. എന്തോ.. നെറ്റുകട്ടായിപ്പോയെന്നാ തോന്നുന്നത്.. അതോ വല്ല പെണ്‍പിള്ളാരും ചാറ്റാന്‍ വന്നപ്പോ ഓടിപ്പോയതാണോന്നും ഓര്‍മയില്ല.)
എന്തായാലും തിരിച്ചു വന്നൂലോ. നമ്മുടെയൊക്കെ ഭാഗ്യം !
മഴത്തുള്ളിക്കിലുക്കത്തില്‍ ഞാനും പണ്ട് അംഗമായിരുന്നു.
എന്തൊരു ഒഴുക്കാണീ എഴുത്തിന്..!
മുഖ്താർ,
ഞാനൊരു ഭയങ്കര സംഭവമായിട്ടാണല്ലോ നാട്ടിൽ നിറുത്താതെ ഇങ്ങോട്ടോടിച്ചത്.
നന്ദി വായനക്കും കമന്റിനും.
ഗീതേച്ചി.
വർഷങ്ങളുടെ ഇടവേളക്കുശേഷവും ഇവിടെ കാല്പെരുമാറ്റമുണ്ടായപ്പോൾ വന്നെത്തിനോക്കിയതിനു നന്ദി.
മഴത്തുള്ളിയിൽ ഇനിയും പോസ്റ്റുകൾ ഉണ്ടാവട്ടെ.
കുമാരൻ,
വന്നതിനും അഭിപ്രായമറിയിച്ചതിലും ഒത്തിരി സന്തോഷം. ഇനിയും സുസ്വാഗതം.
അലി ഭായി........ പ്രസവിച്ചിട്ട് മൂന്നാഴ്ച തികഞ്ഞ കുഞ്ഞാണ് ഞാന്‍.....
നിങ്ങളെ പോലെയുള്ള ആളുകളുടെ അനുഭവങ്ങള്‍...... അതും പ്രവാസം..........
പ്രവാസികളുടെ അവസ്ഥ മനസിലാക്കി തരുന്ന നല്ല വരികള്‍.
കുറിക്കു കൊള്ളുന്ന പ്രയോഗങ്ങള്‍....
അതിനെക്കാളുപരി... നര്‍മ്മത്തില്‍ ചാലിച്ച ഒളിയമ്പുകള്‍ ഒരുപാട്.....
ഒരു പാട് ചിരിച്ചു... പിന്നെ ചിന്തിച്ചു..... ഒടുവില്‍ സങ്കടമായി.......
"ദൈവത്തിന്റെ" സ്വന്തം നാട്ടില്‍ നിന്നുള്ള തിരിച്ചു വരവ്, ഞങ്ങളൊക്കെ വിഷമത്തോടെ കാണുമ്പോള്‍.....
ഒന്നുമറിയില്ലെ എന്ന പോലെ മനസിനുള്ളിലോളിപ്പിച്ചു നൊമ്പരങ്ങള്‍ അല്ലെ....... സാരമില്ല...... എല്ലാവരും ഉണ്ടിവിടെ..... ആരും എങ്ങും പോയില്ല.
നമുക്കാര്‍ക്കും എവിടേക്കും പോവാന്‍ പറ്റില്ലെന്നതാ സത്യം...... കാരണം നമ്മളൊക്കെ നമ്മുടെ നാട്ടില്‍ ഗള്‍ഫുകാരാ...
(ഒരു പക്ഷെ യുറോപ്പില്‍ പോയവര്‍ക്ക് പോലും ഈ ഗതികെടുണ്ടാവില്ല എന്നതാണ് സത്യം)
എന്നാലും തിരിച്ചു വരവ് വെടിക്കെട്ടോടെ ഗംഭീരമാക്കി കളഞ്ഞു കേട്ടോ..
കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.... തിരിച്ചു വരവ് നന്നായെന്നും തോന്നി. ഇല്ലെങ്കില്‍ നഷ്ട്ടപ്പെടുമായിരുന്നില്ലേ ഞങ്ങള്‍കീ "കര്‍ത്താവിനെ".
പിന്തുടര്‍ച്ചാവകാശം കൈപ്പറ്റിയിട്ടുണ്ട് ഞാനും.. കാണും ഞാനുമിനി ഈ "പ്രവാസ ഭൂമിയില്‍" എന്നുമെന്നും...
സുൽഫി,
ആദ്യ സന്ദർശനത്തിനു സ്വാഗതം.
വിശദമായി വായിച്ചതിനും അപഗ്രഥനത്തിനും നന്ദി.
പ്രവാസം കുറെ അനുഭവങ്ങൾ തന്നില്ലെ. അതൊഴിവാക്കിയെങ്ങിനെ നമുക്കെഴുതാനാകും.
ഇനിയും പ്രതീക്ഷിക്കുന്നു.
തിരിച്ചു വരവ് ഗംഭീരം ഈ ടെംപൊ കളയണ്ടാ ഗ്ലാമറും തടിയും കുടവയറും തിരിച്ചു വരട്ടെ കൂടെ ബ്ലോഗ്ഗിൽ ജൂക്ക് ജൂക്കെന്ന് പോസ്റ്റുകളും നിറയട്ടെ ഇടവേളയിൽ മനസ്സിൽ നിറഞ്ഞ പലതും കാണില്ലേ
ഹ ഹ!
ഒരു കമന്റേണി വഴി കയറിയാണ് ഇവിടെയെത്തിയത്. back with a bang എന്ന് സായിപ്പ് പറയും. അതുപോലാണല്ലോ മാഷേ.
പഴയ പോസ്റ്റുകള്‍ ഒക്കെ ഒന്നു കണ്ണോടിച്ചു. 2007 നവംബറില്‍ 11 പോസ്റ്റ്. എഴുതി തള്ളുകയായിരുന്നല്ലേ?
ആകെ 24 മണിക്കൂറും, ഒരു തലയും, 10 വിരലുകളും മാത്രമേയുള്ളൂ. അതെല്ലാം കംപ്യൂട്ടറിനു സ്വന്തം. ഈ പോസ്ടൊക്കെ ഒരു ഗുളികയായി രാത്രി കിടക്കുന്നതിനു കഴിക്കാന്‍ ഒരു ടെക്നോളജി ഉണ്ടായിരുന്നെകില്‍, ഒന്നു ശ്വാസം വിടാമായിരുന്നു.
ഗൾഫിലേക്കു തിരിച്ചുപോരേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല, പിന്നെ കെട്ട്യോളേം മൂന്നു കുട്ട്യോളേം പട്ടിണിക്കിടണ്ടാന്നു കരുതി മാത്രം..
അതിഷ്ട്ടപ്പെട്ടു അലിഭായ് :)
അലി ഭായ്...
ഈ തിരിച്ചു വരവിന് സ്വാഗതം....!!
(ഏതൊരു ഗൾഫുകാരനേയും പോലെ)
നിങ്ങളൊക്കെ പോയപ്പോ.. പൊങ്ങീതാ.. ഞങ്ങളൊക്കെ...!!
അപ്പോൾ വീണ്ടും കാണാം..
കുടുംബത്തിന് ബ്ലോഗ് പരിചയപ്പെടുത്തുന്ന ആ രംഗം വളരെ ഇഷ്ടപ്പെട്ടു....
vinus,
സംഭാവനകൾ കൂമ്പാരമാകുമ്പോൾ പരിപാടികൾ ഗംഭീരമാകും!
വഷളൻ,
ദന്നെ... സായിപ്പ് പറഞ്ഞപോലെ.
ബ്ലോഗ് വായിക്കാൻ ഒരു 24 മണിക്കൂർ കൂടെ വേണ്ടിവരും!
രഞ്ജിത്,
തമാശയാണെങ്കിലും...
അങ്ങനൊക്കെത്തന്നെയല്ലേ
വി കെ,
പുതിയതും പഴയതുമൊക്കെ
കഴിവിലല്ലെ.
സാജിദ്
ഇഷ്ടപ്പെട്ടതിൽ സന്തോഷം.
ഈ തിരിച്ചുവരവ് ഇഷ്ടപ്പെടുകയും വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി!
നനഞ്ഞിറങ്ങിയത് മാത്രമല്ല ,കുടഞ്ഞ് എല്ലാവരേയും കുളിപ്പിക്കുകയും ചെയ്തു...
നല്ല ഒരു ഒഴുക്കുള്ള എഴുത്താണ് കേട്ടൊ അലിഭായി.
നല്ല നര്‍മ്മം ,നല്ല രസകരമായ എഴുത്ത് ,ഇഷ്ട്ടമായി .
ഞാന്‍ ഇനിയും വരും :)
പോസ്റ്റ് രസകരമായിരുന്നു. ചിരിപ്പിച്ചു..
ഞാനും ഇവിടെയെത്തിയിട്ട് അധികനാളായിട്ടില്ല. പരിചയപ്പെട്ടതില്‍ സന്തോഷം. :)
ഹഹ ... മുങ്ങിച്ചത്താലും ബേണ്ടിയില്ല പഹയാ ... ഇജ്ജ് കാര്യം പറഞ്ഞു അനക്കു തന്നെ മാര്‍ക്ക് ... സംഗതി ഇഷ്ടമായി മാഷെ . ശൈലിയുടെ കാര്യം പ്രത്യേകം പറയുന്നില്ല ഗുഡ്...
ഇനീം ഒഴുക്കിനെക്കുറിച്ച് പറഞ്ഞാ ആള്‍ക്കാര് ന്നെ തല്ലും.തല്ലിയാലും വേണ്ടില്ല.ഞാമ്പറയും.ഒന്നൊന്നര ഒഴുക്ക് തന്നെ അലിക്കാ.വേറിട്ട ശൈലി.ചിലയിടത്തെ കമന്‍റുകളും ശ്രദ്ധയില്‍ പെട്ടിരുന്നു.
തിരിച്ച് വരവിന് സ്വാഗതം.ഇങ്ങടെ ഫോളോവര്‍ ലിസ്റ്റില്‍ കയറിക്കൂടീണ്ട്.ഇനി ഇടക്കിടെ ഇവിടെ കയറിയിറങ്ങും.വരുമ്പോ ചോറില്ലാതെ കാലി ഇല മാത്രം കാണിച്ച് പറ്റിക്കില്ലെന്ന് കരുതട്ടെ.നല്ല സൃഷ്ടികള്‍ക്കായി കാത്തിരിക്കുന്നു.
സസ്നേഹം ജിപ്പൂസ്...
ബിലാത്തിപ്പട്ടണം,
എല്ലാരും കൂടി തള്ളിയിട്ടു. ഇനി കൈകാലിട്ടടിക്കലും കുടച്ചിലുമൊക്കയുണ്ടാവും!
ബോബൻ ഇനിയും വരണം.
ആ മോളിയോടും ഒന്നു പറഞ്ഞേരെ.
മരഞ്ചാടി,
ചാടിച്ചാടി ഇവിടെയത്തിയതിൽ സന്തോഷം
ജിപ്പൂസ്,
വന്നതിനും പിൻപറ്റിയതിനും നന്ദി.
ഇനി വെറുതെയിരിക്കാനാവില്ലല്ലോ!
എല്ലാ ചങ്ങാതിമാർക്കും നന്ദി.
എഴുത്തിന്റെ ആ ഒഴുക്ക് എനിക്കങ്ങ് ഇഷ്ടായി
ഉഗ്രന്‍ പോസ്റ്റ്‌ട്ടോ
ചില ഭാഗങ്ങളൊക്കെ ശരിക്കും ചിരിപ്പിച്ചു
നന്നായി ഇഷ്ട്ടപ്പെട്ടു
ചിരിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചപ്പുചവറുകള്‍ എഴുതിക്കൂട്ടി വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിക്കുന്ന പുതിയ ഏര്‍പ്പാടിനിടയില്‍ താങ്കളുടെ ഈ പോസ്റ്റ് നല്ലൊരു അനുഭവമാകുന്നു. എന്തെഴുതിയാലും "ഓ.. ഉഗ്ഗ്രന്‍.." എന്ന് പറയാന്‍ ആളുണ്ടാകും. എങ്കില്‍ അതൊക്കെ ചേര്‍ത്ത് ഒരു ബുക്ക് ഇറക്കാം.. പോരെ?
പട്ടാണികളുടെ ടാക്സി പോലെ അതുമിതും കുത്തി നിറക്കേണ്ട. അനാവശ്യ വിട്ജെട്ടുകള്‍ ഒഴിവാക്കൂ, സിസ്റ്റേം സ്ലോ ആകുന്നു ഭായീ.
നനഞ്ഞിറങ്ങി, എന്തായാലും ലക്ഷണം കണ്ടിട്ട് മുങ്ങിച്ചാവാന്‍ പോണില്യ, കുളിച്ചു തന്നെ കേറും!
“മാസം എന്തു വരുമാനം കിട്ടും?” എന്ന നിഷ്കളങ്കമായ ആ ചോദ്യം നന്നായിട്ടുണ്ട് ..
ശ്വാസം വിടുന്നതിനു വരെ എന്തെങ്കിലും കിട്ടണം എന്ന് കരുതന്നവരാന് ഇന്ന് ഭൂരിഭാഗം ഭാര്യമാരും
പ്രവാസം വിഷാദവും ശോകവും മാത്രമാണെന്ന കാഴ്ചപാട് മാറ്റാന്‍ ഉതകുന്ന ശൈലി കൊള്ളാം .
വായിച്ച് രസിച്ചു. ബാക്കിയുള്ള വിശേഷങ്ങളൊക്കെ വേഗം പോസ്റ്റ് ചെയ്യൂ. വായിയ്ക്കാൻ ആളുണ്ടേ.....
വഴിപോക്കൻ
സന്തോഷം, വായനയ്ക്കും അഭിപ്രായത്തിനും.
സിനു
ഇനിയും പ്രതീക്ഷിക്കുന്നു.
റെഫി,
നന്ദി, ഈ പോസ്റ്റിനു കാരണമായതിന്
എഴുത്തുകാരി,
സന്തോഷം!
സ്വാഗതം,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
എച്മുകുട്ടി,
ദാ വരുന്നു അടുത്ത പോസ്റ്റ്!
വളരെ വൈകിയാണെങ്കിലും ഇതിനൊരു കമന്റ് ഇടാതെ വയ്യ. സത്യം പറഞ്ഞാല്‍ ഇന്നാണ് ഈ പോസ്റ്റ് വായിച്ചത്. എന്തോ കാണാതെ പോയി. ക്ഷമിക്കുക.
ഇത് വായിച്ച രസത്തില്‍ , വൈകിയെങ്കിലും അതറിയിക്കാതെ വയ്യ എന്ന് തോന്നി.
വളരെ ഭംഗിയായി നര്‍മ്മത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ച ഈ കുറിപ്പ് വളരെ ഇഷ്ടപ്പെട്ടു.
ആശംസകള്‍
വൈകിയാണെങ്കിലും വന്നു കണ്ടതിൽ സന്തോഷം! നന്ദി.
അലി ഭായ്..
ആദ്യാമായാണിവിടെ വരുന്നത്.
എന്റെ പേരു റിയാസ്..മിഴിനീര്‍ത്തുള്ളി എന്നൊരു ചെറിയ ബ്ലോഗിന്റെ(?) അവകാശി.ഈ വലിയ ബൂലോകത്ത് ഇന്നലത്തെ മഴക്കു മുളച്ച ഒരു ചെറിയ കൂണ്‍...
പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം...
അലി.. ഈ പോസ്റ് ഇപ്പോഴാണ് കാണാന്‍ പറ്റുന്നത്.
അലി പുലിയായിരുന്നു അല്ലെ.. ക്ഷമി. ഇപ്പോഴാണ് മനസ്സിലായത്. പോസ്റ്റ് വളരെ നന്നായി...
വെല്‍കം ടു ബ്ലോ-ഊട്ടി
നൈസ് ടു മീറ്റ് യൂ .. :)
Post a Comment